ശക്തിഃ പ്രാചീന മാപ്പിളപ്പാട്ടുകളിൽ

പ്രശസ്‌തമാപ്പിളപ്പാട്ടുകൾ മിക്കതും വീരകഥാഗാനങ്ങളാണ്‌. ധർമ്മാധർമ്മങ്ങളുടെ ഏറ്റുമുട്ടലെന്നോ പൈശാചികശക്‌തിക്കുമേൽ ഈശ്വര ചൈതന്യവിജയമെന്നോ വിവക്ഷിക്കാവുന്ന ബദർയുദ്ധചരിത്രം പോലും, വീരശൂരകഥയായി അവതരിപ്പിക്കുകയാണു മാപ്പിള കവികൾ ചെയ്തത്‌.

“ആനെ പോതസദുൽ ഇലാഹ്‌ അരി

ഹംസ ചാടി അടുത്തുടൻ

അരെടാ ശുജഅത്തുരത്തെമൈ

ഹൗളിൽ നിണ്ട്‌ കുടിപ്പവൻ….”

നേർക്കുനേരെ ചാടി അടുത്തുനടത്തുന്ന ഈ പോർവിളി മഹാകവി മോയിൻകുട്ടി വൈദ്യരുടെ രചനയിലാണെങ്കിൽ-ഇതേ കഥ, ഇതേ രംഗം മറ്റൊരു കവി (കെ.സി.മുഹമ്മത്‌കുട്ടിമുല്ല) വർണ്ണിച്ചതിങ്ങനെ,

“വമ്പുറ്റ ഹംസ റളീയളളാ ചാടി-

എമ്പി അസ്‌വതിൽ മാറെടാ

വളളൽ നെബി മഹമൂതർ ഹൗളീന്ന്‌

വെളളം കുടിക്കുന്നോനാരെടാ…..”

ഇസ്‌ലാം ചരിത്രകഥകളിൽ മാത്രം ഈ പ്രവണത ഒതുങ്ങിയില്ല. ഇന്ത്യൻ സ്വാതന്ത്ര്യസമരത്തേയും ഖിലാഫത്ത്‌ പ്രസ്‌ഥാനത്തേയും കേരള ചരിത്രത്തേയുമെല്ലാം വീരകഥകളെന്ന വീക്ഷണകോണിലൂടെ കാണാനാണു-കാണിക്കാനാണു മാപ്ലിളകവികൾ തുനിഞ്ഞത്‌. അത്തരമൊരു ആസ്വാദനസ്വഭാവം ഇവിടെ നിലവിലുണ്ടാവണം എന്നു കരുതാം. ആസ്വാദനം തന്നെയല്ല ഒരു തരം ആരാധനയും ഇത്തരം കൃതികളിൽ നേരെ ഉയിരെടുത്തതും യാഥാർത്ഥ്യം. ഈ അവസ്ഥയാണല്ലോ നമ്മുടെ വടക്കൻപാട്ടുകളും സൃഷ്‌ടിച്ചെടുത്തത്‌. വാമൊഴിയായിരുന്നിട്ടും പ്രചുരപ്രചാരം നേടിയ വടക്കൻവീരഗാനങ്ങൾ മാപ്പിളകവികൾക്ക്‌ മാർഗ്ഗദർശനമേകിയിരിക്കാം.

ബദർ, ഉഹദ്‌, ഖന്തക്‌ ആദിയായ-ഇസ്‌ലാം ചരിത്രവുമായി ബന്ധപ്പെട്ട-യുദ്ധകഥകൾക്കു പുറമെ ആദ്യമതാനുയായികളിലെ പ്രമുഖരിൽ ചിലരുടെ മുൻകാല സ്വകാര്യജീവിതത്തിലുണ്ടായതായി പറയപ്പെടുന്ന സംഭവങ്ങളിൽ ചിലതും വീരകഥാപാട്ടുകളാക്കി മാപ്പിളകവികൾ. കൊച്ചി മട്ടാഞ്ചേരിയിൽ എം.പരീക്കുട്ടി എന്നിവർ രചിച്ച ഉമർകിസ്സപ്പാട്ടിലെ ചിലവരികൾ താഴെഃ

“ആയതല്ലെങ്കിൽ നീ തെറ്റിടുമോ

ആണിൽ ഒരുത്തൻ സഹിച്ചിടുമോ

ഞായ(ന്യായം)ത്തിന്‌ ഈ വേളി മോഹിക്കാമോ

ഞാനൊന്ന്‌ കാണട്ടെ നീ വാഴുമോ……?”

‘തനിക്ക്‌ വിവാഹനിശ്ചയം കഴിച്ചിരുന്ന പെണ്ണിനെ മറ്റൊരുത്തത്‌ വിവാഹം കഴിച്ചു കൊടുക്കുന്നെന്നറിഞ്ഞു കോപാകുലനായ പ്രേമധീരൻ പ്രതിശ്രുതവധുവിനു എത്തിക്കുന്ന രഹസ്യസന്ദേശത്തിലെ വാചകം.’

സത്യം, ദയ, ധർമ്മം ഇത്യാദി സനാതനതത്വങ്ങൾക്കു മുഴുവൻ തൂക്കമുളള-ഇസ്‌ലാംചര്യ ഏറെ പാലിച്ച-പ്രവാചകനോടേറ്റം അടുത്ത അനുയായി വൃന്ദത്തിലും പക്ഷെ ചില ധീരവീരരെ കണ്ടെത്തുക മാപ്പിളകവികൾക്ക്‌ അനായാസമായിരുന്നു. വിശിഷ്‌ടശിഷ്യരും പ്രവാചകനുശേഷം ഭരണം നയിക്കാൻ നിയുക്തരായ ഖലീഫമാരിൽപെട്ടവരുമായ ഹസ്രത്ത്‌ അലി (റഃഅ) ഹസ്രത്ത്‌ ഉമർ (റഃഅ) എന്നിവരെക്കുറിച്ചുളള രചനകൾ എണ്ണിയാലൊടുങ്ങില്ല.

‘പക്ഷിപ്പാട്ട്‌’ എന്നറിയപ്പെടുന്ന ‘അക്‌ബർ സദക്കപ്പാട്ട്‌’, ഹസ്രത്ത്‌ അലി (റഃഅ)യുടെ കായികശേഷി അമാനുഷതലത്തിലെത്തിക്കുംവിധം വർണ്ണിച്ച കൃതിയാണ്‌.

‘ദുൽഫുകാർ’ എന്നതന്റെ വാളുമേന്തി ‘ദുൽദുൽ’ എന്ന തന്റെ കുതിരപ്പുറമേറിവരുന്ന ഹസ്രത്ത്‌ അലി (റഃഅ)യെ വാഴ്‌ത്തുന്ന ബഹുഭാഷാ സമ്മിശ്രമായി രചിച്ചിരിക്കുന്ന ഒരു പ്രാചീനഗാനം അജ്ഞാതനാമാവിന്റെ രചനയാണെന്നും തന്നെയല്ല തീർത്തും നാടോടിപ്പാട്ടായി വാമൊഴിവഴിയായി സിദ്ധിച്ചതുമാകുന്നു. ഗാനം ഇങ്ങനെഃ

“ദുൽദുൽ ഏറി വരും

ദുൽഫുകാർ ഉടയവർ ഇറൈ അരിശലിപുലി

ദുൽദുൽ ഏറി വരും

ദുൽഹമേശ മുഹമ്മത്‌ നെബിയേ

കൂർന്ത്‌ മരുമകവാകിനെ സെഫിയേ

ഛൽഛലോതിയ തുകതാർ അബിയേ

ജന്നത്തുൽ ഫിറ്‌ദൗസ്‌ കണ്ണാലും തോണ്ടി മറൈ

ചീട്ട്‌ തന്തരുളം

ദുൽഫുകാർ ഉടയവർ ഇറൈഅരിശലിപുലി

ദുൽദുൽ ഏറിവരും………”

Generated from archived content: pattu_mar5.html Author: becker_edakayur

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here