കുരുമുളകിന് കുമ്മായം ഇടുമ്പോൾ ഒരു പിടി കുമ്മായം മണ്ണു നിരപ്പിൽ നിന്നും മുക്കാൽ മീറ്റർ മുകളിലേക്ക്, തണ്ടു വഴി വിതറി കൊടുക്കുക. തണ്ട് നനഞ്ഞിരിക്കുമ്പോൾ വേണം അങ്ങനെ ചെയ്യാൻ കുമിൾ ശല്യം കുറയും.
ഒരു തിരിയിൽ കുറഞ്ഞത് അഞ്ച് മണിയെങ്കിലും പഴുത്തതിനു ശേഷമേ കുരുമുളകു പറിക്കാവൂ.
പഴുത്തു തുടങ്ങിയ കുരുമുളക് കൂട്ടിയിട്ട് രണ്ടു ദിവസം ചാക്കിട്ട് മൂടി വെച്ചിരുന്നാൽ എല്ലാം വേഗത്തിൽ പഴുത്തു പാകമാകും.
തെങ്ങിൽ കുരുമുളകു പടർത്തുമ്പോൾ തെങ്ങിന്റെ വടക്കു കിഴക്കുഭാഗത്ത് വള്ളികൾ നടുക.
തെങ്ങ് താങ്ങുമരമായി കുരുമുളകു പടർത്തുന്ന പക്ഷം കുരുമുളകിന് നല്ല വെയിൽ കിട്ടും. അതിനാൽ വിളവും മെച്ചമായിരിക്കും.
കുരുമുളകു ചെടിയിലെ ചെന്തണ്ട് ഉണങ്ങിപ്പോകാതെ ഒരു വർഷം ചെടിയിൽത്തന്നെ നിർത്തി പിറ്റേ വർഷം മഴയുടെ തുടക്കത്തിൽത്തന്നെ നട്ടാൽ കൃത്യം മൂന്നാം വർഷം ആദായമെടുക്കാം.
കുരുമുളകു ചെടിയുടെ പ്രധാന തണ്ടിൽ നിന്നും വശങ്ങളിലേക്കു വളരുന്ന പാർശ്വ ശിഖരങ്ങൾ നട്ടാണ് ബുഷ് പെപ്പർ ഉണ്ടാക്കുന്നത്.
പച്ചക്കുരുമുളക് തിളച്ച വെള്ളത്തിൽ ഒരു മിനിറ്റ് മുക്കിയതിനു ശേഷം എടുത്തുണക്കിയാൽ പൂപ്പൽ പിടിക്കുകയില്ല.
വലിപ്പം കൂടിയ കുരുമുളകു മണിയാണെങ്കിൽ കയറ്റുമതിക്ക് പ്രിയപ്പെട്ടതാണ്. അതിന് വിലയും കൂടുതൽ കിട്ടും.
കുരുമുളക് ശേഖരിക്കുന്ന സമയത്ത് ഉറുമ്പ്‌പൊടി വിതറി ഉറുമ്പുകളെ കൊന്നു കളയുന്നതിനു പകരം, നേരത്തേ തന്നെ ഉറുമ്പ് കൂടുകെട്ടിയ ചില്ലകൾ വെട്ടിനുറുക്കി തീയിടുകയും ചോലയുടെ അളവ് കുറയ്‌ക്കുകയും ചെയ്യുക. ഉറുമ്പുപൊടിയുടെ അംശം പോലും കലാരാത്ത ഗുണമേന്മയുള്ള കുരുമുളക് ലഭിക്കും.
താങ്ങുമരത്തിന്റെ ഇലകളും ശാഖകളും കോതിയൊതുക്കി വെച്ചിരുന്നാൽ പൊള്ളുവണ്ടിന്റെ ഉപദ്രവം കുറയും.
കുരുമുളകിന്റെ മിലി മൂട്ടകളെയും ശൽക്ക കീടങ്ങളേയും നിയന്ത്രിക്കുന്നതിന് ഉങ്ങെണ്ണയിൽ നിന്നുണ്ടാകുന്ന കീടനാശിനി നല്ലതാണ്.
കുരുമുളകിന്റെ വേരു പടലം തണ്ടിൽ നിന്നും ഒരു മീറ്ററിലധികം അകലത്തിലോ ആഴത്തിലോ പോകാറില്ല. കുരുമുളകിൽ ദ്വിലിംഗ പുഷ്‌പങ്ങളുടെ ശതമാനമാണ് കായ്‌പിടുത്തം നിർണ്ണയിക്കുന്ന പ്രധാന ഘടകം.
സെറാഡിക്‌സ്-ബീയ കുരുമുളകു വള്ളികൾക്ക് വേരു പിടിപ്പിക്കാൻ പറ്റിയ ഉത്തേജക വസ്‌തുവാണ്.
കൊടിത്തല നടാനുള്ള മുരിക്കിൽ കമ്പുകളും അരിക്കാലുകളും കുംഭമാസത്തിലെ കറുത്ത പക്ഷത്തിന് മുറിച്ചെടുക്കുക.
കൊടിത്തലയ്‌ക്ക് താങ്ങിനായി മുറിച്ചെടുത്ത കാലുകൾ പത്തുപതിനഞ്ചു ദിവസം തണലിൽ കിടത്തി ഇടുക. പിന്നീട് ഏപ്രിലിൽ ഒന്നു രണ്ട് മഴ പിടിക്കുന്നതുവരെ നിവർത്തി ചാരി വയ്‌ക്കുക. തുടർന്നു നടുക.
കുരുമുളകു വള്ളിയുടെ വളർച്ച ആറേഴു മീറ്ററിൽ പരിമിതപ്പെടുത്തുക. അതിലധികമായാൽ സസ്യസംരക്ഷണത്തിനും വിളവെടുക്കുന്നതിനും ബുദ്ധിമുട്ട് ഉണ്ടാകും.
കരിമുണ്ടയും കൊറ്റനാടനും തണലിലും നന്നായി വളരുന്ന കുരുമുളക് ഇനങ്ങളാണ്.
കുരുമുളക് ഒരേ മൂപ്പിൽ വിളവെടുക്കാനാകാത്തപക്ഷം മൊത്തം തൂക്കം കുറയും.
സിൽവർഓക് താങ്ങുമരമായി ഉപയോഗിക്കുന്ന പക്ഷം കുരുമുളക് വള്ളി നല്ല ആരോഗ്യത്തോടെ വളരും. അതിനാൽത്തന്നെ മെച്ചപ്പെട്ട വിളവും ലഭിക്കും.
ഭാഗികമായി മാത്രം എണ്ണയെടുത്ത വേപ്പിൻപിണ്ണാക്ക്, ഒരു കിലോഗ്രാം എടുത്ത് 25 ലിറ്റർ വെള്ളത്തിൽ മൂന്നുദിവസം കുതിർക്കുക. പിന്നീട് അരിച്ചെടുക്കുക. കുരുമുളക് ചെടിക്കു പറ്റിയ ഒന്നാന്തരം കുമിൾ നാശിനിയാണ് ഇത്.
ധൃതവാട്ടത്തിന് വെളുത്തുള്ളി, കടുക് ഇവ അരച്ച് ചേർത്ത് കഷായം വെച്ച് തളിക്കുന്നത് വളരെ പ്രയോജനപ്രദമാണ്.
കുരുമുളകിന്റെ മണികളുതിർത്തതിനു ശേഷമുള്ള തിരി മാവുപൂക്കുന്ന കാലത്ത്, മാഞ്ചുവട്ടിലിട്ട് പുകയ്‌ക്കുന്ന പക്ഷം മാമ്പഴവണ്ടിന്റെ ആക്രമണം നിയന്ത്രിക്കാനാകും.
കുരുമുളകു രണ്ടു ദിവസം വെയിലത്തിട്ട് ഉണക്കിയശേഷം ചൂടോടെ ഒരു ദിവസത്തേയ്‌ക്ക് ചാക്കിൽ കെട്ടി വയ്‌ക്കുക. വീണ്ടും നിരത്തി ഉണക്കുക. ഇങ്ങനെ ചെയ്‌താൽ കുരുമുളകിന് നല്ല കറുപ്പ് ലഭിക്കുന്നു.
പന്നിയൂർ-1 ഇനം കുരുമുളക് നനയ്‌ക്കുന്നതുകൊണ്ട് വിളവ് ഗണ്യമായി വർദ്ധിക്കുന്നു. എട്ടുപത്ത് ദിവസത്തിലൊരിക്കൽ 100 ലിറ്റർ വെള്ളം എത്തിച്ചു കൊടുത്താണ് നനയ്‌ക്കേണ്ടത്.
കുറ്റിക്കുരുമുളക് കിളിർപ്പിക്കുന്നതിനായി പാർശ്വശാഖകൾ തിരഞ്ഞെടുക്കുമ്പോൾ തീരെ മൂപ്പുകുറഞ്ഞതോ, അധികം മൂത്തുപോയതോ ആയ പാർശ്വശാഖകൾ ഉപയോഗിക്കരുത്.
Generated from archived content: karshika15.html Author: chandi_abraham