വാഴയുടെ വേരു പടലം ഉപരിതലത്തോട് ചേര്‍ന്നിരിക്കുന്നതിനാല്‍ ആഴത്തില്‍ വളം ഇട്ടാല്‍ പ്രയോജനം കിട്ടുകയില്ല.
വാഴച്ചുണ്ട് പൂര്‍ണ്ണമായും വിരിഞ്ഞതിനു ശേഷം കുടപ്പന്‍ ഒടിച്ചു കളയുക. കായകള്‍ നല്ല പുഷ്ടിമയോടെ വളരുന്നു വേഗത്തില്‍ അവ മൂപ്പെത്തുന്നു.
നേന്ത്ര വാഴകള്‍ ഒരേ കാലത്ത് കുലക്കാനായി ഒരേ പ്രായമുള്ള കന്നുകള്‍ ഉപയോഗിക്കണം.
നേന്ത്രവാഴയ്ക്ക് ശുപാര്‍ശ ചെയ്തിട്ടുള്ള വളങ്ങള്‍ ഏതാണ്ട് ഒരേഇടവേളകളില്‍ ആറു പ്രാവശ്യമായി നല്‍കിയാല്‍ നല്ല വലിപ്പമുള്ള കുലകള്‍ ലഭിക്കും.
വാഴയുടെ കുറുനാമ്പ് രോഗത്തിന് തൈര് ഫലപ്രദമായ ഒരു പ്രതിവിധിയാണ്. കുറുനാമ്പ് പറ്റെ മുറിച്ചു കളഞ്ഞതിനു ശേഷം തൈര്‍ ഒഴിക്കുക. രോഗ ശമനം ഉണ്ടാകും.
കുറുനാമ്പു രോഗത്തിന് മറ്റൊരു പ്രതിവിധി കുറു നാമ്പു മുറിച്ചുകളഞ്ഞതിനു ശേഷം തലപ്പില്‍ ഗോ മൂത്രം ഒഴിക്കുക. ഏതാനും ദിവസങ്ങള്‍ ചികിത്സ ആവര്‍ത്തിക്കുക രോഗം മാറും.
നടുന്നതിനു മുമ്പ് വാഴക്കന്ന് ചാണക്കുഴമ്പില്‍ മുക്കി തണലില്‍ വച്ച് ഉണക്കിയെടുക്കുക. മാമപ്പുഴുവിന്റെ ആക്രമണം കുറയും.
വഴക്കൂമ്പും അവസാന പടലയും വെട്ടിക്കളയുക. മറ്റുള്ള പടലകള്‍ പുഷ്ടിയോടെ വളരും മെച്ചപ്പെട്ട തൂക്കവും കിട്ടും.
മുള്ളന്‍ പായല്‍ വാഴക്കൃഷിക്ക് വളരെ പറ്റിയ ഒരു ജൈവവളമാണ്.
വാഴകുലച്ച് പടല വിരിഞ്ഞ കഴിഞ്ഞ് കുടപ്പന്‍ ഒടിക്കുന്നതോടൊപ്പം ഉപ്പും ചാരവും യോജിപ്പിച്ച് ഒടിച്ച പാടില്‍ വച്ചു കെട്ടുക. കായ്കള്‍ക്ക് ദൃഢതയും മുഴുപ്പും കൂടും.
വാഴക്ക് അഞ്ചു മാസത്തിനു ശേഷം ചെയ്യുന്ന വളപ്രയോഗം മൂലം ഒരു പടല കായ് പോലും കൂടുതലായി ഉണ്ടാവുകയില്ല
വാഴക്ക് കുല വന്നതിനു ശേഷം കുറച്ചു യൂറിയായും പൊട്ടാഷും വളമായി ചേര്‍ത്താല്‍ കായ്കള്‍ക്കു നല്ല പുഷ്ടിയും മാര്‍ക്കറ്റില്‍ നല്ല വിലയും ലഭിക്കും.
നേന്ത്രവാഴയില്‍ കുലക്കൂമ്പു വരെ കന്നുകള്‍ വളരാന്‍ അനുവദിക്കരുത് എങ്കില്‍ കുലയില്‍കായ്മേനി ആറു പടലയും ആകെ അമ്പതോ അറുപതോ കായ്കളും ഉണ്ടാകും.
കുന്നിന്റെ ചെരിവിന് എതിരായിട്ടാണ് വാഴയുടെ കുല വരിക. ചെരിവു ഭൂമിയില്‍ വാഴ കൃഷി ചെയ്യുമ്പോള്‍ കുല ഉയര്‍ന്ന ഭാഗത്തു കിട്ടാന്‍ കുന്നിന്റെ ചെരിവ് താഴേക്ക് ആക്കണം
ഇലുമ്പന്‍ ( ചിലുമ്പി) പുളിയുടെ ഒരു പിടി ഇല കൂടി ഇട്ട് വാഴക്കുല വെച്ചാല്‍ വേഗം പഴുത്തു കിട്ടും.
വാഴക്കായ് വേഗം പഴുക്കുന്നതിന് കുലയ്ക്കൊപ്പം കൂനന്‍ പാലയുടെ ഇല കൂടെ വയ്ക്കുക.
വാഴക്കുലയുടെ കാളമുണ്ടനില്‍ ഉപ്പുകല്ലുവച്ചാല്‍ എല്ലാ കായും ഒന്നിച്ചു പഴുക്കും.
വാഴക്കുല വേഗം പഴുക്കാന്‍ തടിപ്പെട്ടിയില്‍ കുല വച്ച് സാമ്പ്രാണിയും കത്തിച്ചുവച്ച് അടക്കുക ഗ്രാന്റ് നെയിന്‍ വാഴക്കുല പഴുത്തതിനു ശേഷം മുപ്പതു ദിവസം വരെ കേടു കൂടാതെ ഇരിക്കും
ഒരു തവണ ചീരക്കൃഷി ചെയ്ത ശേഷം വാഴക്കൃഷി നടത്തിയാല്‍ വാഴക്ക് കരുത്തും കുലക്ക് തൂക്കവും കൂടും.
നേന്ത്രവാഴയും മരച്ചീനിയും ചേര്‍ന്ന സമ്മിശ്ര കൃഷി വളരെ ആദായകരമാണ്.
വാഴക്കിടയില്‍ കാച്ചില്‍ വളര്‍ത്തിയാല്‍ വാഴ തന്നെ താങ്ങു മരമായി ഉപയോഗിക്കാം. പാളയന്‍ തോടന്‍ തുടര്‍കൃഷിയില്‍ ഒരു മൂട്ടില്‍ രണ്ടു കന്നുകള്‍ നിര്‍ത്താം.
ഞാലിപ്പൂവന്‍, കൊടപ്പനില്ലാക്കുന്നന്‍, കര്‍പ്പൂരവള്ളി, കാഞ്ചികേല, തുടങ്ങിയ വാഴയിനങ്ങള്‍ക്ക് ഒരു വലിയ പരിധി വരെ കുറുനാമ്പ് പ്രതിരോധ ശക്തി ഉണ്ട്.
വാഴപ്പഴങ്ങളുടെ കൂട്ടത്തില്‍ രക്തകദളി ഇനത്തിനാണ് പഞ്ചസാരയുടെ അളവ് ഏറ്റവും കൂടുതലുള്ളത്.
വാഴ നട്ടു കഴിഞ്ഞാല്‍ രണ്ടാം മാസത്തിലും നാലാം മാസത്തിലും വളം ചെയ്യണം പിന്നീട് വളപ്രയോഗം ആവശ്യമില്ല.
താഴെ വെള്ളവും മുകളില്‍ തീയും ഉണ്ടെങ്കില്‍ മാത്രമേ നല്ല വാഴക്കുലകള്‍ ലഭിക്കു.
Generated from archived content: karshika33.html Author: chandi_abraham