തിറയാട്ടത്തിലെ വർണ്ണവൈവിധ്യങ്ങൾ

ഉത്തരകേരളത്തിൽ, പ്രത്യേകിച്ചും കോഴിക്കോടു ജില്ലയിൽ ഏറെ പ്രചാരത്തിലുളള ഒരു ഗ്രാമീണാനുഷ്‌ഠാനകലയാണ്‌ തിറയാട്ടം. പഴയ തറവാടുകളോടനുബന്ധിച്ചുളള ക്ഷേത്രങ്ങളിലാണ്‌ ഈ അനുഷ്‌ഠാനകല അവതരിപ്പിച്ചുവരുന്നത്‌. വർഷംതോറും ഒരു നിശ്ചിതദിവസമോ മുൻകൂട്ടി നിശ്ചയിക്കുന്ന ദിവസമോ തിറയാട്ടം ആഘോഷിക്കുന്നു. പ്രസ്‌തുതക്ഷേത്രങ്ങളിൽ പ്രതിഷ്‌ഠിച്ചിട്ടുളള ദേവീദേവൻമാരുടെ വേഷങ്ങൾ കെട്ടിയാടുന്നതാണ്‌ ഇതിലെ പ്രധാനചടങ്ങ്‌. കുട്ടിച്ചാത്തൻ, ഗുളികൻ, ഭൈരവൻ, തലച്ചില്ലോൻ,, കരിയാത്തൻ, ചാമുണ്‌ഡി തുടങ്ങിയ മൂർത്തികളെ ഇങ്ങനെ ആരാധിച്ചുവരുന്നു. ദേവനെ പ്രീതിപ്പെടുത്തി അനുഗ്രഹം നേടുകയാണ്‌ ഇതുകൊണ്ടു ലക്ഷ്യമാക്കുന്നത്‌. എന്നാൽ, അതോടൊപ്പം തന്നെ കലാപരമായ പ്രകടനങ്ങൾ കണ്ട്‌ ആസ്വദിക്കാനും നമുക്ക്‌ അവസരം ലഭിക്കുന്നു. തിറയാട്ടക്കാർ ഓരോ ദേവന്റെയും വേഷം തങ്ങളുടേതായ സങ്കൽപ്പങ്ങൾ അനുസരിച്ച്‌ കെട്ടിയാടുകയാണ്‌ ചെയ്യുന്നത്‌. ഇതു പണ്ടുമുതൽക്കുതന്നെ പാരമ്പര്യമായി തുടർന്നുവരുന്നു.

തിറയിൽ വേഷം, വാദ്യം, നൃത്തം, ഗാനം എന്നിങ്ങനെ നാലു ഘടകങ്ങൾക്കു സമുചിതമായ സ്‌ഥാനം നൽകിയിരിക്കുന്നു. ഇവയെല്ലാം സമഞ്ജസമായി സമ്മേളിക്കുമ്പോൾ ആ പ്രകടനം വളരെയേറെ ആകർഷിക്കുന്നു. ഈ നാലുഘടകങ്ങളിൽ ഗണനീയമായ ഒരു സ്‌ഥാനം വേഷത്തിനുണ്ട്‌. വേഷത്തെ സംബന്ധിച്ചു പറയുമ്പോൾ പല വിഭാഗങ്ങളും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നതു കാണാം. അതിലൊന്നു വേഷങ്ങൾ അണിയുന്ന മുടികളാണ്‌. മറ്റൊന്നു മുഖത്തും മാറിലും പലവിധ ചായങ്ങൾ കൊണ്ടുവരയ്‌ക്കുന്ന രേഖാചിത്രങ്ങൾ. മൂന്നാമത്തേതാകട്ടെ, ആടയാഭരണങ്ങളും. ഇവ മൂന്നും ഔചിത്യപൂർവ്വം സംയോജിപ്പിക്കുന്നതു തിറയുടെ ഗാംഭീര്യം വർദ്ധിപ്പിക്കുവാൻ സഹായകമാണ്‌. തിറയാട്ടത്തിന്റെ പ്രധാനചടങ്ങുകൾ ആരംഭിക്കുന്നത്‌ അണിയറയിൽ നടക്കുന്ന ഗുരുവന്ദനത്തോടു കൂടിയാണ്‌. അതിനുശേഷം മുഖത്തെഴുത്തു തുടങ്ങും. ഇതിനുവേണ്ടി കെട്ടിയാട്ടക്കാരൻ അണിയറയിൽ മലർന്നു കിടക്കുന്നു. മുഖത്തെഴുതുന്നതിൽ കരവിരുതും പരിശീലനവും സാങ്കേതിക വൈദഗ്‌ദ്ധ്യവുമുളള കലാകാരൻമാർ അവരുടെ ഇടയിൽത്തന്നെയുണ്ട്‌. അവരാണ്‌ തിറയുടെ മുഖത്തെഴുത്തു നടത്തുന്നത്‌.

പലവിധ ചായങ്ങളെക്കൊണ്ടു മുഖത്തും മാറത്തും ആലേഖനം ചെയ്യുന്ന ഈ വർണ്ണചിത്രങ്ങൾ ഓരോ തിറയുടെയും ധാടിയും മോടിയും വർദ്ധിപ്പിക്കുവാൻ പര്യാപ്തമത്രേ. ഇങ്ങനെ ആലേഖനം ചെയ്യുന്നതിന്‌ ‘കോലമെഴുതുക’ എന്നുപറയും. ഓരോ മൂർത്തിയുടേയും ഭാവങ്ങൾക്കനുസരിച്ചാണ്‌ കോലങ്ങൾ എഴുതാറുളളത്‌. ഓരോ വേഷത്തിനും മുഖത്തെഴുത്തു നടത്തുന്നതിനു ചില പ്രത്യേക സമ്പ്രദായങ്ങളുണ്ട്‌. അതിൽ കാര്യമായ മാറ്റങ്ങളൊന്നും വരുത്താറില്ല. മുഖത്തെഴുത്തു നടത്തുന്നതിന്‌ ഓരോ അടിസ്‌ഥാനമുണ്ട്‌. അതോടൊപ്പം ഇതിൽ ചിത്രകലയുടെ സാങ്കേതികവശങ്ങൾ പലതും മിന്നിത്തെളിയുന്നതായും കാണാവുന്നതാണ്‌. വെളള, കറുപ്പ്‌, പച്ച, മഞ്ഞ, ചുകപ്പ്‌ എന്നീ വർണ്ണങ്ങൾകൊണ്ടാണ്‌ കോലങ്ങൾ എഴുതുന്നത്‌. തിറയാട്ടത്തിലെ മൂർത്തികൾക്കുളള ഈ മുഖത്തെഴുത്തിന്‌ പ്രത്യേകം പേരുകളുണ്ട്‌. കരിങ്കുട്ടിച്ചാത്തന്‌ വട്ടക്കണ്ണ്‌, പൂക്കുട്ടിച്ചാത്തന്‌ കാളക്കണ്ണ്‌, കാരണവർക്ക്‌ തത്തക്കൊക്ക്‌, കരിയാത്തനും വേട്ടക്കരുവോനും മാൻകണ്ണ്‌, ഭഗവതിക്ക്‌ ശംഖീരിഇട്ടെഴുത്ത്‌, എന്നിങ്ങനെയാണ്‌ പേരുകൾ. മറ്റുകോലങ്ങൾക്ക്‌ എഴുതുന്നതിൽ പ്രധാനപ്പെട്ടവ വെളളാട്ടുകുറി, ശംഖും വൈരിദളം, കൊടുംപുരികം, തേപ്പുംകിറി, നാഗംതാന്നെഴുത്ത്‌, നാലുവാഴി, അഞ്ചുപുളളി, ചുരുളി തുടങ്ങിയവയാണ്‌. ഇത്തരത്തിലുളള മുഖത്തെഴുത്തുകൾ മുപ്പതിലധികമുണ്ടെന്നാണ്‌ പറയപ്പെടുന്നത്‌. മുഖത്തെഴുത്തിന്റെ വർണ്ണങ്ങൾക്കുവേണ്ടിയുളള ചായങ്ങൾ മിക്കതും നാടൻരീതിയിൽത്തന്നെ നിർമ്മിക്കുകയും അതിനനുസരിച്ചു പ്രയോഗിക്കുകയും ചെയ്യുന്നു.

മുഖത്തെഴുത്തുനടത്തുമ്പോൾ ആദ്യം എഴുതുന്നത്‌ വെളളയാണ്‌. ഇതിന്‌ അരിച്ചാന്ത്‌ ഉപയോഗിക്കുന്നു. ഉണങ്ങലരി നല്ലപോലെ അരച്ചെടുത്തിട്ടാണ്‌ അരിച്ചാന്തുണ്ടാക്കുന്നത്‌. വെളള എഴുതിക്കഴിഞ്ഞാൽ മറ്റുനിറങ്ങൾ എഴുതും. അവയിൽ പ്രധാനം പച്ചയും മഞ്ഞയുമാണ്‌. നീലവും മനയോലയും കൂടിയരച്ച്‌ എണ്ണയിൽ ചാലിച്ചാൽ പച്ച കിട്ടും. എണ്ണയ്‌ക്കു പകരം പച്ചവെളളമായാലും മതി. പക്ഷേ, ശരീരം വിയർക്കുമ്പോൾ അത്‌ എളുപ്പത്തിൽ മാഞ്ഞുപോകും. മഞ്ഞനിറത്തിനു മഞ്ഞപ്പൊടി വെളളത്തിൽ ചാലിയ്‌ക്കുന്നു. മനയോല മാത്രമായി ചാലിച്ചെടുത്താലും മഞ്ഞയായി. ചുകപ്പുനിറത്തിനു ചായില്യമാണ്‌ ഉപയോഗിക്കുന്നത്‌. എന്നാൽ ഇതിനു പണ്ടു ‘കാരം’ എന്നൊരു പദാർത്ഥം നിർമ്മിച്ചിരുന്നു. ഇത്‌ ഒരു പ്രത്യേകതരത്തിൽ ഉണ്ടാക്കിയിരുന്നതാണ്‌. ആദ്യംതന്നെ മഞ്ഞപ്പൊടി പടിക്കാരത്തോടൊപ്പം നല്ലപോലെ കൂട്ടിക്കലർത്തിയശേഷം അതിൽ നാരങ്ങാനീരു ചേർക്കണം. അങ്ങനെ അത്‌ ഉരുട്ടിയെടുത്ത്‌ മുരിക്കിലയിൽ പൊതിയും. അടുത്തദിവസം ഈ ഉരുള, ഒരു മുണ്ട്‌ വിരിച്ച്‌ അതിൽ അല്പാല്പമായി നുളളിയിടുന്നു. പിന്നെ മറ്റൊരു മുണ്ടുകൊണ്ട്‌ മൂടിയിട്ട്‌ ഉണക്കും. ഉണങ്ങിക്കഴിഞ്ഞാൽ അതെടുത്ത്‌ അമ്മിമേൽവച്ച്‌ നന്നായി പൊടിക്കുന്നു. അങ്ങനെ കിട്ടുന്ന പൊടിയാണ്‌ കാരം. അത്‌ ഒരു ചിരട്ടയിൽ അല്പമെടുത്ത്‌ വെളളം ചേർത്തുചാലിച്ചാൽ നല്ല ചുകപ്പുകിട്ടും. എന്നാൽ ഇന്ന്‌ ഇങ്ങനെ കാരം നിർമ്മിക്കാനൊന്നും ശ്രദ്ധിക്കാറില്ല. അതെല്ലാം വിഷമംപിടിച്ച ജോലികളായതുകൊണ്ട്‌ ആവശ്യമുളള ചായങ്ങൾ അങ്ങാടിയിൽ നിന്നു വാങ്ങുകയാണ്‌ ചെയ്യുന്നത്‌.

കറുപ്പുചായം താൽകാലികമായി ഉണ്ടാക്കാവുന്നതാണ്‌. ഇതിന്നുവേണ്ടി നാടൻമഷിയാണ്‌ തയ്യാറാക്കുന്നത്‌. ഇത്‌ കണ്ണിലുപയോഗിക്കേണ്ടതുകൊണ്ട്‌ പ്രത്യേകം ശ്രദ്ധയോടെ നിർമ്മിക്കണം. ഇല്ലെങ്കിൽ അപകടം നേരിടാൻ സാദ്ധ്യതയുണ്ട്‌. നാടൻമഷി എളുപ്പത്തിൽ ഉണ്ടാക്കാവുന്നതാണ്‌. നല്ല വെളിച്ചെണ്ണ വിളക്കിലൊഴിച്ചുനന്നായി കത്തിക്കുന്നു. അതിനുമീതെ തുളസിപ്പൂവോ വെറ്റിലയോ ഉരസിയ ഒരോട്‌ (പൊളിഞ്ഞ മൺകലയോ ഓടിന്റെ കഷണമോ) കമഴ്‌ത്തിവച്ച്‌ അതിൽ പുകപിടിപ്പിക്കുന്നു. കുറച്ചുകഴിഞ്ഞാൽ ആ ഓടിൽ നല്ല കറുത്തമഷി പറ്റിപ്പിടിച്ചതായി കാണാം. പിന്നീടു മട്ടൽത്തണ്ടുകൊണ്ടുണ്ടാക്കിയ കോലിന്റെ ഒരു തല ബ്രഷുപോലെയാക്കിശേഷം അതുകൊണ്ട്‌ ഈ ചായങ്ങൾ ഉപയോഗിക്കുകയാണ്‌ ചെയ്യുന്നത്‌. മുഖത്തെഴുത്ത്‌ നടത്തുമ്പോൾ വെളള തടിച്ച വരകളായിരിക്കും. കറുപ്പും ചോപ്പും നേരിയവരകളും. ഇതോടൊപ്പം മാറിലും ചായങ്ങൾകൊണ്ട്‌ എഴുതാറുണ്ട്‌. അതിൽ പ്രധാനം മാല, കുറി, ചന്ദ്രക്കല, ആലില, താലി എന്നിവയത്രേ. കോലം എഴുതിക്കഴിഞ്ഞാൽ പിന്നെ മറ്റു ചമയങ്ങൾ എടുത്തണിയുന്നു. ഈ ചമയങ്ങൾക്കെല്ലാം പ്രത്യേകം അടിസ്‌ഥാനങ്ങളും സങ്കല്പങ്ങളുമുണ്ട്‌. ഓരോ മൂർത്തിയുടെ വേഷത്തിനും നിർദ്ദിഷ്‌ട ചമയങ്ങൾ വേണമെന്നതു പൊതുവേ അംഗീകരിപ്പെട്ടിട്ടുളളതാണ്‌. അതനുസരിച്ച്‌ തുടർന്നുവരികയും ചെയ്യുന്നു. ചമയങ്ങളിൽ തെച്ചിപ്പൂവിന്‌ പ്രധാനപ്പെട്ട ഒരു സ്‌ഥാനമുണ്ട്‌. ചില തിറകൾ കൈത്തണ്ടകളിലും തലപ്പാളിക്കുമീതെയും (നെറ്റിത്തണ്ട) തെച്ചിപ്പൂത്തണ്ട ധരിക്കാറുണ്ട്‌. ഇതുകൊണ്ടുണ്ടാക്കുന്ന ചുമപ്പും തിറയുടെ രൗദ്രഭാവത്തിന്‌ മാറ്റുകൂട്ടുന്നു. തിറയുടെ വേഷങ്ങളിൽ പൊതുവേ ചുമപ്പുനിറത്തിനു പ്രാധാന്യം നൽകുന്നത്‌ അതിന്റെ ഗാംഭീര്യവും രൗദ്രഭാവവും വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

തിറയുടെ പ്രൗഢിവർദ്ധിപ്പിക്കുന്ന കാര്യത്തിൽ തലയിലണിയുന്ന മുടികൾക്ക്‌ പ്രധാനമായ സ്‌ഥാനം നൽകിയിരിക്കുന്നു. മറ്റുചമയങ്ങളെല്ലാം അണിഞ്ഞശേഷമാണ്‌ തലയിൽ മുടി വയ്‌ക്കുന്നത്‌. ഇത്‌ പല വലിപ്പത്തിലും ആകൃതിയിലും ഉണ്ടായിരിക്കും. നേരിയ മരപ്പലകകൾകൊണ്ടാണ്‌ മുടികൾ ഉണ്ടാക്കുന്നത്‌. ഇതിന്‌ മുരിക്കുമരം ഈർന്നുണ്ടാക്കുന്ന കനംകുറഞ്ഞ പലകകൾ ഉപയോഗിക്കുന്നു. പാലമരത്തിന്റെ പലകകളും എടുക്കാറുണ്ട്‌. മറ്റുളളവ ഒന്നുംപറ്റില്ല. ഈ പലകകൾകൊണ്ട്‌ ആവശ്യമായ ആകൃതികൾ രൂപപ്പെടുത്തുന്നു.

പറ്റിയ രീതികളിലെല്ലാം പലകകൾ തയ്യാറാക്കിയശേഷം വിവിധവർണ്ണങ്ങളിലുളള ഭംഗിയേറിയ ഗിൽട്ടുപേപ്പർ, തങ്കത്തകിടുകൾ കലാപരമായി വെട്ടിയെടുത്ത്‌ ഒട്ടിക്കുന്നു. ഇവ ഒട്ടിക്കുന്നത്‌ വലിയ വിഷമമുളള ജോലിയാണ്‌. ദീർഘകാലം ഉറപ്പിലും ഭംഗിയിലും നിൽക്കേണ്ടതിനാൽ കടലാസുകൾ ഭദ്രമായി ഒട്ടിക്കേണ്ടതുണ്ട്‌. ഇതിനു സാധാരണ പശകളൊന്നും മതിയാകുകയില്ല. മുമ്പ്‌ വിളഞ്ഞീരാണ്‌ ഉപയോഗിച്ചിരുന്നത്‌. ഇത്‌ ഒരു പ്രത്യേകതരത്തിൽ പാകപ്പെടുത്തിയെടുക്കണം. വിളഞ്ഞീരും മെഴുകും കൂടി അടുപ്പത്തുവച്ചു പതപ്പിക്കുന്നു. അപ്പോൾ പൊന്തിവരുന്ന കരടെല്ലാം നീക്കിക്കളഞ്ഞശേഷം ആറിക്കഴിഞ്ഞാൽ അതുകൊണ്ടാണ്‌ ഒട്ടിക്കുന്നത്‌. ഇങ്ങനെ ഒട്ടിച്ചാൽ പിന്നെ ഈർപ്പം തട്ടിയാലൊന്നും കടലാസുകൾ എളുപ്പത്തിൽ പൊളിഞ്ഞുപോകുകയില്ല. ഇത്തരം മുടികൾ നിർമ്മിക്കുന്നതു വളരെയേറെ ചെലവും അദ്ധ്വാനവുമുളള ജോലിയാണ്‌. കെട്ടിയാട്ടക്കാർക്കിടയിലുളള കലാകാരൻമാർതന്നെയാണ്‌ ഈ ജോലികളെല്ലാം ചെയ്യുന്നത്‌. മുടികൾ സ്വന്തമായി നിർമ്മിക്കാൻ കഴിയാത്തവർ മറ്റുളളവരിൽനിന്നു വാടകയ്‌ക്കെടുത്ത്‌ ഉപയോഗിക്കും.

എല്ലാ തിറകൾക്കും ഒരേതരത്തിലുളള മുടികളല്ല ഉപയോഗിക്കുന്നത്‌. ഓരോ വേഷത്തിന്നും അതതിനു നിർണ്ണയിച്ചിട്ടുളള മുടിയായിരിക്കും. വട്ടമുടി, തൊങ്ങൽമുടി, ചവരിമുടി, ഓംകാരമുടി, കുരുത്തോലമുടി, പീലിമുടി, കുരുത്തോലകൊണ്ടുളള നീളമുടി, കോൽമുടി എന്നിങ്ങനെ മുടികൾ പല പേരുകളിലും ആകൃതികളിലുമുണ്ട്‌. കോൽമുടി ഭൈരവൻതിറയ്‌ക്കും പൂക്കൂറമുടി കാരണവരുടെ തിറയ്‌ക്കും പീലിമുടി കരിയാത്തൻ, കൊലോൻ, പരദേവത, തലച്ചില്ലോൻ എന്നീ മൂർത്തികളുടെ തിറകൾക്കും വട്ടമുടി കരിങ്കുട്ടിയുടെയും തീക്കുട്ടിയുടേയും തിറകൾക്കും കൂമ്പുമുടി പൂക്കുട്ടിയുടെ തിറയ്‌ക്കും ഉപയോഗിക്കുന്നു.

ചില തിറകൾ വളരെ ഉയരമുളള കോൽമുടികൾ അണിയാറുണ്ട്‌. ഇവ ഓരോ സ്‌ഥലത്തുവച്ചു താൽക്കാലികമായി കെട്ടിയുണ്ടാക്കുന്നവയാണ്‌. വലിയ മുളയുടെ വണ്ണമുളള ഭാഗം അല്പം ചീന്തി നടുവിൽ ഒരു കമ്പുവച്ചു വീതികൂട്ടിയ ശേഷം കുരുത്തോല ഭംഗിയായി മുറിച്ചെടുത്ത്‌ മുളയുടെ മീതെ മുഴുവൻ നിരത്തി ഈർക്കിൾ കൊണ്ടു തുന്നിപ്പിടിപ്പിക്കുന്നു. ചിലപ്പോൾ ചിത്രപ്പണികൾ തുന്നിയിട്ടുളള പട്ടുകളും ഇതോടൊപ്പം തുന്നിച്ചേർക്കുന്നു. ഇത്തരം ചില മുടികൾക്ക്‌ ഇരുപത്തൊന്നടിയൊ അതിലധികമോ ഉയരമുണ്ടായിരിക്കും. പാമ്പൂരിക്കരുവോൻ, നാഗകാളി, ചാമുണ്‌ഡി, ഗുളികൾ എന്നീ മൂർത്തികളുടെ കോലങ്ങൾക്കാണ്‌ ഇത്തരം മുടികൾ ഉപയോഗിക്കുന്നത്‌. നാഗകാളിയുടെ തിറ അണിയുന്ന മുടിക്ക്‌ താരതമ്യേന ഉയരം കൂടും. ഈ വലിയ മുടി വെറും നാലുകെട്ടുകൾ കൊണ്ടു ശരീരത്തിൽ ഉറപ്പിക്കുന്നു. രണ്ടുകെട്ട്‌ ചെന്നിയിൽ, രണ്ടുകെട്ട്‌ അരയിലും. ഇത്രയും ഉയരമുളള മുടി ശരീരത്തിൽ ബന്ധിച്ചു കഴിഞ്ഞശേഷവും തിറ നൃത്തം ചെയ്യാറുണ്ട്‌.

ഒരു സ്‌ഥലത്തെ ആവശ്യം കഴിഞ്ഞാൽ പിന്നെ ഈ മുടി ഉപയോഗിക്കുകയില്ല. അവിടെത്തന്നെ ഉപേക്ഷിക്കുകയാണ്‌ പതിവ്‌. നാഗങ്ങളുമായി ബന്ധമുളള തിറകളുടെ ഉയരമുളള മുടികളിൽ നാഗരൂപങ്ങൾ പാളയിൽ ചായംകൊണ്ടു വരച്ചശേഷം മുറിച്ചെടുത്തു തുന്നിപ്പിടിപ്പിക്കാറുണ്ട്‌. പാളയിൽ പലതരം ചായങ്ങളുപയോഗിച്ച്‌ പൊയ്‌മുഖങ്ങളുണ്ടാക്കി ധരിക്കുന്ന തിറകളുമുണ്ട്‌. തിറയാട്ടം നടത്തുന്നതു രാത്രിയിലായിരിക്കും. അപ്പോൾ വെളിച്ചത്തിനു വൈദ്യുതിവിളക്കുകൾ ഉപയോഗിക്കാറുണ്ടെങ്കിലും തിറയുടെ വർണ്ണപ്പൊലിമ പ്രകാശിപ്പിക്കുവാൻ സഹായികൾ അതിനുമുമ്പിൽ ഓലച്ചൂട്ടുകൾ കത്തിച്ചുപിടിക്കുന്നു. ഈ ചൂട്ടുകളുടെ മഞ്ഞരാശി കലർന്ന പ്രഭാപൂരത്തിൽ തിറയുടെ വേഷം അദ്‌ഭുതകരമായി വെട്ടിത്തിളങ്ങുന്നതു കാണാം. ചില തിറകൾക്കു കെട്ടിയാട്ടത്തിന്റെ അവസാന സമയത്ത്‌ ‘ചാന്തുതേയ്‌ക്കുക’ എന്നൊരു ചടങ്ങുണ്ട്‌. അപ്പോൾ മുടിയും ആടയാഭരണങ്ങളുമെല്ലാം അഴിച്ചുവെക്കും. അരയിൽ ഒരു വസ്‌ത്രം മാത്രമേ ഉണ്ടായിരിക്കയുളളു. പിന്നീട്‌ അഞ്ചടി ചൊല്ലി ഉറഞ്ഞുകഴിഞ്ഞാൽ ഭാരവാഹികളിൽ ഒരാളോട്‌ ഒരു പാത്രത്തിൽനിന്നു ചാന്തുവാങ്ങി മാറിലും കൈകളിലും മറ്റുംതേയ്‌ക്കുന്നു. സുഗന്ധത്തോടുകൂടിയ ഒരുതരം കറുത്തകുഴമ്പാണ്‌ ചാന്ത്‌. ഇതുണ്ടാക്കാൻ ആദ്യമായി ഉണങ്ങലരി കരിയെ വരുത്തെടുത്തശേഷം നന്നായി പൊടിക്കുന്നു. അതോടൊപ്പം പൂവൻപഴം, ശർക്കര, ഇളനീർ, ചന്ദനം, ചിരട്ടക്കരി, കർപ്പൂരം, പനിനീർ എന്നിവയും ചേർത്ത്‌ നന്നായി അരച്ചെടുക്കുന്നു. അപ്പോൾ നല്ല കറുപ്പുനിറവും സുഗന്ധവും ഉണ്ടാകും. മുമ്പെല്ലാം ചാന്ത്‌ വീടുകളിൽനിന്ന്‌ ഉണ്ടാക്കുകയാണ്‌ ചെയ്‌തിരുന്നത്‌. എന്നാൽ ഇപ്പോൾ അത്‌ അങ്ങാടിയിൽനിന്നു വാങ്ങി ഉപയോഗിക്കുന്നു.

Generated from archived content: kalam_dec23_05.html Author: cgn

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English