തെയ്യം മുഖത്തെഴുത്ത്‌ ശില്പശാല

കേരള ഫോക്‌ലോർ അക്കാദമി പാരമ്പര്യകലകളെ പ്രോത്‌സാഹിപ്പിക്കുന്നതിന്റെ ഭാഗമായി വിവിധ നാടൻ കലാരംഗങ്ങളിൽ ശില്പശാലകൾ സംഘടിപ്പിച്ചു വരികയാണ്‌. നാടൻ കലകളുടെ കലവറയായ കണ്ണൂരിൽ തെയ്യം മുഖത്തെഴുത്ത്‌ ശില്പശാല സംഘടിപ്പിച്ചുകൊണ്ട്‌ അതിന്‌ നാന്ദി കുറിച്ചു. നവംബർ 23 മുതൽ ഡിസംബർ 1 വരെ തീർത്‌ഥാടന കേന്ദ്രവും പ്രകൃതി മനോഹരവുമായ പറശ്ശിനിക്കാവിലായിരുന്നു ശില്പശാല. ശില്പശാലയിൽ 20 പഠിതാക്കളും വിദേശികളടക്കം 13 നിരീക്ഷകരുമുണ്ടായിരുന്നു. കലാമണ്‌ഡലത്തിൽ ഗവേഷണവിദ്യാർത്‌ഥിയായ ഇറ്റലിയിലെ മോണിക്ക ലിസി, ദില്ലി സർവ്വകലാശാലയിലെ സാമൂഹ്യശാസ്‌ത്ര ഗവേഷണവിദ്യാർത്‌ഥിയായ ജപ്പാനിലെ മയൂരി കോഗോ, മ്യൂണിക്കിലെ ഫോക്കസ്‌ വാരികയുടെ പ്രതിനിധിയായ തോത്തിയ എന്നിവരാണ്‌ നിരീക്ഷകർ. ശില്പശാലയുടെ ഡയറക്‌ടർ പ്രസിദ്ധ തെയ്യം കലാകാരനും കേരള ഫോക്‌ലോർ അക്കാദമി അംഗവുമായ വയലപ്ര കണ്ണപെരുവണ്ണാനാണ്‌. ശില്പശാല 9 ദിവസമായിരുന്നു. ലോകശ്രദ്ധ ആകർഷിച്ച കലാരൂപമാണ്‌ തെയ്യം. കോലത്തുനാടിന്റെ അനുഷ്‌ഠാനകല വിദഗ്‌ദ്ധന്‌മാരുടെ അഭാവം നിമിത്തം ക്ഷയിച്ചുവരികയാണ്‌. ഈ അവസ്‌ഥ തെയ്യം കലയുടെ നിലനിൽപ്പിനെത്തന്നെ ബാധിക്കും എന്ന തിരിച്ചറിവിന്റെ ഘട്ടത്തിലാണ്‌ ഇത്ര ശില്പശാല സംഘടിപ്പിച്ചത്‌. 9 ദിവസങ്ങളിലും പഠനക്കളരികൾക്ക്‌ പുറമേ അനുബന്ധകലകളിലെ വർണ്ണവിന്യാസങ്ങളെപ്പറ്റിയുളള സോദാഹരണക്ലാസ്സുകളും നാടൻകലാമേളവും ഉണ്ടായിരുന്നു. ശ്രീ.എം.വി. ഗോവിന്ദൻ മാസ്‌റ്റർ എം.എൽ.എ. ആണ്‌ ശില്പശാല ഉദ്‌ഘാടനം ചെയ്‌തത്‌. ഡോ. എം.വി. വിഷ്‌ണുനമ്പൂതിരി, കീഴറ ഒതേനപ്പെരുവണ്ണാൻ, എം.പി. കണ്ണൻ മുളടൻ എന്നിവർ ആശംസിച്ചു. സ്വാഗതസംഘം ചെയർമാൻ ടി.വി. ദാമോദരൻമാസ്‌റ്റർ സ്വാഗതവും കരുണാകരൻ പുതുശ്ശേരി നന്ദിയും പറഞ്ഞു.

തെയ്യം മുഖത്തെഴുത്തിനെപ്പറ്റി അതിയടം കണ്ണപ്പെരുവണ്ണാനും എം.വി. കുഞ്ഞിരാമനും വയലപ്ര കണ്ണപ്പെരുവണ്ണാനും കെ.പി. നമ്പിപ്പണിക്കരും സോദാഹരണ ക്ലാസുകൾ എടുത്തു. കഥകളിയിലെയും കൂടിയാട്ടത്തിലെയും വർണ്ണവിന്യാസത്തെപ്പറ്റി കേരള കലാമണ്‌ഡലത്തിലെ പ്രൊഫ. രാംമോഷനം സ്ലൈഡുകൾ പ്രദർശിപ്പിച്ച്‌ കെ.കെ. മാരാരും പ്രഭാഷണം നടത്തി. പടയണിയിലെ കോലമെഴുത്തിനെ അടിസ്‌ഥാനമാക്കി ഓതറ ഗോപാലകൃഷ്‌ണൻ ക്ലാസെടുത്തു. എല്ലാ ദിവസവും രാത്രി നാടൻ കലാമേളയുമുണ്ടായിരുന്നു. പൂരക്കളി, ചിമ്മാനക്കളി, നമ്പോലൻ പൊറാട്ട്‌, തോതാമൂരിയാട്ടം, കോൽക്കളി, ബപ്പിരിയൻ തെയ്യം, നിണഭലി, തച്ചോളി ഒതേനൻ തോറ്റം, പടയണി എന്നിവ അവതരിപ്പിച്ചു. തികച്ചും ശാസ്‌ത്രീയവും പരമ്പരാഗതവുമായ ശൈലിയിലാണ്‌ പഠനം. തെയ്യം കലയുമായി ഏതെങ്കിലും രീതിയിൽ അടുത്ത്‌ ബന്ധമുളളവരാണ്‌ പഠിതാക്കൾ. ഗുരു ആദ്യം കടലാസിലും ബോഡിലും വരഞ്ഞത്‌ നോക്കി വരപ്പിക്കുകയാണ്‌ ആദ്യപണി. പിന്നെ വരഞ്ഞതിന്‌ വർണ്ണം കൊടുക്കുന്നു. അടുത്തപടിയാണ്‌ പഠിതാക്കൾ പരസ്പരമുളള മുഖത്തെഴുത്ത്‌. കൊടും വെയിലത്താടിയാലും നനഞ്ഞാലും മാഞ്ഞുപോകാത്ത പ്രകൃതിദത്തചായങ്ങൾ, അതിന്റെ അതിമനോഹരവിന്യാസം, കേൻവാസിന്‌ പകരം മുഖം, ഇങ്ങനെ മണിക്കൂറുകളോളം ഇടതടവില്ലാത്ത വര-ഇതിൽ പൂർണ്ണത കൈവരിക്കാൻ വർഷങ്ങളോളം വേണ്ടിവരും. അതിലേക്കുളള പ്രവേശന കവാടമാണ്‌ ഈ ശില്പശാല.

ഓരോ തെയ്യത്തിന്റെയും മുഖത്തെഴുത്തിന്‌ പേരുണ്ട്‌. പുതിയ ഭഗവതിക്ക്‌ നാഗം താഴ്‌ത്തിയെഴുത്ത്‌, പുളളൂർ കാളിക്ക്‌ നരി കുറിച്ചെഴുത്ത്‌, തായിപ്പരദേവതക്ക്‌ ശംഖും വാളുമുളള പ്രാക്കെഴുത്ത്‌, വെളളാട്ടത്തിന്‌ തേപ്പും കുറി, ഗുളികന്‌ വട്ടക്കണ്ണുളള മുഖപ്പാള, വിഷ്‌ണുമൂർത്തിയുടെ മുഖത്തെഴുത്തിന്‌ തെക്കനെന്നും വടക്കനെന്നും രണ്ടുശൈലികളുണ്ട്‌. ചുണ്ടുവെച്ച എഴുത്താണ്‌ വടക്കൻ ശൈലി. സിംഹ വായ വെച്ച എഴുത്താണ്‌ തെക്കൻ ശൈലി. രക്തചാമുണ്‌ഡിക്ക്‌ മാൻ കണ്ണെഴുത്താണ്‌. മുഖത്തെഴുത്തു കൂടാതെ മെഴ്‌ക്കെഴുത്തുമുളള തെയ്യങ്ങളുണ്ട്‌. മുഖത്തെഴുത്ത്‌ തുടങ്ങുമ്പോൾ ആദ്യം കണ്ണ്‌ കുഴിക്കൽ (ദളനിർണ്ണയം), അടുത്തതായി മനയോല (മഞ്ഞച്ചായം) കൊണ്ട്‌ കളങ്ങൾ വരണ്ട്‌ ചായില്യം (ചുകപ്പ്‌) കൊണ്ട്‌ അതിനെ മുറിക്കുന്നു. തുടർന്ന്‌ പച്ച കൊണ്ട്‌ മുറിക്കുന്നു. (വെളള മനയോലയും നിലവും ചേർത്തിട്ടാണ്‌ പച്ചച്ചായമുണ്ടാക്കുന്നത്‌). കരിമഷി കൊണ്ടാണ്‌ കണ്ണെഴുത്ത്‌ മഷികൊണ്ട്‌ ബിന്ദുക്കളിടൽ, വീണ്ടും മനയോല കൊണ്ട്‌ ഭംഗിപ്പെടുത്തൽ – ഇങ്ങനെ അഞ്ചുമണിക്കൂറോളം നീണ്ടുനിൽക്കുന്ന ചിത്രകലാ പ്രക്രിയയാണ്‌ പ്രധാനതെയ്യങ്ങളുടെ മുഖത്തെഴുത്ത്‌, വർണ്ണങ്ങളെല്ലാം പ്രകൃതിദത്തമാണെന്നത്‌ സവിശേഷതയാണ്‌. പച്ച ഈർക്കിലിന്റെ ഒരു ഭാഗം ചെത്തിചതച്ച്‌ ഒരു ഭാഗം കൂർപ്പിച്ച്‌ വളച്ചാണ്‌ ബ്രഷുണ്ടാക്കുന്നത്‌. തെയ്യത്തിന്റെ രൂപത്തിനും ഭാവത്തിനും അനുസരിച്ച്‌ പുഷ്‌പദളം, ചേരവടി, പാതിപ്പൂവ്‌, എരിഞ്ഞിപ്പൂവ്‌, ചുളളിയില, അരയാൽക്കൊടി എന്നിങ്ങനെയുളള രൂപം വരക്കുന്നു.

ചെറുപ്പം മുതൽക്കുതന്നെ അണിയറയിൽ പ്രവർത്തിച്ചും മുഖത്തെഴുതിയും കോലം കെട്ടിയും തഴക്കവും വഴക്കവും വന്ന എട്ടംഗ ഗുരുസംഘത്തിന്റെ കീഴിലാണ്‌ ശിക്ഷണം. കെ. കുഞ്ഞിരാമൻപ്പെരുവണ്ണാൻ (കുഞ്ഞിമംഗലം), പി.കെ. കോരൻ (കണിച്ചാമൽ) കെ.വി. കുഞ്ഞമ്പു (പെരുങ്കോന്ന്‌) പി.പി. കുഞ്ഞിരാമപ്പെരുവണ്ണാൻ (ശ്രീസ്‌ഥ) കെ.പി. നമ്പിപ്പണിക്കർ (അരോളി) എം.വി. കുഞ്ഞിരാമൻപണിക്കർ (മുക്കുന്ന്‌) എം.വി. കൃഷ്‌ണൻപണിക്കർ (ഏഴോം) ടി.എം.കൃഷ്‌ണൻപണിക്കർ (കാങ്കോൽ) സമാപന സമ്മേളനത്തിൽ അക്കാദമി ചെയർമാൻ പ്രൊഫ.എം.വി. കണ്ണൻ അദ്ധ്യക്ഷം വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ ഇ.വി.രാധ ഉദ്‌ഘാടനവും ശില്‌പശാല അംഗങ്ങൾക്കുളള സർട്ടിഫിക്കറ്റും വിതരണം ചെയ്‌തു. കേരള സംഗീത നാടക അക്കാദമി സെക്രട്ടറി പി. അപ്പുക്കുട്ടൻ മാസ്‌റ്റർ, പി.എം. പവിത്രൻ മാസ്‌റ്റർ എന്നിവർ ആശംസിച്ചു. ബക്കളം ദാമോദരൻ സ്വാഗതവും പ്രൊഫ. ബി.മുഹമ്മദ്‌ അഹമ്മദ്‌ നന്ദിയും രേഖപ്പെടുത്തി. തുടർന്ന്‌ കടമ്മനിട്ട വാസുദേവൻപിളളയുടെ നേതൃത്വത്തിൽ പടയണി അരങ്ങേറി.

വിഷ്‌ണുനമ്പൂതിരിയുടെ ആശംസയിൽനിന്ന്‌ തെയ്യം മുഖത്തെഴുത്ത്‌ ക്ലാസിക്ക്‌ കലകളെക്കാൾ മെച്ചപ്പെട്ടതാണ്‌. കഥകളിയുടെ മുഖത്തെഴുത്ത്‌ തെയ്യം പോലുളള നാടൻകലകളിലെ മുഖത്തെഴുത്തിൽനിന്ന്‌ പ്രചോദനം ഉൾക്കൊണ്ടിട്ടുണ്ട്‌. കഥകളിയിൽ അതിന്റെ പുരാസങ്കല്പം നഷ്‌ടപ്പെട്ടുപോയി. കഥകളിയിൽ നാടൻ കലകളുടെ വർഗ്ഗീകരണം നടന്നിട്ടുണ്ട്‌. ഭദ്രകാളിപ്പാട്ട്‌, തെയ്യം എന്നിവ ഉദാഹരണങ്ങൾ. കഥാപാത്രത്തിന്റെ മാനസിക നിലയുടെ ഏറ്റവും വലിയ പ്രതിഫലനം മുഖമാണ്‌. അതുകൊണ്ടുതന്നെ കൂടുതൽ ശ്രദ്ധ വേണ്ടിവരുന്നു. മുഖത്തെഴുത്തിലെ ഓരോ വരകൾക്ക്‌ അതിന്റെതായ അർത്‌ഥതലങ്ങൾ ഉണ്ട്‌. അവ കണ്ടെത്തുന്നതിലൂടെ മാത്രമേ ചിത്രകലയുടെ ഗാംഭീര്യം പ്രകടമാവൂ. തെയ്യം മുഖത്തെഴുത്ത്‌ കളമെഴുത്തുമായി ബന്ധമുണ്ട്‌.

പ്രൊഫസർ രാംമോഹന്റെ സോദാഹരണ ക്ലാസിൽനിന്ന്‌ കഥകളി, കൂടിയാട്ടം – വർണ്ണവിന്യാസം രംഗകലകൾക്ക്‌ നാടൻ കലകളുടെ സ്വാധീനമുണ്ട്‌. തെയ്യം, കൂടിയാട്ടം, കൃഷ്‌ണനാട്ടം തുടങ്ങിയവയുടെ മുഖത്തേപ്പ്‌ നാട്യശാസ്‌ത്രത്തെയും പഴയകാല ചിത്രകലയേയും അവലംബിച്ചു കൊണ്ടായിരിക്കാം രൂപപ്പെടുത്തിയത്‌. തെയ്യങ്ങളുടെ മുഖത്തെഴുത്ത്‌ ശൈലി കഥകളിയിൽ ഏറ്റവും കൂടുതൽ പ്രതിഫലിച്ചിട്ടുണ്ട്‌. ഉദാഹരണം ഹനുമാന്റെ മുഖത്തെഴുത്ത്‌. ദേവാലയങ്ങളുടെയും രാജകൊട്ടാരങ്ങളുടെയും ചുവരുകൾ പ്രകൃതിയിൽ നിന്നുളള ചായങ്ങൾകൊണ്ട്‌ വരച്ചിരുന്ന ചിത്രങ്ങൾകൊണ്ട്‌ അലങ്കരിച്ചിരുന്നു. ഈ ചിത്രങ്ങൾ കലാരൂപങ്ങളിലെ കഥാപാത്രങ്ങളുടെ രൂപസംവിധാനത്തിന്‌ അടിസ്‌ഥാനമായി. ചിത്രകലയിലെന്നപോലെ മുഖത്തെഴുത്തിനും രേഖകൾക്ക്‌ വളരെ പ്രാധാന്യമുണ്ട്‌. ചിത്രങ്ങളും നിറങ്ങളും ലയത്തിന്‌ പ്രാധാന്യം കൊടുത്തപ്പോൾ മുഖത്തേപ്പ്‌ വൈരുദ്ധ്യത്തിന്നാണ്‌ ഊന്നൽ നൽകിയത്‌. സങ്കരവർണ്ണങ്ങളുടെ ഉപയോഗം മുഖത്തെഴുത്തിലില്ല. ചിത്രരചനയിൽ വിഷയത്തിന്റെ ആദർശാത്‌മകമായ ആ കഥാപാത്രത്തിന്റെ രൂപവുമായി എത്രമാത്രം അടുക്കാമോ അത്രയും ചെയ്യുന്നതാണ്‌ സാദൃശ്യം. പണ്ടുകാലത്ത്‌ എണ്ണവിളക്കും പന്തവും ചൂട്ടും സൃഷ്‌ടിക്കുന്ന വെളിച്ചത്തിൽ ഇളം നിറങ്ങൾക്ക്‌ സ്‌ഥാനമില്ലാത്തതിനാൽ പ്രകൃതിയിൽനിന്ന്‌ നിഷ്‌പ്രയാസം കിട്ടുന്ന വസ്‌തുക്കൾ ഉപയോഗിച്ച്‌ അരങ്ങും അണിയറയും ശബ്‌ദവും വെളിച്ചവുമൊക്കെ ഒരുക്കി. പരിഷ്‌ക്കാരമല്ല പരിരക്ഷയാണ്‌ ഇത്തരം കലകൾക്ക്‌ ആവശ്യം. പഴയതിനെ പുതുക്കുന്നതിനേക്കാൾ പുതിയത്‌ സൃഷ്‌ടിക്കുകയാണ്‌ ഉത്തമം.

Generated from archived content: nattarivu_dec18.html Author: beklam_damodaran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English