മരച്ചീനി നടുന്നതിനു മുമ്പ് പറമ്പ് ചുട്ടാല് എലി ശല്യം ഗണ്യമായി കുറയും.
കരിയിലപ്പൊടിയന് ഇനത്തില്‍പ്പെട്ട മരച്ചീനി നട്ടാല്‍ രണ്ടു ഗുണമുണ്ട്. മെച്ചപ്പെട്ട വിളവ് ലഭിക്കും. അഞ്ചരമാസം കൊണ്ട് പൂര്‍ണ്ണ വളര്ച്ചയാകുമെന്നതിനാല് ആണ്ടില്‍ രണ്ടു വിളവെടുക്കാം. കപ്പയുടെ മൂന്നുമുട്ടെങ്കിലും മണ്ണിനടിയിലാക്കി നടുന്ന പക്ഷം ചെടി നല്ല ആരോഗ്യത്തോടെ വളര്‍ന്നു കൊള്ളും. വിളവും കൂടും.
കപ്പ അധികം താഴ്ത്തി നടരുത്. കിഴങ്ങുപിടുത്തം കുറവായരിക്കും.
കപ്പത്തണ്ട് നടുന്നത് ചെരിച്ചാണെങ്കില് മഴ വെള്ളം കമ്പിലിറങ്ങി കമ്പ് ചീഞ്ഞ് പോകാതെ രക്ഷപെടുത്താം. കൂടാതെ കടുത്ത വേനലിനെ അധിജീവിക്കാനും ചെരിച്ചു നടുന്നത് നല്ലതാണ്.
കപ്പത്തണ്ട് മുറിച്ചാലുടന് തന്നെ നടുക. വൈകിയാല്‍ കറ ഉണങ്ങും. അത് കിളിര്പ്പിനെ ബാധിക്കും.
മീനം, മേടം മാസത്തില്‍ത്തന്നെ കപ്പ നടുക. മഴക്കാലം ശരിയായി പ്രയോജനപ്പെടുത്താം. വളര്‍ച്ചയും വിളയും മെച്ചമായിരിക്കും.
കപ്പത്തണ്ട് നടാനായി സൂക്ഷിക്കുമ്പോള്‍ തന്നെ ഇളംതല മുറിച്ചു മാറ്റണം.
വേനല്‍ കാലത്തും കപ്പത്തണ്ട് കൂടുതല്‍ നീളമുള്ള കഷണങ്ങളാക്കി മുറിച്ചു നട്ടാല്‍ പിടിച്ചു കിട്ടാന്‍ സഹായകമാകും. നടുന്ന കമ്പിന് നീളം കുറഞ്ഞാല്‍ ഉണങ്ങിപോകാനുള്ള സാധ്യത കൂടുന്നു.
മരച്ചീനിയുടെ ഇടപോക്കല്‍ പതിനഞ്ചു ദിവസത്തിനകം നടത്തണം.
മരച്ചീനി കുഴിക്കേടു പോക്കുന്നത് 40 സെ.മീ. നീളമുള്ള കഷണങ്ങള്‍ ഉപയോഗിച്ചായിരിക്കണം.
നല്ല മുട്ടടുപ്പമുള്ള കപ്പത്തണ്ടാണ് നടാന്‍ ഉത്തമം.
നീളമുള്ള കപ്പത്തണ്ടിന്റെ മദ്ധ്യഭാഗത്ത് നിന്നും നടാനുള്ള കമ്പ് മുറിച്ചെടുക്കുക.
മുപ്പതു ദിവസത്തിനു ശേഷം ഒരു മരച്ചീനിക്കമ്പില് രണ്ട് മുള മാത്രം നിര്‍ത്തി ബാകിയുള്ളവ നുള്ളിക്കളയണം. അല്ലാത്ത പക്ഷം അത് വിളവിനെ പ്രതികൂലമായി ബാധിക്കും.
മരച്ചീനിക്ക് ഏറ്റവും യോജിച്ച ഒരിടവിളയാണ് നിലക്കടല.
കപ്പത്തോട്ടത്തില്‍ കരിയില നിരത്തുക. കളവരുന്നത് ഒഴിവാക്കാം.
കപ്പ കൃഷിയില്‍ ചാണകത്തിന്റെ ഉപയോഗം കുറയ്ക്കുക. ചിലയിനം മരച്ചീനിക്കുള്ള കയ്പ്പ് കുറയ്ക്കുന്നതിനും കീട രോഗാക്രണം ചെറുക്കുന്നതിനുള്ള ശക്തി ലഭിക്കാനും അത് സഹായകമാകും.
കുംഭമാസത്തില്‍ മരച്ചീനി നടുമ്പോള്‍ കമ്പിന്റെ മുകളിലുള്ള മുറിപ്പാടില്‍, ചാണകം കുഴമ്പു പരുവത്തില്‍ കലക്കി ഒഴിക്കുകയോ, പ്ലാവില കുമ്പിള് കുത്തി മൂടുകയോ ചെയ്താല്‍ നടുന്ന കമ്പ് ഉണങ്ങാതിരിക്കും. കിളിര്‍ക്കാനുള്ള സാധ്യത കൂടുകയും ചെയ്യും.
മരച്ചീനികിഴങ്ങിന് വണ്ണം വയ്ക്കാന്‍ ചുവട്ടില്‍ മണ്ണുകൂട്ടിയ ശേഷം ചാണകപ്പൊടിയും ചാരവും ചേര്‍ത്ത് ഇട്ടു കൊടുക്കുക.
മരച്ചീനിക്കു വളമായി പച്ചച്ചാണകം ഉപയോഗിക്കരുത്. പാചക ഗുണം കുറയും.
മരച്ചീനിക്കമ്പ് കിളിര്‍ത്തു വരുമ്പോള്‍ എല്ലാ മുകുളങ്ങളും നിലനിര്‍ത്തരുത്. എതിര് വശങ്ങളിലുള്ള ഓരോ നാമ്പു മാത്രം നിലനിര്‍ത്തി മറ്റുള്ളവ അടര്‍ത്തിക്കളഞ്ഞാല്‍ മരച്ചീനി പുഷ്ടിയായി വളരും.
കപ്പയ്ക്ക് വളമായി തവിടിട്ടാല് വലിപ്പവും രുചിയും ഉള്ള കിഴങ്ങുകള്‍ ലഭിക്കും. നട്ട് മൂന്നാഴ്ച കഴിഞ്ഞു തടമെടുത്ത് വളം ഇട്ട് മൂടുകയാണ് നല്ലത്.
കപ്പത്തണ്ട് ചുവടറ്റം രണ്ടു മൂന്നിടത്തു വരഞ്ഞ ശേഷം ചെരിച്ചു നടുക. വരഞ്ഞ ഭാഗം മണ്ണിനടിയിലാകാന് പ്രത്യേകം ശ്രദ്ധിക്കണം. കൂടിയ വിളവ് ലഭിക്കും.
തുലാക്കപ്പ നനച്ച് കൃഷി ചെയ്യുന്ന പക്ഷം വിളവ് ഇരട്ടിയായിരിക്കും.
മരച്ചീനിയുടെ ഇടയില്‍ അവിടവിടെയായി ഇഞ്ചി നടുക, എലി ശല്യം കുറയും.
മരച്ചീനിക്ക് മുഞ്ഞ ബാധിക്കുന്ന പക്ഷം ചാണകപ്പാല് തളിച്ചാല്‍ മതിയാകും.
സിലോണ്‍ കപ്പ ഏതു കാലത്ത് പിഴുതെടുത്താലും നല്ലതുപോലെ വേകും.
മരച്ചീനിക്ക് കറിയുപ്പ് വളമായി ചേര്‍ക്കുന്ന പക്ഷം പൊട്ടാഷ് വളം പകുതിയായി കുറയ്ക്കാം.
കറിയുപ്പ് ചേര്‍ത്ത കൃഷിയിലെ മരച്ചീനി കൂടുതല്‍ നാള് കേടുകൂടാതിരിക്കും.
ചാണകപ്പാലിനൊപ്പം സോപ്പു വെള്ളവും കൂടി ചേര്‍ത്ത് തളിക്കുന്നതും മരച്ചീനിയെ ബാധിക്കുന്ന മുഞ്ഞയെ നശിപ്പിക്കുന്നതണ്.
കുംഭത്തിന് മുമ്പ് കപ്പ പറിക്കുക. വൈകിയാല്‍ മഴയാകും. കിഴങ്ങിന്റെ ഗുണം കുറയുകയും ചെയ്യും.
കിഴങ്ങിന് മുറിവേല്ക്കാതെ മരച്ചീനി വിളവെടുത്താല്‍ കുറെ ദിവസം സൂക്ഷിക്കാം.
കിഴങ്ങ് മുറിക്കാതെ ഒരടി നീളം തണ്ടോടുകൂടി മരച്ചീനി സൂക്ഷിച്ചാലും 8 – 10 ദിവസം കേടാകുകയില്ല.
കപ്പയുടെ കൃഷി സ്ഥലത്ത് ഇടയ്ക്കിടയ്ക്കായി മഞ്ഞള്‍ നടുക. എലി ശല്യം കുറയും.
Generated from archived content: karshika21.html Author: chandi_abraham