പുഷ്പവിളകള്‍ തുടര്‍ച്ച

പൂപ്പാത്രങ്ങളില്‍ ചിലപ്പോള്‍ ദുര്‍ഗന്ധം ഉണ്ടാകാറുണ്ട്. ഇതൊഴിവാക്കാന്‍ വെള്ളത്തില്‍ ഒരു ടീസ്പൂണ്‍ പഞ്ചസാര ചേര്‍ക്കുക.

മണി പ്ലാന്റിന്റെ ചുവട്ടില്‍ ഉപയോഗശൂന്യമായ ഉള്ളിയും ഉള്ളിത്തൊലിയും ധാരാളമായി ചേര്‍ത്ത് മൂടുക. മണി പ്ലാന്റ് തഴച്ചു വളരും.

ഡാലിയാ , ഡെയ്സി . ഹൈഡ്രാഞ്ചിയ എന്നിവയുടെ പൂക്കള്‍ പൂപ്പാത്രത്തില്‍ വയ്ക്കുന്നതിനു മുമ്പ് അവയുടെ പൂത്തണ്ടിന്റെ അറ്റം മെഴുകുതിരി ജ്വാലയില്‍ പൊള്ളിക്കുക. പൂക്കള്‍ അഴുകാതെ കൂടുതല്‍ ദിവസം പുതുമയോടെ ഇരിക്കും.

പൂപ്പാത്രത്തിലെ വെള്ളത്തില്‍ അല്‍പ്പം തേങ്ങാകഷണം ചതച്ച് ചേര്‍ക്കുക. പൂവുകള്‍ കൂടുതല്‍ നേരം പുതുമ വിടാതെ ഇരിക്കും.

ലോണില്‍ ഇലകള്‍ വീണ് പുല്ലിനെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ അനുവദിക്കരുത്. അവ യഥാകാലം നീക്കിക്കൊണ്ടേ ഇരിക്കണം.

ലില്ലിച്ചെടിയുടേതു പോലുള്ള കിഴങ്ങുകള്‍ ( ബള്‍ബുകള്‍) അവയുടെ വ്യാസത്തിന്റെ ഇരട്ടി ആഴത്തില്‍ നടുക. അതില്‍ കൂടുന്നതും കുറയുന്നതും നന്നല്ല.

കെട്ടിടത്തിനുള്ളില്‍ വളര്‍ത്തിയ ചെടികളുടെ ബള്‍ബുകള്‍ അതിനുശേഷം പുറത്ത് നട്ടു വളര്‍ത്തിയാല്‍ ഒരു പക്ഷെ പുഷ്പിച്ചെന്നു വരികയില്ല.

കറിക്ക് ഉപയോഗിക്കുന്ന കാബേജിന്റെ പോളകള്‍ ബിയറില്‍ മുക്കിയെടുത്ത് ഓര്‍ക്കിഡിന്റെയും ആന്തൂറിയത്തിന്റെയും ഇടക്ക് അവിടവിടെയായി വയ്ക്കുക. ബിയറിന്റെ ഗന്ധം ഒച്ചുകളെ ആകര്‍ഷിക്കും. രണ്ടു മൂന്നു മണിക്കൂറു കഴിയുമ്പോഴേക്കും ഒച്ചുകള്‍ കാബേജ് പോളകളിലെത്തി പറ്റിപ്പിടിച്ചിരുന്ന് തിന്നുന്നത് കാണാം. ഈ പോളകള്‍ രാത്രി തന്നെ ശേഖരിച്ച് ഒരു പ്ലാസ്റ്റിക് തൊട്ടിയിലിട്ട് കറിയുപ്പ് വിതറി , നന്നായി വെള്ളം തളിച്ചു വയ്ക്കുക. അവ ചത്തു കൊള്ളും. ഈ പരിപാടി ആവര്‍ത്തിക്കുക.

ലോണില്‍ കട്ടിപ്പായല്‍ വളര്‍ച്ച പലര്‍ക്കും പ്രശ്നമാണ്. ഈ വളര്‍ച്ചക്കു കാരണം വെള്ളം ഒഴിഞ്ഞു പോകാനുള്ള തടസ്സവും മണ്ണിന് കട്ടി കൂടുന്നതുമാണ് ‘ ഇതിനു പരിഹാരമായി 40 കിലോഗ്രാം ജിപ്സം 250 സ്ക്വയര്‍ മീറ്റര്‍ സ്ഥലത്തു വിതറുക.

മുല്ലവള്ളീയില്‍ കുറെ ദിവസങ്ങള്‍ അടുപ്പിച്ച് പുക ഏല്‍പ്പിച്ചാല്‍ ധാരാളമായി പുഷ്പ്പിക്കും.

ഹൈഡ്രാഞ്ചിയാ‍യില്‍ ഉണ്ടാകുന്ന പൂക്കള്‍ക്ക് നല്ല നീല നിറം കിട്ടുന്നില്ലങ്കില്‍ മണ്ണില്‍ കുറച്ച് അമോണിയം സള്‍ഫേറ്റ് ചേര്‍ത്തു കൊടുക്കുക.

ക്ലോറിന്‍ ചേര്‍ത്ത് പൈപ്പ് വെള്ളമാണ് പൂച്ചടികള്‍ നനക്കാന്‍ ഉപയോഗിക്കുന്നതെങ്കില്‍ , അത് നേരിട്ടുപയോഗിക്കാതെ ടാങ്കുകളില്‍ രണ്ടു ദിവസമെങ്കിലും കെട്ടി നിര്‍ത്തിയശേഷം ഉപയോഗിക്കുന്നതാണ് നല്ലത്.

ഫ്ലവര്‍വേസുകളില്‍ വയ്ക്കുന്ന പൂക്കള്‍ ഉപയോഗിക്കുന്നതിനു മുമ്പായി ക്രമീകരിച്ച് ഫ്രിഡ്ജില്‍ വയ്ക്കുക വളരെ ദിവസം വാടാതെ ഇരിക്കും.

റോസാപ്പൂച്ചെടികള്‍ ദിവസേന നാലു മണിക്കൂറെങ്കിലും നല്ല വെയിലുള്ള സ്ഥലത്തു വച്ചില്ലെങ്കില്‍ അത് ആറുമാസത്തിലധികം ആയുസ്സുണ്ടാവുകയില്ല.

റോസാപ്പൂക്കളുടെ ഇതളുകളിന്മേല്‍ അല്‍പ്പം വെളിച്ചണ്ണ പുരട്ടി തണ്ട് വെള്ളത്തില്‍ മുട്ടിച്ചു വച്ചാല്‍ അവ പുതുമ നഷ്ടപ്പെടാതെ കൂടുതല്‍ ദിവസം നില്‍ക്കും.

മഴക്കാലത്ത് ഗൃഹാന്തര്‍ സസ്യങ്ങള്‍ക്ക് ആറു ദിവസത്തിലൊന്നും വേനല്‍ക്കാലത്ത് രണ്ട് ദിവസത്തിലൊന്നുമായി ജലസേചനം നിയന്ത്രിക്കണം

കാനയുടെ ആരോഗ്യകരമായ വളര്‍ച്ചക്ക് ഓരോ വര്‍ഷവും പുതിയ തടങ്ങളിലേക്ക് മാറ്റി നടേണ്ടതുണ്ട്

പല നിറത്തിലുള്ള സീനിയ ചെടികള്‍ വളര്‍ത്തിയാല്‍ പിന്നീടുണ്ടാകുന്ന ചെടികളില്‍ നിന്നും വ്യത്യസ്തങ്ങളായ പുതിയ നിറങ്ങളിലുള്ള പൂക്കള്‍ ലഭിക്കും.

പെറ്റൂണിയായിലെ വാടിയ പൂക്കള്‍ അപ്പപ്പോള്‍ തന്നെ പറിച്ചുമാറ്റുക സമൃദ്ധമായി പുതിയ പൂക്കള്‍ ഉണ്ടാകും.

എല്ലാ ഇനം ഹെലിക്കോണിയയും തണലില്‍ വളരാന്‍ ഇഷ്ടപ്പെടുന്നു.

എല്ലാത്തരം പൂക്കള്‍ക്കും വര്‍ണ്ണപ്പൊലിമ നല്‍കുന്നതിന് പൊട്ടാഷ് വളങ്ങള്‍ക്ക് കഴിവുണ്ട്.

പൂച്ചെടികള്‍ നടാനുദ്ദേശിക്കുന്ന സ്ഥലം കരിയില ഇട്ട് ചുടുന്ന പക്ഷം ചെടികളെ ബാധിക്കാനിടയുള്ള വാട്ട രോഗത്തിന്റെ അണുക്കള്‍ നശിച്ചു കൊള്ളും.

ശരിയായ രീതില്‍ പ്രൂണിംങ് നടത്തിയാല്‍ മാത്രമേ ക്രിസാന്തം ( ജമന്തി) പൂക്കുകയുള്ളു.

ഡയാന്തസിന്റെ തണ്ടിന് ബലം കുറവായതിനാല്‍ അതിന് താങ്ങ് കൊടുക്കേണ്ടത് അത്യാവശ്യമാണ്.

താങ്ങ് കൊടുക്കാത്ത പക്ഷം യഥാസമയം ചെടിയുടെ അഗ്രം മുറിച്ചു കളഞ്ഞാല്‍ തണ്ടിന് സ്വയം ബലം വയ്ക്കുന്നതാണ് . പെറ്റൂണിയായില്‍ ശരിക്കും വെയില്‍ തട്ടാത്ത പക്ഷം പൂക്കളുണ്ടാകുന്നത് ഗണ്യമായി കുറയാനിടയുണ്ട്.

മഴക്കാറുകൊണ്ട് മൂടിയ ദിവസങ്ങളില്‍ പോര്‍ട്ടുലാക്കാ ( പത്തുമണിപ്പൂവ്) വിടരുകയില്ല.

വെയില്‍ അധികമായാല്‍ കോലിയസിന്റെ വര്‍ണ്ണാഭമായ ഇലകളുടെ നിറം മങ്ങും.

രാവിലേയും വൈകുന്നേരവും ഇളം വെയില്‍ ഏറ്റ് വളരുന്ന ചെടികളില്‍ നിന്നാണ് ഏറ്റവും അധികം പൂക്കള്‍ ലഭിക്കുന്നത്.

ഗൃഹാന്തര്‍ സസ്യങ്ങള്‍ക്കു വാട്ടമുണ്ടെങ്കില്‍ അല്‍പ്പം ആവണക്കെണ്ണ ചുവട്ടിലൊഴിച്ചതിനു ശേഷം ധാരാളം വെള്ളം തളിക്കുക.

വീടിനകത്തു വളരുന്ന ചെടികളുടെ ഇലകളുടെ അറ്റം ബ്രൌണ്‍ നിറത്തിലായാല്‍ വെള്ളം അമിതമായി എന്നതിന്റെ സൂചനയാണ്. തുടര്‍ന്ന് രണ്ടു ദിവസത്തേക്ക് വെള്ളം ഒഴിക്കാതിരിക്കുക.

എന്നാല്‍ അപ്രകാരമുള്ള ചെടികളുടെ ഇലകളുടെ അഗ്രഭാഗം മഞ്ഞ നിറമായി കണ്ടാല്‍ വെള്ളം ആവശ്യത്തിന് ലഭിക്കുന്നില്ല എന്ന് മനസിലാക്കാം. ഉടനെ ജലസേചനം നടത്തുക.

Generated from archived content: karshika31.html Author: chandi_abraham

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here