തോട്ടത്തിൽ മുഴുവൻ പെൺ ജാതിച്ചെടികളാണെങ്കിൽ പരാഗണം ശരിയായി നടക്കാതെ പോകുമെന്നുള്ളതുകൊണ്ട് എട്ട് പെൺമരങ്ങൾ ഒന്ന്, എന്ന തോതിൽ ആൺജാതിയും വച്ചുപിടിപ്പിക്കുക.
വാനിലയുടെ വിരിഞ്ഞ പൂക്കൾ ഒരൊറ്റ ദിവസമേ പൂങ്കുലയിൽ നില്‌ക്കൂ. അതിനാൽ അന്നു തന്നെ പരാഗണം നടത്തിയിരിക്കണം.
രാവിലെ ആറ് മണി മുതൽ പതിനൊന്ന് മണിവരെയാണ് പാരഗണത്തിന് പറ്റിയ സമയം. കഴിവതും രാവിലെ തന്നെ പരാഗണം നടത്തുന്നത് നല്ലതാണ്.
വാനിലയുടെ വേരുപടലം മണ്ണിന്റ മേൽനിരപ്പിൽ കൂടുതലായി കാണുന്നതിനാൽ കഴിവതും മണ്ണിളക്കാതെ വേണം വളമിടാൻ.
മണ്ണിലെ അംലത ഏലത്തിന് അനുകൂലമായതിനാൽ കുമ്മായം ഇടേണ്ടതില്ല. ഇട്ടാൽ അത് ദോഷഫലം ഉണ്ടാക്കുകയും ചെയ്യും.
വിത്തിഞ്ചിയുടെ ഒരു കഷണത്തിന് കുറഞ്ഞത് 15 ഗ്രാമെങ്കിലും തൂക്കം ഉണ്ടായിരിക്കണം.
മേട മാസത്തിൽ ഇഞ്ചിവിത്ത് പുറത്തെടുക്കുമ്പോൾ മുളം തട്ടുകളിൽ പാണലിന്റെ ഇലകൾ നിരത്തി അതിൽ വിത്തു പരത്തി, അടിയിൽ നിന്നും പുകയ്‌ക്കുന്ന രീതി പ്രചാരണത്തിലുണ്ട്. ഇതിനായി പാണൽ ചവറ് മുളം തട്ടുകൾക്ക് അടിയിൽ നിരത്തി പത്തു പതിനഞ്ചു ദിവസം ഒരു മണിക്കൂർ വീതം പുകകൊള്ളിക്കുന്നു. അത് ഇഞ്ചിയിൽ ധാരാളം മുളം പൊട്ടാൻ സഹായിക്കുന്നു.
ചുക്ക് നിറച്ച ചാക്കുകൾ ആവണക്കിന്റെ ഇലകൾ കൊണ്ട് പൊതിഞ്ഞും വയ്‌ക്കുക. വണ്ട് ഉൾപ്പെടെയുള്ള കീടങ്ങളുടെ ഉപദ്രവം ഒഴിവാകും.
വയമ്പിന്റെ കിഴങ്ങ് പച്ചയായി കുത്തിപ്പിഴിഞ്ഞെടുക്കുന്ന സത്ത് വെള്ളത്തിൽ കലക്കിത്തളിക്കുക. പല കീടങ്ങളും അകന്നുപോകും.
വയമ്പ് ഉണങ്ങിയ ശേഷം ഭക്ഷ്യധാന്യങ്ങളോടൊപ്പം 1ഃ100 എന്ന അനുപാതത്തിൽ ചേർത്ത് വയ്‌ക്കുക. ചെള്ള് തുടങ്ങിയവയുടെ ശല്യം ഒഴിവാകും.
വേനൽക്കാലത്ത് റബ്ബർ തോട്ടത്തിൽ സ്‌പ്രിംഗ്‌ളർ ഇറിഗേഷൻ നടത്തിയാൽ വർഷം മുഴുവൻ വിളവെടുക്കാം.
മഞ്ഞളിന് നല്ല നിലം കിട്ടാൻ മിഡിൽ ക്രോം എന്നൊരുതരം ചായം ആന്ധ്രപ്രദേശിലെ കടപ്പ ജില്ലയിൽ ഉപയോഗിക്കുന്നുണ്ട്.
മഞ്ഞൾ പുഴുങ്ങുന്ന വെള്ളത്തിൽ, ചാണകം ചേർത്ത് ഒരു മണിക്കൂർ നേരം അടുപ്പത്ത്‌വച്ച് വേവ് പാകമാകും. പിന്നീട് വെള്ളം മാറ്റി വെയിലത്ത് 10-15 ദിവസം ഉണക്കി മഞ്ഞൾ ശേഖരിക്കാം.
മഴക്കാലത്ത് ഇഞ്ചിക്കണ്ടങ്ങളിൽ ചവറു വയ്‌ക്കുന്നത് ഒഴിവാക്കിയാൽ ഈർപ്പം നില്‌ക്കുന്നത് കുറയും. തന്മൂലം ‘മൃദുചീയൽ’ എന്ന രോഗത്തിനും സാധ്യത ഒഴിവാകും. ഇഞ്ചിക്ക് ധാരാളം ചിനപ്പ് പൊട്ടി കിഴങ്ങിറങ്ങുവാൻ ‘കലക്കിക്കോരൽ’ എന്നൊരു രീതിയുണ്ട്. അതാതു ദിവസം തൊഴുത്തിൽ കിട്ടുന്ന ചാണകം വെള്ളം ഒഴിച്ചു കലക്കി ആ വെള്ളം ഇഞ്ചിയ്‌ക്കു ചുറ്റും ഒഴിക്കുന്നതാണ് ‘കലക്കിക്കോരൻ.’
സൂക്ഷിച്ചുവച്ച ഇഞ്ചി വിത്ത് മേടമാസം പുറത്തെടുത്ത് മുളം തട്ടുകളിൽ പാണൽ ഇല വിരിച്ച് അതിൽ നിരത്തി ഇടുക. ഇതിന്റെ അടിയിൽ പാണലിലകളും മറ്റു ചവറകളും ഇട്ട് കത്തിച്ച് 10-15 ദിവസം ഓരോ മണിക്കൂർ വീതം പുക കൊള്ളിച്ചാൽ ഇഞ്ചിച്ചെടിയിൽ ധാരാളം മുളം പൊട്ടും.
ഇഞ്ചിയുടെ കൂമ്പു ചീയലിന് ആര്യവേപ്പില അരച്ചു കലക്കി തിളക്കുന്നത് നല്ലതാണ്.
ഇഞ്ചി വിത്ത് സൂക്ഷിക്കുമ്പോൾ പാണലിലയിൽ പൊതിഞ്ഞ് സൂക്ഷിക്കുക. ദീർഘനാൾ കേടുകൂടാതിരിക്കും.
ഇഞ്ചിയുടെ മൂടുചീയൽ രോഗത്തിനെതിരേ കറിയുപ്പ് ഫലപ്രദമാണ്. രോഗം ബാധിച്ച ഇഞ്ചി അപ്പാടെ നീക്കം ചെയ്‌തതിനു ശേഷം, ആ കുഴിക്കും, മറ്റുള്ള ഇഞ്ചി ചുവടുകൾക്കും ചുറ്റി ഒരു വരമ്പു പോലെ കറിയുപ്പ് ഇട്ടുകൊടുക്കുക. അപ്പോൾ മണ്ണിൽ നനവുമുണ്ടായിരിക്കണം.
ചുക്ക് കേടു വരാതിരിക്കുന്നതിന് ഇഞ്ചിപ്പുല്ല് ഉണക്കി ചുക്കും ഇഞ്ചിപ്പുല്ലും ഇടവിട്ടു നിറയ്‌ക്കുക.
മഞ്ഞളിൽ പുഴുക്കുത്ത് തടയാൻ കടലാവണക്കിന്റെ കായ് ഇലയോടുകൂടി ഉണക്കി ചാക്കിന് മുകളിലും ഇടയിലും വയ്‌ക്കുക.
മഞ്ഞൾ പുഴുങ്ങുന്നതിനു മുമ്പ് തട വേർപെടുത്തിയില്ലെങ്കിൽ, തടവേകാതിരിക്കുകയും വിത്തു വെന്തു പോവുകയും ചെയ്യും.
മഞ്ഞൾ കൂടുതൽ വെന്തു പോയാലും വേകാതിരുന്നാലും ഗുണം കുറയും. കൈവിരലു കൊണ്ട് അമർത്തി നോക്കിയാൽ വേവ് അറിയാം. ഈർക്കിലുകൊണ്ട് കുത്തി നോക്കിയാലും വേവ് അറിയാനാകും.
ഉണങ്ങിയ മഞ്ഞൾ മിനുക്കിയാൽ മാത്രമേ കൺമതിപ്പ് കൂടൂ. അതിനായി ഉണക്ക മഞ്ഞൾ ചാക്കിലെടുത്ത് ചെറുതായി തല്ലുകയോ, തുണിയോ, ചാക്കോ പൊതിഞ്ഞചാക്കു കൊണ്ട് ചവിട്ടി തേക്കുകയോ ചെയ്യാം.
ജാതിത്തൈകൾ ഇല വരുന്നതിനു മുമ്പു തന്നെ, തണ്ടായി മുളച്ചു വരുമ്പോൾ, തണ്ടിനു പച്ചനിറം ആണെങ്കിൽ തൈകൾ ആൺമരങ്ങളും തവിട്ടു നിറം ആണെങ്കിൽ പെൺമരങ്ങളും ആയിരിക്കും.
Generated from archived content: karshika20.html Author: chandi_abraham