നെല്ല്‌ – 5

ചാഴി പോലുള്ള കീടങ്ങളെ നശിപ്പിക്കാൻ വെളുത്തുള്ളി അരച്ചു കലക്കിയ വെളത്തിൽ പാൽക്കായം അലിയിച്ച്‌ തളിക്കുക.

ചാളനെയ്യും വേപ്പെണ്ണയും ചേർത്തു തളിച്ചാൽ ചാഴി ശല്യം കുറയും.

ഈന്തിന്റെ പൂങ്കുല പാടത്ത്‌ പലയിടങ്ങളിലായി കുത്തിനിർത്തിയാൽ ചാഴി ശല്യം തീർത്തും ഒഴിവാക്കാം.

സാമാന്യം വലിയ ഒരു കക്കാത്തോട്‌ എടുത്ത്‌ അതിൽ ലേശം വെളിച്ചെണ്ണ പുരട്ടുക. അതിനുള്ളിൽ അല്‌പം സിങ്ക്‌ഫോസ്‌ഫൈഡ്‌ വയ്‌ക്കുക. അതിനുമുകളിലായി കോഴിമുട്ട അടിച്ചെടുത്ത്‌ യോജിപ്പിച്ചത്‌ ഒഴിക്കുക. ഇപ്രകാരം തയ്യാറാക്കിയ കക്കാത്തോടുകൾ പാടത്ത്‌ അവിടവിടെയായി വയ്‌ക്കുക. എലി അത്‌ തിന്ന്‌ ചത്തുകൊള്ളും.

നെൽപ്പാടങ്ങളിൽ വെള്ള പ്ലാസ്‌റ്റിക്‌ കുട്ടകൾ, വാഴപ്പോള കുരുത്തോല ഇവ തൂക്കിയിടുന്ന പക്ഷം എലിശല്യം കുറയ്‌ക്കാം.

വയലിൽ അവിടവിടെയായി ഓരോ കതിരുകൾ കണ്ടാൽ മുപ്പതാം ദിവസം കണ്ടം കൊയ്യാം. കതിരു നിരന്നാൽ കൊയ്യുന്നതിന്‌ ഇരുപതു ദിവസം മതിയാകും. ഈ സ്‌ഥിതിക്ക്‌ ‘മുറി മുപ്പത്‌, നിര ഇരുപത്‌’ എന്നു പറയുന്നു.

അവൽ ഇടിക്കാൻ ഏറ്റവും ഉത്തമമായിട്ടുള്ളത്‌ വരിനെല്ലാണ്‌.

നെൽകൃഷിയിൽ പൂങ്കുല രൂപം പ്രാപിക്കുന്നതു മുതൽ പൂവിട്ടു കഴിയുന്നിടംവരെയുള്ള കാലത്ത്‌ ധാരാളം വെള്ളം ആവശ്യമാണ്‌.

അംലത കൂടുതലുള്ള നിലങ്ങളിൽ പതിനഞ്ചു ദിവസത്തിലൊരിക്കൽ വെള്ളം മുഴുവനും വാർത്തു കളയണം.

പറിച്ചു നട്ട്‌ മുപ്പത്തഞ്ചു ദിവസത്തിനു ശേഷം തരി രൂപത്തിലുള്ള കീടനാശിനികൾ ഒന്നും ഉപയോഗിക്കരുത്‌. ഉപയോഗിച്ചാൽ നെല്ലിൽ അവശിഷ്‌ട വിഷം കലരാനിടയാകും.

മണ്ണിന്റെ ഘടന നന്നാക്കാൻ പ്രത്യേകിച്ച്‌ പൂന്തൽപ്പാടങ്ങളിൽ – കശുമാവിന്റെ ഇല പച്ചില വളമായി ചേർക്കുക.

ഇരുമ്പിന്റെ അംശം കൂടുതലുള്ള പാടത്ത്‌ മാവില പച്ചിലവളമായി ചേർക്കുന്നത്‌ നല്ലതാണ്‌.

നെല്ല്‌ സൂക്ഷിക്കുമ്പോൾ അതോടൊപ്പം പാണൽ ഇലകൾ കൂടി ഇട്ടു വയ്‌ക്കുക. ചെള്ളിന്റെ ഉപദ്രവം ഉണ്ടാവുകയില്ല.

എരിക്ക്‌, അരിപ്പു (കൊങ്ങിണി) എന്നീ ചെടികളുടെ ഇല പച്ചിലവളമായി പാടത്ത്‌ ഉഴുത്‌ ചേർക്കുക. എങ്കിൽ നെല്ലിന്‌ കീട ശല്യം വളരെ കുറവായിരിക്കും.

നിലത്തിൽ ഇടയ്‌ക്കിടെ വെള്ളം കയറ്റിയിറക്കിയാൽ പുളി കുറയും.

നെല്ലിൽ, കതിരാകുന്ന ചെനപ്പുകൾ പത്തിൽ കൂടുതലുണ്ടാവുകയില്ല. അതിൽത്തന്നെ പകുതി ചെനപ്പുകളിലെ കതിർ മാത്രമേ വിളവെടുക്കാനാകൂ.

അടിക്കണ കഴിഞ്ഞാൽ കതിരു നിരക്കാൻ ഒരു മാസവും പിന്നീട്‌ കതിർ മുക്കാൻ ഒരു മാസവും വേണം.

നെല്ല്‌ മുഴുവൻ വിളവെത്തുന്നതിനു മുമ്പ്‌ കടപ്പച്ച തീർത്തും വിട്ടു മാറുന്നതിനും മുമ്പ്‌ കൊയ്യുക. നെല്ലിന്റെ പൊഴിച്ചിൽ വളരെ കുറയും. നാടൻ നെല്ലുകൾക്ക്‌ ചാഞ്ഞു വീഴുന്ന സ്വഭാവം ഉള്ളതുകൊണ്ടു കൂടിയാണ്‌ അവയുടെ വിളവ്‌ കുറഞ്ഞു കാണുന്നത്‌.

വൈക്കോൽ അട്ടികളാക്കി. അട്ടികൾക്കിടയിൽ ഉപ്പു വിതറിയാൽ എലി ശല്യം കുറയും.

ഈന്ത പൂക്കുന്നതും നെല്ലിനു ചെനപ്പുപൊട്ടുന്നതും ഒരേ കാലത്താണ്‌. അപ്പോൾ ഈന്തപ്പൂവ്‌ അടർത്തിയെടുത്ത്‌ ഒരു കമ്പിയിൽ കെട്ടി നെൽപാടത്ത്‌ നാട്ടുക. അതിന്റെ രൂക്ഷഗന്ധം പല കീടങ്ങളെയും ശത്രുപ്രാണികളെയും പാടത്തുനിന്നും അകറ്റി നിർത്തും. ഒരേക്കർ പാടത്ത്‌ നാല്‌ ഈന്തപ്പൂക്കൾ നാട്ടിയാൽ മതി. പൂവ്‌ നെൽച്ചെടിയുടെ നിരപ്പിൽ നിൽക്കണം.

നിശ്ചിത അളവിൽ വൈക്കോലിൽ യൂറിയാ ചേർത്താൽ അവയെ അമോണിയാ സമ്പുഷ്‌ടമാക്കാം. കന്നുകാലികളുടെ ആമാശയത്തിലുള്ള സൂക്ഷ്‌മാണുക്കൾ ഈ അമോണിയ പ്രോട്ടീന്‌ നിർമ്മാണത്തിന്‌ ഉപയോഗിച്ചുകൊള്ളും.

നെല്ല്‌ വിത്ത്‌ വിതച്ചു കൃഷി ചെയ്യുന്ന പാടങ്ങളിൽ വിതയ്‌ക്കു ശേഷം മൂന്നാമത്തെ ആഴ്‌ചകളിൽ പറിച്ചു നീക്കണം.

ചതുപ്പു നിലങ്ങളിൽ നന്നായി വളരുന്ന സസ്‌ബേനിയാ റോസ്‌ ട്രേറ്റാ നെല്ലിനു പറ്റിയ പച്ചില വളമാണ്‌.

കളയ്‌ക്ക്‌ രണ്ടില മാത്രം ഉള്ള അവസരത്തിലാണ്‌ കള നാശിനി അടിക്കാൻ ഏറ്റവും പറ്റിയത്‌.

പൊട്ടാഷ്‌ കുറഞ്ഞാൽ നെൽച്ചെടികൾ പുഷ്‌പിക്കാൻ താമസിക്കും. കതിരുകളുടെ എണ്ണവും മണികളുടെ എണ്ണവും കുറയും.

നെല്ലിന്‌ മേൽവളമായി ഒരിക്കലും ഫാക്‌ടം ഫോസ്‌ കോംപ്ലക്‌സ്‌ (18ഃ18ഃ18), കൂട്ടു വളങ്ങൾ ഇവ ഇടരുത്‌. കൂടുതൽ വളാംശവും ഉപയോഗിക്കാതെ പാഴായിപ്പോകും.

നെല്ലിന്റെ കാര്യത്തിൽ അഞ്ചു ദിവസം വരെ ജലസേചനം വൈകിയതുകൊണ്ട്‌ ഉല്‌പാദനത്തെ ബാധിക്കുകയില്ല.

Generated from archived content: karshika11.html Author: chandi_abraham

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here