ചന്ദനത്തിരിനിർമ്മാണം

മുളയോ ഈറയോ ഇരുപത്‌ സെ.മീ. നീളത്തിൽ കഷണങ്ങളാക്കി മുറിച്ച്‌ പുറത്തെ തൊലികളഞ്ഞ്‌ ചതുരത്തിലുളള ചെറുപാളികളാക്കി അവയുടെ ഒരറ്റം രണ്ടു സെ.മീ. ‘റൊഡാമിൽ’ എന്ന ചായത്തിൽ (ചുകപ്പ്‌, പച്ച) മുക്കിയെടുക്കുന്നു. ഇങ്ങനെ എടുക്കുന്ന കോലിലാണ്‌ ചന്ദനത്തിരിക്കൂട്ട്‌ പിടിപ്പിക്കുന്നത്‌. ചന്ദനത്തിരിക്കൂട്ട്‌ കോലിൽ പറ്റിപിടിക്കാനുളള പശയുടെ ആവശ്യത്തിലേയ്‌ക്കായി കുളമാവ്‌ എന്ന മരത്തിന്റെ പട്ട ഉണക്കി ശീലപ്പൊടിയാക്കി എടുക്കുന്ന സുഗന്ധത്തിന്‌ കറുവപ്പട്ട ഉണക്കിപൊടിച്ചതും തിരി വളരെനേരം കത്തുവാനായി ചിരട്ടക്കരി പൊടിച്ചതും ഉപയോഗിക്കുന്നു. കൂടാതെ സുഗന്ധവസ്‌തുക്കളായ ചന്ദനപ്പൊടി, സാമ്പ്രാണിപ്പൊടി, കച്ചോലപ്പൊടി, റോസ്‌പൗഡർ ഇവയും ചേർത്ത്‌ ചപ്പാത്തിക്ക്‌ കുഴയ്‌ക്കുന്നതുപോലെ കുഴച്ചെടുക്കുന്നു. ഇങ്ങനെ കുഴച്ചെടുത്ത കൂട്ട്‌ നേരത്തേ തയ്യാറാക്കിയ കോലിൽ കുറേശ്ശെയായി പിടിപ്പിച്ച്‌ ഒരു പലകമേൽ വച്ച്‌ കൈവെളളകൊണ്ട്‌ ഉരുട്ടിയെടുത്ത്‌ വെയിലത്ത്‌ വച്ച്‌ നല്ലപോലെ ഉണക്കിയെടുക്കുന്നു.

അതിനുശേഷം ഏതെങ്കിലും സുഗന്ധ എസൻസ്‌ വെളളം ചേർത്ത്‌ നേർപ്പിച്ചശേഷം ഡി.ഇ.പി. ഓയിൽ എന്ന രാസവസ്‌തു ഒരു ലിറ്റർ എടുത്ത്‌ അതിൽ ഇരുന്നൂറ്റൻപത്‌ മില്ലി നേർപ്പിച്ച സുഗന്ധ എസൻസും യെരായെരാ പൗഡർ, മസ്‌കംബർട്ടി, ക്രിസ്‌റ്റൽ ജാസ്‌മിൻ, ക്രിസ്‌റ്റൽ റോസ്‌ എന്നീ രാസവസ്‌തുക്കളും (ഇവ ചന്ദനത്തിരിയിൽ സുഗന്ധം വളരെ പിടിച്ചുനിൽക്കാനുളളവയാണ്‌) ബെൻസിൽ അസറ്റേറ്റ്‌ എന്ന രാസവസ്‌തുവിൽ ചേർത്തശേഷം ഈ മിശ്രിതം അൻപത്‌ മില്ലി, ഡി.ഇ.പി. ഓയലും സുഗന്ധ എസൻസും ചേർത്ത്‌ തയ്യാറാക്കിയ മിശ്രിതത്തിൽ ഒഴിക്കുന്നു. ഇങ്ങനെ തയ്യാറാക്കിയ സുഗന്ധമിശ്രിതം ആറുമണിക്കൂർ കഴിഞ്ഞേ ഉപയോഗിക്കാവൂ. നേരത്തേ ഉണക്കി തയ്യാറാക്കിയ തിരികൾ ഈ മിശ്രിതത്തിൽ കുറേശ്ശേയായി മുക്കിയെടുത്ത്‌ ഒരു ഗ്ലാസ്‌ പേപ്പറിൽ കെട്ടിവയ്‌ക്കുന്നു. ഇരുപത്തിനാല്‌ മണിക്കൂറിനുശേഷം ഗ്ലാസ്‌ പേപ്പറിൽനിന്ന്‌ തിരികൾ എടുത്ത്‌ ഭംഗിയുളള പാക്കറ്റുകളിൽ നിറച്ച്‌ വിപണിയിലിറക്കുന്നു. ഇങ്ങനെ നിർമ്മിക്കുന്ന ചന്ദനത്തിരികൾ ശാസ്‌ത്രീയമായിട്ടുളളതും നറുമണം പരത്തുന്നവയുമാണ്‌.

സൗന്ദര്യസംരക്ഷണത്തിന്‌ അതിപ്രാചീനമായ ഒരു ലേപനം

രാമച്ചം 12 കഴഞ്ച്‌, കസ്‌തൂരിമഞ്ഞൾ 6 കഴഞ്ച്‌, വരട്ട്‌ മഞ്ഞൾ 6 കഴഞ്ച്‌, വയമ്പ്‌ 3 കഴഞ്ച്‌, അരത്ത 9 കഴഞ്ച്‌, അകിൽ 3 കഴഞ്ച്‌, ഉഴുന്ന്‌ 16 കഴഞ്ച്‌, കടല 12 കഴഞ്ച്‌, ചന്ദനം 4 കഴഞ്ച്‌, നറുതീണ്ടി 8 കഴഞ്ച്‌ ഇവ വെയിലത്തുവച്ച്‌ ഉണക്കിപ്പൊടിച്ച്‌ ശീലപ്പൊടിയാക്കി ചെറിയ ഭരണികളിൽ സൂക്ഷിക്കുക. കുളിക്കുന്നതിന്‌ അരമണിക്കൂർ മുമ്പെ ഒരു ടേബിൾസ്‌പൂൺ പൊടിയെടുത്ത്‌ പച്ചവെളളത്തിൽ കുഴച്ച്‌ സർവാംഗം തേച്ചുപിടിപ്പിച്ച്‌ കുളിക്കുക. തൊലിയിലെ ചുളിവുകൾ, മുഖക്കുരു, കരിമംഗലം, തലയിലെ താരൻ, പേൻ, കായ ഇവയെല്ലാം ഇതുകൊണ്ട്‌ ഇല്ലാതാകും. മുഖശ്രീയും ശരീരത്തിന്‌ കാന്തിയും സുഗന്ധവുമുണ്ടാകും. ചൊറി മുതലായ ത്വക്‌ രോഗങ്ങൾ നശിക്കും. അതിപുരാതനമായ ഈ യോഗത്തെ ‘കുറിക്കൂട്ട്‌’ എന്നാണ്‌ പറഞ്ഞുവരുന്നത്‌.

ചാന്തുനിർമ്മാണം – പ്രാചീന വിധി

തെച്ചിപ്പൂവ്‌ വെളളത്തിലിട്ട്‌ മൂന്നുനാലു ദിവസം അഴുകാൻ വയ്‌ക്കുക. ഉണക്കലരി കരിയുംവരെ വറുക്കുക. വറവു നല്ലപോലെ കരിയുമ്പോൾ തെച്ചിപ്പൂ അഴുകിയ ജലം വറവിലൊഴിച്ച്‌ നല്ലപോലെ കലക്കി ഞവിടി അരിച്ച്‌ വറ്റിക്കുക. അതിനുശേഷം ഒരു പാത്രത്തിലാക്കി സൂക്ഷിക്കുക. ഇത്‌ ഉറച്ചുകഴിഞ്ഞാൽ കുറിതൊടാനുളള ഒന്നാന്തരം ചാന്താണ്‌.

Generated from archived content: kaivela_dec18.html Author: balan_kurungotte

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here