
റബ്ബര്‍ തൈ നടുമ്പോള്‍ ബഡ്ഡ് കണ്ണ് വടക്കോട്ട് തിരിച്ച് നടുക. തെക്കന്‍ വെയില്‍ പ്രശ്നമാകുകയില്ല.
റബ്ബറിന് കുഴി കുത്തിയ ശേഷം നടുന്നതിനു രണ്ടു മാസം മുമ്പ് കുഴി മൂടുക.
റബ്ബര്‍ തൈ നടാനുള്ള കുഴിക്ക് രണ്ടരയടി സമചതുരം ഉണ്ടായിരിക്കണം. ഇതിലും വിസ്താരം കൂടിയ കുഴിയാണെങ്കില്‍ വേരു പന്തലിച്ചു പോകും.
റബ്ബര്‍ ബഡ്ഡ് ചെയ്യേണ്ടി വരുമ്പോള്‍ നേരെ വളരുന്ന ബഡ്ഡ് വുഡ് ആണ് കണ്ണെടുക്കുന്നതിന് ഉപയോഗിക്കേണ്ടത്.
തോട്ടത്തില്‍ റബ്ബര്‍ നടുമ്പോള്‍ കരുത്തുള്ള തൈകള്‍ ഒരു ഭാഗത്തും കുറഞ്ഞവ മറ്റൊരു ഭാഗത്തും നടുക. എങ്കില്‍ കരുത്തു കുറഞ്ഞവയ്ക്ക് പ്രത്യേക ശ്രദ്ധയും പരിരക്ഷയും നല്‍കാന്‍ കഴിയും.
കോല്‍ത്തൈ നടുമ്പോല്‍ ബഡ്ഡ് കണ്ണ് മൂന്നിഞ്ച് മണ്ണിന് മുകളില്‍ നില്‍ക്കണം മേല്‍മണ്ണ് വെട്ടിയിട്ട് പക്കവേര് മൂടാനും ശ്രദ്ധിക്കുക.
കുഴിയില്‍ കോല്‍ത്തൈ വച്ച ശേഷം മൂന്നു വശങ്ങളില്‍ നിന്നും മാത്രം കുത്തിയുറപ്പിക്കുക. നാലു കുത്തിയാല്‍ തൈ ഇളകാനിടയുണ്ട്.
റബ്ബര്‍ ടാപ്പു ചെയ്യാനുള്ള മാനദണ്ഡം മരത്തിന്റെ പ്രായമല്ല. നേരേ മറിച്ച് മരത്തിന്റെ വണ്ണമാണ്.
കറുത്ത നിറം കൂടുതല്‍ ചൂടു വലിച്ചെടുക്കുമെന്നുള്ളതുകൊണ്ടു വേനല്‍ക്കാലത്ത് റബ്ബര്‍ച്ചെടികളില്‍ കറുത്ത നിറത്തിലുള്ള മരുന്നുകള്‍ പുരട്ടുന്നത് അഭിലഷണീയമല്ല.
എത്ര കടുത്ത വേനലില്‍ നിന്നും ഇടവിളകളെ രക്ഷിക്കാന്‍ റബ്ബര്‍ മരങ്ങള്‍ക്കു കഴിയും.
റബ്ബര്‍ തോട്ടത്തില്‍ മണ്ണൊലിപ്പ് തടയാന്‍ രണ്ടടി താഴ്ചയും മൂന്നടി വീതിയുമുള്ള കുഴികള്‍‘ വി’ ആകൃതിയില്‍ എടുക്കുക . ഇവിടെനിന്നെടുക്കുന്ന മണ്ണ് താഴ്ചയുള്ള ഭാഗങ്ങളില്‍ ഇട്ട് അതിന്മേല്‍ പ്യൂറേറിയമോ, മ്യൂക്കുണയോ വളര്‍ത്തുക.
ടാപ്പു ചെയ്യുന്ന റബ്ബര്‍ മരങ്ങളുടെ വെട്ടുപട്ടയില്‍ ചൈനാക്ലേക്കു പകരം പുറ്റു മണ്ണ് ചാണക വെള്ളത്തില്‍ കുഴച്ച് പുരട്ടുക. അങ്ങനെ ചെയ്താല്‍ പട്ടയില്‍ വേഗം തൊലി വന്ന് മൂടിക്കൊള്ളും.
റബ്ബര്‍ തോട്ടത്തില്‍ കരിങ്കുറിഞ്ഞി, തോട്ടപ്പയര്‍ ഇവ കൃഷി ചെയ്യുന്നത് മണ്ണൊലിപ്പ് തടയുന്നതിനുള്ള നല്ല ഒരു മാര്‍ഗ്ഗം കൂടിയാണ്.
ഒരു ഹെക്ടര്‍ റബ്ബര്‍ തോട്ടത്തില്‍ ഇരുപത് തേനീച്ചപ്പെട്ടികള്‍ വയ്ക്കാം.
ഒരു ഹെക്ടര്‍ റബ്ബര്‍ തോട്ടത്തില്‍ നിന്നും 182 കി. ഗ്രാം തേന്‍ വരെ ലഭിക്കാം.
റബ്ബര്‍ ഷീറ്റില്‍ ജലാംശം കൂടുതലായാല്‍ വേഗത്തില്‍ പൂപ്പല്‍ പിടിക്കും.
റബ്ബര്‍ ഷീറ്റ് കയറിലിട്ട് ഉണങ്ങുമ്പോള്‍ തിരിച്ചും മരിച്ചും ഇടുക. എങ്കില്‍ ഷീറ്റില്‍ കയറിന്റെ പാട് വീഴുകയില്ല.
ഏതെങ്കിലും മരത്തില്‍ നിന്നും സാധാരണയില്‍ കൂടുതല്‍ പാല്‍ ലഭിക്കാന്‍ തുടങ്ങിയാല്‍ ആ മരത്തിന്റെ ടാപ്പിങ് നിര്‍ത്തി വിശ്രമം കൊടുക്കണം. അല്ലെങ്കില്‍ പട്ടമരപ്പ് ഉണ്ടാകാനിടയുണ്ട്.
നല്ല ഷീറ്റ് ലഭിക്കണമെന്നുണ്ടെങ്കില്‍ ഉറ ഒഴിക്കുമ്പോള്‍ പാലിന്റെ അതേ അളവില്‍ വെള്ളവും ചേര്‍ക്കുക.
റബ്ബര്‍ പുകപ്പുരയില്‍ തീയുടെ മുകളില്‍ പച്ചില വിരിച്ചാല്‍ ഷീറ്റിന് നല്ല നിറം കിട്ടും.
റബ്ബര്‍ ഷീറ്റ് വെയില്‍ കൊള്ളിക്കരുത് വെള്ളം വാര്‍ന്ന ശേഷം പുകപ്പുരയില്‍ അടുക്കുക. രണ്ടു ഗ്രേഡ് മുകളിലുള്ള നിറം കിട്ടും.
Generated from archived content: karshika26.html Author: chandi_abraham