ചുവന്ന ഉള്ളിയും കാരവും കൂടി അരച്ച് കൂമ്പിൽ പുരട്ടിയാൽ തുടക്കത്തിൽത്തന്നെ കാറ്റുവീഴ്‌ചയെ നിയന്ത്രിക്കാം.
തെങ്ങിന്റെ മണ്ട നന്നായി തെളിച്ച് വൃത്തിയാക്കി ഉപ്പും, തുരിശും, ചാരവും കൂട്ടിയിളക്കി മണ്ടയിൽ തൂകുക. കാറ്റു വീഴ്‌ചയെ പ്രതിരോധിക്കാനാകും.
കാറ്റു വീഴ്‌ച തടയാൻ അഞ്ചുകിലോ കറിയുപ്പും, അഞ്ചുകിലോ ഉള്ളിയും (മാർക്കറ്റിൽ പുറന്തള്ളുന്നത്) ചേർത്ത് തടങ്ങളിൽ ഇടുക.
കൃത്യമായി തെങ്ങിന്റെ മണ്ട വൃത്തിയാക്കിക്കൊണ്ടിരിക്കുക. കീട നിയന്ത്രണത്തിന് ഇത് വളരെ പ്രയോജനപ്രദമാണ്.
തെങ്ങിന്റെ കവിളിൽ കായം ഇടുക. ചെമ്പൻ ചെല്ലിയുടെ ഉപദ്രവം മാറും.
ചകിരിച്ചോറ് സസ്യലതാദികൾ വളർത്താനുള്ള മികച്ച ഒരു മാധ്യമം ആണ്.
ചെന്നിരൊലിപ്പ് ഉള്ള ഭാഗങ്ങളിൽ ടാർ പുരട്ടുക. രോഗം നിയന്ത്രണ വിധേയമാകും.
തെങ്ങിന്റെ മണ്ടയിൽ വേപ്പിൻ പിണ്ണാക്ക് ഇട്ടാൽ ചെല്ലി, ചുണ്ടൻ എന്നിവയുടെ ആക്രമണത്തിൽ നിന്ന് തെങ്ങിനെ രക്ഷിക്കാം. മഴക്കാലത്താണ് ഇത് ചെയ്യേണ്ടത്. കാലവർഷം വരുമ്പോൾ വേപ്പിൻ പിണ്ണാക്ക് അലിഞ്ഞ് ഒലിച്ചിറങ്ങി തെങ്ങിൻ ചുവട്ടിലെത്തുന്നു. അത് വളമായും പ്രയോജനപ്പെടുന്നു.
തെങ്ങിൻ തോപ്പുകളിലും മറ്റു വൃക്ഷത്തോട്ടങ്ങളിലും ഉല്‌പാദനം കൂട്ടാൻ ഇടയ്‌ക്ക് കരിയില കൂട്ടി തീയിടുന്നത് നല്ലതാണ്. തീയിടുന്നതുകൊണ്ട് കാർബൺ ഡയോക്‌സൈഡ് ഉല്‌പാദിപ്പിക്കപ്പെടുകയും പ്രകാശ സംശ്ലേഷണം വർദ്ധിക്കുകയും ചെയ്യുമെന്നുള്ളതിനാൽ ഉൽപാദനം കൂടുന്നു.
മൺസൂണിനു മുമ്പും, അതിനു ശേഷവും തെങ്ങിന്റെ കൂമ്പിൽ ബോർഡോമിശ്രിതം ഒഴിച്ചാൽ കൂമ്പുചീയൽ ഉണ്ടാവുകയില്ല. ഓല കരിച്ചിൽ തടയാൻ ഇത് ഉത്തമമാണ്.
തെങ്ങിൻ തോട്ടത്തിൽ ആവണക്കിൻ പിണ്ണാക്ക് വെള്ളത്തിൽ കലക്കി തെങ്ങിന്റെ കൂമ്പിൽ പാത്രത്തിലാക്കി തുറന്നു വയ്‌ക്കുക. കൊമ്പൻ ചെല്ലി ആകർഷിക്കപ്പെട്ട് അവിടെയെത്തി. ആ മിശ്രിതത്തിൽ ചാടി ചത്തുകൊള്ളും.
തെങ്ങിന്റെ മടൽ തടിയോടു ചേർത്തുവെട്ടിയാൽ ചെമ്പൻചെല്ലി പെരുകാൻ ഇടയാകും. മടൽ വെട്ടുമ്പോൾ അല്‌പം നീട്ടിനിർത്തിയിട്ട് വെട്ടുക.
തെങ്ങിന്റെ പാഴ്‌തടിയോ മടലോ നെടുകെ കീറി കള്ളു പുരട്ടി തെങ്ങിൽ തൊട്ടത്തിൽ ഒന്നു രണ്ടു സ്‌ഥലത്തായി വയ്‌ക്കുക. അതിൽ ചെമ്പൻ ചെല്ലികൾ പറന്നെത്തിക്കൊള്ളും. പിടികൂടി നശിപ്പിക്കാം.
തെങ്ങിൻ തോട്ടത്തിൽ ചപ്പുചവറുകൾ കൂനകൂട്ടി രാത്രിയിൽ കത്തിക്കുക. കീടങ്ങൾ പറന്നെത്തി തീയിൽ വീണ് ചത്തുകൊളളും.
തെങ്ങിന്റെയും കമുകിന്റെയും കൂമ്പു ചീയലിന് മണ്ട ചെത്തി വൃത്തിയാക്കി ഉപ്പും ചാരവും കൂട്ടിക്കലർത്തി ഒഴിക്കുക.
തൈതെങ്ങുകളിലാണ് കൊമ്പൻ ചെല്ലിയുടെ ഉപദ്രവം കൂടുതലായി ഉണ്ടാകുന്നത്. ശ്രദ്ധിക്കുക.
കേടുവന്ന തെങ്ങിന്റെ ചുവട്ടിൽ നിന്നും ആറടി ചുറ്റളവിലും ഒരടി താഴ്‌ചയിലും മണ്ണു മാറ്റി പുതുമണ്ണ് ഇട്ടു കൊടുത്താൽ കേടു മാറും.
മൂത്ത തേങ്ങ ഉണ്ടാകാൻ വേണ്ട പോഷകാംശങ്ങളുടെ 20% കുറവു മതി കരിക്കിന്. അതിനാൽ കരിക്കിടുന്ന തെങ്ങുകളുടെ ഉല്‌പാദന ക്ഷമത 15% കൂടുന്നു.
തെങ്ങിന് കറിയുപ്പ് ഇടുന്നതുമൂലം മണ്ണിൽ നിന്നും കൂടുതൽ പൊട്ടാഷ് ലഭ്യമാകാനിടയാകുന്നു.
തെങ്ങിൻ തോപ്പിൽ തേനിച്ച വളർത്തിയാൽ അത് പരാഗണത്തെ സഹായിക്കും. മെച്ചപ്പെട്ട വിളവും ലഭിക്കും.
തെങ്ങിന് ആവശ്യമായ പൊട്ടാഷ് 50-75% കുറച്ച്, പകരം കറിയുപ്പ് കൊടുത്താൽ വിളവ് വർദ്ധിക്കും. ഉല്‌പാദനച്ചെലവ് ഗണ്യമായി കുറയും.
തെങ്ങിന് കറിയുപ്പ് വളമായി ചേർക്കുന്നതുകൊണ്ട് മണ്ണിന്റെ ഘടന ലഘൂകരിച്ച് വേരോട്ടം വർദ്ധിപ്പിക്കുന്നു.
മൺകുടത്തിൽ വെള്ളം നിറച്ചതിനു ശേഷം, തീരെ ചെറിയ ദ്വാരമിട്ട് തെങ്ങിൻ ചുവട്ടിൽ കുഴിച്ചിടുക. ചെലവു കുറഞ്ഞതും അത്യന്തം കാര്യക്ഷമവുമായ ഒരു തരം കണിക ജലസേചനമാണ് ഇത്.
വേപ്പിൻ പിണ്ണാക്ക് വളമായി ഉപയോഗിച്ചാൽ ചെന്നീരൊലിപ്പും തഞ്ചാവൂർ വിൽറ്റും തടയാം.
തുടർച്ചയായി പേടു കായ്‌ക്കുന്ന തെങ്ങിന്റെ തടിയിൽ തുടർച്ചയായി തൊണ്ടുകൾ കൊണ്ട് പൊതിഞ്ഞു കെട്ടുക. പേടു കായ്‌ക്കുന്ന സ്വഭാവം മാറും.
കുമ്മായവും ഉപ്പും ചേർന്ന മിശ്രിതം ഇടയ്‌ക്കിടെ തെങ്ങിൻ ചുവട്ടിലിട്ടു കൊടുക്കുക. പേട്ടു തേങ്ങാ ഉണ്ടാകുന്നത് നിയന്ത്രിക്കാം.
Generated from archived content: karshika2.html Author: chandi_abraham