വിത്ത് വിതച്ചുണ്ടാകുന്ന നെല്ല് ഫലപുഷ്‌ടിയുള്ളതായിരിക്കണമെങ്കിൽ കതിരിന്റെ തലഭാഗത്തെ നെല്ലു മാത്രം വിത്തിനായി ഉപയോഗിക്കുക. ഓരോ കതിരിന്റെയും തലഭാഗം മുറിച്ച്, അവയെല്ലാം കൂടി പ്രത്യേകം മെതിച്ച് വിത്താക്കുക. 20% നുമേൽ വിളവ് തന്മൂലം കിട്ടും.
നെല്ലിൽ മദ്ധ്യകാലയിനങ്ങൾക്ക് ചതുരശ്ര മീറ്ററിന് 33 നുരികളും ഹ്രസ്വകാലയിനങ്ങൾക്ക് 67 നുരികളും ഉണ്ടായിരിക്കണം. നടുന്ന പെണ്ണാളുകളെ ഇത് സംബന്ധിച്ച് ബോധവൽകരിക്കുകയും വേണം.
വയൽ വരമ്പിലൂടെ നെടുനീളത്തിൽ മണ്ണെണ്ണ ഒഴിക്കുക. എലി ശല്യം വളരെകുറയും.
ഗോമൂത്രം ശേഖരിച്ച് സ്‌പ്രേ ചെയ്‌താൽ പുൽപ്പോത്ത് (വെട്ടിക്കിളി) അകന്നു പൊയ്‌ക്കൊള്ളും.
തലമണി നെല്ലാണ് വിത്തിന് നല്ലത്. കറ്റ ഒന്നോ രണ്ടോ പ്രാവശ്യം നിലത്ത് അടിക്കുക. പൊഴിഞ്ഞു വീഴുന്നത് ഭൂരിപക്ഷവും തലമണി ആയിരിക്കും. അത് ശേഖരിച്ച് വിത്താക്കുക.
ഓരോ നെൽ വിത്തിനും, നിർദ്ദേശിക്കപ്പെട്ടിട്ടുള്ള തോതിന്റെ പകുതികൂടി, പൊട്ടാഷ് വളം നൽകിയാൽ പോളരോഗം നിയന്ത്രിക്കാം.
പോളരോഗം ക്രമാതീതമായി വർദ്ധിക്കാതിരിക്കുന്നതിന് നിലത്തിൽ ധാരാളം പച്ചിലവളം ചേർക്കുന്നത് നല്ലതാണ്.
പൂയം ഞാറ്റുവേലയിൽ (ജൂലൈ 18 – ഓഗസ്‌റ്റ് 2) ഞാറു നടുന്നതൊഴിവാക്കിയാൽ ഗോളീച്ച, തണ്ടു തുരപ്പൻ ഇവയുടെ ആക്രമണം കുറയ്‌ക്കാം.
അറക്കപ്പൊടി (ഈർച്ചപ്പൊടി) വേപ്പെണ്ണയിൽ കുതിർത്ത് നെൽ വയലുകളിൽ കെട്ടി നിൽക്കുന്ന വെള്ളത്തിൽ വിതറുക. എണ്ണ ഒരു പാടയായി വെള്ളത്തിൽ കലരുന്നു. തന്മൂലം നെല്ലിനെ ആക്രമിക്കുന്ന മുഞ്ഞ അകന്നുകൊള്ളും.
പൂയം ഞാറ്റുവേലയിൽ മഴ പെയ്യുന്ന പക്ഷം നെൽവിളവ് മെച്ചമായിരിക്കും.
രണ്ടാം വിളയുടെ നെല്ല് അത്തം ഞാറ്റുവേലയുടെ അവസാനവും ചിത്തിര ഞാറ്റുവേലയുടെ ആദ്യവും ആയി നടുന്നതാണ് ഏറ്റവും നല്ലത്.
നെൽപ്പാടങ്ങളിൽ മുഞ്ഞ ക്രമാതീതമായി പെറ്റുപെരുകുന്നതിനു മുമ്പ് കൊയ്‌ത്ത് നടത്തുക. ഒക്‌ടോബർ – നവംബർ വിതച്ച് ഫെബ്രുവരി 15 ന് മുമ്പ് കൊയ്‌ത്ത് നടത്തുന്നതാണ് ഉത്തമം.
മുഞ്ഞയുടെ ആക്രമണം രൂക്ഷമായതായി കണ്ടാൽ നിലത്തിലെ വെള്ളം തീർത്തും വറ്റിച്ചിടുക.
നിലമൊരുക്കുമ്പോൾ കുമ്മായം കൂടി ചേർത്താൽ ബാക്‌ടീയിയൽ വാട്ടം കുറയും.
നെൽ വയലുകളിൽ അടയ്‌ക്കാമണിയൻ പച്ചിലവളായി ചേർക്കുക. ഓല ചുരുട്ടിപ്പുഴു, ചാവി ഇവ അകന്നുകൊള്ളും.
നെല്ലിന്റെ വള പ്രയോഗത്തിനു മുമ്പ് കളകൾ മുഴുവൻ പറിച്ച് നിലത്തിൽ ചവിട്ടി താഴ്‌ത്തുകയോ, നിലത്തിൽ വെള്ളമില്ലാത്ത പക്ഷം അവ പറിച്ച് കൂട്ടിയിടുകയോ ചെയ്യണം.
ഞാറു വളർന്ന് നാല്, അഞ്ച് ഇലകൾ വിരിഞ്ഞാൽ നടാനുള്ള പ്രായമായതായി കണക്കാക്കാം.
നെൽപ്പാടങ്ങളിൽ വെള്ളം അധികമായാൽ ചെനപ്പുകളുടെ എണ്ണം കുറയും. കൂടാതെ വായു സഞ്ചാരം കുറഞ്ഞ് ചെടികൾ മഞ്ഞളിക്കുകയും ചെയ്യും.
നവംബർ പത്ത് കഴിഞ്ഞ് ഇറക്കുന്ന പുഞ്ചകൃഷിക്ക് പേൻ, മകരക്കാൽ തുടങ്ങിയ ഉപദ്രവങ്ങൾ ഉണ്ടാകാം. ആ നിലങ്ങളിൽ ഒരു കാരണവശാലും വെള്ളം കയറ്റി മുക്കരുത്. മുക്കിയാൽ നെല്ല് ചീഞ്ഞ് നശിക്കും.
പാടം വറ്റിച്ച, കള കിളിർപ്പിച്ചു വെള്ളം കയറ്റിക്കഴിഞ്ഞാൽ, ഒരു കാരണവശാലും രണ്ടാമത് കള തപ്പുകളേയാ, കണ്ടം നിരത്തുകയോ ചെയ്യരുത്. കിളിർപ്പിച്ച കളയിൽ ചീഞ്ഞു പോകാത്തതുണ്ടെങ്കിൽ, അത് പറിക്കുന്നതിനും കണ്ടത്തിൽ ഇറങ്ങരുത്. ചൂടു കിട്ടുന്നതിന് അനുസരിച്ചാണ് മണ്ണിലുള്ള കളകൾ മുളയെടുക്കുന്നത്. ഒരിക്കൽ പൊട്ടി മുളയെടുക്കുന്ന ഏതു വിത്തും, പിന്നീട് പത്ത് പതിനഞ്ച് ദിവസം വെള്ളത്തിനടിയിൽ കിടക്കുമ്പോൾ ചീഞ്ഞു പൊയ്‌ക്കൊള്ളും.
മുണ്ടകൻ നെല്ല് സെപ്‌റ്റംബർ മാസാവസാനം നടുന്നതുകൊണ്ട് വിളവ് കൂട്ടാം.
കൈപ്പിടിയുള്ള ചെറിയ വലകൾ നെല്ലോലകൾക്ക് മീതെ വീശിയാൽ, നീല വണ്ടുകളടക്കം പല കീടങ്ങളെയും കുടുക്കി ശേഖരിച്ച് കത്തിച്ചു കളയാൻ സാധിക്കും.
നെൽ വിത്തിന്റെ മുളയ്‌ക്കാനുള്ള കഴിവ് 80% ൽ കുറഞ്ഞാൽ വിത്തിന്റെ ആയുസ്സ് കഴിഞ്ഞതായി കണക്കാക്കാം. അപ്രകാരമുള്ള വിത്ത് വിതയ്‌ക്കാൻ അനുയോജ്യമല്ല.
കൊയ്‌ത് ഉണങ്ങി സൂക്ഷിച്ചിട്ടുള്ള നെൽവിത്ത്, 6, 7 മാസം കഴിയുമ്പോൾ നാലു മണിക്കൂർ നേരം വെള്ളത്തിൽ മുക്കിയിട്ടതിനുശേഷം, ആദ്യം തണലിലും പിന്നീട് വെയിലിലും ഉണക്കി സൂക്ഷിച്ചാൽ മുളയ്‌ക്കാനുള്ള കഴിവ് രണ്ടുമുതൽ മൂന്നുമാസം വരെ നീട്ടിക്കിട്ടും.
വേനൽക്കാലത്ത് വയൽ ഉഴുതിട്ടാൽ പട്ടാളപ്പുഴുക്കളെ നിയന്ത്രിക്കാം. പോളരോഗം പതിവായി കാണാറുള്ള നെൽപ്പാടങ്ങളിൽ പയർ കൃഷി ഒഴിവാക്കണം.
നെല്ലിന്റെ ഞാറ്റികൾക്കിടയിലായി അലക്കും ചേരിന്റെ ഇലകൾ കമ്പോടുകൂടി നാട്ടി വയ്‌ക്കുന്നത് പുഴുക്കളെ നിയന്ത്രിക്കാനുതകും
മഞ്ഞുകാലങ്ങളിൽ വിത്ത് സംഭരിക്കുമ്പോൾ, കീടങ്ങളുടെ ആക്രമണം തടയാനും, ഈർപ്പം പിടിക്കുന്നതൊഴിവാക്കാനും, വിത്തു നിറച്ചശേഷം മുകളിലായി ഉണങ്ങിയ വൈക്കോൽ പൊടി വിതറുക.
രണ്ടാം വിളയ്‌ക്ക് പാലക്കാടൻ പ്രദേശങ്ങളിൽ നെല്ല് കണ്ണിമുറിഞ്ഞ് നഷ്‌ടപ്പെടുന്നത് രൂക്ഷമായ പ്രശ്‌നമാണ്. ഇതിനുള്ള പരിഹാരം നെല്ലു മുഴുവൻ മൂപ്പെത്തുന്നതിനു മുമ്പ് കൊയ്‌തെടുക്കുകയെന്നതാണ്.
മോസ്സ് (കല്ലിലും മറ്റും പറ്റിപ്പിടിച്ച് വളരുന്ന പായൽ) ശേഖരിച്ച് വയലിലിടുക. നെല്ലിന് കൂടുതൽ വിളവ് കിട്ടും.
ചേരു മരത്തിന്റെ ഇലകൾ ചെറുകമ്പുകളോടെ വെട്ടി കെട്ടുകളാക്കി വയലിൽ വെള്ളമൊഴുകുന്ന ഭാഗത്ത് കുറ്റിയടിച്ച് കെട്ടിയിട്ടാൽ കീടശല്യം ഒട്ടേറെ ഒഴിവാകും.
ചില പാടങ്ങളിൽ പുളിരസം കൂടുമ്പോൾ ചെമ്പാട ഉണ്ടാകാറുണ്ട് അങ്ങനെയുള്ള നിലങ്ങളിൽ ചേരു മരത്തിന്റെ ഇലകൾ വെട്ടിയറഞ്ഞ് ഉഴുത് ചേർത്താൽ ചെമ്പാട & പുളിരസം കുറയും.
കശുമാവിന്റെ ഇല ഏക്കറിന് 50 ചാക്കു വീതം കണ്ടത്തിൽ ഉഴുതു ചേർക്കുന്നത് മണ്ണ് നന്നാക്കാനും കീടങ്ങളെ അകറ്റാനും ഉപകരിക്കും.
നെല്ലിൽ പാണലിന്റെ ഇലകളിട്ടു വെച്ചാൽ ചെള്ളിന്റെ ശല്യം തടയാം.
നെല്ലിനു പുഴുശല്യം കണ്ടാൽ, നായ്‌ക്കണയുടെ തല വെട്ടിയെടുത്ത് അതുകൊണ്ട് വീശിയാൽ, പുഴു ഇരിക്കുന്ന ഓലയുടെ അറ്റം മുറിഞ്ഞു വീണ് പുഴുക്കൾ നശിക്കും.
പാടത്ത് കമ്പുകൾ നാട്ടി വെള്ളത്തുണി വിരിച്ചിട്ടാൽ കിളി ശല്യം ഒഴിവാക്കാം.
Generated from archived content: karshika13.html Author: chandi_abraham