ഒരു നാല് തലമുറക്ക് മുമ്പ് തൃശൂരിൽ നിലനിന്നിരുന്ന എല്ലാ നാടൻകലാസമ്പ്രദായങ്ങളും ഇന്ന് നിലവിലുണ്ടോ എന്ന് സംശയമാണ്. ഉദാഹരണത്തിന് പെൺകുട്ടികൾ ഋതുമതിയാകുമ്പോൾ നടത്തിയിരുന്ന ഒരു പ്രത്യേകതരം കൊട്ടുംപാട്ടും ഇന്ന് നിലവിലില്ല. പല കാരണവൻമാരോട് അന്വേഷിച്ചപ്പോൾ അവരുടെ ചെറുപ്പങ്ങളിൽ കണ്ടിട്ടുണ്ട് എന്നാൽ അത് എന്താണെന്ന് വ്യക്തമായി പറഞ്ഞുതരാൻ കഴിയില്ല എന്നാണ് അറിഞ്ഞത്. എന്നാൽ കാര്യമായ കോട്ടങ്ങളൊന്നും ഏൽക്കാതെ ഇന്നും നിലനിൽക്കുന്ന ഒരു ആചാരകലയാണ് മലവാഴി ആട്ടം. മലവാഴിയുടെ ക്ഷേത്രം പാലക്കാട് ജില്ലയിലെ കല്ലടിക്കോട് മലനിരയിലാണ് ഃ പാണൻ സമുദായക്കാരാണ് അവിടുത്തെ പൂജയും മറ്റും നോക്കുന്നത്. ഈഴവരുടെയും ഹരിജനങ്ങളിൽ പലരുടെയും വീടുകളിൽ മലവാഴിത്തറ ഉണ്ട്. ചിലയിടങ്ങളിൽ ഇതിനെ മുണ്ട്യേൻതറ എന്നും പറയും. അവിടെയെല്ലാം മലവാഴിആട്ടം നടത്തുന്നത് പറയ സമുദായക്കാരാണ്.
വീടിന്റെ മുറ്റത്ത് പടിഞ്ഞാറോട്ട് തിരിഞ്ഞാണ് മലവാഴിത്തറയുടെ സ്‌ഥാനം. അകത്ത് വിളക്കുവച്ചാൽ തറയിലേക്കും തറയിൽ വിളക്കുവച്ചാൽ അകത്തേക്കും കാണാവുന്ന രീതിയിലാണ് തറയും പ്രതിഷ്‌ഠയും. മുല്ലത്തറ എന്നാണ് ഇതിനെ ബഹുമാനത്തോടെ വിളിക്കുന്നത്. പല ആഢ്യതറവാടുകളിൽ കാണുന്ന മുല്ലത്തറ ഇതേ ഉദ്ദേശത്തോടു കൂടിയാവണം. പ്രാചീനകാലത്ത് കാരണവൻമാർ കല്ലടിക്കോടുപോയി മലവാഴിയുടെ ആട്ടവും തോറ്റവും മാന്ത്രികവിദ്യകളും അഭ്യസിച്ചുവന്നിട്ടാണ് വീടുകളിൽ മലവാഴിയെ പ്രതിഷ്‌ഠിക്കുന്നത്. ഇതിനോടനുബന്ധിച്ച് ലേഖകന്റെ തറവാടുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യമുണ്ട്. ചൂണ്ടൽ മുത്തപ്പൻ (ലേഖകന്റെ തറവാട്ടിലെ ആദി കാരണവർ) മുളയംകുടത്ത് മുത്തപ്പൻ (കേച്ചേരി) പയ്യൂര് മുത്തിയമ്മ (പയ്യൂർ – ചൂണ്ടലിനടുത്ത്) മൂവരും കൂടി കല്ലടിക്കോട്ടേയ്‌ക്ക് പഠിക്കാൻ പോയി. മഴക്കാലത്താണ് തിരിച്ചുവരവ്. കേച്ചേരിയിൽ എത്തുമ്പോൾ ചൂണ്ടൽ പാടം വെളളം കേറിനിൽക്കുന്നു. മുളംകുടത്ത് മുത്തപ്പൻ തന്റെ പ്രവർത്തന മേഖലയായതുകൊണ്ട് കേച്ചേരിയിൽതന്നെ താമസിച്ചു. ചൂണ്ടൽ മുത്തപ്പൻ ഒരു നാക്കില വെട്ടി വെളളത്തിലിട്ട് അതിൽ കയറി ഇരുന്നും പയ്യൂര് മുത്തിയമ്മ തന്റെ വട്ടിയിൽ കയറിയിരുന്നും തുഴഞ്ഞ് മറുകര പറ്റി. ഇത് മലവാഴിയുടെ മാന്ത്രികശക്തി കൊണ്ടാണെന്നാണ് വിശ്വാസം.
കഥാസൂചന ഃ പരമശിവന്റെ (സൂര്യന്റെ) തൃക്കണ്ണിൽ നിന്നും ഭദ്രകാളി ഉദയം കൊണ്ടപ്പോൾ കൂടെപിറന്ന ഇരട്ടകളാണ് മലവാഴിയും സഹോദരൻ മൂക്കൻചാത്തനും. പുരാതന മാന്ത്രികവിദ്യയ്‌ക്ക് പേരുകേട്ട കല്ലടിക്കോട് മലവാരത്താണ് ഇവർ ബാല്യം കഴിച്ചുകൂട്ടിയത്. അവിടെ ചുറ്റിനടന്ന അവർ പരമശിവനോട് തങ്ങളുടെ പിതൃത്വം അംഗീകരിച്ച് ജീവിതമാർഗ്ഗം കാട്ടിത്തരണമെന്ന് അപേക്ഷിച്ചു. പക്ഷെ ശിവൻ അതിന് തയ്യാറാവാതെ വാഗ്വാദത്തിന് മുതിർന്ന് വെല്ലുവിളിച്ചു. തങ്ങളുടെ ദിവ്യശക്തി കാട്ടിക്കൊടുത്തപ്പോൾ പരമശിവൻ മക്കളായി അംഗീകരിക്കുകയും അനുഗ്രഹിക്കുകയും ചെയ്‌തു. പിന്നീട് അവർ പടിഞ്ഞാറോട്ട് യാത്രചെയ്‌ത് തങ്ങൾക്ക് വേണ്ടതായ ആടയാഭരണങ്ങളും ആയുധങ്ങളും ബന്ധപ്പെട്ട കക്ഷികളോട് തങ്ങളുടെ ദിവ്യശക്തി കാട്ടിക്കൊടുത്ത് വാങ്ങിക്കുന്നു. നാട്ടിൽ വിവിധ സ്‌ഥലങ്ങളിൽ മായം തിരിഞ്ഞ് സഞ്ചരിച്ച് അവർ അവസാനം കല്ലടിക്കോട് കരിമലയിൽ കരിങ്കല്ലുകൊണ്ട് കരിങ്കോട്ടയും പാതാളവും പണിതീർത്ത് അതിൽ പടിഞ്ഞാറോട്ട് തിരിഞ്ഞ് അറയിരുന്നു എന്നാണ് ഐതിഹ്യം.
കഥയിൽ ആദ്യവസാനം ദിവ്യത്വം നിറഞ്ഞുനിൽക്കുന്നുവെങ്കിലും അത് മാറ്റിനിർത്തി ഒന്ന് വായിച്ചാൽ ഫ്യൂഡൽ പ്രഭുക്കൻമാരെ കീഴ്‌പ്പെടുത്താനുളള അടിയാള ജാതിയുടെ ഒടുങ്ങാത്ത വാഞ്ഞ്‌ഛ നിഴലിച്ചു നിൽക്കുന്നു. ഉദാഹരണത്തിന് പൊളളാച്ചി ചന്തയിൽനിന്ന് പാലക്കാടൻ ചെട്ടി കൊണ്ടുവരുന്ന കാളകളിൽ നല്ലതൊന്നിനെ മലവാഴി ആഗ്രഹിക്കുന്നു. അതിനെ തുരുനണ്ടമായി (വഴിപാടായി) തരുവാനാവശ്യപ്പെട്ടപ്പോൾ ചെട്ടി വിസമ്മതിക്കുന്നു. തുടർന്ന് മലവാഴിയുടെ ശാപത്താൽ ചെട്ടിയുടെ നാൽക്കാലികളെല്ലാം ക്ഷീണിതരാകുന്നു. അപ്പോൾ ചെട്ടിക്ക് മലവാഴിയുടെ ശക്തി മനസ്സിലാവുകയും നല്ലകാളയെ തിരുനണ്ടമായി നൽകുകയും ചെയ്യുന്നു. എല്ലാ ഉപകഥകളും ഇതേ മാതൃകയിൽ ഉളളതാണ്.
വേഷങ്ങൾ ഃ മലവാഴി വെളളയും ചുവപ്പും കൂടാതെ മറ്റുനിറങ്ങളും ഉളള പട്ടുകൾ ഇടകലർത്തി മുട്ടുവരെ ഇറക്കത്തിൽ ഞൊറിഞ്ഞുടുക്കുന്നു. അണയം എന്ന് ഒറ്റവാക്കിൽ പറയുന്ന തലമുതൽ കാലുവരെയുളള മെയ്യാഭരണങ്ങൾ. വലതുകൈയിൽ അരിവാളും ഇടതു കക്ഷത്തിൽ വട്ടിയും. ദേവീക്ഷേത്രങ്ങളിലെ പ്രതിഷ്‌ഠയും ഇതേ മാതൃകയിലാണ്. അനുയോജ്യരായവർ വേഷംകെട്ടിനിന്നാൽ ഒരു പ്രാചീനകല കർഷകതൊഴിലാളിസ്‌ത്രീ എന്ന് തോന്നാം.
മൂക്കൻ ചാത്തൻ ഃ വിരൂപിയാണെന്ന് വിശ്വസിക്കുന്നു. അതിന് അനുയോജ്യമായ പൊയ്‌മുഖവും പട്ടുംകൊണ്ട് തറ്റുടുത്ത് അരമണികെട്ടി ഇരുകൈകളിൽ കുറുവടികളും.
വാദ്യം ഃ നാല് മരം, രണ്ട് ചെണ്ട, രണ്ട് കുഴൽ പിന്നെ പാട്ടുകാരനും ഏറ്റുപാടുന്നവരും.
രാത്രി ഏകദേശം പത്തുമണിമുതൽക്ക് പരിപാടികൾ ആരംഭിക്കുന്നു. ഐതിഹ്യകഥ പാട്ടുരൂപത്തിൽ അവതരിപ്പിക്കുമ്പോൾ വേഷക്കാർ താളത്തിനൊത്ത് തറക്കുചുറ്റും നൃത്തം ചെയ്യുന്നു. (കൂടെ പ്രേക്ഷകരായ സ്‌ത്രീകൾ മുടിവീശിക്കളിക്കുക സാധാരണമാണ്). ഇടയ്‌ക്കിടെ മലവാഴി എന്ന ദേവിയുടെ ആകർഷണത്താൽ ദേവീവേഷക്കാരന് കലി ഉണ്ടാവുകയും രൗദ്രഭാവത്തിൽ സഹോദരനായ മൂക്കൻചാത്തനെ തറയ്‌ക്കുചുറ്റും ഓടിക്കുകയും ചെയ്യുന്നു. ഇതിന് കാരണമുണ്ട്. മലവാഴിയും മൂക്കൻചാത്തനും മാനുഷികമായ, കൃത്യമായി പറഞ്ഞാൽ അടിയാളരുടെ ജീവിതരീതിയാണ് അനുവർത്തിക്കുന്നത്. പാടങ്ങളിൽനിന്നും കതിരുപെറുക്കിയും ചക്കയെടുത്തും കള്ള് കുടിച്ചും ആയിരുന്നു അത്. മലവാഴി ദുഃസ്വഭാവത്തിൽ ഏർപ്പെടുന്നതിൽ സഹോദരനായ മൂക്കൻചാത്തന് അമർഷം ഉണ്ടായിരുന്നു. ഇതാണ് കലഹകാരണം. പുലർച്ച ഏകദേശം നാല് മണി കഴിഞ്ഞാൽ ദൈവിക കർമ്മങ്ങളാണ്. അതിന്റെ അവസാനത്തിൽ വേഷക്കാരനിൽ മലവാഴി വെളിച്ചപ്പെട്ട് ഭക്തർക്ക് അനുഗ്രഹങ്ങളും നിർദ്ദേശങ്ങളും കല്പനയായി നൽകുന്നു. ഭക്തരെ മലവാഴി ആങ്ങളയെന്നും നാത്തൂനെന്നുമാണ് സംബോധന ചെയ്യുന്നത്. അതിന് ശേഷം കല്ലടിക്കോട് മലവാരത്തേയും മറ്റും വർണിച്ച് പാടുന്ന ‘മലവാരംപാട്ടി’ന്റെ അവസാനത്തോടെ മലവാഴിയാട്ടം എന്ന അനുഷ്‌ഠാനകല അവസാനിക്കുന്നു.
Generated from archived content: purattu_jan7.html Author: cd_sivadas
Click this button or press Ctrl+G to toggle between Malayalam and English