ഏലകൃഷി ചെയ്യുന്നത് വനഭൂമിയിലായതിനാൽ പരിസ്‌ഥിതി സന്തുലനത്തിന് ഈ കൃഷി ഒഴിച്ചുകൂടാനാവാത്തതാണ്.
പച്ചനിറവും നല്ല രൂപ ഭംഗിയും ഏലത്തിന്റെ വിലനിർണ്ണയിക്കുന്ന ഘടകങ്ങളാണ്.
ഏലം പൂക്കുന്ന സമയത്ത് ഒരു ഹെക്‌ടറിൽ നാലു തേനിച്ചക്കോളനിയെങ്കിലും സ്‌ഥാപിക്കുക. വിളവ് വളരെ കൂടും.
നീളത്തിൽ പാത്തിയെടുത്ത് ഏലത്തൈകൾ നട്ടാൽ വിളവ് അറുപത് ശതമാനം വരെ വർദ്ധിക്കുന്നതാണ്.
ഏലത്തിന് സൂര്യപ്രകാശം അരിച്ചിറങ്ങുന്ന രീതിയിലുള്ള തണൽ വേണം. ഏതാണ്ട് അമ്പതു ശതമാനം തണൽ.
ജാതിക്ക് ചാരമിടരുത്. വേരിന്റെ വളർച്ച കുറയും കായ് മൂപ്പാകാതെ പൊഴിഞ്ഞു വീഴുകയും ചെയ്യും.
ജാതി മരത്തിന്റെ ചുവട്ടിൽ കിളയ്‌ക്കരുത്. വേരു പടലം മുകൾപ്പരപ്പിലായതിനാൽ വേരുകൾ പൊട്ടാനിടയാകും.
ജാതിക്ക് പച്ചച്ചാണകം ഉപയോഗിക്കരുത്. വായുസഞ്ചാരം തടസ്സപ്പെട്ട് കെട്ടു പോകും.
ജാതിക്കുരു നടുന്നത് ജാതിപത്രി മാറ്റിയ ഉടൻ തന്നെ ആയിരിക്കണം. കുരുവിന്റെ പുറത്തുള്ള പാട നശിക്കുകയുമരുത്.
ജാതി മരത്തിന്റെ ചുവട്ടിൽ നിന്നും രണ്ടടി മാറ്റി മൃഗങ്ങളുടെ ശരീരാവശിഷ്‌ടങ്ങൾ കുഴിച്ചു മൂടിയാൽ കൂടുതൽ കായ് ലഭിക്കും.
ജാതിപത്രി നന്നായി ഉണങ്ങിയാൽ പോളിത്തീൻ ബാഗുകളിൽ ഒരു വർഷം വരെ സൂക്ഷിച്ചു വയ്‌ക്കാം.
പുറന്തോടു നീക്കാത്ത ജാതിക്കായും ഒരു വർഷം വരെ സൂക്ഷിച്ചു വയ്‌ക്കാവുന്നതാണ്.
ജാതിക്ക മൂപ്പെത്തുന്നതിനു മുമ്പ് പൊഴിയുന്നത് വളക്കുറവോ, വെള്ളക്കുറവോ മൂലമാകാം.
ഉണക്കിന്റെ പോരായ്‌മ കൊണ്ടാണ് പലപ്പോഴും ചുക്കിന് കുത്തൽ വീഴുന്നത്.
ചുരണ്ടിയ ഇഞ്ചിയിൽ അപ്പോഴേ വെയിൽ ഏൽപ്പിച്ചില്ലെങ്കിൽ ഒരാവരണം ഉണ്ടാകും. അപ്രകാരം ആവരണം ഉണ്ടാകുന്നത് ഉണങ്ങാൻ തടസ്സമാണ്.
ഇഞ്ചിയുടെ തൊലി നീക്കാനായി ഇരുമ്പു കത്തി ഉപയോഗിക്കരുത് ഉപയോഗിച്ചാൽ ഇഞ്ചിയുടെ നിറം മങ്ങാനിടയാകും.
മഞ്ഞൾ ഒരേസമയം തന്നെ ജൈവ സംരക്ഷകനും ജൈവ നാശകനും ആകുന്നു.
‘സുവർണ്ണ’ എന്നയിനം മഞ്ഞളിന് കിഴങ്ങു ചീയലിനെതിരെ സ്വയം പ്രതിരോധം ഉണ്ട്.
മഞ്ഞൾ വിത്തും തടയും ഒന്നിച്ചിട്ടു പുഴുങ്ങരുത്. അങ്ങനെ ചെയ്‌താൽ വിത്ത് അധികം വെന്തുപോകും. തട ആവശ്യത്തിന് വേകുകയുമില്ല.
മഞ്ഞളിന്റെ തടയും വിത്തും നടാനുപയോഗിക്കാം. എന്നാൽ തട നട്ടാലാണ് കൂടുതൽ വിളവ് ലഭിക്കുന്നത്.
മഞ്ഞൾ പുരട്ടി കുളിക്കുന്നത് നല്ലതാണ്. എന്തെന്നാൽ മഞ്ഞൾ സൂര്യന്റെ റേഡിയേഷൻ രശ്‌മികളിൽ നിന്നും സംരക്ഷണം തരുന്നു.
ഏപ്രിൽ മഞ്ഞൽ നട്ട് നവംബർ അവസാനം വിളവെടുത്താൽ അതിൽ കുർകുമിന്റെ അംശം കൂടുതലായിരിക്കും. തന്മൂലം മെച്ചപ്പെട്ട വിലയും ലഭിക്കും.
മഞ്ഞളിന് കാഴ്‌ചയിൽ ഭംഗി നൽകാൻ മിനുക്കലിന്റെ അവസാന ഘട്ടത്തിൽ അല്‌പം മഞ്ഞൾ പൊടി കലക്കിത്തളിച്ച് കൂട്ടി ഇളക്കുക. മഞ്ഞൾപൊടി എല്ലായിടത്തും ഒരുപോലെ പറ്റിപ്പിടിച്ചുവെന്ന് ഉറപ്പാക്കണം. പിന്നീട് ഒന്നുകൂടി ഉണക്കുകയും ചെയ്യണം.
പതിനെട്ടു മാസം പ്രായമുള്ള തൈകളാണ് നടാൻ ഉത്തമം.
കറികൾക്ക് രുചിയും മണവും നൽകുന്നത് പച്ചക്കൊത്ത മല്ലിയിലയാണ്. ഇതിനു പകരം ഉപയോഗിക്കാവുന്നതാണ് ആഫ്രിക്കൻ മല്ലി (റിങ്കിയം ഫോറ്റിഡം).
ഗ്രാമ്പുച്ചെടിയുടെ ചുവട്ടിൽ ഗോമൂത്രം നേർപ്പിച്ചൊഴിക്കുക. നല്ല വിളവുണ്ടാകും.
ജാതിമരത്തിനോട് ചേർന്ന് ഒരു കുടംപുളി കൂടി നട്ടു കൊടുക്കുക. ജാതിക്കായും ജാതിപത്രിയും വലിപ്പം കൂടിയവ ആയിരിക്കും.
ജാതിക്കായ്‌കൾ പാകിയാൽ ആദ്യമാദ്യം മുളയ്‌ക്കുന്ന തൈകൾ ആണും അവസാനം മുളയ്‌ക്കുന്നവയെല്ലാം പെണ്ണും ആയിരിക്കും.
നേഴ്‌സറികളിൽ നിന്നും ജാതിയുടെ വിത്തുതൈകൾ വാങ്ങുമ്പോൾ ശ്രദ്ധിക്കുക. ശോഷിച്ച തൈകൾ 90% ഉം പെൺജാതി ആയിരിക്കും.
Generated from archived content: karshika18.html Author: chandi_abraham