ആധുനികചികിത്സാ സൗകര്യങ്ങൾ ലഭ്യമല്ലാതിരുന്ന -ഏകദേശം അമ്പതുകൊല്ലം മുമ്പുവരെ മാരക വസൂരിരോഗത്തെ ഉപരോധിക്കാൻ ശക്തമെന്ന് മലബാറിലെ മാപ്പിളമാരിലൊരു വലിയ വിഭാഗം റിഫാ ഈ റാത്തീബ് എന്ന കുത്ത് റാത്തീബിനെ വിശ്വസിച്ചിരുന്നു. ആയുധങ്ങളെടുത്തു സ്വശരീരത്തിൽ മുറിവേല്പിക്കുന്ന ‘കുത്ത് റാത്തീബി’ന്റെ പശ്ചാത്തലവാദനം അറബനമുട്ടായിരുന്നു. കുത്ത് റാത്തീബ് ഇന്ന് ഏറെ അസ്തമിച്ചുവെങ്കിലും അറബന എന്ന മുട്ടുവാദ്യം പക്ഷേ, ക്ഷയിച്ചില്ല. ‘കളിമുട്ട്’ എന്ന കലാരൂപപ്രകടത്തിലൂടെ അറബനയ്‌ക്ക് പുനർജൻമം കിട്ടിയിരിക്കുന്നു.
യൂവജനോത്സവത്തിൽ ഒരിനമായി ഉൾപ്പെട്ടതിനാൽ അറബന (കളി) മുട്ടെന്ന കലാരൂപത്തെ കൂടുതൽ കൂടുതൽ അറിയാനും അഭ്യസിക്കാനും അവസരമൊരുങ്ങുകയും ചെയ്‌തു. ശക്‌തമായ അസ്തിവാരത്തിലെ വമ്പൻ കോട്ടകൊത്തളവും പണിയാൻ ഒക്കൂ എന്നപോലെ ‘ശരിയായ’ ഉപകരണത്തിലെ ‘ശരിയായ’കലാപ്രകടനവും സാദ്ധ്യമാകൂ. അറബനമുട്ട് എന്ന കലാരൂപത്തെ കേട്ടിട്ടും കണ്ടിട്ടും ഉണ്ടെങ്കിലും അറബന എന്ന വാദ്യം എന്തെന്നും അതിന്റെ നിർമ്മാണം എങ്ങിനെയെന്നും അറിയുന്നവർ ചുരുങ്ങും. അഞ്ചു തടിക്കഷണങ്ങൾ വൃത്തമാക്കിച്ചേർത്ത് ഒരു ഭാഗം തോൽ (തുകൽ)കൊണ്ടു മാടി (പൊതിഞ്ഞ്) വശങ്ങളിലെ തുളകളിൽ ‘ചിലമ്പ്’ പിടിപ്പിച്ചതാണ് അറബന.
അഹ്‌മദുൽ കബീർ റിഫാ ഈ എന്ന സൂഫി വര്യന്റെ അപദാനങ്ങൾ വാഴ്‌ത്തുന്ന അറബിഗീതങ്ങളായ ‘കുത്ത് റാത്തീബി’ൽ ആച്ചൽമുട്ട്, അഞ്ചുമുട്ട്, കോരിമുട്ട് ഇത്യാദി മുട്ടുകളാണ്. അഭ്യസനം പ്രയാസമെങ്കിലും പരിശീലനം പൂർത്തീകരിച്ചവർക്ക് എളുപ്പമായ ഈ മുട്ടുകൾക്ക് ഉപയോഗപ്പെടുത്തിയിരുന്ന ഈ അറബനകൾ ‘ഒരേ വലിപ്പം എന്ന കണിശം’ പാലിച്ചിരുന്നില്ല, പാലിക്കേണ്ട ആവശ്യവുമില്ല.
എന്നാൽ ‘അഷ്‌ടധ്വനി’ താളക്രമത്തിലധിഷ്‌ഠിതവും ഒരുവേദിയിൽ അവതരിപ്പിക്കുന്നതുമായ അറബനകളിമുട്ടെന്ന കലാരൂപത്തിനുപയോഗിക്കുന്നത് ഒരേ വലിപ്പമുളള അറബനകളാണ്, ആയിരിക്കണം. ദൃഢതയ്‌ക്കൊപ്പം കൂടുതൽ നാദം കിട്ടുന്നതുമായ മരത്തടികളാണ് അറബന‘കുറ്റി’ പണിയാനുപയോഗിക്കുക. ഈഴച്ചെമ്പകത്തിന്റെ വേര്. തടിയാണേറ്റവും നല്ലത്. അയ്‌നി, പിലാവ് എന്നിവയുടെ വേര്. തടികൊണ്ടും അറബന ഉണ്ടാക്കാം. മേൽപറഞ്ഞ മരത്തടിയിൽനിന്ന് പതിനെട്ട് സെന്റിമീറ്റർ നീളത്തിൽ ആറര സെന്റിമീറ്റർ വീതിയിൽ ഒന്നരസെന്റിമീറ്റർ കനത്തിൽ അഞ്ചുകഷണങ്ങൾ ‘വട്ടം കൂട്ടാ’വുന്ന (വൃത്തമാക്കി ചേർക്കാവുന്ന) ആകൃതിയിൽ ചെത്തി എടുക്കണം.
വൃത്തമാക്കുന്ന ‘ചേർപ്പ്’ (ജോയന്റ്) മരാശാരിയുടെ യുക്തിക്കനുസൃതമെങ്കിലും സാധാരണ കണ്ടുവരുന്നതിങ്ങനെയാണ്. വട്ടം കൂട്ടുന്നതിന് മുമ്പ് ഓരോ ഖണ്ഡത്തിന്റെ നടുവിലും ‘ചിലമ്പ്’ ഇടാൻ ആറ് സെന്റിമീറ്റർ നീളം ഒന്നര സെന്റിമീറ്റർ വീതിയിൽ ചതുരത്തിലുളള ‘തുള’ ഉണ്ടാക്കിയിരിക്കണം. വട്ടം കൂട്ടി&വൃത്തമാക്കി ചേർത്ത ‘കുറ്റി’ക്ക് അധികബലത്തിന് ചുറ്റും ഒന്നോ ഒന്നരയോ സെന്റിമീറ്റർ വീതിയുളള ‘പിത്തളവാർ’ കൊണ്ട് -ബെൽട്ട് പോലെ-വലിച്ചു മുറുക്കി ആണിവച്ചുറപ്പിക്കണം.
ഇനി പിത്തള കെട്ടിയതിന്നെതിർഭാഗത്ത് തോൽമാടണം. ചെറിയ കന്നുകുട്ടിയുടെയോ ആടിന്റെയോ തോൽ ആണ് മാടാൻ ഉപയോഗിക്കുക. കനം കൂടുതലായിരിക്കുമെന്നതിനാൽ മറ്റ് തുകലുകൾ എടുക്കാറില്ല (കനം കൂടിയാൽ നാദം കിട്ടുകയില്ല).
ആട്ടിൻതോൽ നല്ല നാദമുയർത്തും. എങ്കിലും രണ്ടോ മൂന്നോ അറബന മാടാനേ ഒരുതോൽ തികയൂ. ആട്ടിൻതോൽകൊണ്ട് മാടിയത്ര നാദം കിട്ടുകയില്ലെങ്കിലും മൂരിക്കുട്ടിയുടെ ഒരു തോൽകൊണ്ട് നാലോ അഞ്ചോ അറബനമാടാം. തോൽ നന്നായി വലിച്ചുനീട്ടിയിട്ട് ഉണക്കിയെടുക്കണം. ചെറിയൊരു മുളക്കഷണം ഒരു കത്തിപോലെ ഉപയോഗിച്ച് തോലിലുളള രോമങ്ങൾ വടിച്ചുകളയണം. പിന്നീട് തോൽ വെളളത്തിലിട്ട് കുതിർത്ത് അറബനകൾ മാടാൻ വേണ്ട വലിപ്പത്തിൽ കഷണം മുറിച്ചെടുക്കണം. ‘പനച്ചിക്കായ്’ പശകൊണ്ടാണ് അറബന മാടുക. കുറേ നേരം കൈകാര്യം ചെയ്‌ത അറബന വലിവ് നഷ്‌ടപ്പെട്ട് നല്ല നാദം പുറപ്പെടുവിക്കാതാകും. അപ്പോൾ തീയ്‌ക്കരികെ പിടിച്ച് ചൂടേല്പിച്ച് വലിവ് ആക്കണം. ഈ വലിവും തളർച്ചയുമൊന്നും ഏശാതെ-ഒട്ടിച്ചയിടം വ്യതിചലിക്കാതെ -ഇരിക്കാനേറ്റം നല്ലതാണ് പനച്ചിക്കായ് പശ.
ഒരു പാഴ്‌മരമായി ചിലയിടങ്ങളിൽ വളരുന്നതാണ് പനച്ചിമരം. ആ മരത്തിലെ ‘പച്ചത്തക്കാളി’പോലൊത്ത കായ് പറിച്ചെടുത്ത് കൂർത്തതെന്തെങ്കിലും തൊണ്ടു കുത്തിത്തുളച്ച് പശ പുറത്തു ചാടിക്കാം. അറബനക്കുറ്റിയുടെ പുറഭാഗത്ത് പനച്ചിപ്പശ തേച്ച് അതിൻമേൽ തുകൽ ചേർത്ത് ഒട്ടിക്കുന്നു. ഈ ഒട്ടിക്കൽ നന്നായിരിക്കാനും ഒപ്പം തുകൽ നന്നായി വലിഞ്ഞ് ഒട്ടിയിരിക്കാനും ‘വട്ട്’ ഇറക്കണം. പുതുതായി ഒട്ടിച്ച തോലിന്നുമീതെ നാലോഅഞ്ചോ വരിയാൽ കയർ കൊണ്ടു വരിഞ്ഞു മുറുക്കുന്നതിനെയാണ് വട്ട് ഇറക്കുക എന്ന് പറയുന്നത്. വട്ടിറക്കി നാലുദിവസത്തോളം കെട്ടിത്തൂക്കിയിടുകയോ ഒരിടത്തു വയ്‌ക്കുകയോ ചെയ്യുന്നു. അത്രയും ദിവസംകൊണ്ട് മാടിയത് (ഒട്ടിച്ചത്) നന്നായി ഉണങ്ങിക്കഴിയും. അതോടെ വട്ട് അഴിച്ചുമാറ്റുകയും ചെയ്യാം.
ഇനി ചിലമ്പ്. പിത്തള അടിച്ചുപരത്തി തകിടാക്കിയതിൽ നിന്ന് ഏകദേശം പതിനെട്ട് സെന്റിമീറ്റർ വട്ടത്തിൽ മുറിച്ചെടുത്ത് നടുവിൽ ഒരു ചെറിയ ദ്വാരവും ഉണ്ടാക്കണം. ഇത്തരം രണ്ടെണ്ണം വീതം ചിലമ്പിനുളള തുളകളിൽ ഒരു ഇരുമ്പ് കമ്പിയിലൂടെ പിടിപ്പിച്ചിടണം. അറബനമുട്ടുമ്പോൾ, മുട്ടിന്റെ ‘ഗതിശക്തി’ക്കനുസരിച്ച് ഈ ചിലമ്പുകൾ കൂട്ടിയടിച്ചു ത്സിൽത്സിൽ നാദം പുറപ്പെടീക്കും. ഇത്രയുമായാൽ അറബനയായി. ഇതൊരുതരം പ്രയാസം‘ എന്നുളളവർ ആകൃതിയിൽ സാമ്യംതോന്നുന്നതെന്തെങ്കിലുമോ അഥവാ പാട്ടത്തകിട് ഗഞ്ചിറയോ അറബനയാക്കി ഉപയോഗിച്ച് മഹത്തായ ഒരു സുവർണ്ണകലയേയും പ്രാചീനമായൊരു രാജധ്വനിവാദ്യത്തേയും അവഹേളിക്കാതിരുന്നാൽ മതി.
Generated from archived content: kaivela_dec3.html Author: becker_edakayur
Click this button or press Ctrl+G to toggle between Malayalam and English