പുത്തൻ വീട്ടുകാർ

മലബാറിലെ മുസ്ലീങ്ങൾക്കിടയിൽ വ്യത്യസ്‌തമായ വിശ്വാസങ്ങളും ആചാരങ്ങളും നിലനിർത്തുന്ന പ്രത്യേകമായ വിഭാഗമാണ്‌ ‘പുത്തൻ വീട്ടുകാർ’. ഈ നൂറ്റാണ്ടിന്റെ തുടക്കത്തിൽ കോഴിക്കോട്‌ ജില്ലയിലെ കൊടുവളളിക്കടുത്ത്‌ കിഴക്കോത്ത്‌ ഗ്രാമത്തിൽ ഒരു സാത്വികനായ സാധുവൃദ്ധൻ ജീവിച്ചിരുന്നുവത്രെ. മഹാജ്ഞാനിയായിരുന്നു, അദ്ദേഹം. സാധാരണക്കാരുടെ ആശ്രിതനായി അദ്ദേഹം മാറിയതെപ്പോഴാണ്‌ എന്ന്‌ കൃത്യമായി ഇന്നാർക്കും അറിയില്ല. ഉപദേശങ്ങളും, നിർദ്ദേശങ്ങളും രോഗശാന്തിയും തേടി നാനാഭാഗത്തുനിന്നും വിവിധ മതസ്‌ഥർ അദ്ദേഹത്തെ തേടിവന്നു. ദൂരെ വയനാടൻ മലയോരങ്ങളിൽ നിന്നുമൊക്കെ ആളുകൾ വന്നിരുന്നു. തങ്ങളുടെ പ്രശ്‌നപരിഹാരങ്ങൾക്ക്‌ പകരമായി സിദ്ധന്‌ പണവും കാഴ്‌ചദ്രവ്യങ്ങളും വിശിഷ്‌ടവസ്‌തുക്കളും നല്‌കിയിരുന്നെങ്കിലും ആ വൃദ്ധൻ അതൊന്നും കാര്യമാക്കിയിരുന്നില്ല പോലും. ഇതൊന്നും ശ്രദ്ധിക്കാതെ, സിദ്ധൻ തന്നെത്തേടി വന്നവർക്കെല്ലാം സ്നേഹവും ആശ്വാസവും പകർന്നു നല്‌കി. പരസ്പരസ്നേഹത്തിന്റെയും വിശ്വാസത്തിന്റെയും മന്ത്രമായിരുന്നു ആ മനുഷ്യൻ ഉപദേശിച്ചത്‌. (സൂഫി പാരമ്പര്യത്തിന്റെ സവിശേഷതകളിലൊന്നായിരുന്നല്ലോ, പരസ്പരസ്നേഹത്തിന്റെ സാക്ഷാത്‌ക്കാരം).

ഈ ജ്ഞാനിയായ വൃദ്ധനും കുടുംബവും ആശ്രിതരും പിന്നീട്‌ എപ്പോൾ മുതലാണ്‌ ‘പുത്തൻ വീട്ടുകാർ’ എന്ന പേരിലറിയപ്പെട്ടു തുടങ്ങിയതെന്ന്‌ ആർക്കും നിശ്ചയമില്ല. ഒരു കഥയാണ്‌ ഇതിന്‌ അല്പമെങ്കിലും വെളിച്ചം തരുന്നത്‌. ഇത്‌ ഇങ്ങനെയാണ്‌ ഃ “ഈ ജ്ഞാനിയുടെ പേരും പെരുമയും നാടുമുഴുക്കെ നിറഞ്ഞുനില്‌ക്കുന്ന കാലത്ത്‌ അദ്ദേഹത്തിന്റെ പുതിയാപ്ലയായി വന്ന കോഴിക്കോട്ടുകാരനായ ചെറുപ്പക്കാരൻ പതുക്കെപ്പതുക്കെ നേതൃത്വത്തിലെത്തി. പുത്തൻവീട്ടുകാർ എന്ന ഒരു പ്രത്യേകവിഭാഗത്തെ വളർത്തിയെടുത്തത്‌ പിന്നീട്‌ ‘വല്യക്കാക്ക’ എന്ന്‌ ബഹുമാനത്തോടെ ആശ്രിതർ വിളിച്ചിരുന്ന ഈ പുതിയാപ്പിളയായിരുന്നു. ജ്ഞാനിയുടെ കാലശേഷം അദ്ദേഹത്തിന്റെ അത്‌ഭുതസിദ്ധികൾ ‘വല്യക്കാക്ക’യ്‌ക്ക്‌ പൈതൃകമായി ലഭിച്ചു എന്നാണ്‌ പറയപ്പെടുന്നത്‌. വൃദ്ധന്റെ ഖബർ മഖ്‌ബറയായി കെട്ടിപ്പൊക്കുകയും, ലോകമുസ്ലീംകൾക്ക്‌ ‘കഅബ’പോലെ, പുത്തൻവീട്ടുകാർക്ക്‌ പ്രധാന റൗള സ്‌ഥാപിക്കുകയും ചെയ്‌തത്‌ വല്യക്കാക്കയുടെ കാലത്താണത്രെ.

ഇങ്ങനെ ഒരു വ്യക്തിയെ ‘ഇമാ’മായി (നേതാവ്‌) കാണുന്നത്‌, അയാളുടെ ഉപദേശങ്ങൾക്ക്‌ ഖുർക്കുനിക നിർദ്ദേശങ്ങളെക്കാൾ പ്രാധാന്യം കൈവന്നത്‌ ഇസ്ലാമിലെ യഥാസ്‌ഥിതികരായ സുന്നികളോ പുരോഗമനവാദികളായ മുജംഹ്‌ദ്‌-ജമാഅത്ത്‌ വിഭാഗങ്ങളോ അംഗീകരിക്കുന്നില്ല. അതുകൊണ്ടുതന്നെ ക്രമേണ പുത്തൻവീട്ടുകാർ ഭൂരിപക്ഷക്കാരായ സുന്നികളിൽനിന്നും മറ്റും അന്യവൽക്കരിക്കപ്പെട്ടു തുടങ്ങി. കടക്കാർ സാധനങ്ങൾ കൊടുക്കാതായി. കച്ചവടക്കാരായ പുത്തൻവീട്ടുകാരുടെ കടയിൽനിന്ന്‌ സാധനങ്ങൾ വാങ്ങാതെയുമായി. ഒരു തീപ്പെട്ടിക്കമ്പിനുവേണ്ടി പോലും കരുവച്ചൊയിൽ വരെ നടന്നു പോയത്‌ വെറും കഥയല്ല. ഇത്തരം ക്രൂരതകൾ പുത്തൻവീട്ടുകാരെ കൂടുതൽ സംഘടിക്കുന്നതിന്‌ പ്രേരിപ്പിക്കുകയാണ്‌ ചെയ്‌തത്‌.

പുത്തൻവീട്ടുകാരുടെ നെടുംതൂണായിരുന്ന വല്യക്കാക്കയുടെ മരണം സൃഷ്‌ടിച്ച ശൂന്യത്തിൽനിന്നും ഇന്നും പ്രസ്‌ഥാനം കരകയറിയിട്ടില്ല. ശക്തമായ നേതൃത്വത്തിന്റെ അഭാവം ഇന്ന്‌ പ്രസ്‌ഥാനത്തിന്‌ ഒരു പ്രശ്‌നം തന്നെ. കോഴിക്കോട്‌ ജില്ലയിലെ കിഴക്കോത്ത്‌, കാന്തപുരം, പന്നിക്കോട്ടൂർ, മലപ്പുറം ജില്ലയിലെ കിഴിശ്ശേരി, പുത്തനത്താണി, വയനാട്‌ ജില്ലയിലെ വാളാൽ, പുത്തൻകുന്ന്‌ എന്നീ സ്‌ഥലങ്ങളിലാണ്‌ ഇന്ന്‌ ഈ സമൂഹത്തിന്‌ അല്പമെങ്കിലും വേരുകളുളളത്‌. നാശോന്‌മുഖമായിക്കൊണ്ടിരിക്കുന്ന ഈ വിഭാഗത്തെ സാമൂഹ്യശാസ്‌ത്രജ്ഞരും ചരിത്രകാരൻമാരും ശ്രദ്ധിച്ചു കണ്ടതായി ഓർക്കുന്നില്ല. ഇതേ നില തുടർന്നാൽ ചുരുങ്ങിയ പൈതൃകം മാത്രമുളള പുത്തൻവീട്ട്‌ സംസ്‌ക്കാരം അന്യമാകുമെന്നതിൽ സംശയമില്ല. പുത്തൻവീട്ടുകാരുടെ ചില പുരാണങ്ങളും വിശ്വാസങ്ങളും ആചാരങ്ങളും നമുക്ക്‌ പരിശോധിക്കാം.

വല്യാപ്പിച്ചിയുടെ കറാമത്ത്‌ ഃ സുന്നികളായ മുസ്ലീംകൾ ‘പുത്തൻവീട്ടിലെ വ്യാപ്പിച്ചി’ എന്ന പേരിൽ ഇവരുടെ നായകനെ കളിയാക്കാറുണ്ട്‌. നാട്ടിൽ പറഞ്ഞുവരുന്ന ഒരു പഴങ്കഥ ഇങ്ങനെയാണ്‌ ഃ വല്യാപ്പിച്ചിയുടെ ആണ്ട്‌ ദിവസം (ചരമവാർഷികം) ഒരു വലിയ ചരക്ക്‌ (ഓടിന്റെ വലിയ പാത്രം) നിറയെ കോഴീക്കറി പാകം ചെയ്‌ത്‌ പുത്തൻവീട്ടിലെ മൂന്നാം നിലയിൽ സൂക്ഷിച്ചുവത്രെ…. ആണ്ടു ദിവസം ആളുകൾ അധികമാവുകയും കറി തികയാതെ വരികയും ചെയ്‌തു. പരിഭ്രാന്തരായ പാചകക്കാർ അന്നത്തെ ഇമാമിനെ കണ്ട്‌ കാര്യം പറഞ്ഞു. യാതൊരു പ്രശ്‌നവുമില്ലാതെ ഇമാം രണ്ട്‌ ദിക്‌റ്‌ ചൊല്ലുകയും, കാര്യസ്‌ഥനെ വിളിച്ച്‌, ‘കറിയൊക്കെ ഇഷ്‌ടം പോലെയുണ്ടാവും, മുകളിൽ കയറി നോക്ക്‌’ എന്ന്‌ പറഞ്ഞുവത്രെ…. വല്യാപ്പിച്ചിയുടെ കറാമത്തിൽ വിസ്‌മയിച്ച വിശ്വാസികൾ ‘വല്യാപ്പിച്ചി അക്‌ബർ’ എന്ന്‌ വിളിച്ചുവത്രെ.

കല്ല്യാണം ഃ പുത്തൻവീട്ടുകാർ അവരിൽപ്പെട്ട കുടുംബങ്ങൾ തമ്മിൽ മാത്രമെ വിവാഹബന്ധത്തിലേർപ്പെടുകയുളളൂ. കാര്യങ്ങൾ പറയുന്നതും, ഉറപ്പിക്കുന്നതും (കല്യാണനിശ്ചയം) എല്ലാം പണ്ട്‌ പുത്തൻവീട്ടിൽ നിന്നായിരുന്നു. ‘എനിക്കൊരു മോളുണ്ട്‌’…. ‘എന്റെ പാത്തുമ്മക്കൊരു പുയ്യപ്‌ളനെ ക്‌ട്ടണം’…. ‘എന്റെ അയമത്‌ന്‌ ഒരു പെണ്ണ്‌നെ ക്‌ട്ടണം’…. എന്നൊക്കെ പുത്തൻവീട്ടിൽ പോയി ഭവ്യതയോടെ ഉണർത്തിക്കുന്ന രക്ഷിതാക്കളുടെ ചിത്രം പഴയ ജന്‌മി, കുടിയാൻ ബന്ധത്തെ ഓർമിപ്പിക്കുന്നു. എന്നാൽ ഇന്ന്‌ പുത്തൻവീട്ടിൽ പോകുന്നതിന്‌ പകരം കമ്മിറ്റിഹാളിൽവെച്ച്‌ അവരുടെ മീറ്റിംഗുകളിൽ വെച്ചാണ്‌ കല്ല്യാണം തീരുമാനിക്കപ്പെടുന്നത്‌. സ്‌ത്രീധനം ഇവരുടെയിടയിൽ താരതമ്യേന കുറവാണ്‌ എന്നത്‌ ആശാവഹം തന്നെ.

ഞായറാഴ്‌ച കമ്മിറ്റികൾ ഃ പണ്ടൊക്കെ പുത്തൻവീട്ടുകാർ മറ്റു മുസ്ലീകളെപോലെ തന്നെ പളളികളിൽ പോയിരുന്നു. ഈയടുത്തകാലം മുതൽ (ഏകദേശം 80കളുടെ ഒടുവിൽ) ഇവർ പളളി ബഹിഷ്‌കരിക്കാൻ തുടങ്ങി. വെളളിയാഴ്‌ച ‘ജൂമഅ’ ഞായറാഴ്‌ചകൾ വിശേഷദിവസങ്ങളായി. ചെറിയ കുട്ടികൾ മുതൽ സ്‌ത്രീകളും വൃദ്ധൻമാരും വരെ വ്യത്യസ്‌ത സമയങ്ങളിലായി കമ്മിറ്റികളിൽ വെച്ചു നടക്കുന്ന, വ്യത്യസ്‌ത സെഷനുകളിൽ നിർബന്ധപൂർവ്വം പങ്കെടുത്തു വരുന്നു. നഖ്‌ശബന്ധിയ തരീഖ; (പുത്തൻവീട്ടുകാർ) യുടെ വിവിധ പ്രശ്‌നങ്ങൾ ചർച്ച ചെയ്യപ്പെടുന്നതും പരിഹാരം കണ്ടെത്തുന്നതും ഈ യോഗങ്ങളിൽ വെച്ചാണ്‌. (ഗോത്രവിഭാഗങ്ങൾക്കിടയിൽ ഇപ്പോൾ നിലനില്‌ക്കുന്ന നാട്ടുകൂട്ടങ്ങളും, വേദകാല ഗോത്രസമൂഹത്തിലെ സഭ, സമിതി ഗണ, വിധത തുടങ്ങിയവയുടെ ധർമ്മവും, മറ്റൊന്നായിരുന്നില്ലല്ലോ) ഇവ സമാന്തര ‘മഹല്ലു’കൾ ആണെന്നും പറയാം.

ആണ്ട്‌, ‘റൗള’ ഃ മരിച്ചുപോയ കാരണവരുടെ ചരമദിനത്തിൽ എല്ലാവരും പുത്തൻവീട്ടിൽ ഒത്തുചേരുന്നു. വിഭവസമുദ്ധമായ സദ്യയും പ്രാർത്‌ഥനയും, ‘ആണ്ട്‌’ എന്ന പേരിലറിയപ്പെടുന്ന ഈ ചടങ്ങിന്റെ പ്രത്യേകതകളാണ്‌. ഇത്‌ വിശ്വാസപരമായി സുന്നി വിശ്വാസവുമായി അടുത്തു നില്‌ക്കുന്നു. ഭക്തൻമാർ സർവസാധാനങ്ങളും പണവും ധാരാളം നല്‌കുന്നു. നേരത്തെ സൂചിപ്പിച്ച സിദ്ധന്റെ ഖബറിടമാണ്‌ റൗള. വിവിധങ്ങളായ ചടങ്ങുകളോടെയും അനുഷ്‌ഠാനങ്ങളോടെയും ആണ്ട്‌ അവസാനിക്കുന്നു. ദൗർഭാഗ്യകരമെന്ന്‌ പറയട്ടെ, ‘റൗള’ എന്ന പേരിലറിയപ്പെടുന്ന സ്‌ഥലം ഇന്ന്‌ വിഘടിത പുത്തൻവീട്ടുകാരുടെ കൈവശമാണ്‌.

ധാരാളം വാമൊഴികളും ഐതിഹ്യങ്ങളും പാട്ടുകളും ചൊല്ലുകളും ഇവരുമായി ബന്ധപ്പെട്ട്‌ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്‌. സാമൂഹ്യശാസ്‌ത്രജ്ഞരും നാടോടി വിജ്ഞാനഗവേഷകരും ശ്രദ്ധതിരിയേണ്ട ഈ വിഭാഗം കുറ്റിയറ്റുപോകുകയാണ്‌.

Generated from archived content: pattu_apr1.html Author: bc_khader

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English