സ്‌ത്രീ ഭക്ഷണത്തിന്റെ അവസ്‌ഥാന്തരങ്ങൾ

ഗ്രാമീണകേരളത്തിലെ ഭക്ഷണവൈവിദ്ധ്യങ്ങളെ നഷ്‌ടപ്പെടുത്തി പരസ്യങ്ങളുടെ പിൻപേയുളള ഓട്ടത്തിനിടയിൽ നമുക്കു നഷ്‌ടപ്പെടുന്നത്‌ നാടൻ ഭക്ഷണരീതികളും കേരളത്തനിമയുമാണ്‌. ഇത്തരം സുന്ദരങ്ങളായ സംസ്‌കൃതികൾ ഓരോന്നോരോന്നായി അസ്‌തമിക്കുമ്പോൾ നമ്മൾ നമ്മളെത്തന്നെ ആഗോളവൽക്കരിക്കുന്നു. ഇതിൽനിന്നും ഒരു തിരിച്ചുപോക്ക്‌ അനിവാര്യം. നമ്മുടെ കാരണവൻമാർ ശീലിച്ചുപോന്ന നാടൻ ഭക്ഷ്യശീലങ്ങൾ ഇന്നലെകളുടെ സ്വന്തമാണ്‌. ആചാരാനുഷ്‌ഠാനങ്ങളെ സംബന്ധിച്ച ഭക്ഷണങ്ങൾ കുട്ടികൾക്കുളള ഭക്ഷണങ്ങൾ, സ്‌ത്രീകൾക്കുളള ഭക്ഷണങ്ങൾ തുടങ്ങി വ്യത്യസ്‌തങ്ങളായി അവർ ഇതെല്ലാം അടുക്കിവച്ചിരിക്കുന്നു. ഋതു, ഗർഭ, ഗർഭാനന്തര ഭക്ഷണരീതികൾ എന്നിങ്ങനെയാണ്‌ സ്‌ത്രീകളുടെ ഭക്ഷണത്തെ തരംതിരിച്ചിരിക്കുന്നത്‌.

തിരണ്ടുകല്യാണം ഃ വളർച്ചയനുസരിച്ച്‌ പന്ത്രണ്ടോ പതിമൂന്നോ വയസ്സിലാണ്‌ ഒരു പെൺകുട്ടി ഋതുമതിയാകുന്നത്‌. അന്നുമുതൽ നാലുദിവസംവരെ പുറത്തിറങ്ങാൻ പാടില്ല. ചില ദേശങ്ങളിൽ ഏഴു ദിവസംവരെയുമുണ്ട്‌. ഈ ദിവസങ്ങളിൽ അരിയും മഞ്ഞളും നെല്ലും ചേർത്ത്‌ വരമ്പിട്ട്‌ അതിനുളളിൽ ഇരുത്തും. ആ വരമ്പുവിട്ട്‌ പുറത്തുപോയാൽ അശുദ്ധമാകും എന്നാണ്‌ വിശ്വാസം. ആദ്യകാലത്ത്‌ താഴ്‌ന്ന സമുദായങ്ങളിൽ വേറെയൊരു പുരകെട്ടി അതിലായിരിക്കും ഈ ദിവസങ്ങളിൽ ഈ പെൺകുട്ടി താമസിക്കുക. ഈർക്കിലി നാലായിപൊളിച്ച്‌ മഞ്ഞൾപ്പൊടി അരിപ്പൊടി മിശ്രിതത്തിൽ മുഖത്ത്‌ പുളളി കുത്തുന്നു. മറ്റു ചിലർ ഒരു മുറിയിൽ കരിമ്പടം വിരിച്ച്‌ അതിലായിരിക്കും പെൺകുട്ടിയെ ഇരുത്തുക.

ഈ സമയത്ത്‌ സുഖഭക്ഷണമായിരിക്കും കൊടുക്കുക. അയൽപക്കങ്ങളിൽനിന്നും ബന്ധുവീടുകളിൽനിന്നും പലഹാരങ്ങളും ഉടുപുടവകളും കൊണ്ടുവരുന്നു. അപ്പം, അട, പൊടി ഇവയായിരിക്കും കൊണ്ടുവരിക. മഞ്ഞൾക്കഞ്ഞിയും കോഴിമുട്ടയും പ്രത്യേക ദേഹരക്ഷയ്‌ക്കായി കൊടുക്കുന്നു.

മഞ്ഞൾക്കഞ്ഞി ഃ ഉണക്കലരി വേവിച്ച്‌ അതിൽ മഞ്ഞളും തേങ്ങാപ്പാലും ചേർത്ത്‌ തയ്യാറാക്കുന്നു. മൂന്നുദിവസം അടുപ്പിച്ച്‌ ഇതുകഴിക്കുന്നു. ഇത്‌ ശരീരശുദ്ധിക്കും ശരീരരക്ഷയ്‌ക്കും അത്യുത്തമമാണ്‌.

പാൽക്കഞ്ഞി ഃ പശുവിൻപാലിലോ തേങ്ങാപ്പാലിലോ ഉണക്കലരി വേവിച്ച്‌ കഴിക്കുന്നു. സുഖഭക്ഷണമായി സേവിക്കുന്ന ഇത്‌ ദേഹരക്ഷയ്‌ക്കും ശരീരപുഷ്‌ടിക്കും വളരെയേറെ ഗുണം ചെയ്യും. കൂടാതെ നെല്ലുവറുത്ത മലരിൽ മഞ്ഞളും പഞ്ചസാരയും ചേർത്ത്‌ കഴിക്കുന്നു. കോഴിമുട്ടയിൽ എണ്ണ അടിച്ച്‌ കഴിക്കുന്നവരും ഉണ്ടായിരുന്നു. ഇതെല്ലാം സാധാരണ ഭക്ഷണത്തിന്‌ പുറമേയാണ്‌.

നാല്‌ അല്ലെങ്കിൽ ഏഴാം ദിവസം വേലത്തിവന്ന്‌ കുളത്തിൽകൊണ്ടുപോയി കുളിപ്പിച്ച്‌ പുതിയ ഉടുപുടവകൾ അണിയിച്ച്‌ കുടയും ചൂടിച്ച്‌ ആർപ്പുവിളിയുമായി വീട്ടിലേയ്‌ക്ക്‌ കൊണ്ടുവരുന്നു. ഇതിനുശേഷം അടിയാര്‌ മൂന്നുപ്രാവിശ്യം അന്തിയുഴിയും. ‘കേറ്‌ കേറ്‌ ശ്രീദേവി, എറങ്ങെറങ്ങ്‌ മൂശേട്ട’ തുടങ്ങിയ പാട്ടുകളോടുകൂടി നിലവിളക്കിന്റെയും നിറപറയുടേയും മുമ്പിലിരുത്തുന്നു. ഇതിനുശേഷം കുറുപ്പത്തിവന്ന്‌ രണ്ടു ചെന്നിയിലും വടിച്ച്‌ അമ്മിക്കുഴ, ചിരവ, വെട്ടുകത്തി തുടങ്ങിയ വീട്ടുപകരണങ്ങളെ തൊടീക്കുന്നു. ‘അശുദ്ധംപോയി ശുദ്ധംവരട്ടെ’ എന്നാണ്‌ ഇതിൻമേലുളള വിശ്വാസം. തുടർന്ന്‌ എരിശ്ശേരിയും മെഴുക്കുപുരട്ടിയും കൂട്ടുകറിയും പപ്പടം പഴം പായസവും കൂട്ടിയുളള ഗംഭീരസദ്യ. ചക്കയുടെ കാലമാണെങ്കിൽ ചക്കയെരിശ്ശേരി ഒഴിച്ചുകൂടാനാവാത്തതാണ്‌. അതുപോലെതന്നെ മാങ്ങയുടെ കാലമാണെങ്കിൽ മാമ്പഴപ്പുളിശ്ശേരി തീർച്ചയായും സദ്യവട്ടങ്ങളിൽ കടന്നുകൂടിയിരിക്കും. വിവാഹം കഴിക്കാറായ ഒരു പെൺകുട്ടി ഇവിടെയുണ്ടെന്ന്‌ കരക്കാരെ അറിയിക്കാനാണത്രെ സദ്യനടത്തുന്നത്‌. ഇതെല്ലാം കഴിഞ്ഞ്‌ പതിനഞ്ചു ദിവസത്തിനു ശേഷമാണ്‌ ആ പെൺകുട്ടി ഉമ്മറത്തേയ്‌ക്കു വരാൻ പാടുളളൂ.

ഗർഭകാലഭക്ഷണരീതികൾഃ ആശുപത്രിയും ഡോക്‌ടറും ഇല്ലാതിരുന്ന കാലത്തും സ്‌ത്രീകൾ പ്രസവിച്ചിരുന്നു. ഇന്നത്തെപ്പോലെ അനങ്ങാനും തിരിയാനും പാടില്ല എന്നൊന്നും വിധിച്ചിരുന്നില്ല. ഗർഭിണികൾ നന്നായി ജോലിചെയ്യുകയും ഭക്ഷണം കഴിക്കുകയും ചെയ്‌തിരുന്നു. വീട്ടിൽ വയ്‌ക്കുന്ന ഏതു ഭക്ഷണവും അവർക്ക്‌ കഴിക്കാം. കൂടാതെ മുരിങ്ങയില, പയറില, ചീര, കൊഴുപ്പ തുടങ്ങിയ ഇലക്കറികൾ ഗർഭിണികളുടെ ഭക്ഷണത്തിൽ ധാരാളം ഉൾപ്പെടുത്തിയിരുന്നു. ഗർഭിണികൾക്കുളള കുറുന്തോട്ടിക്കഞ്ഞിയും പാൽക്കഷായവും ഇന്നത്തെ ഡോക്‌ടറുടെ മരുന്നിനേക്കാളും അത്യുത്തമമാണ്‌.

കുറുന്തോട്ടിക്കഞ്ഞി ഃ കുറുന്തോട്ടി ഇടിച്ചുപിഴിഞ്ഞ്‌ ആ വെളളത്തിൽ കഞ്ഞിവെച്ച്‌ കഴിക്കുന്നു. ഇത്‌ ഗർഭിണികൾക്ക്‌ അത്യുത്തമമാണ്‌.

‘ആയിരം കട കുറുന്തോട്ടി വച്ചുകുടിച്ചാൽ

ആവൂന്ന്‌ പറയുമ്പോഴേയ്‌ക്കും പേറുകഴിയും’ എന്നാണ്‌ പഴഞ്ചൊല്ല്‌.

പാൽക്കഷായം ഃ ചെറുളയുടെ വേര്‌, കുറുന്തോട്ടിവേര്‌, വയിൽച്ചുളളിവേര്‌, ജീരകം തുടങ്ങിയവ വെളളത്തിൽ തിളപ്പിച്ച്‌ കുടിക്കുന്നു. ഗർഭിണികളിൽ കാണുന്ന നീര്‌ വറ്റിപ്പോകുന്നതിനാണിത്‌. കുറുന്തോട്ടിക്കഞ്ഞിയും പാൽക്കഷായവും ഏഴാംമാസംതൊട്ട്‌ പ്രസവസമയം വരെ കൊടുക്കും. എട്ടാംമാസത്തിൽ മുക്കൂട്ട്‌ ഉണ്ടാക്കി ദേഹത്തിൽ തേച്ചുപിടിപ്പിക്കുന്നു.

മുക്കൂട്ട്‌ ഃ (പാട്ട) നെയ്യ്‌, എണ്ണ, ആവണക്കെണ്ണയ്‌ക്കു പകരം വേപ്പെണ്ണയാണ്‌ ഉപയോഗിക്കുക. ശരീരരക്ഷയ്‌ക്കും ശരീരപുഷ്‌ടിക്കും മുക്കൂട്ട്‌ അത്യന്താപേക്ഷിതമാണ്‌. ചാക്കൂള്‌ എന്നാൽ ഗർഭിണികൾക്ക്‌ ഇഷ്‌ടമുളളത്‌ കൊടുക്കുക എന്നതാണ്‌. ഗർഭിണിയായിരിക്കുന്ന അവസ്‌ഥയിൽ ഒരു പ്രത്യേക ആഹാരപദാർത്‌ഥത്തോട്‌ പുളിപ്പ്‌, ചവർപ്പ്‌, മധുരം ഇത്യാദി – ഒരു പ്രത്യേക താൽപര്യം തോന്നുന്നു. അങ്ങനെ പ്രകടിപ്പിച്ചാൽ അവൾക്ക്‌ അത്‌ കൊടുത്തിരിക്കണം. അല്ലെങ്കിൽ പിറക്കാൻ പോകുന്ന കുഞ്ഞിന്‌ ദോഷം ആണത്രേ. പുളിവെളളം, ഓട്ടട, ഒടിയപ്പം തുടങ്ങിയവ അവരുടെ ഇഷ്‌ടപ്രകാരം ഉണ്ടാക്കിക്കൊടുക്കുന്നു. വറുത്ത അരിപ്പൊടി, ഉളളി, ജീരകം തുടങ്ങിയവ ചേർത്ത്‌ കുഴച്ചാണ്‌ ഓട്ടട ഉണ്ടാക്കുന്നത്‌. പ്രസവസമയത്ത്‌ വെണ്ണകൊടുക്കുന്ന പതിവ്‌ ഉണ്ടായിരുന്നു. വെണ്ണകൊടുക്കുന്നത്‌ സുഖപ്രസവത്തിനാണ്‌.

ഗർഭാനന്തരഭക്ഷണരീതികൾഃ- പ്രസവിച്ച സ്‌ത്രീകൾക്കുവേണ്ടി ഒരു പുരകെട്ടി (വേതുപുര) അതിലാണ്‌ അവൾ കുളിക്കുക. പ്രസവം കഴിഞ്ഞ്‌ 4, 7, 10 ദിവസങ്ങളിൽ വേത്‌വെളളത്തിലായിരിക്കും കുളിക്കുക.

വേത്‌വെളളം ഃ നാൽപ്പാമരം, ഉങ്ങിന്റെ ഇല, പ്ലാവില, പുളിയില എന്നിവ തിളപ്പിച്ച്‌ ആരും കാണാതെ വെളളം കൊണ്ടുപോകണം. ആരെങ്കിലും കണ്ടാൽ ഇതിന്റെ ഫലസിദ്ധി നഷ്‌ടപ്പെടും എന്നാണ്‌ വിശ്വാസം. മുളളില്ലാത്ത മീൻ (സ്രാവ്‌) വരട്ടിസേവിക്കുന്നത്‌ അത്യുത്തമമാണ്‌. മുളളുളള മീൻ കഴിച്ചാൽ ഉണങ്ങാത്ത വയറ്റിൽ തറച്ചുകയറാൻ സാദ്ധ്യതയുണ്ട്‌ എന്നു പറയുന്നു. ഉളളി, ചുക്ക്‌ എന്നിവ ഉരുക്കി തിന്നുന്നതും നല്ലതാണ്‌.

ഉളളി ഉരുക്കിയത്‌ ഃ ഉളളി, ചുക്ക്‌, ജീരകം, തെങ്ങുംചക്കര തുടങ്ങിയവ പൊടിച്ച്‌ നാളികേരപാലിൽ വരട്ടുന്നു. പ്രസവത്തിനുശേഷം 4-​‍ാംനാൾ തുടങ്ങി എത്രനാൾ വരെയെങ്കിലും ഇത്‌ കഴിക്കുന്നത്‌ നല്ലതാണ്‌. വയറ്‌ ഉണങ്ങാനാണ്‌ ചുക്ക്‌ ഉരുക്കി കഴിക്കുന്നത്‌. ഇതുകൂടാതെ വീട്ടിൽ ഉണ്ടാക്കുന്ന എന്തുഭക്ഷണവും ഇവർക്ക്‌ കഴിക്കാവുന്നതാണ്‌. ചുക്ക്‌ ഉരുക്കി കഴിച്ച്‌ വയറ്‌ ഉണങ്ങിയതിനുശേഷമാണ്‌ ശരീരരക്ഷയ്‌ക്കും ശരീരപുഷ്‌ടിക്കും വേണ്ടിയുളള കഷായങ്ങൾ കഴിച്ചുതുടങ്ങുന്നത്‌. ഇതിൽ ആദ്യം പെറ്റരട്ടികഷായമാണ്‌. ഇതിനെ ചടങ്ങ്‌കഷായം എന്നും പറയുന്നുണ്ട്‌. വൈദ്യശാലയിൽനിന്നും വാങ്ങുന്ന കഷായക്കൂട്ടുകൾ ചേർത്ത്‌ കഷായം ഉണ്ടാക്കി നിർദ്ദേശിച്ച പഥ്യത്തോടെ 7 ദിവസംവരെ കഴിക്കുന്നു. ഇതിനുശേഷമാണ്‌ ധന്വന്തരം കഷായം. വൈദ്യശാലയിൽനിന്നും വാങ്ങുന്ന കഷായക്കൂട്ടുകൾ വൈദ്യർ നിർദ്ദേശിച്ച പഥ്യത്തോടെ ഉണ്ടാക്കി സേവിക്കണം. ശരീരം പുഷ്‌ടിപ്പെടുന്നതിനുവേണ്ടിയാണിത്‌. ചടങ്ങ്‌കഷായം കഴിഞ്ഞ്‌ 16 ദിവസത്തോളം ധന്വന്തരംകഷായം സേവിക്കുന്നു.

പ്രസവിച്ച്‌ ഇരുപത്തെട്ടാം ദിവസമാണ്‌ കുട്ടിയുടെ ‘ചരടുകെട്ട്‌.’ അന്ന്‌ സദ്യയുണ്ടാകും. അന്നുതന്നെ കുട്ടിക്ക്‌ ചോറു കൊടുക്കുന്നവരും ഉണ്ട്‌. പിന്നീടാണ്‌ കോഴിമരുന്ന്‌. കോഴിയെ ഇടിച്ച്‌, എണ്ണമൂപ്പിച്ച്‌ ഇറച്ചി മൊരിഞ്ഞുവരുമ്പോൾ മരുന്നുകൂട്ടുകൾ ഇട്ട്‌ സേവിക്കുന്നു. ശരീരത്തിന്‌ ബലം ഉണ്ടാകുവാനാണ്‌ ഇത്‌. 14 ദിവസത്തോളം കോഴിമരുന്ന്‌ സേവിക്കുന്നു. പൂക്കുലലേഹ്യം ആദ്യകാലത്ത്‌ വീട്ടിൽതന്നെ ഉണ്ടാക്കുകയാണ്‌ പതിവ്‌. പൂക്കുല പുഴുങ്ങി അരയ്‌ക്കുന്നു. ഇതിനുശേഷം ചതകുപ്പയും മറ്റ്‌ മരുന്നുകളും ചേർത്ത്‌ വേവിക്കുന്നു. ഇത്‌ തെങ്ങിൻചക്കരയിൽ വെരകി ആവശ്യാനുസരണം സേവിക്കാം. അഞ്ചോ ആറോ ദിവസം പൂക്കുലലേഹ്യം കഴിക്കുന്നു. നട്ടെല്ലിന്‌ ബലം വയ്‌ക്കുന്നതിന്‌ പൂക്കുലലേഹ്യം അത്യുത്തമമാണ്‌.

പുളിക്കുറുക്ക്‌ ലേഹ്യം ഃ കുടപ്പുളി വേവിച്ച്‌ ശർക്കരയും മറ്റു മരുന്നുകളും ചേർത്ത്‌ വെരകും. ഏകദേശം മൂന്ന്‌ ദിവസം ഇത്‌ സേവിക്കുന്നു.

ഇടിമരുന്ന്‌ ഃ ചതകുപ്പ, ഉലുവ, ജീരകം, എളള്‌, ആശാളി, ശർക്കര തുടങ്ങിയവ ഇടിച്ച്‌ പൊടിയാക്കി നാളികേരവും കൂട്ടി ഉണ്ടയുരുട്ടി സേവിക്കുന്നു. എത്രനാൾ വരെയെങ്കിലും ഇത്‌ കഴിക്കാവുന്നതാണ്‌. ഇടിമരുന്ന്‌ ശരീരരക്ഷയ്‌ക്കും ശരീരം പുഷ്‌ടിവയ്‌ക്കുന്നതിനും വളരെയേറെ ഉത്തമമാണ്‌. ഇടിമരുന്ന്‌ എപ്പോൾ വേണമെങ്കിലും കഴിക്കാം. സാധാരണ 56 വരെയോ 90 വരെയോ ഇത്‌ കഴിക്കുന്നു. ഇതിനുളള പഥ്യവും പാലിക്കേണ്ടതാണ്‌.

Generated from archived content: annam_feb10_06.html Author: c.g.rekha

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English