കുരുമുളകിന്റെ കാലേകൂട്ടി ചുറ്റിവച്ചിരിക്കുന്ന ചെന്തലകളുടെ മദ്ധ്യഭാഗമാണ് നടാൻ ഉത്തമം.
തെക്കോട്ടു ചെരിവുള്ള ഭൂമി കുരുമുളകു കൃഷിക്ക് അനുയോജ്യമല്ല.
വിസ്‌താരം കുറഞ്ഞ കുഴികളിൽ കുരുമുളകിനുള്ള താങ്ങു കാലുകൾ പിടിപ്പിക്കുക. അവ കാറ്റത്തിളകുകയില്ല. വേഗത്തിൽ വേരുപിടിക്കുകയും ചെയ്യും.
കുരുമുളകു ചെടിയുടെ അധികം മൂപ്പെത്താത്ത തണ്ടൊഴിച്ച് ഏതുനാട്ടിലും വേരു പിടിക്കും.
കുരുമുളക് പൂവിടുമ്പോൾ മഴയില്ലെങ്കിൽ വെള്ളം സ്‌പ്രേ ചെയ്‌തു കൊടുക്കുക. നല്ല വിളവ് കിട്ടും.
വർഷകാലത്ത് കുരുമുളകിന് തണൽ പാടില്ല.
കേടുള്ള കുരുമുളകിന്റെ തണ്ട് നടാൻ എടുക്കരുത്.
കുഞ്ഞു കല്ലുകൾ (ഉറുമ്പു കല്ലുകൾ) കുരുമുളകിന്റെ ചുവട്ടിൽ അടുക്കിയാൽ ചെടിക്കു വാട്ടം വരികയില്ല.
താങ്ങു മരങ്ങൾ കോതി നിർത്തിയാൽ കുരുമുളകു വള്ളികളിൽ കായ്‌പിടുത്തം കൂടും.
കുരുമുളകിന് ചപ്പുചവറുകൾ വെറുതെ ചുവട്ടിൽ തൂളിയാൽ മതി, കൊത്തിയിളക്കി ചേർക്കേണ്ടതില്ല.
കുരുമുളകു തോട്ടങ്ങളിൽ ഇഞ്ചി, മഞ്ഞൾ, കച്ചോല തുടങ്ങിയ സുഗന്ധവിളകളും കൃഷി ചെയ്യുക. കുരുമുളകിൽ മണിപിടുത്തം കൂടും.
വീടിനു ചുറ്റും കുരുമുളകുചെടി നട്ടു വളർത്തിയാൽ ജലദോഷം ഉണ്ടാവുകയില്ല.
തിരുവാതിര ഞാറ്റു വേലയിൽ തിരി മുറിയാതെ ചെയ്യുന്ന മഴയ്‌ക്ക് കുരുമുളകു വള്ളി നട്ടാൽ മുഴുവൻ പിടിച്ചു കിട്ടും.
കാലവർഷം നന്നായി കിട്ടാത്ത പക്ഷം ആ വർഷം കുരുമുളകിൽ ഉല്‌പദാനം കുറഞ്ഞിരിക്കും.
കുരുമുളകു വള്ളിയിൽ വർഷത്തിൽ പല തവണ മുളകുണ്ടാകണമെങ്കിൽ ഇടയ്‌ക്കിടെ ശക്തിയായി നനച്ചു കൊടുക്കുക.
കുരുമുളകു നടുമ്പോൾ ഒരു കേറുതലയും രണ്ടു ചെന്തലകളും ഓരോ ചുവട്ടിലും നടുക. കേറുതല പിറ്റേവർഷം തന്നെ ആദായം തരും. ചെന്തല മൂന്നാം വർഷം മുതൽ ആദായം തരും.
കുരുമുളകിന്റെ തലക്കം മുരിക്കിൽ കയറ്റാൻ രണ്ടടി നീളത്തിലും തെങ്ങിൽ കയറ്റാൻ നാലടി നീളത്തിലും മുറിക്കുക.
കുരുമുളകു ചെടിയുടെ ചുവട് ഇളക്കാതിരിക്കുക. ധൃതവാട്ടം വരാനുള്ള സാധ്യത കുറയും.
കുരുമുളക് മെതിക്കുമ്പോൾ ഒരു ദിവസം മുഴുവൻ വെയിൽ കൊള്ളിച്ച ശേഷം മെതിക്കുക. വേഗത്തിൽ മണികൾ ഉതിർന്നു കിട്ടും.
ഓലിയോ റെസീനും തൈലവും വേർതിരിച്ചെടുക്കാൻ പൂർണ്ണമായും മൂപ്പെത്താത്ത കുരുമുളകാണ് നല്ലത്.
ഒരു ഗ്രാം ഇൻഡോൾ ബ്യൂട്ടിരിക്ക് ആസിഡ് 3-5 ഗ്രാം വരെ അലക്കുകാരം ലയിപ്പിച്ച ഒരു ലിറ്റർ വെള്ളത്തിൽ കലക്കി, ആ ലായിനിയിൽ കുരുമുളകു തണ്ട് 45 സെക്കന്റ് മുക്കിയ ശേഷം പാകുക. വിജയം 90-95% ആയിരിക്കും.
കുരുമുളകിന്റെ മാതൃചെടിയിൽ നിന്നും വളരുന്ന വള്ളികൾ മുറിക്കാതെ പുതിയ താങ്ങുകാലിലേക്കു പടർത്തിയാൽ വേനലിനെയും രോഗങ്ങളെയും അതിജീവിക്കും. രണ്ടു മൂന്നു വർഷത്തെ വളർച്ച ആയാൽ മാതൃ ചെടിയും ആയുള്ള ബന്ധം മുറിക്കാം.
കുരുമുളകിന്റെ ധൃതവാട്ടത്തിന് പരിഹാരമായി കാലവർഷത്തിനുമുമ്പും, തുലാ വർഷത്തിനു ശേഷവും 500 ഗ്രാം വീതം ഉപ്പ് ചുവട്ടിലിട്ടു കൊടുക്കുക.
കുരുമുളകു വള്ളികളിൽ തറനിരപ്പിൽ നിന്നും നാലോ അഞ്ചോ അടി ഉയരം വരെ പാർശ്വ ശിഖരങ്ങൾ അഥവാ കണ്ണിത്തലകൾ തീരെ ഇല്ലാതിരിക്കുകയോ, വിരളമായി മാത്രം ഉണ്ടാവുകയൊ ചെയ്യാറുണ്ട്. തന്മൂലം അത്തരം ഭാഗങ്ങളിൽ നിന്നും വിളവ് ലഭിക്കുകയില്ല. അതിന് വള്ളി നട്ട് 9-10 മുട്ട് വളർന്നാൽ നില നിരപ്പിൽ നിന്നും 15 സെ.മീ. ഉയരത്തിൽ വെച്ച് തല മുറിക്കണം. വീണ്ടും ഇവയിൽ നിന്നു തളിർപ്പുകളുണ്ടായി പത്തുമുട്ടോളം വളർന്നാൽ ആദ്യം മുറിച്ച സ്‌ഥലത്തു നിന്നും മൂന്നു മുട്ടുകൾ മുകളിൽ വെച്ച് വീണ്ടും മുറിക്കുക. ആവശ്യമായ ഉയരത്തിൽ എത്തുന്നതു വരെ ഈ പ്രക്രിയ തുടരണം. അങ്ങനെ ചെയ്‌താൽ ധാരാളം കണ്ണിത്തല വളർന്നു കിട്ടും. വിളവും അതിനനുസരിച്ച് വർദ്ധിക്കും.
Generated from archived content: karshika14.html Author: chandi_abraham