പുളി കൂടുതലുള്ള നിലങ്ങളിൽ അമോണിയം സൾഫേറ്റ് വളമായ ഉപയോഗിക്കരുത്. അംലത അധികരിക്കും.
സമഗ്ര കീടരോഗ നിരീക്ഷണ സമ്പ്രദായം നിലവിലുള്ള പക്ഷം, മരുന്നുകൾ ഏറ്റവും കുറഞ്ഞ അളവിൽ മാത്രം ഉപയോഗിച്ചാൽ മതിയാകും.
നെൽ വിത്തിന്റെ മേൻമ അതിലെ ജലാംശം, ശുദ്ധത, കലർപ്പ് അങ്കുരണശേഷി, വിത്തിന്റെ ആരോഗ്യം ഇവയെ ആശ്രയിച്ചാണ്.
കീടരോഗ പ്രതിരോധ വിഷയത്തിൽ പട്ടാമ്പി നെല്ലിനങ്ങൾക്ക് മികച്ച സവിശേഷത ഉണ്ട്.
പാടത്ത് വെള്ളം അധികമായാൽ ചെനപ്പുകളുടെ എണ്ണം കുറയും വായു സഞ്ചാരം കുറയുന്നതിനാൽ ചെടികൾ മഞ്ഞളിക്കുകയും ചെയ്യും.
മുണ്ടകൻ വിളയ്‌ക്ക് ഞാറ് തെക്കു വടക്കു ദിശയിൽ നട്ടാൽ വിളവ് 15% വരെ കൂടും.
കവിട കിളിർപ്പിച്ചതിനു ശേഷം വെള്ളം കയറ്റി മുക്കി നശിപ്പിക്കുന്നത് കള നിവാരണത്തിനുള്ള ഏറ്റവും ചെലവു കുറഞ്ഞ മാർഗ്ഗമാണ്.
പുതിയ ഇനം വിത്തിന്റെ ഗുണം മൂന്നു തലമുറയിൽ കൂടുതൽ നിലനിൽക്കുകയില്ല.
മൂന്നാം വിളയായി പാടത്ത് പയർ പച്ചിലവിളകൾ കൃഷി ചെയ്‌താൽ രാസവള ഉപയോഗത്തിൽ 25% കുറവു വരുത്താം.
ഇരുപതു കിലോഗ്രാം യൂറിയാ നാലു കിലോഗ്രാം വേപ്പിൻ പിണ്ണാക്കുമായി കലർത്തി 24 മണിക്കൂർ വെച്ചതിനു ശേഷം ഒരു ഹെക്‌ടർ പാടത്ത് ഇടുന്ന പക്ഷം ധാരാളം ചെനപ്പുകൾ ഉണ്ടാകും.
നെൽച്ചെടിയുടെ പ്രായം 37-40 ദിവസം ആകുന്നതിനു മുമ്പുള്ള ചെനപ്പുകൾ മാത്രമേ കതിരായി വിളഞ്ഞു കൊയ്‌തെടുക്കാനാകൂ.
പോള രോഗം (ഷീത്ത് ബ്ലൈറ്റ്) കാണുന്ന നെൽപാടങ്ങളിൽ പാക്യജനകം മാത്രം അടങ്ങിയ വളം തനിച്ച് ഉപയോഗിക്കരുത്. പാക്യജനകവും ക്ഷാരവും കൂടി യോജിപ്പിച്ചു നൽകുക.
നെല്ല് കൊയ്‌തു കഴിഞ്ഞാലുടൻ തന്നെ മെതിക്കണം. മെതിക്കാൻ പറ്റാത്ത സാഹചര്യങ്ങളിൽ കതിർ മണികൾ മുകളിൽ വരത്തക്കവണ്ണം കറ്റകൾ കുത്തി നിർത്തുകയോ, അല്ലെങ്കിൽ കതിരുകൾ വെളിയിൽ വരത്തക്കവണ്ണം ചെരിച്ചടുക്കുകയോ ചെയ്യണം.
അഞ്ച് ലിറ്റർ ഗോമൂത്രം, ഒരു ലിറ്റർ കരിനൊച്ചിയിലസത്ത്, ഒരു ലിറ്റർ കാഞ്ഞിരയിലസത്ത്, ഒരു ലിറ്റർ കായ ലായിനി (10 ഗ്രാം) കായം ഒരു ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ചത് 7 ലിറ്റർ വെള്ളം എന്നിവ ചേർത്ത മിശ്രിതം ആക്കിയാൽ നല്ലൊരു കീടനാശിനിയായി കാഞ്ഞിരം, കരിനൊച്ചി എന്നിവയുടെ ഇല സത്തുണ്ടാക്കാൻ, രണ്ടു പിടി ഇല 10 ലിറ്റർ വെള്ളത്തിൽ ലയിപ്പിച്ച് വറ്റിച്ച് ഒരു ലിറ്ററാക്കുക. നെല്ലിലെ കീടങ്ങൾക്കെതിരേ ഈ കീടനാശിനി വളരെ ഫലപ്രദമാണ്.
നെല്ലിലെ തണ്ടു തുരപ്പനെ നിയന്ത്രിക്കാൻ ത്രിപുരയിലെ കർഷകർ ഒരേക്കറിന് 30 കി.ഗ്രാം എന്ന തോതിൽ കറിയുപ്പ് വെള്ളത്തിൽ കലക്കി വയലിൽ തെളിക്കുന്നു.
കുടകപ്പാലയുടെ ചില്ലുകൾ സെന്റിന് ഒരു ചില്ല എന്ന കണക്കിൽ വയലിൽ ഇടയ്‌ക്കിടെ നാട്ടി നിർത്തുക തണ്ടുതുരപ്പനെ നിയന്ത്രിക്കാനാകും.
വിതയ്‌ക്കുമ്പോൾ ഒരു കന്നിൻ കുളമ്പിന്റെ വിസ്‌തൃതിയിലുള്ള സ്‌ഥലത്ത് മൂന്ന് വിത്ത് ഉണ്ടായിരിക്കണം. എണ്ണം ഇതിൽ കുറഞ്ഞാൽ തൈകൾ തമ്മിൽ അകലം കൂടും. തന്മൂലം തലക്കതിർ മുത്തു കഴിഞ്ഞാലും ചെനപ്പുകൾ പൊട്ടിക്കൊണ്ടിരിക്കുന്നു. എല്ലാ ഓരേ മൂപ്പെത്തി കൊയ്യാനാവില്ല. നെല്ലിനിടയ്‌ക്ക് കള കൂടുകയും ചെയ്യും.
നെൽ വിത്തു വിതയ്‌ക്കുമ്പോൾ എണ്ണം കൂടിയാൽ തൈകൾ ഞെരുങ്ങി നിൽക്കേണ്ടിവരും. തന്മൂലം കതിരിന്റെ എണ്ണം കുറയും.
ചോറിനു സ്വാദു കൂട്ടാൻ, ഉച്ചവരെ കൊയ്‌തത് ഉച്ച കഴിഞ്ഞ് മെതിച്ച് വിത്താക്കുക. അന്നുതന്നെ മെതിക്കാൻ കഴിയാതെ വന്നാൽ കറ്റ നിരത്തിയിടുക. പിറ്റേ ദിവസം മെതിക്കുക. തുടർന്ന് ഉണക്കിയെടുത്ത വിത്ത് മരപ്പലകകൊണ്ടുള്ള പത്തായത്തിൽ സൂക്ഷിക്കുക.
ഉണക്കു പാകമാണോ എന്നറിയാൻ നെൽവിത്ത് ഒടിച്ചു നോക്കണം. പാകമാണെങ്കിൽ സൂചി വണ്ണത്തിൽ മാത്രം അകത്ത് വെളുത്ത കാമ്പ് ഉണ്ടായിരിക്കണം. കണ്ണിന്റെ വശത്തായിരിക്കണം കാമ്പ്.
വിതയ്‌ക്കാനായി നെൽവിത്ത് വെള്ളത്തിൽ മുക്കിയാൽ വേരു പൊടിക്കണം. മുള വരികയും ചെയ്യരുത്. അപ്രകാരം സമയം ക്രമീകരിക്കണം. മുള വന്നാൽ വിതക്കുമ്പോൾ ഒടിഞ്ഞു പോകാനിടയുണ്ട്.
നെൽകൃഷിക്ക് വിത്തെടുക്കേണ്ടത് രോഗ ബാധയില്ലാത്ത നെല്ലിൽ നിന്നായിരിക്കണം. വിത്തെടുക്കുന്ന നെൽച്ചെടികൾ ഉണക്കു ബാധിച്ചിട്ടില്ലാത്തതായിരിക്കണം. കതിർ നല്ല പുഷ്‌ടിയും കരുത്തും ഉള്ളതായിരിണം. രാവിലെ മുതൽ വൈകുന്നേരം വരെ വെയിൽ കിട്ടുന്ന പാടവും ആയിരിക്കണം.
Generated from archived content: karshika12.html Author: chandi_abraham