1. തകരയില തോരൻ ഃ തകരയുടെ കൂമ്പില വെളളത്തിൽ ഇട്ട് അരമണിക്കൂർ തിളപ്പിക്കുക. അതിനുശേഷം വാങ്ങിവെളളം ഊറ്റിക്കളയുക. തകരയില അരിഞ്ഞ് പാകത്തിന് തോരന് വേണ്ട സാധനങ്ങൾ ചേർത്ത് വയ്‌ക്കുക.
2. ചേമ്പ് അസ്‌ത്രം ഃ നാടൻ ചേമ്പ് 250, മുളക് 2 സ്‌പൂൺ, മഞ്ഞൾപൊടി – 1&4 സ്‌പൂൺ, ഉപ്പ് പാകത്തിന്. ചേമ്പ് വട്ടത്തിൽ രണ്ടായി മുറിച്ച് ഉപ്പും മുളകും മഞ്ഞളും ചേർത്ത് വേവിക്കുക. ചേമ്പ് വെന്തുടഞ്ഞുപോകരുത്. വെന്തതിനുശേഷം പാകത്തിന് ഉപ്പും വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് ഉപയോഗിക്കുക.
3. ചേന മുളകോഷ്യം ഃ ചേന ചതുരത്തിൽ അരിഞ്ഞത് ഒരു കപ്പെടുത്ത് അതിൽ ഒരു സ്‌പൂൺ മുളകുപൊടിയും എട്ട് കുരുമുളകും ചെറിയസ്‌പൂൺ മല്ലിപ്പൊടിയും രണ്ട് ഉളളിയും അരച്ചുചേർത്ത് വേകുവാൻ പാകത്തിൽ വെളളവുംചേർത്ത് അടുപ്പത്ത് വയ്‌ക്കുക. വെന്തതിനുശേഷം പാകത്തിന് ഉപ്പും വെളിച്ചെണ്ണയും കറിവേപ്പിലയും ചേർത്ത് ഉപയോഗിക്കുക.
4. ഇഞ്ചിവേര് അച്ചാർ ഃ ഇഞ്ചിവേര് കഴുകി വൃത്തിയാക്കിയത്- 250 ഗ്രാം, മുളകുപൊടി – 2സ്‌പൂൺ, മഞ്ഞൾപ്പൊടി – 1 സ്‌പൂൺ, കായം – ആവശ്യത്തിന്, വെളുത്തുളളി – 50 ഗ്രാം, കടുക് – 1 സ്‌പൂൺ, വെളിച്ചെണ്ണ – 50. മി., ഉപ്പ് – പാകത്തിന്, വിനാഗിരി – പാകത്തിന്, കറിവേപ്പില – പാകത്തിന്. ഇഞ്ചിവേര് വെളിച്ചെണ്ണയിൽ വറുത്ത് കോരുക (ആ എണ്ണ അച്ചാറിനുപയോഗിക്കരുത്). കടുക് മൂപ്പിച്ച് അതിൽ വെളുത്തുളളി വാട്ടി പൊടികൾ എല്ലാം ഇട്ട് പാകത്തിന് മൂപ്പിച്ച് വാങ്ങിവച്ചതിനുശേഷം ഇഞ്ചിവേര് വറുത്തതും പൊടികളും ഇട്ട് ഇളക്കി ചെറുചൂടിൽ വിനാഗിരി ഒഴിച്ചുവയ്‌ക്കുക. (വർഷങ്ങളോളം കേടുകൂടാതെ ഈ അച്ചാർ ഉപയോഗിക്കാം).
5. പിണ്ടി അച്ചാർ ഃ (ഏത്തവാഴ, പാളേങ്കോടൻ എന്നീ വാഴയുടെ പിണ്ടികളേ ഉപയോഗിക്കാവൂ) പിണ്ടി വട്ടത്തിൽ അരിഞ്ഞ് നൂലുകളഞ്ഞ് ഓരോന്നും നീളത്തിൽ അരിയുക. അതിൽ ഉപ്പുനീരുചേർത്ത് പിഴിയുക. പിഴിയുമ്പോൾ പിണ്ടി പൊടിയരുത്. പിണ്ടി പിഴിഞ്ഞെടുത്ത് 3 സ്‌പൂൺ വെളിച്ചെണ്ണയിൽ വാട്ടുക. അതിനുശേഷം കടുകു മൂപ്പിച്ച് മുളകുപൊടി, മഞ്ഞൾപ്പൊടി, കായം, വെളുത്തുളളി എല്ലാംകൂടി ഇട്ട് വന്നാഗിരി ചേർത്ത് വയ്‌ക്കുക (പിണ്ടി വാട്ടിയ എണ്ണയും വെളളവും അച്ചാറിൽ ഒഴിക്കരുത്).
6. ശതാവേലിക്കിഴങ്ങ് അച്ചാർ ഃ ശതാവേലിക്കിഴങ്ങ് തൊലിയും വേരും കളഞ്ഞ് ഒരിഞ്ചു നീളത്തിൽ അരിഞ്ഞത് 250 ഗ്രാം, മുളകുപൊടി – 3 സ്‌പൂൺ, വെളുത്തുളളി – 50 ഗ്രാം, കായം – പാകത്തിന്, വെളിച്ചെണ്ണ 50, ഉപ്പ് – പാകത്തിന്, കറിവേപ്പില – പാകത്തിന്. ശതാവേലിക്കിഴങ്ങ് വെളിച്ചെണ്ണയിൽ വറുത്ത്‌കോരി ആ എണ്ണയിൽ കടുക് ഇട്ട് മൂപ്പിച്ച് വെളുത്തുളളി വാട്ടി എടുത്ത ചേരുവകൾ എല്ലാം ചേർത്ത് വറുത്ത ശതാവേലിക്കിഴങ്ങിട്ട് ചൂടാക്കി വാങ്ങി വിനാഗിരി ഒഴിച്ച് ഉപയോഗിക്കുക.
7. അട ഃ അരിപ്പൊടി, തേങ്ങാപ്പീര, ശർക്കര, ജീരകം, ഉപ്പ് പാകത്തിന് ഇവകൾ എല്ലാം ചേർത്ത് കുഴച്ച് വാഴയിലയിൽ വച്ച് അട മൂപ്പിച്ച് ഉണ്ടാക്കുന്നത്. അടയ്‌ക്ക് അനുഷ്‌ഠാനപരമായ ചടങ്ങ് കർക്കിടകത്തിലെ വാവിനാണ്.
8. കുമ്പിൾ (വൽസൻ) ഃ അരിപ്പൊടി, തേങ്ങാപ്പീര ശർക്കര, ജീരകം, ഉപ്പ് പാകത്തിന് എല്ലാം ചേർത്ത് കുഴച്ച് ഇലയിൽപൊതിഞ്ഞ് (വാഴയില, കറുവയില) ആവികേറ്റുക. കുമ്പിൾ അനുഷ്‌ഠാനമായ ചടങ്ങ് മേടമാസത്തിലെ വിഷുവിനാണ്.
9. പുഴുക്ക് ഃ ചേന, കാച്ചിൽ, വൻപയർ, ചേമ്പ്, കായ്, കപ്പ, പച്ചമുളക്, വെളുത്തുളളി, മഞ്ഞൾ, ജീരകം, കറിവേപ്പില, ഉപ്പ് പാകത്തിന്. ഇവയെല്ലാം ചേർത്ത് വേവിക്കുക. ധനുമാസത്തിലെ തിരുവാതിരയ്‌ക്കാണ് പുഴുക്ക് പ്രധാനം.
Generated from archived content: annam_apr07_06.html Author: amsivadas
Click this button or press Ctrl+G to toggle between Malayalam and English