നമ്മുടെ നാട്ടിൽ ഓണം, വിഷു തുടങ്ങിയ ദേശീയോൽസവങ്ങളോടനുബന്ധിച്ച് പലവിധ കലാപരിപാടികളും സംഘടിപ്പിച്ചുവരാറുണ്ടല്ലോ. ഇവയിൽ പലതും അനുഷ്‌ഠാനവുമായി ബന്ധപ്പെട്ടവയായിരിക്കും. അതോടൊപ്പം വിനോദത്തിനും പ്രാമുഖ്യം നൽകുന്നതായി കാണാവുന്നതാണ്. ഉത്തരകേരളത്തിലെ ചില സ്‌ഥലങ്ങളിൽ ചാലിയ സമുദായക്കാരുടെ ഇടയിൽ വിഷുദിവസം നടത്തപ്പെടുന്ന അനുഷ്‌ഠാനാംശം കലർന്ന ഒരു കലാവിനോദമാണ് ചപ്പകെട്ട്. പ്രസ്‌തുത ദിവസം വൈകുന്നേരമാണ് ഈ പരിപാടി നടത്തുന്നത്.
മൂന്നു യുവാക്കൾ ഈ പരിപാടിയിൽ പങ്കെടുക്കുന്നു. അവർ ശിവൻ, പാർവ്വതി, സഹായി (വൈദ്യർ) എന്നിവരുടെ വേഷങ്ങൾ ധരിക്കും. മിക്കവാറും സന്യാസിമാരുടെ വേഷങ്ങളായിരിക്കും. അതിനുവേണ്ടി വാഴച്ചപ്പയാണ് (വാഴയുടെ ഉണങ്ങിയ ഇല) പ്രധാനമായും ഉപയോഗിക്കുന്നത്. അതെല്ലാം ശരീരത്തിൽ ഒന്നാകെ വെച്ചുകെട്ടുന്നു. അതുകൊണ്ടുതന്നെ ഒരു കിരീടവും ഉണ്ടാക്കി തലയിൽ അണിയും. മുഖത്തു കരികൊണ്ട് മീശവരയ്‌ക്കുകയും കണ്ണ് എഴുതുകയും ചെയ്യുന്നു. വെളളരിക്ക വട്ടത്തിൽ മുറിച്ചെടുത്ത് കാതിൽ ആഭരണമായി അണിയാറുമുണ്ട്.
വീടുകളിലെ ക്ഷേമാന്വേഷണത്തിനായി ശിവപാർവ്വതിമാർ വേഷപ്രച്ഛന്നരായി സഞ്ചരിക്കുന്നു എന്നതാണ് ഇതിന്റെ സങ്കല്പം. ഈ വേഷക്കാർ തെരുവിലുളള ഓരോ വീട്ടിലും കയറിച്ചെല്ലുന്നു. പിന്നാലെ ധാരാളം അകമ്പടിക്കാരും ഉണ്ടാകും. അവർ സഞ്ചരിക്കുന്നതിനിടയിൽ ‘യോഗി യോഗി’ എന്നുവിളിച്ചു പറയും. ഈ സമയത്ത് പടക്കങ്ങൾ പൊട്ടിക്കുകയും ചെയ്യും. ചപ്പക്കെട്ടുകാർ വീട്ടിലെത്തുന്നത് പുണ്യമായിട്ടാണ് എല്ലാവരും കണക്കാക്കുന്നത്. അതിനാൽ അവർ എത്തുന്നതിനുമുമ്പ് വീടും പരിസരവും ശുദ്ധിയാക്കി വയ്‌ക്കുന്നു.
വീട്ടിലെത്തുന്ന സംഘത്തെ വീട്ടുകാർ പുല്‌പായ വിരിച്ച് കത്തിച്ചുവച്ച നിലവിളക്ക്, നിറനാഴി, കണിവെളളരിക്ക എന്നിവയോടെ സന്തോഷപൂർവ്വം സ്വീകരിക്കുന്നു. വീട്ടിലെത്തിയാൽ ശിവന്റെയും പാർവ്വതിയുടെയും വേഷക്കാർ ഒന്നും സംസാരിക്കാറില്ല. എന്നാൽ വൈദ്യർ വീട്ടുകാരുടെ സുഖവിവരങ്ങൾ അന്വേഷിക്കും. രോഗികളുണ്ടെങ്കിൽ മരുന്നു നിർദേശിക്കുകയും ചെയ്യും. വീട്ടുകാർ ക്ഷേത്രത്തിൽ നിവേദിച്ച അപ്പം, നാളികേരം എന്നിവ സംഘക്കാർക്കു കൊടുക്കും. അവരുടെ കൈയിലുളള താലത്തിൽ പണവും നിക്ഷേപിക്കും. ഇങ്ങനെ കിട്ടുന്ന പണം ക്ഷേത്രത്തിലേയ്‌ക്കുളളതാണ്. ചപ്പകെട്ടുകാരുടെ സംഘം പുറപ്പെടുന്നത് ക്ഷേത്രത്തിൽനിന്നാണ്. അവസാനിക്കുന്നതും അവിടെവച്ചുതന്നെ. ഒടുവിൽ വീടുകളിൽനിന്നു കിട്ടിയ സാധനങ്ങൾ എല്ലാവർക്കും വീതിച്ചുകൊടുക്കും.
Generated from archived content: purattu_dec31.html Author: cgn