തെങ്ങ്‌

ഒരേ സമയം പാകിയ തേങ്ങായിൽ ആദ്യമാദ്യം മുളച്ചുവരുന്ന തൈകൾക്ക്‌ ഉല്‌പാദന ക്ഷമത കൂടുതലായിരിക്കും.

വെള്ളത്തിലിട്ടാൽ ഞെട്ടുഭാഗം മുകളിലായി പൊങ്ങിക്കിടക്കുന്ന തേങ്ങാ പാകുന്നപക്ഷം വേഗം മുളച്ചു വരുന്നതാണ്‌.

വിത്തുതേങ്ങാ പാകുന്നത്‌ ഇടത്തരം പൂച്ചട്ടിയിലായാൽ കേടുകൂടാതെ മാറ്റി നടാൻ സാധിക്കും.

നേഴ്‌സറികളിൽ പാകുന്നതിന്‌ മുമ്പ്‌ അറുപതു ദിവസമെങ്കിലും വിത്തു തേങ്ങാ തണലിൽ സൂക്ഷിക്കണം.

വിത്തു തേങ്ങായുടെ ചുവട്‌ ഉരുണ്ടിരിക്കുന്നതായാൽ തൈ നല്ല വണ്ണത്തിൽ വളരും. തേങ്ങായിൽ കൂടുതൽ കാമ്പ്‌ ഉണ്ടായിരിക്കുകയും ചെയ്യും.

വിത്തുതേങ്ങാ ഒരാഴ്‌ചയോളം വെള്ളത്തിൽ കുതിർത്തതിനുശേഷം പാകിയാൽ വേഗത്തിൽ മുളച്ചുവരും.

വിത്തുതേങ്ങായുടെ കണ്ണുഭാഗത്തുനിന്നും ചകിരി പകുതി ചെത്തിക്കളഞ്ഞാൽ തൈ വേഗത്തിൽ മുളയ്‌ക്കും. മുളച്ച തൈകൾ നല്ല കരുത്തോടെ വളരുകയും ചെയ്യും.

തെങ്ങിന്റെ വടക്കുഭാഗത്തുളള കുലയിലെ തേങ്ങാ പാകി ലഭിക്കുന്ന തൈകളുടെ ഉല്‌പാദനക്ഷമത കൂടിയിരിക്കും.

അഞ്ചുമാസം വരെ മുളയ്‌ക്കുന്ന വിത്തുതേങ്ങാകളുടെ തൈകൾ ഉപയോഗിക്കാവുന്നതാണ്‌.

ആദ്യമാദ്യം മുളച്ചുകിട്ടുന്ന 65% വരെ തൈകൾ നല്ല കരുത്തുള്ളതും മെച്ചപ്പെട്ട കായ്‌ഫലം തരുന്നതുമായിരിക്കും.

വിത്തുതേങ്ങാ രണ്ടാഴ്‌ചത്തേക്ക്‌ തലകീഴായി പാകുക. തേങ്ങാവെള്ളം കണ്ണിനടുത്തായി കെട്ടിനില്‌ക്കുന്നതുമൂലം നല്ല കരുത്തോടെ നാമ്പു മുളയെടുക്കും. രണ്ടാഴ്‌ചക്കുശേഷം തിരിച്ചു പാകുക.

ഏതാണ്ട്‌ 150 നാളികേരം സ്‌ഥിരമായി കിട്ടുന്ന തെങ്ങിലെ ഇടത്തരം വലിപ്പമുള്ള തേങ്ങാ വിത്തുതേങ്ങയാക്കുക.

ജനുവരി മാസം മുതൽ മെയ്‌മാസം വരെയുള്ള കാലമാണ്‌ വിത്തു തേങ്ങാ ശേഖരിക്കാൻ ഏറ്റവും പറ്റിയത്‌.

തേങ്ങാ പാകുമ്പോൾ മുകൾ ഭാഗം ഒരിഞ്ചു കണ്ട്‌ വെളിയിൽ നിൽക്കണം.

സങ്കരയിനം തെങ്ങുകൾ ഒരിക്കലും മാതൃവൃക്ഷമായി എടുക്കരുത്‌. അവയുടെ തേങ്ങകൾ ശരിയായ അർത്ഥത്തിൽ വിത്തു തേങ്ങകളല്ല.

രോഗബാധയില്ലാത്തതും, എല്ലാ വർഷവും കായിക്കുന്നതും, മദ്ധ്യപ്രായമുള്ളതും, ലക്ഷണമൊത്തതുമായ നാടൻ തെങ്ങിന്റെ വിത്തു നടാനുപയോഗിച്ചാൽ ഒരു രോഗവും തെങ്ങിന്‌ പിടിപെടുകയില്ല.

പോളിബാഗുകളിൽ വിത്തു തേങ്ങാ പാകിയാൽ വേഗം മുളയ്‌ക്കും. കരുത്തറ്റ തൈകൾ ലഭിക്കും. സ്‌ഥിരം സ്‌ഥലത്തേക്കു മാറ്റി നടുമ്പോൾ വേഗം വളരുകയും ചെയ്യും.

തെങ്ങിൻ തൈ മുളപ്പിക്കുവാനുള്ള വാരത്തിൽ ഒപ്പം മുളകിൻ തൈ കൂടെ നടുക. കളശല്യം ഒഴിവായി കിട്ടും. മുളകും കിട്ടും.

തെങ്ങിൻ തൈ നടുന്ന കുഴിയിൽ രണ്ടോ മൂന്നോ കാട്ടുകൂവ കൂടി നട്ടാൽ ചിതൽ ആക്രമണം ഒഴിവാക്കാം.

തെങ്ങിന്റെ സൂചിതൈകൾ നട്ടാൽ വേഗത്തിൽ അവ വേരു പിടിക്കും.

തെങ്ങിൻ തൈ നടുമ്പോൾ 100 ഗ്രാം ഉലുവാ ചതച്ച്‌ കല്ലക്കുഴിയിൽ ഇടുക. ചിതൽ ആക്രമണം ഒഴിവാക്കാം.

ചവപ്പു രാശിയോടുകൂടിയ തേങ്ങകൾ കായിക്കുന്ന തെങ്ങുകൾ കൂടുതൽ ഉല്‌പാദന ക്ഷമത പ്രകടമാക്കുന്നു. അതിനാൽ അപ്രകാരമുള്ളവയിൽ നിന്നും വിത്തു തേങ്ങാ എടുക്കുന്നത്‌ നന്നായിരിക്കും.

തെങ്ങിൻ തൈ നടുമ്പോൾ നടുന്ന കുഴിയിൽ ഒരു മഞ്ഞൾ കൂടി നട്ടാൽ ചിതലിന്റെയും പുഴുക്കളുടെയും ഉപദ്രവം കുറയും.

തെങ്ങിൻ തൈകളുടെ കടയ്‌ക്കലും ഓലപ്പട്ടയിലും കശുവണ്ടി എണ്ണ പുരട്ടിയാൽ ചിതലാക്രമണത്തിൽ നിന്നും മുക്തിനേടാം.

തെങ്ങിൻ തടത്തിൽ കരിങ്ങോട്ട ഇല, കാഞ്ഞിരം ഇല ഇവ പച്ചിലവളമായി ചേർത്താൽ ചിതലിന്റെ ഉപദ്രവം ഉണ്ടാവുകയില്ല.

കടുപ്പമുള്ള വെട്ടുകൽ പ്രദേശത്ത്‌ തെങ്ങിൻ തൈകൾ നടുമ്പോൾ കുഴിയുടെ അടി ഭാഗത്ത്‌ അരക്കിലോ ഉപ്പ്‌ ചേർക്കുക.

തെങ്ങിൻ തൈ നടുന്ന കുഴിയിൽ ഒരു കൂവക്കിഴങ്ങു കൂടി നടുക.

വേരുതീനിപ്പുഴുക്കൾ ആക്രമിക്കുകയില്ല.

തെങ്ങിൻ തൈ കുഴിച്ചു വയ്‌ക്കുന്നതിനുള്ള തടത്തിൽ ഉണങ്ങിയതോ പച്ചയോ ആയ തൊണ്ട്‌ മലർത്തി അടുക്കിയ ശേഷം മീതേ തൈ നടുക. തെങ്ങിൻ തൈക്ക്‌ വേനൽക്കാലത്ത്‌ ഉണക്കു തട്ടുകയില്ല.

തെങ്ങിൻ തോപ്പിൽ വാഴനട്ടാൽ വാട്ടരോഗം കുറയും.

തെങ്ങിന്റെ വെള്ളയ്‌ക്കാ പൊഴിച്ചിലിന്‌ ഗോമൂത്രം പത്തിരട്ടി വെള്ളത്തിൽ നേർപ്പിച്ച്‌ തെങ്ങിൻ തടത്തിൽ ഒഴിക്കുക.

തെങ്ങിൻ തൈകൾ നടുമ്പോൾ തെക്കു വടക്ക്‌ ദിശയിലായിരിക്കുവാൻ ശ്രദ്ധിക്കുക. എങ്കിൽ മാത്രമേ പരമാവധി സൂര്യപ്രകാശം ഓരോ തെങ്ങിനും ലഭിക്കുകയുള്ളു.

കൊമ്പൻ ചെല്ലി, ചുവന്ന ചെല്ലി ഇവയെ നിയന്ത്രിക്കുവാൻ 25-40 ഗ്രാം ഫുറഡാൻ തെങ്ങിന്റെ കൂമ്പിലിടുക.

പുര മേയുന്ന ഓലയിൽ കശുവണ്ടിക്കറ പുരട്ടിയാൽ ഓലയുടെ ആയുസ്സ്‌ മൂന്നിരട്ടി വർദ്ധിക്കും.

തെങ്ങിൻ തൈകളിലുണ്ടാകുന്ന വെള്ള നിറത്തിലുള്ള കീടങ്ങളെ ചുരണ്ടിക്കളഞ്ഞ്‌, അവിടെ ചാരവും ഉപ്പും പൊടിയും ചേർത്ത്‌ പുരട്ടുക. പിന്നെ ആക്രമണം ഉണ്ടാവുകയില്ല.

കുളങ്ങളിലെ അടിച്ചേറ്‌ വേനൽക്കാലത്ത്‌ കോരി തെങ്ങിനിടുക. ഇത്‌ തെങ്ങിന്‌ പറ്റിയ ജൈവ വളമാണ്‌.

Generated from archived content: karshika1.html Author: chandi_abraham

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here