കമ്പളം ഃ കണ്ടത്തിലെ ഉർവ്വരതാനുഷ്‌ഠാനം

തുളുനാടൻ ഗ്രാമത്തിലെ മഹോത്‌സവങ്ങളിൽ ഒന്നാണ്‌ കമ്പളമെന്ന പോത്തോട്ട മത്‌സരം. ഗ്രാമീണവിനോദങ്ങളിൽ അത്യന്തം ജനപ്രിയം. ക്രീഡാംശം ഏറിയ തോതിലുളള ഒരു ഉർവലതാനുഷ്‌ഠാനം. വടക്ക്‌ കല്യാണപുരം നദി മുതൽ തെക്ക്‌ ചന്ദ്രഗിരിപ്പുഴവരെയുളള തുളുനാട്ടിലെ വയലേലകളിൽ വർഷംതോറും മുന്നൂറിൽപ്പരം കമ്പളങ്ങൾ അരങ്ങേറുന്നു. മഞ്ചേശവരം ഭാഗങ്ങളിൽ കമ്പളക്കണ്ടങ്ങൾ സജീവം. ദീപാവലി മുതൽ ശിവരാത്രിവരെയാണ്‌ കമ്പളക്കാലം. തുളുവിൽ കമ്പുല, കമ്പുളക്ക കമ്പള എന്നെല്ലാം പറയുന്നു. ഏതാണ്‌ ശരി? ജനപദ വിജ്ഞാനീയത്തിൽ പാഠങ്ങളില്ല; പാഠഭേദങ്ങളേ ഉളളൂ.

കമ്പളത്തിലെ കേന്ദ്രകഥാപാത്രം ബലിഷ്‌ഠവും ചുറുചുറുക്കാർന്നതുമായ പോത്ത്‌ തന്നെ. പൗരുഷത്തിന്റെ പ്രതീകം. അടിക്ക്‌ അന്തകനും പേടിക്കുമെന്ന്‌ പഴമക്കാർ പറയും. എന്നാൽ ഈ അന്തകവാഹനത്തിന്റെ നിഘണ്ടുവിൽ ഭയമെന്ന ശബ്‌ദമില്ല. സാധാരണ അടിയൊന്നും ഏശുകയുമില്ല. ആക്രമിക്കാൻ പ്രത്യേകിച്ച്‌ പ്രകോപനമൊന്നും ആവശ്യമില്ലാത്ത ഈ ജന്തു മുക്രയിട്ടുകൊണ്ട്‌ ആഞ്ഞടുക്കുമ്പോൾ അന്തകനും പേടിച്ചുപോവും. കാല്‌ നിലത്തടിച്ചുകൊണ്ടുളള രോഷപ്രകടനം ആരെയും ഒന്ന്‌ വിറപ്പിക്കും. ഭീമമായ ആകാരവും ഭീകര ഭാവവുമുളള മഹിഷത്തെയാണ്‌ തുളുവൻ കമ്പളക്കണ്ടമെന്ന അങ്കത്തട്ടിൽ ഇറക്കുന്നത്‌.

ചേറിലിറങ്ങി പണിയുന്ന പോത്തിനേയും ചിലപ്പോൾ മത്‌സരത്തിന്‌ ഇറക്കുമെങ്കിലും തറവാടിന്റെ അഭിമാനം കമ്പളക്കണ്ടത്തിലെ ചേറിൽ ആഴ്‌ന്നുപോകാതിരിക്കാൻ കമ്പളപ്പോത്തിനെ പ്രത്യേകം തീറ്റിപ്പോറ്റുന്നു. നിത്യവും മൂന്ന്‌ കിലോ മുതിര വേവിച്ച്‌ തവിടിൽ കലർത്തി കൊടുക്കുന്നു. തേങ്ങ, തേങ്ങയെണ്ണ, മുസുമ്പി, ബീറ്റ്‌റൂട്ട്‌, ചാരായം ഇവയൊക്കെയാണ്‌ മെനു. വൈക്കോൽ അധികം കൊടുക്കില്ല. നിത്യവും രണ്ട്‌ കുളി. ഒരു നാഴിക നടത്തം. അരമണിക്കൂർ നീന്തൽ. സാധാരണ ഗതിയിൽ ഉഴാൻ ഉപയോഗിക്കില്ല. രണ്ടുപരിചാരകർ. ആല തീർത്തും സ്വച്ഛമായിരിക്കും. ചില ആലകളിൽ വൈദ്യുത ഫാൻവരെ കാണും. കമ്പളച്ചാലിലെ വിജയശില്‌പി പോത്തോട്ടക്കാരനാണ്‌. ഒരു സീസണിൽ ഒന്നരലക്ഷം വരെ പ്രതിഫലം പറ്റുന്നവനാണ്‌ ഈ വിദഗ്‌ദ്ധൻ. പോത്തിന്റെ നിരക്കും ഇന്ന്‌ ലക്ഷങ്ങളിൽ വ്യവഹരിക്കുന്നു. പോത്തോട്ടക്കാരന്റെ വടിക്ക്‌പോലും നൂറ്റമ്പത്‌ രൂപ വിലയുണ്ട്‌. കമ്പളച്ചാലിൽ ഇറങ്ങുന്ന പോത്തും പോത്തോട്ടക്കാരനും ഒത്തുപിടിച്ച്‌ മുന്നേറുന്നു. പുതുമണവാളനെപ്പോലെ സർവാലങ്കാര വിഭൂഷിതമായി ചാലിലിറങ്ങുന്ന പോത്തും പരിശീലകനുമാണ്‌ ശ്രദ്ധാകേന്ദ്രം.

മുന്നൊരുക്കം ഃ കമ്പളം മിക്കവാറും പടിത്തരമായി നടത്തുന്നു. സ്ഥലവും കാലവും സുവിദിതവും സുനിശ്ചിതവും ആണെങ്കിൽപ്പോലും ‘നിശ്ചയിപ്പ്‌’ എന്നൊരു ചടങ്ങ്‌ കൂടിയേതിരൂ. സ്ഥലകാലങ്ങളിൽ മാറ്റമുളളപ്പോൾ നിശ്ചയിപ്പ്‌ അനിവാര്യവുമാണല്ലോ. കമ്പളം നിശ്ചയിച്ചതിനുശേഷം യജമാനൻ കമ്പളം കഴിയുന്നതുവരെ മധുമാംസം തൊട്ടുപോകരുത്‌. യജമാനൻ ഒട്ടുമിക്കവാറും കമ്പളക്കണ്ടത്തിന്റെ ഉടമ തന്നെയായിരിക്കും. മംഗലാപുരം കദിരി ഈശുരകമ്പളം തുളുവരുടെ ജുർദ്ദെമാസം (വൃശ്ചികം) പൗർണമി നാളിലാണ്‌. കുന്താപുരത്തെ വണ്ടാർ രാജകമ്പളം ധനു സംക്രമനാളിൽ നടത്തുന്നു.

കദരിക്കമ്പളത്തോടനുബന്ധിച്ച്‌ കൊറഗർ പങ്കെടുക്കുന്ന ചടങ്ങുകൾ സവിശേഷ ശ്രദ്ധയാകർഷിക്കുന്നു. കമ്പളത്തലേന്ന്‌ പ്രഭാതം മുതൽ കൊറഗർ പ്രവർത്തനനിരതരാവുന്നു. നേരത്തെ എഴുന്നേറ്റ്‌ കുളിച്ച്‌ ശുദ്ധിവരുത്തി കുലദൈവമായ കൊറഗതനിയനെ പ്രണമിച്ച്‌ സംഘം ദോല്‌ എന്നറിയപ്പെടുന്ന ചെറുചെണ്ട അടിച്ചുകൊണ്ട്‌ ഗ്രാമം ചുറ്റുന്നു. ഓരോ ഭവനത്തിലും ചെന്ന്‌ ക്ഷണിക്കുകയാണ്‌. യജമാനന്റെ കുടുംബക്കാർക്ക്‌ പ്രാഥമ്യമുണ്ട്‌. സന്ധ്യയോടെ സംഘം തിരിച്ചെത്തുന്നു; കമ്പളക്കണ്ടത്തിനും യജമാന ഗൃഹത്തിനും മദ്ധ്യേ സ്ഥാനം പിടിക്കുന്നു. ചെറുചെണ്ട വീണ്ടും മുഴങ്ങുമ്പോൾ കമ്പളക്കണ്ടം നൃത്തവേദിയായി മാറുന്നു. നാല്‌പതോളം പേരുടെ സംഘനൃത്തം. നൃത്തം മുകാരിയുടെ (സംഘം നേതാവ്‌) പൂർണ നിയന്ത്രണത്തിലായിരിക്കും. ഒരു വശത്ത്‌ ആവേശകരമായ നൃത്തം നടക്കുമ്പോൾ കുറെ പേർ കന്തേലപ്പം തിന്നുകൊണ്ട്‌ കളള്‌ കുടിക്കുകയായിരിക്കും. കമ്പളക്കൊറഗർക്കു വേണ്ടി ഉണ്ടാക്കുന്ന വിശേഷപ്പെട്ട പലഹാരമാണ്‌ കന്തേലപ്പം. നന്നായി അരച്ച അരിമാവിൽ കളെളാഴിച്ച്‌വെച്ച്‌ ഒരു ദിവസം പുളിപ്പിക്കുന്നു. പുളിപ്പിച്ച മാവ്‌ മൺകലം നിറയെ ഒഴിച്ച്‌ തീക്കുണ്‌ഡത്തിൽവെച്ച്‌ വേവിക്കുന്നു. വെന്തുകഴിഞ്ഞാൽ കലം ഉടച്ച്‌ അപ്പം പുറത്തെടുക്കുന്നു. ഇതാണ്‌ കന്തേലപ്പം. കമ്പളത്തോടനുബന്ധിച്ചു മാത്രം ഉണ്ടാക്കുന്ന വിശേഷ പലഹാരം.

കമ്പളക്കണ്ടം നിറയെ ചെളിയും വെളളവും. തണുപ്പ്‌ കോരിയൊഴിച്ചുകൊണ്ട്‌ പാതിരാവെത്തുന്നു. ചെണ്ടമേളം ഉയർന്നുയരുന്നു. യുവാക്കളുടെ അനിയന്ത്രതമായ ആവേശം കണ്ടം നിറഞ്ഞു വഴിയുന്നു. ചുവടുവയ്‌പ്പിനോടൊപ്പം അവർ പരസ്‌പരം കെട്ടിപ്പിടിക്കുന്നു. ഉമ്മവെക്കുന്നു. നൃത്തം ചെയ്യുന്നതിനെക്കാൾ അന്യന്റെ ഉടുതുണി ഉരിയുന്നതിലാവും ഓരോ ആളുടെയും ശ്രദ്ധ. പലർക്കും കോണകം മാത്രമേ കാണൂ. ഒരു സ്‌ത്രീവേഷവും സംഘ നൃത്തത്തിൽ പങ്കെടുക്കുന്നു. എല്ലാവരും ‘ഇവളു’ടെ മുകളിൽ കയറുന്നു. സംഭോഗത്തിന്റെ പൊറാട്ടുനാടകം.

ചില യുവാക്കൾ സലിംഗരതിയിൽ മുഴുകുന്നു. മറ്റു ചിലർ മുഷ്‌ടിമൈഥുനം നടത്തുന്നു. സ്‌ഖലനം സംഭവിച്ചാൽ തുടുച്ചു കളയുകയോ കമ്പളക്കണ്ടത്തിലെ വെളളത്തിൽ കഴുകുകയോ ചെയ്യുന്നു. സംഘം ഇടയ്‌ക്കിടെ ആർത്തുവിളിച്ചുകൊണ്ട്‌ ചലനക്രമം മാറ്റുന്നു. “മുല്‌പ പോട്ടുവറോ” (ഇവിടെ പണ്ണുകയാണേ); “പൂരാ ഉളായി പോണ്ടോ” (മുഴുവൻ അകത്ത്‌ കടന്നോ);“ തുടങ്ങിയ വാക്കുകൾ ഗ്രാമനിശീഥിനിയെ തുളച്ചുകയറുന്നുണ്ടാവും. ഈ മൂർദ്ധന്യദശയിൽ മുകാരി, കമ്പളം നടത്തുന്ന തറവാട്ടുവീടിന്‌ നേരെ തിരിഞ്ഞുനിന്ന്‌ ‘ഉരാല്‌ ’ (സ്‌തുതിഗീതം) ചൊല്ലുന്നു. പ്രദോഷം മുതൽ പ്രഭാതം വരെ അനുസ്യൂതമായി നടക്കുന്ന ഈ സംഘനൃത്തത്തിന്‌ പ്രേക്ഷകരായി ആരും ഉണ്ടാവില്ല. പരോക്ഷ പ്രേക്ഷകരുണ്ടെന്നാണ്‌ ഡോ.ബിളിമല പറയുന്നത്‌. ഗ്രാമീണ ഭവനങ്ങളിൽ ചെണ്ടമുട്ടും ആർപ്പുവിളിയും കേൾക്കുമ്പോൾ വീട്ടുകാർ പറയും ഃ ”കൊറഗേർന്നവു സുറുവാണ്ട്‌ “ (ഓഹോ…. തുടങ്ങിയല്ലോ കൊറഗറുടേത്‌!). കാലത്ത്‌ എല്ലാം കഴിയുമ്പോൾ യജമാനൻ കൊറഗർക്ക്‌ അവരുടെ ‘അവകാശം’ നൽകി ആദരിക്കുന്നു. പിന്നെ വരമ്പത്ത്‌ അല്‌പം വിശ്രമം. സൂര്യോദയത്തോടെ കുളിച്ചു വരുന്ന കൊറഗർ മൂന്നുപേർ വീതമുളള സംഘങ്ങളായി വീണ്ടും കണ്ടത്തിലിറങ്ങുന്നു. രണ്ടു പോത്തുകളെ ഒരുത്തൻ ഓടിക്കുന്നതിന്റെ ഹാസ്യാനുകരണം അരങ്ങേറുന്നു. ഓടുന്നവർ ശുദ്ധപോത്തുകളെപ്പോലെ ഓടിക്കുന്നവന്റെ അടികൊളളുകയും അമറുകയും ചെയ്യുന്നു. ഈ പൊറാട്ടുകമ്പളം അവസാനിക്കുമ്പോൾ കമ്പളക്കണ്ടത്തിന്റെ അതിരുകൾ ചേടി മണ്ണുകൊണ്ട്‌ ത്രിശൂലം വരച്ച്‌ അടയാളപ്പെടുത്തുന്നു. കണ്ടത്തിൽ നിലം മുങ്ങുവാൻ മാത്രമുളള വെളളം നിർത്തുന്നു.

മുഹൂർത്ത മഹിഷം ഃ യജമാനന്റെ പോത്തിനെ ‘മൂർത്തദ ഏറ്‌ ’ എന്ന്‌ പറയുന്നു. ഈ മഹിഷത്തെ രാജവൈഭവത്തോടെയാണ്‌ കമ്പളക്കണ്ടത്തിലേക്ക്‌ എഴുന്നളളിക്കുന്നത്‌. എഴുന്നളളിപ്പിന്‌ ബാന്റുവാദ്യവും കൊമ്പും കുഴലും വെടിക്കെട്ടും ഉണ്ടായിരിക്കും. യജമാനന്റെ കുലപരദേവതയായ തെയ്യം ഊറ്റം പ്രകാശിപ്പിച്ചുകൊണ്ട്‌ എഴുന്നളളിപ്പിനെ ഭക്തിസാന്ദ്രമാക്കുന്നു. കമ്പളനാളിൽ യജമാനൻ നാഗക്കാവിൽ ചെന്ന്‌ പൂജ നടത്തുന്നു. പൂക്കുലയുടെ അല്ലികൾ പോത്തിന്റെ നെറ്റിയിൽ കെട്ടുന്നു. കൊമ്പിന്‌ ചുണ്ണാമ്പുകൊണ്ട്‌ വിലങ്ങനെ കുറി ഇടുന്നു. കൊമ്പിന്റെ അറ്റത്ത്‌ ചെറുനാരങ്ങ ഞാത്തിയിടുന്നു. കഴുത്തിൽ മണികളും കാഞ്ഞിരത്തിരിയും കാണും. നെറ്റി ‘നെത്തിബല്ല്‌ ’ എന്ന കയർ വിരിഞ്ഞു കെട്ടുന്നു. മൂക്കിന്‌ ‘മൂംക്‌ ദാറ’ (മൂക്ക്‌ കയർ). കഴുത്തിൽ അല്ലെങ്കിൽ വലതുകാലിൽ പഴയ ചെരിപ്പിൻ കഷണം കെട്ടുന്നു. അതുമല്ലെങ്കിൽ മന്ത്രിച്ച ചരടോ ഉറുക്കോ വലതുകാലിൽ കെട്ടി ഒരു കറുത്തശീലക്കഷണം ഇടതുകാലിൽ ബന്ധിക്കുന്നു. പോത്തിന്റെ പുറത്ത്‌ വർണാങ്കിതവസ്‌ത്രം. വസ്‌ത്രത്തിൽ യജമാനന്റെ പേരും കാണും.

മുഹൂർത്തമഹിഷം പ്രാരംഭസ്ഥാനത്തെത്തി (ഗംത) ഉത്‌ഘാടനം നിർവഹിക്കുന്നു. എതിരില്ലാത്ത ആദ്യത്തെ ഓട്ടം. അവൻ മഞ്ചൊട്ടിയിലെത്തിയാൽ അവനെ കെട്ടിയിടുന്നു. മഞ്ചൊട്ടിയെന്നത്‌ കമ്പളച്ചാലിന്റെ അന്ത്യസ്ഥാനമാണ്‌. ഇത്‌ കണ്ടത്തിൽ നിന്ന്‌ അല്‌പം ഉയർന്ന്‌ കിടക്കും. പോത്തിന്‌ കയറിവരാൻ പാകത്തിൽ ചെരിവുണ്ടായിരിക്കും. മുഹൂർത്ത മഹിഷത്തെ കെട്ടിയിടുന്ന കുറ്റിക്കും പ്രാധാന്യമുണ്ട്‌. ഇതിനെ ‘ദരിഗുംട’ എന്നു പറയുന്നു. കമ്പളം കഴിയുന്നതുവരെ മുഹൂർത്ത മഹിഷം അവിടെ ഉണ്ടായിരിക്കും.

മത്‌സരം ഃ മത്‌സരം പ്രധാനമായും നാല്‌ വിധം. പലക കെട്ടിയ മത്‌സരം രണ്ടു വിധംഃ ‘കണപലായി’യും ‘അഡ്‌ഡപലായി’യും. പലക കെട്ടാത്ത ഇനവും രണ്ടു വിധം ഃ നേഗിലോട്ടവും ബളള്‌തവും. നേഗിലോട്ടത്തിൽ നിലമുഴുന്ന കരിയാണ്‌ ബന്ധിക്കുന്നത്‌. ബളള്‌താവിൽ കയറ്‌ മാത്രം. ഒന്നാം വിള കഴിഞ്ഞ കണ്ടങ്ങളിൽ പുഞ്ചയ്‌ക്ക്‌ മുമ്പ്‌ ഈ വിനോദം അരങ്ങേറുന്നു. കണ്ടങ്ങളിൽ നീണ്ട ചാലുകൾ കീറുന്നു. അഞ്ഞൂറുമുതൽ ആയിരം അടിവരെ ദൈർഘ്യം കാണും. ഇരുപതു മുതൽ അമ്പതടിവരെ വീതിയും. ആഴം ഏറെയുണ്ടാവില്ല. മുട്ടിന്‌ താഴെ. കമ്പള നടത്തിപ്പ്‌ ചില തറവാട്ടുകാരുടെ പാരമ്പര്യാവകാശമാണ്‌. അവർക്ക്‌ സ്ഥിരമായ കമ്പളച്ചാലും ഉണ്ടായിരിക്കും. കമ്പളച്ചാലിന്റെ മധ്യത്തിലായി 25-30 അടി ഉയരത്തിൽ ഒരു വെളുത്ത ബാനർ കെട്ടുന്നു. ഈ ബാനറിൽ വെളളം തട്ടിത്തെറിപ്പിക്കുന്ന പോത്ത്‌ വിജയിച്ചതായി പ്രഖ്യാപിക്കുന്നു. മേല്‌പോട്ട്‌ വെളളം തെറിപ്പിക്കുന്നതിന്‌ പകരം സമയം നോക്കി വിജയം നിശ്ചയിക്കുന്ന രീതിയും നടപ്പുണ്ട്‌. ചിലപ്പോൾ രണ്ടുജോഡികളെ ഒന്നിച്ചിറക്കി മത്‌സരിപ്പിക്കുന്നു. ഇതാണ്‌ ജോഡികമ്പളം. ജയ വിജയകമ്പളം, ലവകുശകമ്പളം എന്നെല്ലാം വിളിക്കുന്ന ഇരട്ടക്കമ്പളം.

1. ബളള്‌തവു ഃ കയർ കെട്ടിയുളള മത്‌സരം എന്നർത്ഥം. നുകംവെച്ചു കെട്ടിയശേഷം അതിൽ കയർ ബന്ധിക്കുന്നു. പോത്തോട്ടക്കാരൻ ഈ കയറിൽ പിടിച്ച്‌ ഓടുന്നു. പോത്തുകൾക്ക്‌ ഇങ്ങനെ അതിവേഗം ഓടാൻ കഴിയും. അതുകൊണ്ട്‌ ഈ മത്‌സരത്തിൽ പോത്തോട്ടക്കാരനും നല്ല ഓട്ടക്കാരനായിരിക്കണം.

2. നേഗിലോട്ട ഃ വടക്കൻ മലയാളത്തിൽ ഞേങ്ങല്‌ എന്നു പറയുന്ന കരി, നുകത്തോട്‌ ബന്ധിച്ച്‌, ഉഴുന്നതിനെന്നപോലെ നിർത്തി ഓടിക്കുന്നതാണ്‌ നേഗിലോട്ട. വിപൽസാധ്യത ഏറെയുളള ഒരു മത്‌സര ഇനം. കരിയുടെ മുന അബദ്ധവശാൽ പോത്തുകളുടെ കാലിൽ തട്ടിയാൽ മുടന്തുവരെ സംഭവിക്കാം.

3. അഡ്‌ഡപലായി ഃ നിരപ്പാക്കൽ പലക കെട്ടിയുളള ഓട്ടം എന്നർത്ഥം. പലകപ്പുറത്ത്‌ നിൽക്കുന്ന ഓട്ടക്കാരൻ ഒരു കൈയിൽ പോത്തിന്റെ വാലും മറുകൈയിൽ വടിയും പിടിച്ച്‌ സന്തുലനം പാലിച്ചുകൊണ്ട്‌ ഓടുന്നു. അല്‌പം തെറ്റിയാൽ ഓട്ടക്കാരൻ തെറിച്ചുവീഴും.

4. കണെപലായി ഃ നിരപ്പാക്കൽ പലകയെ അല്‌പമൊന്ന്‌ പരിഷ്‌കരിച്ചാൽ ‘കണപ്പലക’യായി. കണപ്പലകയിൽ ഒരു പ്രത്യേകസ്ഥാനത്ത്‌ ഒരു ദ്വാരമിടുന്നു. പലക, ചാലിൽ അമരുമ്പോൾ ഒരു ജലധാര ഉയർന്നു പൊങ്ങുന്നു. കമ്പളമത്‌സരങ്ങളിൽ അത്യന്തം ജനപ്രിയമായ മത്‌സരദൃശ്യം കണെപലായിതന്നെ. നുകത്തോട്‌ ബന്ധിച്ച പലകയിൽ ഓട്ടക്കാരൻ കയറി നില്‌ക്കുന്നു. ഒരു കൈയിൽ വാലും മറുകൈയിൽ വടിയുമായി അല്‌പം ചെരിഞ്ഞു നിൽക്കുന്ന ഓട്ടക്കാരൻ ഒരു കാൽകൊണ്ട്‌ പലകയെ നിലത്ത്‌ അമർത്തിപ്പിടിക്കുന്നു. ജലധാരയുടെ ശക്തി പോത്തുകളുടെ വേഗതയേയും അയാളുടെ വൈദഗ്‌ദ്ധ്യത്തേയും ആശ്രയിച്ചിരിക്കുന്നു.

അതിശീഘ്രം ഓടിവരുന്ന പോത്തുകൾ മഞ്ചൊട്ടിയിൽ കയറി നിൽക്കുന്നു. തല്ലി ചോരവരുന്ന അവസരവുമുണ്ട്‌. ഇങ്ങനെ പൊട്ടിയേടത്ത്‌ ചെറുനാരങ്ങനീര്‌ പിഴിഞ്ഞൊഴിക്കുന്നു. കമ്പളത്തിന്റെ ഭാഗമായി കാണികൾ വാതുവെക്കുന്നു. പത്ത്‌ മുതൽ അഞ്ഞൂറ്‌ ഉറുപ്പികവരെയുളള പന്തയം വ്യാപകമാണെങ്കിലും രഹസ്യമായാണ്‌ നടക്കുന്നത്‌. മത്‌സരം നടന്നു കഴിഞ്ഞാൽ മുഹൂർത്തമഹിഷത്തെ വേദിയിലേക്ക്‌ ആനയിക്കുന്നു. ജയിച്ച പോത്തിന്റെ ഉടമയെ ഇളനീർ നൽകി ആദരിക്കുന്നു. അടുത്ത കാലത്തായി സ്വർണമെഡലും മറ്റും നൽകിത്തുടങ്ങിയിരിക്കുന്നു.

പൂക്കരസ്‌തംഭം ഃ മത്‌സരമഹിഷങ്ങൾ തിരിച്ചുപോയശേഷം കമ്പളക്കണ്ടത്തിന്റെ നടുവിൽ ഒരു കുഴികുത്തി ഒരു തൂണ്‌ നാട്ടുന്നു. ഇതാണ്‌ പൂക്കരസ്‌തംഭം. നാട്ടുമ്പോൾ യജമാനൻ തൂണിൽ തൊട്ടുകൊണ്ടിരിക്കണം. കൊറഗരുടെ ചെറുചെണ്ട മുഴങ്ങണം. ഇത്‌ നാട്ടിയതിനുശേഷം ആ കണ്ടത്തിൽ പോത്ത്‌ ഇറങ്ങുകയില്ല.

പാരമ്പര്യവിധിയനുസരിച്ച്‌ നിർമ്മിക്കാൻ അവകാശപ്പെട്ട ആശാരിയാണ്‌ പന്തമരം ഉപയോഗിച്ച്‌ സ്‌തംഭം ഉണ്ടാക്കുന്നത്‌. ഇരുപത്‌ ഇരുപത്തഞ്ചടി ഉയരം കാണും. മാവിലയും മഞ്ഞപ്പൂക്കളും കൊണ്ട്‌ ഇതിനെ അലങ്കരിക്കുന്നു. മുകളറ്റം തുണികൊണ്ട്‌ കലശാകൃതിയിൽ മൂടുന്നു. നാട്ടുപ്രമാണിമാർ പൂക്കരസ്‌തംഭത്തിന്‌ ചുറ്റും സമ്മേളിച്ച്‌ പാലഭിഷേകം നടത്തി, പൂവരിചാർത്തി പ്രാർത്ഥിക്കുന്നു. കമ്പളത്തായ തെയ്യത്തിനും കുലപരദേവതമാർക്കും നേർച്ചകൾ പറയുന്നു. കുല ദൈവം വെളിച്ചപ്പാടൻമാരിലൂടെ ദർശനപ്പെട്ട്‌ അഭയം അരുളുന്നു. പൂക്കരസ്‌തംഭം ഉറപ്പിച്ചശേഷം നാട്ടുകാർ പിരിയുന്നു. അടുത്ത ദിവസം ഗ്രാമവാസികൾ മുഴുവൻ ചേർന്ന്‌ കമ്പളക്കണ്ടത്തിൽ ഞാറ്‌ നടുന്നു. ഒരൊറ്റ ദിവസംകൊണ്ട്‌ നടീൽ അവസാനിക്കണമെന്നാണ്‌ ചട്ടം. തീണ്ടാരിയായവരോ വാലായ്‌മയോ പുലയോ ഉളളവരോ കണ്ടത്തിലിറങ്ങാൻ പാടില്ല. ഇങ്ങനെ ഞാറുനട്ട്‌ കയറുമ്പോൾ കമ്പളത്തിന്‌ തിരശ്ശീല വീണു എന്നു പറയാം.

നിഷ്‌പത്തി ഃ ചേറും ചെളിയും നിറഞ്ഞ പ്രദേശം എന്നർത്ഥമുളള ‘കമ്പ’യും കളിസ്ഥലമെന്നർത്ഥമുളള ‘കള’വും ചേർന്ന്‌ കമ്പളമായി എന്നാണ്‌ അമൃത്‌സോമേശ്വറിന്റെ അഭിപ്രായം. ഡോ. വിവേകറൈ ഈ അഭിപ്രായത്തോട്‌ യോജിക്കുന്നു. കമ്പളത്തെക്കുറിച്ച്‌ പുസ്‌തകം രചിച്ച ചിത്തരഞ്ജൻ ദാസ്‌ ഷെട്ടി ‘കമ്പ’ ശബ്‌ദത്തിന്‌ സ്‌തംഭം എന്ന അർത്ഥം കല്‌പിക്കുകയും പൂക്കരസ്‌തംഭത്തിൽനിന്ന്‌ നിഷ്‌പത്തി കണ്ടെത്തുകയും ചെയ്യുന്നു. മറ്റു ചിലർ മുഹൂർത്ത മഹിഷത്തെ കെട്ടുന്ന ‘ദരിഗുംട’ എന്ന തൂണിൽ നിന്നാണ്‌ നിഷ്‌പത്തി കണ്ടെത്തുന്നത്‌. ഈ മേഖലയിൽ ശാസ്‌ത്രീയഗവേഷണം നടത്തിയ ഡോ. പുരുഷോത്തമ ബിളിമലയുടെ അഭിപ്രായത്തിൽ കമ്പ + പുല (പൊല= ഹൊല= കണ്ടം)യാണ്‌ കമ്പുള(ല). കമ്പുലമെന്നാൽ ചെളിക്കണ്ടം എന്ന്‌ അർത്ഥം പറയാൻ പ്രാചീന കന്നഡത്തിലെ ‘പുല’ ശബ്‌ദത്തെ കൂട്ടുപിടിച്ചിരിക്കയാണ്‌. എന്നിട്ടും കണ്ടം മാത്രമെ കിട്ടുന്നുളളൂ. അതുപോര. കണ്ടം കലക്കണം. അതാണ്‌ കമ്പളം. ‘അളംക്‌ ’ എന്ന തുളുശബ്‌ദത്തിന്‌ തുളുമ്പിത്തെറിക്കുക, കലക്കുക എന്നെല്ലാം അർത്ഥമുണ്ട്‌. ചേറും ചെളിയും നിറഞ്ഞ ‘കമ്പ’യെ ‘അളംകു’കയാണ്‌ ‘കമ്പളം’ ചെയ്യുന്നത്‌.

കൊറഗരും കമ്പളവും ഃ കദിരിയിലെ ഈശ്വരകമ്പളവുമായുളള കൊറഗരുടെ ബന്ധം അഭേദ്യമാണ്‌. കമ്പളത്തലേന്ന്‌ രാവിലെ മുതൽ വാദ്വഘോഷം മുഴക്കി ഗ്രാമീണരെ ക്ഷണിക്കുന്ന കൊറഗർ കമ്പളപ്പോത്തുകൾ തിരിച്ചുപോയി, പൂക്കരസ്‌തംഭം നാട്ടുന്നതുവരെ ചെണ്ടമുട്ടിക്കൊണ്ടിരിക്കുന്നു. ചെണ്ടയുടെ ആവശ്യമെന്താണ്‌? അകലെനിന്ന്‌ വരുന്നവർക്ക്‌ സ്ഥലം കണ്ടുപിടിക്കാൻ എളുപ്പമാവുമല്ലൊ എന്നാണ്‌ ഗ്രാമീണരുടെ മറുപടി. ഇന്ന്‌ നോട്ടീസച്ചടിച്ചിറക്കുകയും മൈക്ക്‌ ഒച്ചവെക്കുകയും ചെയ്യുമ്പോൾ ചെണ്ടയ്‌ക്ക്‌ പ്രസക്തിയുണ്ടോ ? ചെണ്ട അനുഷ്‌ഠാനത്തിന്റെ നിറം പകരുന്നു. ചെണ്ടയുടെ ശബ്‌ദം സ്ഥലകാലങ്ങളെ വേർതിരിച്ചു നിർത്തുന്നു. പ്രകൃതി അവ്യവസ്ഥിതമാണെന്നാണല്ലൊ മനുഷ്യധാരണ. സ്ഥലകാലങ്ങളിൽ അതിനെ വ്യവസ്ഥപ്പെടുത്താൻ ചെണ്ട ഉപയോഗിക്കുന്നു. കമ്പളക്കണ്ടത്തിലെ ലൈംഗിക ക്രിയകൾക്ക്‌ വിശദീകരണം ആവശ്യമില്ല. വിത്തിടുന്നതിനും ഞാറുനടുന്നതിനും മുമ്പ്‌ സംഭോഗം ഒരനുഷ്‌ഠാനമായി തുളുനാട്ടിനു പുറത്തും നടക്കാറുണ്ട്‌. അതിന്‌ കൊറഗർ തന്നെ വേണോ എന്നൊരു ചോദ്യമുണ്ട്‌. കൊറഗരും ഭൂമിയും തമ്മിലുളള ബന്ധത്തിൽ നിന്നും സാമാന്യം തൃപ്‌തികരമായൊരു സമാധാനം കണ്ടെത്താം. കാർഷികവൃത്തിയുമായി നേരിട്ട്‌ ഇടപെടുന്നവർ കൊറഗരാണ്‌. അവരുടെ ഉല്പാദനശേഷിയാണ്‌ കണ്ടത്തിൽ കതിരിടേണ്ടത്‌. വടക്കൻ മലയാളത്തിൽ ജൻമക്കാർ എന്നുപറയും. ജന്‌മാവകാശം ഉളളവരെന്നർത്ഥം.

കമ്പളദിവസം പ്രഭാതത്തിൽ കൊറഗർ കമ്പളമത്‌സരം അനുകരിക്കുന്നു. ഈ അനുകരണ കമ്പളം ശുദ്ധപൊറാട്ട്‌ ആണെന്നാണല്ലൊ പൊതുവെ ധരിച്ചിരിക്കുന്നത്‌. യഥാർത്ഥത്തിൽ ഇത്‌ കണ്ണേറ്‌ നീക്കുന്നതിനുളള ക്രിയയാണത്രെ. ദുഷ്‌ടബാധകളിൽ നിന്ന്‌ കമ്പളക്കണ്ടത്തെ സുരക്ഷിതമാക്കിയ ശേഷമേ മുഹൂർത്ത മഹിഷത്തെ ചാലിൽ ഇറക്കാനൊക്കുകയുളളൂ. കുട്ടിക്ക്‌ അസുഖങ്ങൾ പിടിപെട്ടാൽ കുട്ടിയെ കൊറഗന്റെ കൈയ്യിൽ കൊടുത്ത്‌ തിരിച്ചുവാങ്ങുന്ന ഒരു പതിവ്‌ തുളുനാട്ടിലുണ്ട്‌. ഒരു തുളുവനായ വീരപ്പമൊയ്‌ലി (മുൻ കർണ്ണാടക മുഖ്യമന്ത്രി) ഇതു സംബന്ധമായ സ്വാനുഭവം ‘കൊട്ട’യെന്ന കൃതിയിൽ അനുസ്‌മരിച്ചതായി കാണാം.

കമ്പളം എന്നുണ്ടായി എന്ന ചോദ്യത്തിന്‌ സൂക്ഷ്‌മമായി ഉത്തരം നൽകുക അസാദ്ധ്യം. ഉണ്ടായതെവിടെ എന്നു ചോദിച്ചാൽ കണ്ടത്തിലെന്ന്‌ കൃത്യമായിപ്പറയാം. കണ്ടത്തിൽ പണിക്കിറങ്ങുന്ന ഉഴവുകാരനും അവന്റെ പോത്തുകളും ഉഴുതുകഴിഞ്ഞാൽ ഒരു ആഹ്‌ളാദപ്രകടനമുണ്ട്‌. പണിതീർന്നു, ഇനി കളിക്കാം എന്ന പ്രഖ്യാപനമെന്നോണം അവർ ചെളിനിറഞ്ഞ കണ്ടത്തെ കളിക്കളമാക്കിമാറ്റുന്നു; കണ്ടം നിറയെ ഓടുന്നു. ഉഴവുകാരനും പോത്തും ജോലിയുടെ ക്ഷീണം മുഴുവൻ മറന്നുകൊണ്ട്‌ കളികഴിഞ്ഞു വരുന്ന ഉത്‌സാഹത്തോടെയാണ്‌ കണ്ടത്തിൽ നിന്ന്‌ കയറുന്നത്‌. ഇന്നിനി വിശ്രമമാണെന്നും വേല നാളെയാണെന്നും സഹപ്രവർത്തകരായ മഹിഷങ്ങളെ അറിയിക്കുന്നതിനുളള അറിയിപ്പു കൂടിയാണ്‌ ഈ ഓട്ടം. ഉഴവുകാരനും ഉഴവുമൃഗങ്ങളും തമ്മിലുളള ഭാവബന്ധുരമായ ബാന്ധവ്യം ഊട്ടിയുറപ്പിക്കുന്ന ഓട്ടം. ഈ ഓട്ടം കാലക്രമത്തിൽ സുവ്യവസ്ഥിതമായൊരു മത്‌സരമായി രൂപാന്തരം പ്രാപിച്ചു. തുളുനാട്ടിലെ കൃഷികേന്ദ്രിത ജനപദത്തിനെ ആശ്‌ളേഷിക്കുന്ന ഒരു ക്രീഡയായി വളർന്നു. തുളുനാടൻ ആചാരങ്ങളും അനുഷ്‌ഠാനങ്ങളും ഇതിനെ ആവരണം ചെയ്‌തു. നാഗാരാധനയും തെയ്യോപാസനയും കോഴിയങ്കവും ശീർഷകങ്ങളായ സമഭുജത്രികോണത്തിന്റെ കേന്ദ്രബിന്ദുവാണ്‌ കമ്പളം.

തുളുനാടിന്റെ ആരാധനാമൂർത്തികളിൽ സർവപ്രാഥമ്യം സർപ്പത്തിനു തന്നെ. ‘നാഗബിർമ്മേറ്‌ ’ (നാഗബ്രഹ്‌മൻ) ആണ്‌ തുളുവന്റെ ആദിദൈവം. കമ്പളത്തിന്‌ മുഹൂർത്ത മഹിഷത്തെ എഴുന്നളളിക്കുന്നതിന്‌ മുമ്പ്‌ യജമാനൻ നാഗക്കാവിൽ ചെന്ന്‌ പ്രാർത്ഥിക്കുന്നു. കാവിൽ ‘അരിത്രാവൽ’ നടത്തുന്നു. നാഗപൂജയുടെ പ്രസാദമായി കൊണ്ടുവരുന്ന കവുങ്ങിൻ പൂക്കുലയിൽ നിന്ന്‌ ചില അല്ലികൾ മഹിഷത്തിന്റെ നെറ്റിയിൽ വെച്ചു കെട്ടുന്നു. കമ്പളനാളിൽ വാലായ്‌മയോ പുലയോ (പ്രസവം, മരണം ഇവകൊണ്ട്‌ ഉണ്ടാവുന്ന അശുദ്ധി) ഉണ്ടെങ്കിൽ അന്ന്‌ തറവാട്ടിൽ നാഗം പ്രത്യക്ഷപ്പെടും. അല്ലെങ്കിൽ കമ്പളക്കണ്ടത്തിന്റെ വരമ്പിൽ വന്നു നിൽക്കും. ഇതാണ്‌ തുളുവന്റെ വിശ്വാസം.

ഉർവരതാ പൂജതന്നെ ഃ വണ്ടാർ രാജകമ്പളവുമായി ബന്ധപ്പെട്ട്‌ ഒരു ആചാരമുണ്ട്‌. കമ്പളത്തിന്‌ മുൻപ്‌ വിവാഹിതരായ ദമ്പതികൾ ധനുസംക്രമണ നാളിൽ വണ്ടാർ കമ്പളം കഴിഞ്ഞശേഷം മാത്രമെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടാവൂ. ലൈംഗികക്രിയയും കമ്പളവും തമ്മിൽ ആദികാലം മുതൽക്കുതന്നെ ബന്ധമുണ്ടെന്ന്‌ സാരം. വരിയുടച്ച പോത്തുകളെ സാമാന്യേന കമ്പളക്കണ്ടത്തിൽ ഇറക്കുകയില്ല. വിത്തുപോത്താണ്‌ കമ്പളച്ചാലിലെ പ്രമാണി. യജമാനൻ കമ്പളക്കണ്ടത്തിന്റെ നടുവിൽ നാട്ടുന്ന പൂക്കരസ്‌തംഭം ഉർവരതാപൂജയുടെ ഭാഗമാണെന്ന്‌ വ്യാഖ്യാനിക്കുന്നു. ഇത്‌ നാഗത്തിന്റെ പ്രതികമാണെന്ന്‌ വാമനനന്ദാവർ അഭിപ്രായപ്പെടുന്നു. നാഗപൂജയിൽ നിന്നാരംഭിക്കുന്ന കമ്പളത്തിന്‌ ഉർവരതയെ ഒഴിചു നിർത്തി ഒരു വ്യാഖ്യാനം നൽകാനാവില്ല. കൊറഗരുടെ ലൈംഗികക്രിയകളും സംഭോഗാനുകരണങ്ങളും അക്ഷരാർത്ഥത്തിൽ ഉർവരതാപൂജയാണല്ലോ.

ബണ്ടൻ ഃ തുളുനായരാണ്‌ ബണ്ടൻ. ജന്‌മി, പ്രമാണി, നാട്ടുമൂപ്പൻ, യജമാനൻ. കമ്പളം നടത്താൻ ജനപദമാകെ ബാധ്യസ്ഥമാണെങ്കിലും ബണ്ടന്‌ അത്‌ അനിവാര്യമായൊരു ബാധ്യതയാണ്‌. ഗുത്തു എന്നറിയപ്പെടുന്ന ജന്‌മിത്തറവാട്ടുകാർ മുൻനിന്ന്‌ നടത്തേണ്ട അനുഷ്‌ഠാനം. മുൽക്കി രാജകമ്പളത്തിന്‌ ആ മാഗണ (റവന്യൂ ഡിവിഷൻ)യിലെ 64 ഗുത്തുവീട്ടുകാരും ഹാജരുണ്ടായിരിക്കും. മംഗലാപുരം കദിരിയിലേത്‌ ഈശ്വര കമ്പളമാണ്‌. പഴയകാലത്ത്‌ കുലശേഖര ആലാപ രാജാക്കന്‌മാരുടെ അധീനതയിലായിരുന്ന പ്രദേശം. ഇവിടുത്തെ കമ്പളത്തിന്‌ അത്താവരം, ഇനോളി, കുത്താറ്‌, കൊഡിയാലഗുത്ത്‌, ഗുഡ്‌ഡെ ഗുത്ത്‌, ബഡില ഗുത്ത്‌, മുന്നൂറ ഗുത്ത്‌, ഉളളാളം ഗുത്ത്‌, അമുണിഞ്ച ഗുത്ത്‌, ഹരേക്കളഗുത്ത്‌, അഡ്യാറ്‌ ഗുത്ത്‌ എന്നീ ബണ്ടത്തറവാട്ടുകാർ ഇന്നും പങ്കെടുക്കുന്നു.

കമ്പളച്ചാലിൽ പോത്തും ബണ്ടനും രണ്ടല്ല. ഇരുമെയ്യായി കാണുന്ന ഏകവും അഭിന്നവുമായ ഒരു നൂതനസൃഷ്‌ടി. മത്‌സരസമയത്ത്‌ വിളിച്ചു പറയുന്നത്‌ ഉടമസ്ഥരുടെ പേരായിരിക്കും. അകലെനിന്നു കേൾക്കുന്നവർ രണ്ടു ബണ്ടന്മാർ മത്‌സരിക്കയാണെന്നേ ധരിക്കൂ. ഡോ. ബിളിമലയുടെ അഭിപ്രായത്തിൽ ഇതുപോലൊരു സാത്‌മീകരണം മറ്റെങ്ങും കാണില്ല. കമ്പളപ്പോത്തിനെ കണ്ടാൽ അവൻ എത്രനേരമെങ്കിലും നോക്കിനിൽക്കും. ജീവിതത്തിൽ ഏറെ നേരവും മഹിഷത്തിന്റെ സഹവാസത്തിൽ കഴിയുന്നു. ബണ്ടന്റെ ഈ മാനസികാവസ്ഥയെക്കുറിച്ച്‌ മരുമക്കത്തായികളല്ലാത്ത കർണാടകക്കാരുടെ വ്യാഖ്യാനം കൗതുകകരമാണ്‌. ബണ്ടന്മാരും ബില്ലവരും മരുമക്കത്താവികളായ കാരണം അവർക്ക്‌ തറവാട്ടിനകത്ത്‌ അധികാരമൊന്നുമില്ല. അവകാശം മുഴുവൻ സ്‌ത്രീകൾക്കാണല്ലൊ. പെണ്ണ്‌ ഭർത്തൃഗൃഹത്തിൽ ചെല്ലുന്നതിന്‌ പകരം പുരുഷൻ അങ്ങോട്ടു ചെല്ലുകയല്ലേ? മരുമക്കത്തായക്കാരനായ പുരുഷന്‌ വീട്ടിനകത്ത്‌ അധികാരസ്ഥാപനസന്ദർഭം അവൻ കമ്പളക്കണ്ടത്തിൽ നികത്തിയെടുക്കുന്നു. കോഴിയങ്കവും ഇതിന്‌ പ്രയോജനപ്പെടുന്നു. പൗരഷത്തിന്റെ പര്യായമായ മഹിഷത്തിന്റെ മത്‌സരപ്രകടനത്തിലൂടെ അവൻ സ്വന്തം അഹങ്കാരത്തെ സംതൃപ്‌തമാക്കുന്നു. ജനപദസമക്ഷം പൗരുഷം സാക്ഷാത്‌കരിക്കാനുളള അസുലഭ മുഹൂർത്തമത്രെ കമ്പളം.

കുതിരപ്പന്തയമല്ല ഃ കമ്പളമെന്നാൽ കുതിരപ്പന്തയം പോലൊരു ഓട്ടമത്‌സരമാണെന്നേ തുളുനാടിന്‌ വെളിയിലുളളവർ ധരിക്കൂ. അതിലും വിശേഷിച്ച്‌ നഗരവാസികൾ. തുളുവനായ മുൻ കർണാടക മുഖ്യമന്ത്രി എം. വീരപ്പമൊയിലി ഈ തെറ്റിദ്ധാരണയെക്കുറിച്ച്‌ പറയവെ കമ്പളം വിനോദത്തിലുപരി മറ്റെന്തോ ആണെന്ന്‌ ചൂണ്ടിക്കാട്ടുന്നു. കദിരിയിലും മറ്റും ഇത്‌ ഈശ്വരകമ്പളമാണെന്ന വസ്‌തുത മൊയ്‌ലി അനുസ്‌മരിക്കുന്നു. കമ്പളവുമായി ചുറ്റിപ്പിണഞ്ഞു കിടക്കുന്ന ഗ്രാമീണ വിശ്വാസങ്ങൾ ഏറെ. കമ്പളക്കണ്ടത്തിന്‌ ചുറ്റും അരി വിതറിയാൽ മനുഷ്യനും മൃഗത്തിനും പകർച്ചവ്യാധി പിടിപെടില്ലെന്ന വിശ്വാസം നിലനിൽക്കുന്നു. പോത്തുകൾക്ക്‌ അസുഖം വരുമ്പോൾ അവയെ കമ്പളത്തിനിറക്കാമെന്ന്‌ നേർച്ച നേരുന്നു. കണ്ടത്തിലെ വിളവിനെ കമ്പളത്തായ എന്ന തെയ്യം കാത്തുരക്ഷിക്കുന്നു.

കമ്പളത്തിന്റെ വേരുകൾ തുളുനാടൻ ജനപദജീവിതത്തിൽ എത്രമാത്രം ആണ്ടിറങ്ങിയിരിക്കുന്നുവെന്നറിയാൻ ചില ഭാഷാപ്രയോഗങ്ങൾ സഹായകമാവും. തുളുവിൽ ‘മഞ്ചോട്ടി കയറി’ എന്നൊരു ശൈലിയുണ്ട്‌. വിജയശ്രീലാളിതനായി എന്നർത്ഥം. ഭീമഫലൻ എന്നർത്ഥത്തിൽ ‘കമ്പളപ്പോത്തുകളെ പിടിച്ചുനിർത്തുന്നവൻ’ എന്നു പറയും. ‘കമ്പളപ്പോത്തുകളെ പോറ്റുമ്പോലെ പോറ്റുന്നു’ എന്ന തുളുശൈലിക്ക്‌ വളരെ നന്നായി പരിപാലിക്കുന്നുവെന്നർത്ഥം. കമ്പളത്തെ കേന്ദ്രീകരിച്ച്‌ തുളുജനപദങ്ങളിൽ അനേകം ഐതിഹ്യങ്ങൾ പ്രചാരത്തിലുണ്ട്‌. ‘മഞ്ചൊട്ടിഗോണ’ എന്നത്‌ ഒരു പോത്തോട്ടക്കാരന്റേ ദുരന്തം ചിത്രണം ചെയ്യുന്ന ഐതിഹ്യമാണ്‌. അഗോളി മഞ്ചണ്ണനെന്ന ഒരു വീരനായകനാണ്‌ മുൽക്കി രാജകമ്പളക്കണ്ടം നേരെയാക്കിയതെന്ന്‌ മറ്റൊരു ഐതിഹ്യം. കാന്തഭാറബൂദബാറ എന്ന ഇരട്ടകൾ പഡുബെദിര മഞ്ചൊട്ടി ചവിട്ടി വളച്ചു കളഞ്ഞു എന്ന്‌ കഥ. ഇവർ ഇന്ന്‌ തെയ്യങ്ങളാണ്‌. തുളുനാടൻ ജനപദജീവിതത്തെ ഊതിയുണർത്തുന്ന പ്രാണവായു കമ്പള മഹിഷത്തിന്റേതാണ്‌.

Generated from archived content: vithu_july18.html Author: c_raghavan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English