മുത്തപ്പന്റെ പ്രസാദം ഃ കീഴാളരുടെ നാട്ടാഹാരം

മലബാറിന്റെ അനുഷ്‌ഠാനത്തറകളിൽ ദ്രാവിഡചിഹ്‌നങ്ങളാണ്‌ പ്രബലം. തട്ടകങ്ങളിലെ വിളിപ്പുറത്തുളള നാട്ടുദൈവങ്ങളുടെ ഇഷ്‌ടനിവേദ്യങ്ങൾ ആ പരദേവതകളുടെ ജൈവപശ്ചാത്തലത്തിന്റെയും നാട്ടാഹാരപാരമ്പര്യത്തിന്റെയും അടയാളങ്ങളാണ്‌. നായാട്ടുദൈവങ്ങളിലൊന്നായ പറശ്ശിനിക്കടവ്‌ മുത്തപ്പന്റെ നിവേദ്യം, ഭക്തർക്കു നൽകുന്ന പ്രസാദം ഇവയുടെ സ്വഭാവമാണ്‌ ഇവിടെ പ്രതിപാദ്യം. ആരാധനാർത്‌ഥം എത്തുന്ന ഭക്തർക്ക്‌ മൂന്നുനേരവും സമൃദ്ധമായ അന്നദാനം എന്ന സവിശേഷതയുളള, കേരളത്തിലെ ഏക കാവാണ്‌ പറശ്ശിനിമുത്തപ്പന്റേത്‌. ഈ അന്നദാനം തന്നെ കീഴാളരോടുളള ദൈവകാരുണ്യത്തിന്റെ പ്രാചീനമായ അടയാളമായി വീക്ഷിക്കപ്പെടുന്നു. മലബാറിലെ പ്രധാനപ്പെട്ട ‘മുച്ചിലോട്ടുഭഗവതി’ക്കാവുകളിലും ‘പുതിയഭഗവതി’ക്കാവുകളിലും കളിയാട്ടത്തിന്റെ ഭാഗമായി സമൂഹഊട്ടും കഞ്ഞിപാർച്ചയും പതിവാണിപ്പോഴും.

മുത്തപ്പന്റെ പ്രസാദ – നിവേദ്യങ്ങളുടെ – വിശദാംശങ്ങളിലേയ്‌ക്കുവരാം. ആദ്യമായി നിവേദ്യം. കുടിയാളരുടേയും മലമക്കളുടേയും ആഹാരമാതൃകയാണ്‌ മുത്തപ്പന്റെ ഇഷ്‌ടനിവേദ്യങ്ങളുടെ പട്ടികയും ഃ പുഴുങ്ങലരിച്ചോറ്‌, നീർക്കറി, വെച്ചരിങ്ങാട്‌, കോപ്പാട്‌, എന്നിവയാണവ. അരിപ്പൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, പേരിന്‌ മൽസ്യം ഇവ ചേർത്തുണ്ടാക്കുന്ന കറിയാണ്‌ ‘നീർക്കറി’. വെച്ചരിങ്ങാട്‌ എന്നാൽ മൈസൂർക്കായ നാലായി കീറി വേവിച്ചത്‌. ചുട്ട ഉണക്കമീനോ വേട്ടമൃഗത്തിന്റെ ചുട്ടമാംസമോ ആണ്‌ കോപ്പാട്‌. തോട്ടിൽ നിന്നും പിടിക്കുന്ന മീൻ മുത്തപ്പന്‌ നിവേദിക്കില്ല. കളള്‌, റാക്ക്‌ എന്നിവയും നിവേദ്യത്തിൽ ഉൾപ്പെടും. ഭക്തർ നൽകുന്ന നേർച്ചകളിൽ ഒന്നായ ‘പയംകുറ്റി’ എന്ന വാക്കിന്റെ അർത്‌ഥംതന്നെ ‘കളള്‌വെക്കൽ’ എന്നാണ്‌. ഇനി പ്രസാദം. ഭക്തർക്കുളള അന്നദാനമാണ്‌ ഇതിൽ മുഖ്യം. ക്ഷേത്രത്തിൽ വരുന്ന ഏവർക്കും പ്രഭാതഭക്ഷണം പുഴുങ്ങിയ നാടൻപയറും തേങ്ങാക്കഷണവും പാലൊഴിച്ച ചായയുമാണ്‌. ഇത്‌ ഉച്ചയൂണിന്റെ നേരത്തൊഴികെ വൈകീട്ടുവരെ തുടരും. ഊണിന്‌ പുഴുങ്ങലരിച്ചോറ്‌, പരിപ്പുകറി, മോര്‌ എന്നിവ വിളമ്പും. പരിപ്പുകറിക്കു പകരം പണ്ട്‌ ഉണക്കമീൻകറിയും വിളമ്പിയിരുന്നു. ചായയോടൊപ്പമുളള പുഴുങ്ങിയ പയറിനു പകരം അവിൽ ആയിരിക്കും. ചിലപ്പോൾ പയർ തീർന്നുപോകുന്ന സാഹചര്യത്തിലാണീമാറ്റം. ഉച്ചയ്‌ക്കും രാത്രിയും ഊണ്‌ ലഭിക്കും. ഉറങ്ങാൻ സത്രത്തിൽ ഇടവും പായയും സൗജന്യം. ഗ്രാമീണ വനവിഭവങ്ങളാണ്‌ മുത്തപ്പന്റേതടക്കമുളള മിക്ക ദ്രാവിഡദൈവങ്ങളുടേയും ഇഷ്‌ടഭോജ്യങ്ങൾ. ആ വിഭവങ്ങൾ നാട്ടുകൃഷിയുടെ ഫലങ്ങളാണ്‌. അവയുടെ ഉല്പാദനത്തിനും സംഭരണത്തിനും പിന്നിൽ പണിയാളരുടെ പ്രത്യക്ഷമായ അദ്ധ്വാനമുണ്ട്‌. ആര്യക്ഷേത്രങ്ങളിൽ നിവേദ്യങ്ങളായ പാല്‌, നെയ്യ്‌, പായസം തുടങ്ങിയവ ദ്രാവിഡദൈവങ്ങളുടെ പൂജാദ്രവ്യങ്ങളാവുന്നില്ല. (പായസം ഉളളിടത്തുതന്നെ ‘ചക്കരച്ചോറ്‌’ എന്ന പേരിലാണ്‌ അറിയപ്പെടുന്നതും) പണിയാളരുടെ നിത്യാഹാരത്തിൽ ഈ വകകൾക്കൊന്നും പങ്കില്ലല്ലോ. അധഃസ്‌ഥിതരുടെ ദൈവങ്ങളും ആ പരിമിതികൾ പങ്കിടുന്നു.

Generated from archived content: katt_june19.html Author: c_narayanan

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here