1. കാടനും പാനിയും
മദ്ധ്യതിരുവിതാംകൂറിലെ ഒരു പ്രത്യേകവിഭവമാണ് കാടൻ. പശുപ്രസവിച്ചാൽ ആദ്യത്തെ ഏഴ് ദിവസത്തിനുശേഷമേ സാധാരണയായി പാൽ ഉപയോഗിക്കാറുളളൂ. എന്നാൽ ആദ്യ ദിവസങ്ങളിലെ മഞ്ഞനിറത്തിലുളള പാൽ കറന്നെടുത്ത് ഉറയൊഴിച്ച് തൈരാക്കി അതുകൊണ്ടാണ് കാടനുണ്ടാക്കുന്നത്. ആദ്യ ദിവസങ്ങളിലെ പാലിന്റെ പോഷകഗുണം മനസ്സിലാക്കിയിട്ടായിരിക്കണം ഇതുണ്ടാക്കിയിരുന്നത്. ഉണ്ടാക്കുന്ന വിധംഃ ഒരു ദിവസത്തെ പുളിപ്പുളള തൈര് മൺകലത്തിലൊഴിച്ച് ഉണക്കലരി കഴുകിയിട്ട് വേവിക്കുക. എപ്പോഴും ഇളക്കിക്കൊണ്ടിരിക്കണം. തൈരിൽകിടന്ന് അരിവെന്ത് പാകമാകുമ്പോൾ നേരത്തേ തയ്യാറാക്കിവച്ചിരിക്കുന്ന പച്ചമഞ്ഞളിന്റെ നീര് ഊറ്റിയെടുത്ത തെളി ചേർത്ത് ഇളക്കി നന്നായി ചേർന്നു കഴിയുമ്പോൾ പാകത്തിന് ഉപ്പ് ചേർത്ത് വാങ്ങുക. കറിവേപ്പിലയും ചേർക്കണം.
പാനി ഃ കളളിന് ചെത്തിക്കൊണ്ടിരിക്കുന്ന പനയിൽ അതുവരെകെട്ടിയിരുന്ന കലംമാറ്റി പുതിയത് കെട്ടിയിട്ട് അതിൽ ശേഖരിക്കുന്ന കളെളടുത്ത് അരിച്ച് അടുപ്പത്തുവച്ച് വറ്റിക്കുക. നൂൽപ്പരുവത്തിൽ വാങ്ങിവയ്‌ക്കുക. ക്രിസ്‌ത്യാനികളുടെ ഇടയിലാണ് പാനി പ്രധാനം. സദ്യകളിൽ ഊണിന് അവസാനവിഭവമായി പാനിയും പഴവും വിളമ്പുക പതിവാണ്. പച്ചക്കറിസദ്യയിലെ പായസത്തിന് തുല്യമായിട്ടാണ് ഇത്.
2. മഞ്ഞപ്പിത്തം
മഞ്ഞപ്പിത്തം ഉണ്ടോ എന്നറിയണമെങ്കിൽ ഒരു ചിരട്ടയിൽ മൂത്രമെടുത്ത് ചോറുവറ്റ് ഇട്ടുവയ്‌ക്കുക. മഞ്ഞപ്പിത്തം ഉണ്ടെങ്കിൽ വറ്റ് മഞ്ഞനിറമുളളതായിമാറും. കീഴാർനെല്ലി സമൂലം കൊണ്ടുവന്ന് പാലിൽ അരച്ച് കുടിക്കുക. നെറുകയിലും ഇടാം. ഭക്ഷണത്തിൽ ഉപ്പ് കൂട്ടാൻ പാടില്ല. ശക്തിയായ മഞ്ഞപ്പിത്തമാണെങ്കിൽ മയിലാഞ്ചിവേര് കഷായംവച്ച് മണ്ണൂര്‌വടകം ഗുളികചേർത്ത് രണ്ടുനേരം സേവിക്കുക.
കൂണ് ഃ കർക്കിടകത്തിൽ ഇടിവെട്ടുമ്പോഴാണ് കൂണ് പൊന്തുന്നത്. ചില പ്രത്യേക മണ്ണിന്റെ സ്വഭാവമനുസരിച്ചാണ് കൂണ് മുളയ്‌ക്കുന്നത്. കൂണിടി പ്രത്യേകം നാട്ടുകാർക്കറിയാം. വിടരുന്നതിനുമുൻപ് കൂണ് പറിച്ചെടുക്കണം. പുറന്തൊലി കളയുക. മഞ്ഞൾപ്പൊടിയിലയിൽ പൊതിഞ്ഞ് തീയിൽ ചുട്ടാൽ നല്ല സ്വാദാണ്. പാമ്പിൻകൂണ്, മരക്കൂണ്, വെളളത്തിൽകൂണ് ഇവ ഉപയോഗിക്കില്ല. നല്ല ചുകന്നമണ്ണിലുളള കൂണേ ഉപയോഗിക്കൂ.
തവിട് ഃ മര ഉരലിൽ നെല്ലുകുത്തി ആദ്യകുത്തിലെയും രണ്ടാമത്തെകുത്തിലേയും ഉമി ചേറിക്കളഞ്ഞ് മൂന്നാമത്തെ കുത്തിലെ തവിടാണ് എടുക്കാറ്. തവിട് നാറേത്തെളളി കരിപ്പട്ടച്ചക്കര കൂട്ടിത്തിന്നാൽ ആരോഗ്യമുണ്ടാകും. ആഴ്‌ചയിലൊരിക്കൽ ഇങ്ങനെ കഴിക്കാം. ഉണക്കനെല്ല് കുത്തിയ തവിട് എടുത്ത് ചക്കരയും നാളികേരവും കൂട്ടി തിരുമ്മി ഓടയിലിട്ട് അടചുടാം. പശുക്കൾക്ക് രക്ഷയ്‌ക്കും പാൽ കൂടുതൽ കിട്ടുന്നതിനും ഉമിനീക്കിയ തവിട് കൊടുക്കാം. വയസ്സായവർ കൈയുംകാലും ഉരുണ്ടുകയറുന്നതിന് ഉപ്പുകൂട്ടിയ തവിട് കിഴികെട്ടി ചൂടോടുകൂടി കുത്തിയാൽ വേദനമാറും. ചെറിയ ആടലോടകത്തിന്റെ ഇലയും നെല്ലും കൂട്ടി അരിഞ്ഞ് വറുത്തിട്ട് ശർക്കരകൂട്ടി ഇടിക്കുക. പലവട്ടം കഴിച്ചാൽ ചുമയ്‌ക്കും ശമനം കിട്ടും.
3. കർക്കിടകഭക്ഷണം
ചീപോതിക്കഞ്ഞി ഃ ഉണക്കലരിയും പുഴുങ്ങലരിയും സമമെടുത്ത് കഞ്ഞിവച്ച് അതിൽ നാളികേരം ചിരകിയതും സ്വാദിന് ഉപ്പുമിട്ട് ഇളക്കിയതാണ് ശീപോതിക്കഞ്ഞി. കനകം ചുട്ടത് ഃ ഉണക്കലരിയുടെ ഉമിയില്ലാത്ത തവിട് നാളികേരവും ശർക്കര ഉരുക്കി അരച്ചതും ചേർത്ത് കുഴച്ച് വാഴയിലയിൽ പരത്തിമടക്കി കനലിൽ വേവുന്നതുവരെ ചുട്ടെടുക്കുന്ന അടയ്‌ക്കാണ് കനംചുട്ടത് എന്നുപറയുന്നത്. ചീപോതിക്കഞ്ഞിയും കനകം ചുട്ടതും കർക്കടകത്തിലെ മുപ്പെട്ട് വെളളിയാഴ്‌ച ഐശ്വര്യത്തിനു വേണ്ടി കഴിക്കണം.
ഇലക്കറികൾ ഃ കർക്കടകമാസത്തിൽ വെയിൽ കുറവായതിനാൽ സൂര്യനിൽനിന്ന് കിട്ടേണ്ട ഊർജ്ജം ശരിപ്പെടുത്തുവാനാണ് ഇലക്കറികൾ കഴിക്കുന്നത്. പയർ, ചേമ്പ്, ചേന, ചീര, മത്തൻ, കുമ്പളം, ആനത്തുമ്പ, തഴുതാമ, നെയ്യുണ്ണി, കാവത്ത്, ചെറുകിഴങ്ങ് മുതലായ പത്തിനങ്ങളുടെ ഇലകൾ അരിഞ്ഞ് കടുക്, മുളക്, കരിവേപ്പില, ഉഴുന്ന് പരിപ്പ്, മഞ്ഞപ്പൊടി ഇവ വെളിച്ചെണ്ണയിൽ വറുത്ത് കടുക്‌പൊട്ടിക്കഴിഞ്ഞാൽ ഇലകൾ അരിഞ്ഞതും അതിലിട്ട് ഉപ്പും സ്വല്പംവെളളവും ചേർത്ത് അടച്ച് വെളളം വറ്റിയാൽ വാങ്ങി നാളികേരം ചിരകിയത് ഇട്ട് ഇളക്കി ഉപ്പേരിയായി ഈമാസത്തിൽ ഏഴുദിവസമെങ്കിലും നിർബന്ധമായും കഴിക്കണം.
4. നാട്ടറിവുകൾ
എത്രവലിയ പാവയ്‌ക്കയിലും വിത്തിനുപറ്റുന്ന മൂന്നുകുരു മാത്രമേ ഉണ്ടാവൂ. പഴുത്ത പാവയ്‌ക്കയിൽ നിന്നെടുത്ത മുഴുവൻ കുരുവും വെളളത്തിലിടുക. താഴ്‌ന്നുകിടക്കുന്ന കുരുമാത്രം വിത്തിനെടുക്കുക. വിറകുചാരം രാവിലെ ചെടികളുടെ ഇലകളിൽ വിതറുന്നതായാൽ കുമിൾ, കീടങ്ങൾ ഇവയുടെ ഉപദ്രവം കുറയും. ചാരം പൂക്കളിൽ വീഴാതെ ശ്രദ്ധിക്കണം. നെൽവിത്തു സൂക്ഷിക്കുന്ന പത്തായത്തിൽ കരിനൊച്ചി, കരിങ്ങോട്ട, ആരിവേപ്പ് ഇവയിലേതെങ്കിലും ഇലകളും കൂടി ഇടുക. കീടശല്യം ഒഴിവാകും. കാച്ചിലിന്റെ വളളി വലത്തോട്ടു ചുറ്റിവിട്ടാൽ വേഗത്തിൽ മുകളിലേയ്‌ക്ക് ചുറ്റിപ്പിടിച്ചു വളരും. ശതാവരിക്കിഴങ്ങ് ചതച്ചുപിഴിഞ്ഞ നീരിൽ പഞ്ചസാര ചേർത്ത് പതിവായി കഴിച്ചാൽ ആരോഗ്യവും ദീർഘായുസ്സും ഉണ്ടാകും. തിപ്പലി, നെല്ലിക്കാത്തൊണ്ട് ഇവ സമം ഉണക്കിപ്പൊടിച്ച് പച്ചനെല്ലിക്കാനീരിൽ ഭാവനചെയ്‌ത് നെയ്യും ചെറുതേനും ചേർത്ത് കഴിച്ചാൽ യൗവ്വനം നിലനിർത്താം. പച്ചമഞ്ഞളും കരിവേപ്പിലയും ചേർത്തരച്ച് കാലിൽപുരട്ടിയാൽ കാൽവിണ്ടുകീറുന്ന രോഗംമാറും. അന്നന്ന് അരച്ചെടുത്ത മരുന്നായിരിക്കണം. ചെറുനാരങ്ങാനീരിൽ ചന്ദനവും പൊൻകാരവും ചേർത്ത് പുരട്ടിയാൻ കൈകാലുകളിലെ മൊരി മാറിക്കിട്ടും. വളംകടി മാറുന്നതിന് പറങ്കിമാവിന്റെ തൊലി ഇടിച്ചുപിഴിഞ്ഞ നീരെടുത്ത് അരിച്ച് പുകയറയും വരട്ടുമഞ്ഞളും ചേർത്ത് നന്നായി അരച്ച് അത് ചീനച്ചട്ടിയിൽ മൂപ്പിച്ചെടുത്ത് കാലിൽ പുരട്ടുക. തേങ്ങാമുറി ചീത്തയാകാതിരിക്കാൻ അതിൽ കുറച്ച് ഉപ്പുപുരട്ടി സൂക്ഷിക്കുക.
5. നാട്ടറിവുകൾ
പുളിമരം വീടിന്റെ തെക്കുവശത്ത് നടണം. പുളിമരം രാത്രിയായാൽ വിഷവാതകം പുറത്തേയ്‌ക്കു വിടുന്ന വൃക്ഷമാണ്. രാത്രിയിൽ തെക്കുനിന്ന് വടക്കോട്ട് കാറ്റടിക്കുക അപൂർവ്വമാണ് അതിനാൽ പുളിമരം വിടുന്ന വിഷവാതകം വീട്ടിലേയ്‌ക്കെത്തില്ല. കടക്കാരനെ കണ്ടാൽ വെളളരിക്കയും ദഹിച്ചുപോകും. വെളളരി ദഹിക്കാൻ പ്രയാസമുളള ഒരുഫലമാണ്. എന്നാൽ കടം വാങ്ങിയ സംഖ്യ തിരികെ കൊടുക്കാനുളള ആളെ കാണുമ്പോൾ ഭയംകൊണ്ട് ജഠരാഗ്‌നി ആളിക്കത്തി ആമാശയത്തിലുളള വെളളരിക്ക പോലും ദഹിച്ചുപോകും. വയറ്റിൽ കോഴീം മക്കളുമുണ്ടോ. എത്രതിന്നാലും മതിവരാത്തവരോട് ചോദിക്കുന്ന ചോദ്യമാണിത്. കോഴിയുടെ ആമാശയത്തിൽ ദഹിക്കാൻ പ്രയാസമുളളതൊക്കെ ദഹിക്കും.
6. കാട്ടറിവുകൾ
80ൽപരം ഇലക്കറികൾ അട്ടപ്പാടിയിലെ ആദിവാസികൾ ഉപയോഗിക്കുന്നുണ്ട്. ഇലക്കറികൾക്ക് ടാഗ് എന്നാണു പറയുക. കീരടാഗ്, ചക്കരടാഗ്-മത്തൻഇല, പടിക്കിര്‌ടാഗ് – മുളളുച്ചീരയുടെ വർഗ്ഗം, മുളിക്കിരി ടാഗ്, ഡഗരടാഗ്, ഗോണിടാഗ്, തെയ്യാടാഗ്, ശെമ്പടാഗ്, പുഴയിലുളള ചേമ്പ് എന്നർത്‌ഥം. തളിരുമാത്രം എടുക്കുന്നു. നരലെടാഗ് – കാട്ടുമുന്തിരി. മുന്നേടാഗ്, പൊതിയടാഗ്, ശീങ്കേടാഗ് – മുളളുളള ഈഞ്ഞ. തണങ്കണി ടാഗ് – പയറിന്റെ ഇലക്കൂമ്പ്. പൊന്നാങ്കണി ഗാത് – വയലിൽ ഉണ്ടാകുന്നത്, കടുക ടാഗ്, സേറാണ്ടിയടാഗ് – തഴുതായ്‌മ, സുരുളി ടാഗ്, കാക്കെടാഗ് – നല്ല പോഷകഗുണമുളളത്. കറുത്തപഴമുണ്ടാകും, പരിപ്പ്‌കീര് – പരിപ്പിൽ മാത്രം ഇടുന്നത്. കാട്ടുമദ്യം – വേലപ്പട്ടയുടെ തൊലി, കറിവേല, കൊടവേല, വെളളവേല എന്നിങ്ങനെ മൂന്നുതരം വേലാപ്പട്ടകൾ. ഇതിൽ വെളളവേലയുടെ തൊലി എടുത്തുനുറുക്കി മൺകലത്തിൽ കുതിരാനിടും. തുടർന്ന് ശർക്കര ഉപയോഗിച്ച് 6 ദിവസം കെട്ടിവയ്‌ക്കും. ആറുകഴിഞ്ഞ് ഊറ്റിയെടുക്കും. മൺകലത്തിൽ തുളയുണ്ടാക്കി, ഒരുപാത്രത്തിനു മുകളിൽ മറ്റൊരു പാത്രം വച്ചാണ് ഊറ്റുന്നത്. കലംമുകളിൽ മൂടിക്കെട്ടിചൂടാക്കുന്നു. താഴെയുളള കലത്തിലേയ്‌ക്ക് ചാരിയ ചാരായം വീഴുന്നു. പശുക്കൾക്ക് കാലൊടിഞ്ഞാൽ ഈ തൊലി ചതച്ച് കെട്ടിവയ്‌ക്കാറുണ്ടത്രേ. മുളെസാറ് ഉണ്ടാക്കുന്ന വിധം. മുളയുടെ കൂമ്പുപൊട്ടിക്കും, നാക്കിലിട്ടും നോക്കും പുഴുക്കുത്തിയിട്ടുണ്ടെങ്കിൽ കയ്‌പുണ്ടാകും. അതെടുത്ത് ചെറുതായി നുറുക്കും. മൂത്തത് എടുക്കില്ല കമ്പ്‌കളയും. മെല്ലെ അരിയും. എന്നിട്ട് വെളളത്തിലിട്ടുവയ്‌ക്കും. രാത്രി നുറുക്കിവച്ചിട്ട് രാവിലെ എടുക്കും. പുഴയിൽ കൊണ്ടുപോയി കഴുകും. പരിപ്പ്‌ഇട്ട് മുളൈസാറ് ഉണ്ടാക്കുന്നു. വലിയ മുള മീൻപിടിക്കാൻ ഉപയോഗിക്കും. വലിയമുളയ്‌ക്ക് ചൊറിച്ചിലുണ്ട്. അത് കലക്കിയാൽ മീൻചത്തുപൊന്തും. കാട്ടുകിഴങ്ങുകൾ – നൂറെ കെസാങ്ക്, റെയെ കെസാക് കൊല്ലത്തിൽ രണ്ടു പ്രാവിശ്യം കിട്ടും. പെരുക്കു കസാങ്ക് കറുംകൊടി, ഉന്നാകെസാങ്ക് വളളി. ഇത്തരം കിഴങ്ങുകൾ വേവിച്ചോ ചുട്ടോകഴിക്കും. അധികം മഴയുളള സമയത്തേ കിഴങ്ങ് കഴിക്കാനെടുക്കൂ. ഏറ്റവും സ്വാദുളള കിഴങ്ങ് നൂറെ പെരുങ്ക് എന്നിവയാണ്. ഇവ ചോറുപോലെയാണ് റെയെ കെസാങ്ക് സ്‌ത്രീകൾ പ്രസവിച്ചുകഴിഞ്ഞാൽ കൊണ്ടുവന്ന് കൊടുക്കും. ഗർഭസഞ്ചിയിലെ മുറിവുണങ്ങാൻ ഉപയോഗിക്കുന്നു.
7. സുഗന്ധവ്യഞ്ഞ്‌ജനങ്ങളും നാട്ടറിവുകളും
1. ചിരട്ടക്കരി, തിപ്പലി, ജാതിക്ക, ഗ്രാമ്പൂ ഇവചേർത്ത് പൽപ്പൊടിയുണ്ടാക്കി നിത്യവും പല്ലുതേച്ചാൽ ദന്തരോഗങ്ങൾക്ക് ശമനമുണ്ടാകും.
2. മഞ്ഞൾ ചെറുനാങ്ങനീര്, മുട്ടയുടെ വെളളക്കരു ഇവ സൗന്ദര്യസംരക്ഷണത്തിന് മോയിസ്‌ചറൈസായി ഉപയോഗിക്കാം.
3. ഗർഭിണികൾക്ക് കുങ്കുമം പാലിൽ ചേർത്ത് നിത്യവും നൽകിയാൽ രക്തവർദ്ധനയും ഗർഭസ്‌ഥശിശുവിന് ആരോഗ്യവും നിറവുമുണ്ടാവും.
4. വെളുപ്പിന് വെറുംവയറ്റിൽ വെളുത്തുളളി ഒരു തുടം പശുവിൻ പാലിലരച്ച് വെറുംവയറ്റിൽ കഴിച്ചാൽ രക്തസമ്മർദ്ദം കുറയും.
5. കറിവേപ്പില, വെളുത്തുളളി, പുളി, കായം തുടങ്ങിയവ സമാസമം അരച്ച് ചമ്മന്തിയുണ്ടാക്കി കഴിച്ചാൽ മലശോധനയ്‌ക്ക് ശമനംലഭിക്കുകയും വായുക്ഷോഭം മാറിക്കിട്ടുകയും ചെയ്യും.
6. തുളസിയില തണയിണയിൽ ഇട്ടിരുന്നാൽ തലയിലെ പേൻശല്യം കുറഞ്ഞുകിട്ടും.
7. പാലിൽപുഴുങ്ങിയ വെളുത്തുളളി ഉണക്കിയെടുത്ത് തേനും ചേർത്ത് കഴിച്ചാൽ ആസ്‌തമയ്‌ക്കും വലിവിനും നന്ന്.
8. ഒരു കരണ്ടി മഞ്ഞൾപ്പൊടിയും ഒരുകരണ്ടി തേനും സമംചേർത്ത് അതിരാവിലെ കഴിച്ചാൽ പ്രമേഹരോഗത്തിന് ശമനമുണ്ടാകും.
9. തലമുടിപൊഴിച്ചിലിന് ഉലുവ പച്ചവെളളത്തിലിട്ട് വച്ചശേഷം ഞരടി തല തേച്ചുകഴുകിയാൽ മതി.
Generated from archived content: annam_nov25_05.html