തിരുവാതിര ഞാറ്റുവേല കുരുമുളകിന് പ്രദാനമാകാൻ കാരണം മഴ വെള്ളത്തിലൂടെ ഇതിന്റെ പരാഗണം നടക്കുന്നു എന്നതുകൊണ്ടാണ്. കാലവർഷം ചതിച്ചാൽ കുരുമുളകിന്റെ വിളവ് കുറയും.
കൊടിത്തല നട്ട് ഒരു വർഷത്തിനകം അരയടി പൊക്കത്തിൽ വച്ച് മുറിച്ചു മാറ്റിയാൽ ചെടി പൊട്ടിക്കിളിർത്ത് തഴച്ചു വളർന്നു കൊള്ളും.
കുരുമുളക് തൈകൾ തയ്യാറാക്കുന്നതിനായി തെരഞ്ഞെടുക്കുന്ന മാതൃചെടികൾക്ക് 15 വർഷമെങ്കിലും പ്രായമുണ്ടായിരിക്കേണ്ടതാണ്.
കുരുമുളക് വള്ളികൾ വേരുപിടിപ്പിക്കുമ്പോൾ നേഴ്‌സറിയിൽത്തന്നെ മണ്ണിരകമ്പോസ്‌റ്റ് തൈകൾക്ക് വളമായി ഉപയോഗിച്ചാൽ, നടതലകളുടെ കരുത്തും വളർച്ചയും കൂട്ടാൻ കഴിയും.
കുരുമുളക് നിരപ്പായ സിമന്റ് തറയിലിട്ട് ഉണങ്ങിയാൽ, പനമ്പിനെ അപേക്ഷിച്ച് 18-24 മണിക്കൂർ മുമ്പേ ഉണങ്ങിക്കിട്ടും. സിമന്റ് തറയിൽ ബ്ലാക്ക് ഓക്‌സൈഡ് അടിയ്‌ക്കാമെങ്കിൽ ഉണക്കു സമയം പിന്നെയും കുറയും.
കുരുമുളക് കറുപ്പ് നിറത്തിലുള്ള, കട്ടികൂടിയ പോളിത്തീൻ ഷീറ്റിലിട്ട് ഉണങ്ങിയാൽ വളരെ വേഗം ഉണക്ക് പൂർത്തിയാകും.
പൊള്ളുവണ്ടുകളുടെയും, കുമിൾ രോഗങ്ങളുടെയും ആക്രമണം തണലിൽ നിൽക്കുന്ന കൊടികളിൽ കൂടുതലാണ്. ഇത് വിളവിനെ പ്രതികൂലമായി ബാധിക്കും.
കുരുമുളകു തോട്ടത്തിൽ വാഴ കൃഷി ചെയ്‌താൽ വളർച്ചയുടെ കുരുമുളകിന്റെ ഉല്‌പാദനത്തെ പ്രതികൂലമായി ബാധിക്കും.
കൂടുതൽ വളർച്ചയുള്ള കുരുമുളകുചെടിയിൽ നിന്നും മെച്ചപ്പെട്ട വിളവ് ലഭിക്കുന്നു.
കുരുമുളക് വള്ളികളുടെ വിളവ് മൂന്നു വർഷമെങ്കിലും തുടർച്ചയായി നിരീക്ഷിച്ച ശേഷം, അതിന്റെ അടിസ്‌ഥാനത്തിൽ മാതൃസസ്യം തിരഞ്ഞെടുക്കുക.
തിരശ്ചീനമായി വളരുന്ന ചെന്തലകളിൽ നിന്നും കായ് പിടിക്കുന്ന കണ്ണിത്തലകൾ ഉണ്ടാകാറില്ല.
കണ്ണിത്തലകളുടെ എണ്ണവും സ്വഭാവ സവിശേഷതകളുമാണ് കുരുമുളകുചെടിയുടെ ഉല്‌പാദനക്ഷമത നിർണ്ണയിക്കുന്ന സുപ്രധാന ഘടകം.
കാലാവസ്‌ഥ, കീടരോഗബാധകൾ ഇവയോട് ഓരോ ഇനം കുരുമുളകും വ്യത്യസ്‌തമായ രീതികളിൽ പ്രതികരിക്കുന്നു. അതിനാൽ ഒരു തോട്ടത്തിൽതന്നെ ഒന്നിലധികം ഇനങ്ങൾ നട്ടു വളർത്തുന്ന പക്ഷം ഒരിക്കലും വിളവിൽ വലിയ പരാജയം ഉണ്ടാവുകയില്ല.
കുരുമുളകിന്റെ കേറുതല മുറിച്ചു നട്ടുണ്ടാക്കുന്ന ചെടികൾക്ക് ആയുസ്സ് കുറവാണ്.
നേരെ മുകളിലേയ്‌ക്കു വളരുന്ന താങ്ങുകാലുകളിൽ പടർത്തിയാൽ മാത്രമേ, കുരുമുളക് വള്ളികൾ ധാരാളം കണ്ണിത്തലകൾ ഉല്‌പാദിപ്പിക്കുകയുള്ളു.
തടിവണ്ണമുള്ള വൻവൃക്ഷത്തിൽ കുരുമുളക് പടർത്തുമ്പോൾ, അവയുടെ ചുറ്റുമായി നാലോ അതിലധികമോ കുഴികളെടുത്ത്, അവയിലെല്ലാം കൊടിത്തലകൾ നടുന്നതായാൽ, വളരെ വേഗത്തിൽ തടി പൊതിഞ്ഞ് കുരുമുളക് വളർന്നു കയറിക്കൊള്ളും.
കുരുമുളക് വള്ളി വേരുപിടിച്ച് വളർന്നു തുടങ്ങുമ്പോൾ, അവ ദ്രവിച്ചുപോകുന്ന തരം നാരുകൊണ്ട് താങ്ങുകാലുകളാട് ചേർത്തു കെട്ടിക്കൊടുക്കണം.
ചെടി പൂർണ്ണ വളർച്ചയെത്തിയതുനുശേഷമുണ്ടാകുന്ന ഞാലൻതലകളും താങ്ങുകാലിനു മുകളിലെത്തിയ അഗ്രമുകുളങ്ങളും മുറിച്ചു കളയണം. എങ്കിൽ പാർശ്വശാഖകളുടെ വളർച്ചയ്‌ക്കും ഉല്‌പാദന വർധ്‌നവിനും ഉത് സഹായകമാകും.
കുരുമുളകിന്റെ ധൃതവാട്ടത്തിന്, ചുവട്ടിൽ തടം ഒന്നിന് 250 ഗ്രാമം കുമ്മായം വീതം ആണ്ടിൽ രണ്ടുപ്രാവശ്യം ഇട്ടു കൊടുക്കുന്നത് പ്രയോജനപ്രദമാണ്.
കുരുമുളകിന്റെ കടയ്‌ക്കൽ നിന്നും രണ്ടടിവരെ ഉയരമുളള കമ്പുകളിൽ നിന്നുള്ള തലകളാണ് നടാൻ ഉത്തമം.
മുരിക്കു പോലെ പരുപരുത്ത തൊലിയുള്ള എല്ലാ വൃക്ഷങ്ങളിലും കുരുമുളക് കൊടി പടരുന്നതാണ്. മാവ്, പ്ലാവ്, അമ്പഴം, താന്നി, ചുരുളി എന്നീ വൃക്ഷങ്ങൾ ഇതിനു വളരെ പറ്റിയതാണ്.
കുരുമുളകു ചെടികൾ അധികം ഉയരത്തിലേക്കു വളരാതെ, ശിഖരങ്ങൾ പൊട്ടി വശങ്ങളിലേക്കു വളരാനായി അഗ്രമുകുളം അടർത്തിക്കളഞ്ഞ് പോളിത്തീൻ കവറിട്ടു നിർത്തുക.
Generated from archived content: karshika16.html Author: chandi_abraham