ദാരുവിദ്യ

ഒരു നെന്‌മണി രണ്ടുനെന്‌മണി മൂന്ന്‌… എട്ടു നെന്‌മണി (നവര) കുറുകെ ചേർത്തു വെച്ചാൽ ഒരു വിരൽ (അംഗുലം). പന്ത്രണ്ടുവിരൽ ചേർന്നാൽ ഒരു മുഴം (വിതസ്‌തി). രണ്ടുമുഴം ഒരു കോൽ-മുഴക്കോൽ. വാസ്‌തുവിദ്യാപ്രയോഗത്തിന്റെ അടിസ്ഥാനഘടകം ഇങ്ങനെ രൂപം കൊളളുന്നു. ആലയം, ദേവാലയം, ഉപാലയങ്ങൾ എന്നിവയുടെ നിർമ്മിതിയിലുടനീളവും ഭൂമി അളന്നുതിട്ടപ്പെടുത്തിയിരുന്നതും മുഴക്കോൽ ഉപയോഗിച്ചുതന്നെ. കേരളത്തിൽ വൃക്ഷാരാധനയും വൃക്ഷപൂജയും നിലവിലിരുന്നതുകൊണ്ടാണ്‌ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച്‌ ഭൂപ്രകൃതിയെ നിർണ്ണയിക്കുന്നതിൽ മരം ഒരവിഭാജ്യഘടകമായിത്തീർന്നത്‌. പ്രാകൃതകാലം മുതലുളള പാർപ്പിടങ്ങളുടെ രൂപഘടനയിൽപോലും വൃക്ഷത്തിന്‌ സ്വാധീനമുണ്ടെന്നു പറഞ്ഞാൽ അധികപറ്റാവില്ലെന്നു തോന്നുന്നു. മുൻകാലങ്ങളിൽ പുരപ്പണിയിൽ മുക്കാൽ വാശിയും (ഭാഗം) മരപ്പണിയായിരുന്നെന്നു കാണാം. ഗൃഹനിർമ്മാണത്തിൽ മറ്റുപണികൾക്കില്ലാത്ത സൂക്ഷ്‌മതയും കൃത്യതയും ഇതിന്‌ വേണമായിരുന്നു. കേരളത്തിൽ ഒരു പ്രത്യേകം സമുദായം – വിശ്വകർമ്മസമുദായത്തിലെ തച്ചൻ അഥവാ ആശാരിയാണ്‌ പാരമ്പര്യമായി മദ്ധ്യകേരളത്തിലും തിരുവിതാംകൂറിലും ദാരുവിദ്യയിലേർപ്പെട്ടിരുന്നത്‌. വടക്കേ മലബാറിൽ വിശ്വകർമ്മസമുദായത്തിലെ ഘടകജാതികളിൽ പലരും ഇഷ്‌ടാനുസരണം ഈ തൊഴിൽ സ്വീകരിച്ചിരുന്നതായി കാണാം. തച്ചന്‌ കുലത്തൊഴിൽ ജന്‌മസിദ്ധമെങ്കിലും പിതാവോ, മാതുലനോ, മുത്തച്ഛനോ അങ്ങനെ ആരെങ്കിലുമായിരിക്കും ആദ്യകാല ഗുരു. ഗണിതസിദ്ധാന്തങ്ങളുടെ (മനുഷ്യാലയ ചന്ദ്രിക തുടങ്ങിയ തച്ചുശാസ്‌ത്ര ഗ്രന്ഥങ്ങൾ) പഠനം രാത്രികാലങ്ങളിലും പ്രായോഗികപരിശീലനങ്ങൾ പകൽസമയവും എന്ന മട്ടിലായിരിക്കും ഏറിയകൂറും അഭ്യാസക്രമം. പുരയുടെ ദാരുവിദ്യയിൽ പരമപ്രധാനമായത്‌ മേൽപ്പുരയുടെ വിദ്യതന്നെ. നമ്മുടെ പാരമ്പര്യക്ഷേത്രകലകളെപ്പോലെ തനി ക്ലാസ്സിക്കൽ ആയതുകൊണ്ട്‌ മനുഷ്യേതരമായ ശക്തി ചൈതന്യം ഇതിലും അന്തർലീനമായിരിക്കുന്നു എന്നു വിശ്വാസം. ജ്യോതിഷം, താന്ത്രികവിദ്യകൾ തുടങ്ങിയവയുടെ സ്വാധീനം ഏറെയുളളതിനാൽ തന്നെ വാസ്‌തുവിദ്യയുടെ ഗണിതം രണ്ടുതരം.

ഒന്ന്‌ ഃ വ്യവസ്ഥാപിത മാതൃകയിലുളള, ‘വിശ്വാസ’ങ്ങളിലധിഷ്‌ഠിതമായ ചുറ്റളവുകളുടെ, ദീർഘവിസ്‌താര കനങ്ങളുടെ കണക്ക്‌. എട്ടിന്റെ സങ്കലന വ്യവകലനങ്ങളും ഗുണിതങ്ങളുമായി വരുന്ന ചുറ്റളവുകളുടെ കണക്കുകൾക്ക്‌ ആയം, വ്യയം, യോനി, പക്കം, വയസ്സ്‌, നക്ഷത്രം മുതലായവകൾ കല്പിക്കപ്പെട്ടിട്ടുണ്ട്‌. അതിനാൽ ഇവയിൽ ഉത്തമമധ്യമാധമങ്ങൾ ഉണ്ടെന്നു വിശ്വാസം. ചുറ്റുകണക്കിന്നു വയസ്സുണ്ട്‌. ജനനം, ബാല്യം, കൗമാരം, യൗവനം, വാർദ്ധക്യം, മരണം എന്നിങ്ങനെയാണ്‌ വയസ്സ്‌ തിരിച്ചിരിക്കുന്നത്‌. ഏതെങ്കിലും ഒരു ചുറ്റുകണക്കിന്റെ വയസ്സ്‌ മരണത്തിൽ വരുന്നെങ്കിൽ ആണ്‌ കണക്കിൽ ഉത്തരത്തിന്റെയും തറയുടെയും പാദുകത്തിന്റെയും മുറികളുടെപോലും ചുറ്റളവ്‌ വന്നുകൂടാ. അതുപോലെ തന്നെ ആയം (വരവ്‌) കുറഞ്ഞതും വ്യയം (ചിലവ്‌) കൂടിയതും ആയ കണക്കുകളും വർജ്ജിക്കേണ്ടതുതന്നെ. പക്കം ഏകാദശിയിൽ വരുന്ന ചുറ്റുകണക്കുകൾ അടുക്കള, ഭക്ഷണമുറി എന്നിവക്ക്‌ സ്വീകാര്യമല്ല.

രണ്ട്‌ ഃ ശാസ്‌ത്രീയ ഗണിതത്തിലധിഷ്‌ഠിതമായ പ്രയോഗത്തിന്റെ കണക്ക്‌. വാസ്‌തുവിൽ (ഭൂമി) നിർമ്മിക്കാനുദ്ദേശിക്കുന്ന പുരയുടെ, ക്ഷേത്രത്തിന്റെ, സൗധത്തിന്റെ ആയുസ്സിനെ അടിസ്ഥാനമാക്കി പ്രകൃതിക്ഷോഭങ്ങളെയും ഋതുക്കളുണ്ടാക്കുന്ന പരിണാമങ്ങളെയും അതിജീവിക്കാനുളള കരുത്ത്‌ പ്രദാനം ചെയ്യുന്ന അളവുകളുടെ കണക്ക്‌. നിർമ്മാണവസ്‌തുക്കളുടെ തെരഞ്ഞെടുപ്പ്‌, ദീർഘവിസ്‌താരകനങ്ങളുടെ അംശബന്ധം എന്നിങ്ങനെ പോകുന്നു. പുരയുടെ നിർമ്മാണത്തിൽ ഏറ്റവും സങ്കീർണ്ണവും വൈവിധ്യമുളളതും മേൽപ്പുരക്കൂട്ടിന്റെ ഗണിതം തന്നെ.

പുരയുടെ മരങ്ങൾ ഃ മരങ്ങൾ നാലുവിധം ഃ ഒന്ന്‌ ഃ അന്തസാരം – പ്ലാവ്‌, ആഞ്ഞിലി തുടങ്ങി ഉളളിൽ കാതൽ (സാരം) ഉളളവ. രണ്ട്‌ ഃ ബഹിസ്സാരം – കരിമ്പന, തെങ്ങ്‌, കവുങ്ങ്‌ തുടങ്ങിയവ. മൂന്ന്‌ ഃ സർവ്വസാരം – തേക്ക്‌, തമ്പകം, പുളി തുടങ്ങിയവ. നാല്‌ ഃ നിസ്സാരം – പാല, മുരിക്ക്‌, മാവ്‌ തുടങ്ങിയവ. പുരപണിക്ക്‌ ഉപയോഗിക്കുന്ന മരങ്ങൾ പ്ലാവ്‌, തമ്പകം, വേങ്ങ, ആഞ്ഞിലി (ഐനിപ്ലാവ്‌), ഇരുൾ, മരുത്‌, മയിലെളള്‌, ചുരുളി, കരിംതകര, കൊറോമരുത്‌ തുടങ്ങിയവയാണ്‌. തേക്ക്‌, വീട്ടി തുടങ്ങിയ വൃക്ഷങ്ങൾ ക്ഷേത്രങ്ങൾക്കു മാത്രം വിധിച്ചിട്ടുളളതാണെങ്കിലും പുരപ്പണിയിലും ഉപയോഗിച്ചു കാണുന്നുണ്ട്‌. കാഞ്ഞിരം, ആര്യവേപ്പ്‌, നാല്പാമരം, നെല്ലി, കുമിഴ്‌, കൂവളം, പ്ലാശ്‌, താന്നി, ചേര്‌ എന്നീ മരങ്ങൾ ഗൃഹനിർമ്മാണത്തിൽ വർജ്ജിക്കേണ്ടതുതന്നെ. പോതുളളതോ കേടുളളതോ അംഗഭംഗം വന്നതോ ആയ വൃക്ഷങ്ങൾ പുരക്ക്‌ ഉപയോഗിക്കാൻ പാടില്ലെന്ന്‌ നിയമം. മുറിക്കേണ്ട മരത്തെ പൂജിച്ച്‌ സമ്മതം വാങ്ങി ഈശാനകോണിൽനിന്ന്‌ വലംവെച്ച്‌ വെട്ടിവരണമെന്ന്‌ വിശ്വാസം.

കട്ടിള, ജനൽ, വാതിൽ, തട്ട്‌ തുടങ്ങിയവ മുൻകാലങ്ങളിൽ പൂർണ്ണമായും മരത്തെ ആശ്രയിച്ചു മാത്രമാണെന്നു കാണാം. കട്ടിളയുടെ കാലുകളും പടികളും (ചേറ്റുപടിയും കുറുമ്പടിയും) വാതിലും ഒരുജാതിമരം കൊണ്ട്‌ പണിയണമെന്ന്‌ നിർബ്ബന്ധം. ഇവയുടെ ചുറ്റളവ്‌ ദിഗ്‌യോനി അനുസരിച്ച്‌ ഓരോ ദിക്കിലേക്കുളളവ പ്രത്യേകം പണിയണമെന്ന്‌ നിയമം. കുറുമ്പടിക്കു മുകളിലുളള കൂരമ്പപ്പലകയിൽ ശ്രീഭഗവതി, ഗണപതി, ശ്രീകൃഷ്‌ണൻ തുടങ്ങിയ ദേവീദേവന്‌മാരുടെ രൂപങ്ങളും കൊത്തിക്കാണുന്നുണ്ട്‌. വാതിൽക്കീറുകളിൽ ഇടത്തേത്‌ മാതാവും വലത്തേതു പുത്രിയുമെന്ന്‌ സങ്കല്പം. മാതാവായ കതകിലാണ്‌ സൂത്രപ്പട്ടിക തറക്കുന്നത്‌. സൂത്രപട്ടികയിൽ മൂന്ന്‌, അഞ്ച്‌, ഏഴ്‌ എന്നിങ്ങനെ ഒറ്റയായി സുമങ്ങളും മാലകൾ, താമരയിൽ ശ്രീകൃഷ്‌ണൻ, ഭഗവതി എന്നീ രൂപങ്ങളും പതിവുണ്ട്‌. ആരക്കാൽ വാതിലുകളുളള കട്ടിളക്കാലുകളും കുറുംപടിയും ഏണിൽപട്ടം, പറ്റുകൊണിതം, വളര്‌, ചുഴി എന്നിവയാൽ ഭംഗിവരുത്താറുണ്ട്‌.

സ്‌തംഭങ്ങൾ ഃ തൂണുകൾക്ക്‌ വൃത്തം, ചതുരം, അഷ്‌ടഭുജം എന്നീ രൂപങ്ങളാവാം. തൂണിന്റെ മുകളിൽ പോതികവാജനാദി അലങ്കാരങ്ങളോടെ – അടിയിൽ ഓമ – ഓമക്ക്‌ വൃത്തം, സമചതുരം, ഷഡ്‌ഭുജം, അഷ്‌ടഭുജം എന്നിവയിൽ ഏതെങ്കിലും ആകൃതിയാവാം. താമരദലങ്ങൾ വാജനാദികൾ തുടങ്ങിയ അലങ്കാരങ്ങളും.

തട്ട്‌ ഃ വളരും കൊണിതവുമിട്ട തുലാങ്ങളെ മണ്ണുത്തരത്തിന്റെ മീതെ നിരത്തുന്നു (ഇവ ഇരട്ടിയായി വരണം). മേൽവിതാനം പലകക്കഴി ചെലുത്തി സമനിരപ്പിൽ പലകയടിക്കുന്നു. തട്ടുപലകയിൽ പൂപ്പലകയും ബ്രഹ്‌മാവ്‌, വിഷ്‌ണു എന്നീ മൂർത്തികളുടെ രൂപങ്ങളും കൊത്തിവെക്കാറുണ്ട്‌.

മേൽപ്പുരയുടെ അറിവ്‌ ഃ അതിസങ്കീർണ്ണമായ മേൽപ്പുരക്കൂട്ടിന്‌ ആദ്യവസാനം നിശ്ചിതമായ താളക്രമം ഉണ്ടായിരിക്കും. എട്ടിന്റെ പെരുക്കങ്ങളായി വരുന്ന ‘ചെമ്പട’യുടെ മട്ട്‌ ഏറെയുണ്ടെന്നു പറഞ്ഞാൽ അതിശയോക്തിയാവിലെന്നു തോന്നുന്നു. ഉത്തരം, ചിറ്റുത്തരം, ചിറ്റുത്തരം തറി, തറി കഴുക്കോൽ, കഴുക്കോൽ ഛേദിര, ഛേദിര കോടി, കോടിയോടൊപ്പമിറങ്ങുന്ന അലസികൾ, ശ്രദ്ധിച്ചുനോക്കിയാൽ എല്ലാം താളനിബദ്ധം തന്നെ. മേൽപ്പുരയുടെ കഴുക്കോൽ വിന്യാസം പല സമ്പ്രദായത്തിലുണ്ട്‌ (ചിത്രം 2). അലസി സമ്പ്രദായത്തിലും ഛേദിര സമ്പ്രദായത്തിലും രണ്ടും കലർത്തിയും പണിയാറുണ്ട്‌. കൊച്ചുകൊച്ചു പുരകളുടെ (മുളംകൂട്ട്‌) അലസി സമ്പ്രദായത്തിലാണേറെയും കണ്ടുവരുന്നത്‌. ഒറ്റമൊട്ടിൽനിന്ന്‌ ഇതൾ വിരിയുന്ന പൂപോലെ കൂടത്തിൽനിന്നും പുറപ്പെടുന്ന കഴുക്കോൽ വിന്യാസക്രമമാണ്‌ അലസി സമ്പ്രദായത്തിൽ. ദീർഘചതുരമായ ഗൃഹത്തിന്റെ മേൽകൂട്ടിൽ നെറ്റിയിലും, പളളയിൽ കൂടപ്പുറത്തുനിന്ന്‌ കോടിയിലോളമുളള ഭാഗവും ബാക്കിഭാഗം ഛേദിരയിലേതുപോലെ മോന്തായത്തിൽ നിന്നിറങ്ങുന്ന നേരിണ (നേർമഞ്ചം) കഴുക്കോലുകളുമായിരിക്കും. ഛേദിര സമ്പ്രദായത്തിൽ, മോന്തായത്തിൽ നിന്നിറങ്ങുന്ന നേരിണ കഴുക്കോലുകൾ കഴിഞ്ഞാൽ നേരിണക്കു സമാന്തരമായി കോടിപറ്റിൽ നിന്നാണ്‌ ഛേദിരകഴുക്കോലുകൾ പുറപ്പെടുന്നത്‌. നേരിണയെ പന്തികല്പിച്ച്‌ ഛേദിക്കുന്നതിനാലാവാം ഈ സമ്പ്രദായത്തിന്‌ ഛേദിര എന്ന്‌ പേർ വന്നത്‌ (കഴുക്കോൽ പന്തി 24 വിരലിൽ കൂടരുത്‌. കഴുക്കോലുകൾ ഇരട്ടയായി വരണമെന്ന്‌ നിയമം). ഇതു കൂടാതെ മോന്തായത്തിൽനിന്നു തന്നെ വാമട തുമ്പ്‌ തുല്യ അളവിൽ പന്തികല്പിച്ചിട്ടുളള ‘ഒടലാണ’യും അപൂർവ്വങ്ങളായി കാണാറുണ്ട്‌. ഭംഗിക്കുവേണ്ടി മോന്തായം വഞ്ചികൊമ്പുപോലെ വളച്ചും മൊകപ്പും (മുഖം) നാസികയും തീർത്തും പണിയാറുണ്ട്‌. ഉത്തരം, കഴുക്കോൽ, വള, വാമട, മൊന്തായം, വളബന്ധം തുടങ്ങിയമേൽക്കൂട്ടിന്റെ മുഖ്യ ഇനങ്ങളിൽ വലിയ ഗൃഹങ്ങൾക്ക്‌ ആരൂഢം, ദണ്‌ഡിക, കുറ്റിക്കാല്‌ തുടങ്ങിയവയും വേണ്ടിവരും. വൃത്തം, ചതുരം, ത്രികോണം ബഹുഭുജങ്ങൾ തുടങ്ങി ഏതു ക്ഷേത്രഗണിതരൂപത്തിനും മേൽക്കൂട്ട്‌ പണിയാൻ കഴിവുളളവനായിരിക്കണം തച്ചൻ. തച്ചന്‌ കുലവിദ്യ അനുഷ്‌ഠാനം തന്നെ.

ഉത്തരം ഃ കഴുക്കോൽ, കോടി ഇവകളെ ഉറപ്പിച്ചിരുത്തുക എന്നുളളതാണ്‌ ഉത്തരത്തിന്റെ ധർമ്മം. പല രീതിയിൽ ഉത്തരം പണി ചെയ്യാറുണ്ട്‌. വിസ്‌താരവും കനവും തുല്യമായും (ഖണ്‌ഡോത്തരം) വിസ്‌താരത്തിന്റെ മുക്കാൽ ഭാഗം കനമുളളതും (പ്രത്രോത്തരം) വിസ്‌താരാർദ്ധം കനമായി വരുന്നതും (രൂപോത്തരം – ഇത്‌ അധമം) ഉത്തരത്തിന്റെ വിസ്‌താരം കനമായും കനം വിസ്‌താരമായും (ചൂളി) ചിറ്റുത്തരം വെക്കാതെയും പണിയാറുണ്ട്‌. ഉത്തരത്തിൽ പട്ടം, വാജനം (വിസ്‌താരത്തിൽ പുറത്തേക്ക്‌ പുറപ്പെട്ടുനില്‌ക്കുന്ന ഭാഗം) എന്നിവയും തീർക്കാറുണ്ട്‌. ഉത്തരങ്ങൾ ഒറ്റ നീളത്തിൽ മിക്കവാറും കിട്ടായ്‌കയാൽ ഏച്ച്‌ (ഏപ്പുവെച്ച്‌) നീളം കൂട്ടുകയാണ്‌ പതിവ്‌. ഏയ്‌ക്കുമ്പോൾ നീളം കൂടിയത്‌ വലതുഭാഗത്തും കുറഞ്ഞത്‌ ഇടതുഭാഗത്തും വരണം (ഗൃഹാന്തർഭാഗത്തുനിന്ന്‌ പുറത്തേക്കിറങ്ങുന്ന സ്ഥാനംനോക്കിയാണ്‌ വലത്‌ ഇടത്‌ എന്ന്‌ നിശ്ചയിക്കുന്നത്‌). മൂന്നെണ്ണം കൂടിയതാണെങ്കിൽ ഏറ്റവും നീളം കൂടിയത്‌ മധ്യത്തിലും രണ്ടാമത്തേത്‌ വലതും നീളം കുറഞ്ഞത്‌ ഇടതും എന്ന ക്രമത്തിൽ വരണം. ഏപ്പുകൾ നേർക്കു നേരോ മധ്യത്തിലോ ദ്വാരങ്ങൾക്കു നേർമുകളിലോ വന്നുകൂടാ. കിഴക്കു പടിഞ്ഞാറു വരുന്നവയുടെ അഗ്രം (തല) കിഴക്കോട്ടും, തെക്കുവടക്കുവരുന്നവയുടെ അഗ്രം വടക്കോട്ടും വരുന്ന രീതിയിലാണ്‌ ഉത്തരം വെക്കുന്നത്‌. ഉത്തരം വെപ്പ്‌ പുരപ്പണിയിലെ പ്രാധാന്യമുളള ചടങ്ങുകൂടിയാണ്‌. ഗണപതിപൂജയും മറ്റും നടത്തി നല്ല മുഹൂർത്തം നോക്കിയാണ്‌ ഉത്തരം വെക്കുക.

കഴുക്കോലിന്റെ വിദ്യകൾ ഃ ദീർഘവും വിസ്‌താരവുമായി വരുന്ന ഉത്തരങ്ങളിൽ വിസ്‌താരത്തിന്റെ അർദ്ധവും ഉത്തരത്തിന്റെ മേൽവിതാനം മുതലുളള മോന്തായപൊക്കവും കണക്കാക്കിയാണ്‌ നേരിണ കഴുക്കോലിന്റെ അളവെടുക്കുന്നത്‌. വാരവിസ്‌താരാർദ്ധവും മോന്തായപൊക്കവും കണക്കാക്കി വരക്കുന്ന ചതുരത്തിന്റെ കർണ്ണം കഴുക്കോൽ നീളം. മോന്തായപൊക്കം കണക്കാക്കുന്നതിനെ അവിച്ചൽ എന്നു പറയുന്നു (അഥവാ രണ്ടു കഴുക്കോലുകൾ ചേരുന്ന മോന്തായത്തിലെ കോണളവ്‌). ഇത്‌ ഇഷ്‌ടാനുസരണം കൂട്ടിയും കുറച്ചും യുക്തിപോലെ ഭംഗിവരുത്തി ചെയ്യാവുന്നതാണ്‌. അവിച്ചൽ കൂടുംതോറും മോന്തായപൊക്കം ക്രമേണ കുറയുകയും (കോണളവ്‌ കൂടുന്നു) അവിച്ചൽ കുറയുംതോറും മോന്തായപൊക്കം കൂടുകയും ചെയ്യുന്നു (കോണളവ്‌ കുറയുന്നു) അവിച്ചൽ പൂജ്യമാകുമ്പോഴാണ്‌ മട്ടകോൺ സംജാതമാകുന്നത്‌. (ഉത്തരവിസ്‌തരാർദ്ധം മോന്തായപൊക്കത്തിന്‌ തുല്യമായിവരുന്നത്‌) ദീർഘവും വിസ്‌താരവുമായി വരുന്ന ഉത്തരങ്ങളിൽ വിസ്‌താരാർദ്ധത്തെ ഇഷ്‌ടമുളള അളവിൽ ചെറിയ യൂണിറ്റാക്കിയാണ്‌ നേരിണ കഴുക്കോലിന്റെ നീളം കണക്കാക്കുന്നത്‌. 4 വിരൽ 6 വിരൽ 8 വിരൽ 12 വിരൽ എന്നിങ്ങനെ ഇഷ്‌ടമുളള അളവിൽ തോതെടുക്കാം.

കൊടിന്നൂൽ ഃ വിത്തിനുളളിൽ വൃക്ഷം അടങ്ങിയിരിക്കുന്നതുപോലെ, കഴുക്കോലിന്റെ കനമധ്യത്തിലൂടെ കഴുക്കോൽ വിസ്‌താരത്തിന്റെ ഏഴിൽ മൂന്ന്‌, അഞ്ചിൽ രണ്ട്‌ എന്നീ അംശങ്ങളിൽ ഏതെങ്കിലുമൊന്നിൽ കൂടി കടന്നുപോകുന്ന സാങ്കല്പികരേഖയാണിത്‌. (ഭുജരേഖ എന്നു പറയുന്ന ഈ രേഖയെ ആസ്പദമാക്കിയാണ്‌ അളവുകൾ. വരക്കാൻ സൗകര്യത്തിനുവേണ്ടി പുറമേയ്‌ക്ക്‌ രേഖപ്പെടുത്തുന്നു എന്നുമാത്രം. കൊടിനൂൽ മുറിയരുത്‌ എന്ന്‌ പ്രമാണം) കഴുക്കോൽ പളളയിൽ വരഞ്ഞ ഈ രേഖയിൽകൂടി തൂക്കും, ദാനവും (ലംബവും വിതാനവും) കണക്കാക്കി എടുത്ത തോത്‌ വെച്ചളന്നാണ്‌ മൊത്തം നീളം കണക്കാക്കുന്നത്‌. നേരിണയുടെ നീളവും വാരവിസ്‌താരാർദ്ധവും കർണ്ണിച്ചാൽ കോടി കഴുക്കോലിന്റെ നീളം കിട്ടും. ഉത്തരപുറത്തുനിന്ന്‌ വാമടപ്പുറം ചുറ്റ്‌ കണക്കാക്കി (ഉത്തരചുറ്റ്‌, വാമടചുറ്റ്‌, വളചുറ്റ്‌, ആരൂഢം എന്നിവ ഒരേ യോനിയിൽ വരണമെന്ന്‌ നിയമം) മുറിക്കുന്ന തളളിനെ (കഴുക്കോൽ തല) കുതിരത്താടി, ആനക്കഴുത്ത്‌ എന്നീ രൂപങ്ങളിൽ വാലെഴുവിട്ട്‌ (മേൽഭാഗത്തെ വളവ്‌) ഭംഗിയിൽ പണിതു കാണാം. അലസികൾ എന്ന വികൃതി കഴുക്കോലുകൾ കോടി പുറപ്പെടുന്ന കൂടത്തിലെ ഒരേ ബിന്ദുവിൽ നിന്ന്‌ പുറപ്പെടുന്നതുകൊണ്ട്‌ ഇവയുടെ നീളം വാരവിസ്‌താരത്തെ പന്തികല്പിച്ചെടുക്കണം. അതുപോലെ തന്നെ കഴുക്കോൽ വിസ്‌താരത്തേയും ഓരോന്നിന്റെയും പ്രത്യേകമായിട്ടെടുക്കണം. പണിതീർത്ത കഴുക്കോലുകൾ ഉത്തരത്തിൽ യഥാസ്ഥാനങ്ങളിൽ ചെലുത്തി മോന്തായമിണക്കി വളയും, വളബന്ധവും, വാമടയും ചാർത്തിക്കഴിഞ്ഞാൽ താളപ്പെരുക്കങ്ങളുടെ മോഹനമായ സമ്മേളനം.

1. അളവിന്റെ ക്രമം – പരമാണുവിൽനിന്ന്‌

പരമാണുവെട്ടു ചേർന്നീടിൽ

ത്രസരേണുവതായിടും

ത്രസരേണുവെട്ടുചേർന്നീടിൽ

ഒരുരോമാഗ്രമായിടും

എട്ടുരോമാഗ്രമൊന്നിച്ചാൽ

ഒരു ലീക്ഷപ്രമാണത്തി-

ന്നൊരുയൂകമതെന്നുപേർ

എട്ടു യൂകങ്ങളൊന്നിച്ചാൽ

യവമൊന്നെന്നു ചൊല്ലിടാം

യവമെട്ടൊരുമിച്ചീടിൽ

ഏകാംഗുലമതായിടും

പന്ത്രണ്ടംഗുലം ചേർന്നാൽ

വിസ്‌തീയെന്നതിന്നുപേർ

വിതസ്‌തി രണ്ടുചേരുമ്പോൾ

ഒരു കോലെന്നു ചൊല്ലിടാം

(ചെറുപ്പത്തിലെ ചൊല്ലി പഠിച്ചത്‌)

2. രൂപഭദ്രതയ്‌ക്കുവേണ്ടിയാവണം പ്രത്യേകരൂപങ്ങളുടെ ദീർഘവിസ്‌താരകനങ്ങൾ അംശിച്ചുവെച്ചിട്ടുളളത്‌.

3. ആരൂഢം വെച്ച എന്നു ചൊല്ല്‌.

ആയാസമേറിയ കർമ്മങ്ങളിലേർപ്പെടുമ്പോൾ സാധാരണ പറയാറുളളത്‌.

മുളംകൂട്ട്‌ ഃ ‘പലകൂട്ടിലെ മുളയായതുകൊണ്ടാ വളയോടാത്തത്‌ ’ എന്ന്‌ തച്ചന്‌മാർക്കിടയിലൊരു ചൊല്ലുണ്ട്‌. പണിയിടങ്ങളിൽ സാധാരണ പിഴവുപറ്റുമ്പോൾ സഹപ്രവർത്തകർ ഇങ്ങനെ പരിഹസിക്കാറുമുണ്ട്‌. പണ്ടൊരു തച്ചൻ മുളകൊണ്ട്‌ മേൽപ്പുര പണിതുകൊണ്ടിരിക്കുമ്പോൾ പ്രമാണ കഴുക്കോലിന്റെ വളത്തുള മുളയുടെ കമ്പിൽ തന്നെ വന്നു. പിന്നെ നോക്കാൻ പോയില്ല എല്ലാ കഴുക്കോലിന്റെയും കമ്പിൽതന്നെ തുള. വള വെയ്‌ക്കും നേരം തുളയിൽ കയറാതായപ്പോൾ തച്ചൻ പറഞ്ഞതാണ്‌ മേൽപ്രസ്‌താവിച്ചത്‌. ഇതിനർത്ഥം നല്ല വൈദഗ്‌ദ്ധ്യമുളളവർക്കേ മുളകൊണ്ട്‌ മേൽപ്പുര ഭംഗിയായി പണിയാൻ കഴിയൂ എന്നുളളതാണ്‌. മരത്തിലേതുപോലെ കൃത്യമായി ഉപകരണങ്ങൾവെച്ച്‌ അളവെടുക്കാനോ വരയ്‌ക്കാനോ സാധ്യമല്ലാത്തതിനാൽ ഇതിന്‌ നല്ല കൈപ്പുണ്യം തന്നെ വേണം. ചെറിയ പുരകൾ, മൺകുടിലുകൾ തുടങ്ങിയവയ്‌ക്കാണ്‌ സാധാരണ മുളംകൂട്ട്‌ കണ്ടുവരുന്നത്‌. ഇത്‌ അധികവും അലസി സമ്പ്രദായത്തിലായിരിക്കും. തെങ്ങോല, പനയോല, വൈയ്‌ക്കോൽ, പുല്ല്‌ തുടങ്ങിയവ ഉപയോഗിച്ച്‌ മേയുന്ന മുളംകൂട്ടിന്റെ മേൽപ്പുര അവിച്ചൽ വളരെ കുറച്ചാണ്‌ പണിയുക (മഴവെളളം തടസ്സമിലാതെ ഒഴുകിപോകാൻ വേണ്ടിയാണ്‌ ഇങ്ങനെ ചെയ്യുന്നത്‌). മോന്തായം കുറ്റിക്കാലുകളിൽ ഉയർത്തി നിർത്തി ഇരുപുറത്തേയും കഴുക്കോലുകൾ ഉരുട്ടി മിനുക്കിയെടുത്ത മുളവാരിയിൽ കോർത്തിറക്കുന്നു. കോടികൾ കൊമ്പാണിയാൽ (മോന്തായവുമായി കോടികളെ ബന്ധിപ്പിക്കുവാൻ മരമോ മുളയോ ചെത്തിയുഴിഞ്ഞുണ്ടാക്കുന്നത്‌) ഉറപ്പിച്ചു നിർത്തുന്നു. കോടികൾ ഇല്ലാതെ പണിയുകയാണെങ്കിൽ (കുതിരപന്തി) കുറിയ ഉത്തരത്തിൽനിന്നും മോന്തായത്തിലേക്ക്‌ കുറ്റികൾ കൊടുക്കണം. സാധാരണ മുള രണ്ടായി പൊളിച്ചാണ്‌ കഴുക്കോലുകൾക്ക്‌ ഉപയോഗിക്കുന്നത്‌ (അല്ലാതെയും ഉപയോഗിക്കാം). വീതികുറച്ച്‌ പൊളിച്ചുഴിഞ്ഞെടുക്കുന്ന മുളവാരികൾ തന്നെയാണ്‌ പട്ടികയും വളയും വാമടയുമാകുന്നത്‌. വൈയ്‌ക്കോൽ മേയുന്നെങ്കിൽ പട്ടിക അടുത്തടുത്തായി തറയ്‌ക്കണം (ഒരു വൈയ്‌ക്കോൽ കന്നിന്റെ നീളം മൂന്നുവരി പട്ടിക എന്ന കണക്കിന്‌). തച്ചന്റെ സഹായമില്ലാതെ തന്നെ സ്വന്തം പാർപ്പിടം സ്വന്തം കണക്കിൽ സ്വന്തമായി പണിയുക എന്ന സമ്പ്രദായവുമുണ്ടായിരുന്നു. വാസ്‌തുവിദ്യാ-തച്ചുശാസ്‌ത്രവിധികളെയൊക്കെയും മറികടന്ന്‌ തന്നിഷ്‌ടപ്രകാരം മുളയും വളളികളും ഉപയോഗിച്ച്‌ കെട്ടിയുണ്ടാക്കുന്ന മേൽപ്പുരകളും മുൻകാലങ്ങളിൽ ധാരാളമായി കണ്ടിരുന്നു.

Generated from archived content: natt_may16.html Author: av_ramachandran

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English