ശാലിയപ്പൊറാട്ട്‌

അത്യുത്തരകേരളത്തിൽ ശാലിയ സമുദായം നടത്തി വരാറുളള പ്രാചീനകലയാണ്‌ ശാലിയപ്പൊറാട്ട്‌. ഇന്നത്തെ ചിറക്കൽ മുതൽ വടക്ക്‌ മഞ്ചേശ്വരം വരെ നീണ്ടുകിടക്കുന്ന ശാലിയത്തെരുവുകളിൽ മാത്രമാണ്‌ ഈ പ്രാചീനകല അരങ്ങേറുന്നത്‌. (അധിവാസ കേന്ദ്രങ്ങളെ നഗരങ്ങളെന്നാണ്‌ വിളിച്ചുവന്നിരുന്നത്‌). പിൽക്കാലത്ത്‌ പ്രധാന നഗരങ്ങളായ നീലേശ്വരം, കാഞ്ഞങ്ങാട്‌, പീലിക്കോട്‌, കരിവെളളൂർ എന്നിവിടങ്ങളിലും ഗ്രാമപ്രദേശങ്ങളിലും ഇന്നും ഈ കലാരൂപം തനതു രൂപത്തിൽ അരങ്ങേറുന്നുണ്ട്‌. മേൽപ്പറഞ്ഞ നാലു നഗരങ്ങളിലെ ശാലിയച്ചെട്ടിയാൻമാർക്കായിരുന്നു പ്രാമാണികസ്‌ഥാനം. വർഷത്തിലൊരിക്കൽ കീഴുർ ശ്രീധർമ്മ ക്ഷേത്രത്തിൽ (മഞ്ചേശ്വരം) നാലു പ്രാമാണികരും ഒത്തു ചേരുന്നു.

നാട്ടുരാജാക്കൻമാരുടെ കാലത്ത്‌ ചേകോൻമാരുടെയും നായൻമാരുടെയും അടിയോടികളുടെയും സാന്നിധ്യം ഈ കലയ്‌ക്കുണ്ടായിട്ടുണ്ട്‌. അവർക്കുകൂടി രസിക്കാനായിട്ടായിരിക്കാം ശാലിയപ്പൊറാട്ട്‌ അവതരിപ്പിച്ചിരുന്നതെന്ന്‌ കരുതാം. ശ്രീ സോമേശ്വരിയായി അവതരിച്ച ‘തെരു’വുകളിലെ പരദേവതയ്‌ക്ക്‌ പൂരക്കാലത്തെ ആറാംനാൾ ദേവീപ്രീതിക്കുവേണ്ടി ക്ഷേത്രനടയിലോ ആൽത്തറയിലോ അവതരിപ്പിക്കുന്നു. അടിമുടി ആക്ഷേപഹാസ്യവും അശ്ലീലമായ സംഭാഷണങ്ങളും പാട്ടുകളുമാണുളളത്‌.

ശാലിയപൊറാട്ടിൽ കണ്ണുതട്ടാതിരിക്കാനായി അലാമി വേഷമാണ്‌ രംഗത്തെത്തുന്നത്‌. പിന്നീട്‌ ദേവിയുടെ രൂപാന്തരമായ ദൈവക്കോല സമാനമായ അട്ടകൊടംപോതി കെട്ടിയാടപ്പെടുന്നു. മറ്റു ദൈവക്കോലങ്ങളിൽനിന്ന്‌ വ്യത്യസ്‌തമാണ്‌ വേഷഭൂഷാദികൾ. മുരിക്കിന്റെ വാളും അരയിലും കാലിലും അട്ടകൊടം(നെയ്‌ചിങ്ങ)കൊണ്ടുണ്ടാക്കിയ ചിലങ്കയും. സമുദായത്തിന്റേ ദൈന്യത അവതരിപ്പിക്കുന്ന ശൈലി. തുടർന്ന്‌ നാട്ടുരാജാക്കൻമാരെ പ്രതിനിധീകരിക്കുന്ന വിധത്തിൽ (പയങ്ങൻമാരും ചേകോൻമാരും) ഇരുവിഭാഗങ്ങളും തമ്മിലുളള വാക്‌തർക്കവും തുടർന്ന്‌ പയറ്റും. ഒരു വിഭാഗം അടിയറവുപറഞ്ഞ്‌ തങ്ങളുടെ സമ്പാദ്യമെല്ലാം ഏല്‌പിച്ച്‌ തിരിച്ചുപോകുന്നു. ശാലിയപ്പൊറാട്ടിലെ പ്രധാനവേഷമായവ ശാലിയൻ എന്ന ‘അവകാശപ്പൊറാട്ടാ’ണ്‌ അടുത്തതായി രംഗത്തെത്തുന്നത്‌. സമുദായത്തിന്റെ സങ്കടങ്ങളും നാട്ടുവിശേഷങ്ങളും പുലമ്പി വേദിവിടും. അതിനുശേഷമേ മറ്റുപൊറാട്ടുവേഷങ്ങൾ രംഗത്തെത്താറുളളു. തുടർന്ന്‌ വേട്ടുവനും വേട്ടുവത്തിയും വേട്ടക്കിറങ്ങുന്നു. പിന്നീട്‌ സമൂഹത്തിലെ ഓരോ വിഭാഗത്തെയും പരിഹസിക്കുന്നു. ചെത്തുകാരൻ, മുസലിയാർ, വാണിയച്ചെക്കൻ, മണിയാണി എന്നിവർ പ്രധാനപ്പെട്ട വേഷങ്ങളാണ്‌. ശാലിയപ്പൊറാട്ട്‌ ഇപ്പോൾ മത്‌സരമായി മാറിയിട്ടുണ്ട്‌.

അട്ടകൊടം പോതി പറയുന്നത്‌ഃ

“പൂരം കുളിച്ചു മാടം കയറും മുമ്പേ എന്റെ അകമ്പടികളെ കണ്ട്‌ ബോധിപ്പിക്കാം

വലിയ അകമ്പടീ… കാരണവൻമാരേ…. ചാലിയച്ചെട്ട്യാൻമാരേ….

വന്നാൽവന്നപോലെ കണ്ടോളണേ ചക്കയെന്ന വണ്ണത്തിലും പോണ്ടി എന്ന പ്രകാരത്തിലും

എന്റെ കോലസ്വരൂപത്തെ ഞാൻ കാണിച്ചുതന്നിട്ടുണ്ട്‌. എടുക്കെന്റെ പഞ്ചവാദ്യം

നൂറ്റെടുത്തോളം നൂലും ബാക്കി പരുത്തിയും കൊണ്ട്‌ കഷ്‌ടപ്പെടുന്ന പൈതങ്ങളെ..

എന്റെ കുഞ്ഞികുട്ട്യോളേ…..പത്‌മശാലിയൻമാരേ…….പത്‌മച്ചെട്ട്യാൻമാരേ…………..

ഒരു ചാല്യയച്ചെക്കൻ നാലു കൈ മുണ്ടിന്‌

നാലെട്ട്‌ മുപ്പത്തിരണ്ട്‌ കൈയും വെച്ചുകൊണ്ട്‌ പോകുമ്പോൾ

ഇടവഴിക്ക്‌ന്ന്‌ പിടിച്ചുപറ്റി കീറിക്കളഞ്ഞു ആയതും ചങ്ങാതിയല്ലോ….

ഒരു കുശവൻ വാലിയക്കാരൻ നാലു പച്ചക്കലവും കൊണ്ടു പോകുമ്പോൾ

ഇടവഴിക്ക്‌ന്ന്‌ പിടിച്ചുപറ്റിച്ചവിട്ടിപ്പൊളിച്ച്‌ വളയം കഴുത്തിൽ കോർത്തുകെട്ടി പറഞ്ഞയച്ചു. ആയതും ചങ്ങാതിയല്ലോ….ഒരു വാണിയച്ചെക്കൻ നാനാഴി എണ്ണയും പച്ചപ്പുല്ലിൽ കെട്ടിക്കൊണ്ടു പോകുമ്പോൾ ഇടവഴിക്ക്‌ന്ന്‌ പിടിച്ചുകെട്ടി ചേതം വരുത്തിക്കളഞ്ഞു ആയതും ചങ്ങാതിയല്ലോ….ഒരു മൊയോ ചെറുക്കൻ (മുക്കുവച്ചെറുക്കൻ)നാലുപച്ചപ്പലരു കൊണ്ടുപോകുമ്പോൾ ഇടവഴിക്ക്‌ന്ന്‌ തട്ടിപ്പറിച്ച്‌ ചവച്ചുതുപ്പി തൂറിക്കളഞ്ഞു… ആയതും ചങ്ങാതിയല്ലോ.

പറഞ്ഞുതന്നത്‌ അഞ്ചാരവീട്ടിൽ ചാത്തു. പുതിയവീട്ടിൽ കുഞ്ഞികൃഷ്‌ണൻ. കരിവെളളൂർ രൈരു.

Generated from archived content: purattu_oct5.html Author: beklam_damodaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here