പാലക്കാട് ജില്ലയിലെ പുതുശ്ശേരിക്കടുത്ത് രാമശ്ശേരിയിൽ ഉണ്ടാക്കിവരുന്ന രാമശ്ശേരി ഇഡ്‌ഡലി ഇന്നും ഏറെപ്രശസ്‌തമാണ്. (ശ്രീരാമകാലടിസ്‌പർശം ഏറ്റതിനാലാണ് രാമശ്ശേരി എന്നപേര് വന്നത്). രാമശ്ശേരി ഇഡ്‌ഡലിക്ക് നൂറുവർഷത്തിലേറെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു. തുണിനെയ്‌ത്ത് തൊഴിലാക്കിയിരുന്ന തമിഴ്‌വംശത്തിൽപെട്ട മുതലിയാർ സമുദായക്കാരാണ് ഇത്തരം ഇഡ്‌ഡലി ഉണ്ടാക്കിയിരുന്നത്. തുണിനെയ്‌ത്ത് കുറഞ്ഞു വന്നതോടെയാണ് ഈ സമുദായക്കാർ ഇഡ്‌ഡലി ഉണ്ടാക്കി ഉപജീവനംകഴിച്ചുപോന്നത്. മുതലിയാർമാർ ഏറെപ്പേരും സിങ്കനെല്ലൂർ, പൊളളാച്ചി, കോയമ്പത്തൂർ എന്നിവിടങ്ങളിൽചെന്ന് താമസം തുടങ്ങി. ഇപ്പോൾ ഈ സമുദായത്തിലെ മൂന്നുകുടുംബക്കാർ മാത്രമേ ഇഡ്‌ഡലി ഉണ്ടാക്കുന്നുളളൂ. രാമശ്ശേരി കുശവൻമാരാണ് ഇതിനുളള മൺപാത്രങ്ങൾ ആദ്യമായി ഉണ്ടാക്കിയത്. ഇപ്പോഴും അവരുടെ പക്കൽനിന്നാണ് ഇത്തരം മൺപാത്രങ്ങൾ വാങ്ങിക്കുന്നത്. ആദ്യകാലത്ത് (ഏതാണ്ട് 30 മുൻപുവരെ) ചെമ്മാനക്കഴമ എന്ന അരി ഉപയോഗിച്ചാണ് രാമശ്ശേരി ഇഡ്‌ഡലി ഉണ്ടാക്കിയിരുന്നത്. അക്കാലത്ത് ഈ അരി സുലഭമായിരുന്നു. ഇപ്പോൾ പൊന്നി അരിയാണ് ഉപയോഗിക്കുന്നത്. ഇടങ്ങഴി അരിക്ക് മുക്കാൽനാഴി ഉഴുന്നും കുറച്ച് ഉലുവയുമാണ് ചേരുക. ആദ്യകാലത്ത് ഇത്തരം ഇഡ്‌ഡലി മൂന്നുനാലുദിവസം കേടുവരാതെ നിൽക്കും. ഇപ്പോൾ കൂടിയാൽ രണ്ടുദിവസം കേടുവരാതെ സൂക്ഷിക്കാൻ പറ്റും. ചട്‌ണിയും പൊടിയും ചേർത്താണ് ഭക്ഷിക്കുന്നത്.
പാചകരീതി ഃ ഇഡ്‌ഡലി പാചകംചെയ്യുമ്പോൾ ആൾ അടുത്തുതന്നെ ഇരിക്കണം. ഒരു ആവിയിൽ മൂന്ന് ഇഡ്‌ഡലിയാണ് പാചകം ചെയ്‌തെടുക്കുന്നത്. നൂറ് ഇഡ്‌ഡലി പാകംചെയ്യുന്നതിന് ഒരുമണിക്കൂർ സമയമെടുക്കും. പുളിവിറകാണ് ഇഡ്‌ഡലി പാചകംചെയ്യാൻ ഉപയോഗിക്കുന്നത്. മൺചട്ടിയിൽ വെളളംഒഴിച്ച് തിളയ്‌ക്കുമ്പോൾ വായോടിൽ കനമുളള നൂലോ വലയോ കെട്ടി അതിനുമേൽ തുണിവിരിച്ച് മാവൊഴിച്ച് പരത്തുന്നു. ഇത്തരത്തിലുളള മൂന്ന് വായോട്‌വയ്‌ക്കുന്നു. മണ്ണുകൊണ്ടുളള മറ്റൊരുപാത്രം കൊണ്ട് അടച്ചുവയ്‌ക്കുന്നു. മൂന്നുനാലുമിനിട്ടിനകം അടുപ്പിന്റെ താഴെ വെളളംവരും. പ്ലാശ്ശിന്റെ ഇലകൊണ്ടാണ് ഇഡ്‌ഡലി വാങ്ങിവയ്‌ക്കുന്നത്.
സമ്പാദനം ഃ ഭാഗ്യലക്ഷ്മി , പ്രമോദ്. കെ.
Generated from archived content: annam1_feb12_08.html Author: bhagyalakshmi