‘കത്തപ്പുര – കത്തവും’

‘ഹ’ എന്ന അക്ഷരത്തിനു പുറമേ ‘ഖ,ഹ’ എന്നിവയുടെ ഏകദേശസംയോജന ശബ്‌ദമെന്നു പറയാവുന്ന ഒരു അക്ഷരവും അറബിഭാഷയിലുണ്ട്‌. പ്രസ്‌തുത അക്ഷരത്തിൽ തുടങ്ങുന്നതാണു ഈ വിവരണത്തിന്റെ തലക്കെട്ട്‌. മലയാളത്തിന്റെയും വായനയുടെയും സൗകര്യമോർത്ത്‌ ഇതിലുടനീളം ‘കത്തം’ എന്നുപയോഗിക്കുന്നു. പരക്കെ പറഞ്ഞുവരുന്നതും ‘കത്തം’ തന്നെ. പരിശുദ്ധ ‘ഖുർആൻ’ മുഴുവൻ ഒരാവൃത്തി വായിച്ചുതീർക്കുന്നതിനു ‘കത്തം ഓതുക’ എന്നുപറഞ്ഞുവന്നു.

മതപരമായ വിശേഷദിവസങ്ങളോടനുബന്ധിച്ചും വ്രതമാസമായ ‘റംസാനി’ലും ‘കത്തം’ ഓതും / ഓതിക്കും. എന്നാൽ കത്തപ്പുരകെട്ടി കത്തപ്പുരയ്‌ക്കകത്തിരുന്ന്‌ കത്തം ഓതിക്കൽ അത്യപൂർവ്വമായ ഒരു മരണാനന്തര ചടങ്ങാകുന്നു / ആയിരുന്നു. ‘ഖബർസ്‌ഥാൻ’ എന്ന ഉറുദു വാക്കിനാൽ അറിയപ്പെടുന്ന ‘മുസ്ലീം ശ്മശാനം’ ഈയടുത്തകാലം വരെ ‘പളളിക്കാട്‌’ എന്നാണ്‌ അറിയപ്പെട്ടിരുന്നത്‌, പറയപ്പെട്ടിരുന്നത്‌. (ഇന്നും പളളിക്കാട്‌ എന്നുപറയൽ പാടെ ഇല്ലാതായിട്ടൊന്നുമില്ല). പ്രദേശത്തെ പ്രധാനപളളി (മസ്‌ജിദ്‌) ആയ ‘ജുമുഅത്ത്‌’ പളളിപരിസരത്ത്‌ പാമ്പ്‌, കീരി മുതൽ കുറുക്കനുവരെ സ്‌ഥിരവാസത്തിന്നുതകുംവിധം പൊന്തക്കാടുകൾ നിറഞ്ഞ ശ്മശാനത്തെ ‘പളളിക്കാട്‌’ എന്നുവിളിച്ചുവന്നത്‌ തീർത്തും അനുയോജ്യവുമായിരുന്നു.

വടക്കുതെക്ക്‌ (വടക്കുഭാഗം അല്പം കിഴക്കോട്ടു ചരിച്ച്‌) വെട്ടിയ (കുഴിച്ച) ഖബറിൽ (കല്ലറയിൽ) ‘മയ്യിത്ത്‌’ (മൃതശരീരം) അടക്കംചെയ്‌തതിനോടൊപ്പം ഖബറിന്റെ ഇരുതലയ്‌ക്കലും വേഗംവളരുന്ന രണ്ടു പാഴ്‌ചെടിക്കമ്പു കുഴിച്ചിടാറുണ്ട്‌. ഇതു പൊടിക്കേണ്ടതും വളരേണ്ടതും പരേതന്റെ സ്മരണയ്‌ക്കാവശ്യമെന്നു ബന്ധുക്കൾ കരുതുന്നു. വളർത്തുന്നതും സ്വയംവളരുന്നതുമായ ഈ പാഴ്‌ചെടികൾ മൃതശരീരവളമേറ്റാണു വളരുന്നതെന്നതൊരു യാഥാർത്‌ഥ്യമാണെന്നല്ല – വെട്ടിനശിപ്പിന്നാനരുതാത്തവയാണെന്നുമായിരുന്നു. ആകയാൽ പാഴ്‌ച്ചെടികൾ നിറഞ്ഞ പളളിക്കാട്‌ ഭയം ജനിപ്പിക്കുന്നൊരിടമായിരുന്നു. മാത്രമല്ല, കനത്തപാറയിൽ തീർത്ത ഇരുതലയ്‌ക്കലും കുഴിച്ചിട്ട മീസാൻ കല്ലുകൾ (സ്മാരക ശിലകൾ) അജയ്യവും അതിശക്തവുമായ ഒരു പ്രത്യേക പേടി ജനിപ്പിക്കാനും ഉതകിയിരുന്നു.

പൊന്തക്കാടുകളാലന്ധകാരാവൃതമായ പളളിക്കാടിന്റെ പരിധിയിലടങ്ങാത്ത വിധം ഖബറുകളാണ്‌ തലമുറകളെ അടക്കിയ ശ്മശാനം. പുതിയൊരു ഖബറിനു ഇടം കണ്ടെത്തുക നന്നെ ക്ലേശകരം തന്നെ. ആറടിയോളം താഴ്‌ചയുളള ഖബർ കുഴിച്ചു ചെല്ലുമ്പോൾ പലപ്പോഴും പഴയ ഖബറുകളും അതിലെ അസ്‌ഥിപഞ്ഞ്‌ജരവും വെളിപ്പെടുന്നത്‌ സാധാരണം. ഏതുനിലയ്‌ക്കും ഒരു ഖബർ കുഴിച്ചു മറവുചെയ്‌തുകഴിഞ്ഞാൽ അതിന്നു തൊട്ടുതൊട്ടു നാനാഭാഗത്തും പഴയ ഖബറുകളായിരിക്കുമെന്നു തീർച്ച. തിങ്ങിഞ്ഞെരുങ്ങിയ ഈ ഖബറുകൾക്കിടയിലാണു ‘കത്തപ്പുര’ പുതുതായി മറവുചെയ്‌ത ഖബറിനെ ഉൾകൊണ്ട്‌ ചെറിയ / നന്നെ ചെറിയ ഒരു താൽക്കാലിക മാടം / ചെറ്റപ്പുര അപ്പോൾത്തന്നെ കെട്ടിയുണ്ടാക്കുന്നു. അതിന്നകത്തിരുന്നു ‘കത്തം’ ഓതണം.

‘യാമം’ മുറിയാതെയാണു കത്തപ്പുരയിലെ കത്തം ഓത്ത്‌. ദിവസത്തിലെ ഏതു യാമത്തിലും ദീർഘനേരം ഓതാൻ കഴിയുന്നവരെ (മുസ്‌ലിയാക്കന്‌മാരെ) യാണു കത്തപ്പുരയിലെ കത്തമോത്തിന്‌ ഏർപ്പെടുത്തുക. സാധാരണഗതിയിൽ തുടർച്ചയായ പന്ത്രണ്ടോ പതിനഞ്ചോ മണിക്കൂറുകൾകൊണ്ട്‌ ഒരു കത്തം (ഖുർആൻ ഒരാവൃത്തി) ഓതാം. പരേതന്റെ ധനശ്ശക്തിക്കനുസരിച്ച്‌ ഒരേസമയം രണ്ടോ മൂന്നോ നാലോ ആളുകളെ ഇരുത്തി കത്തപ്പുരയിൽ ഓതിക്കുന്നു. മരണദിവസം തൊട്ട്‌ പരമാവധി നാല്പതുദിവസവും ചിലപ്പോൾ അതിനകംതന്നെയും കഴിക്കുന്ന ‘ഓതിക്കൽ’ എന്നും ‘കത്തം വഴങ്ങൽ’ എന്നും പറഞ്ഞുവരുന്ന സമാപനം വരെയാണു കത്തപ്പുരയിലെ ഓത്ത്‌. ‘അടിയന്തിര’ ദിവസത്തിന്റെ ദൈർഘ്യമനുസരിച്ച്‌ ഓരോ ഓത്തുകാരും പല ആവൃത്തി കത്തങ്ങൾ ഓതിയിരിക്കും ദിവസത്തിൽ ആറുമണിക്കൂർ എന്ന ഏകദേശകണക്കിന്‌ ഊഴമിട്ട്‌ ഈരണ്ടോ കൂടുതലോ പേർ ഓതാനുമുണ്ടാകും.

‘സുബഹ്‌നി’ നമസ്‌കാരനന്തരസമയമായ രാവിലെ ആറുമണിമുതൽ ആരംഭിക്കുന്ന ഓത്തുകാർ – ‘ളുഹർ’ നമസ്‌കാര സമയത്തോടെ, അതായത്‌ പകൽ പന്ത്രണ്ടു മണിമുതൽ വേറെ ഓത്തുകാർ വന്നുചേരുന്നതോടെ പിരിയുന്നു. വീണ്ടും സന്ധ്യാസമയ ‘മഗ്‌രിബിന്നു’ വേറെ ഊഴക്കാർ (അതുപക്ഷേ ഉച്ചയ്‌ക്കു പിരിഞ്ഞുപോയവർ തന്നെയുമാകാം). രാത്രി പന്ത്രണ്ടുമണിമുതൽ അവസാനയാമത്തിലെ ഓത്തുകാരുടെ ആരംഭം. ഇതുതന്നെ യാമംമുറിയാത്ത ഓത്ത്‌. കത്തപ്പുരയിലെ ഓത്ത്‌.

കത്തപ്പുരയ്‌ക്കകത്തിരുന്നു ഭക്ഷണംകഴിക്കുകയോ ബീഡിവലിക്കുകയോ ചായകുടിക്കുകയോ ഒന്നുംപാടില്ല. അതെല്ലാം അനാദരവാണ്‌, മയ്യിത്തിനോടുളള അനാദരവ്‌. അതിഭീതിജനകമായ പളളിക്കാട്ടിലൊരു ചെറുമാടത്തിൽ – ഒരു ഖബറിനോടു ചേർന്നിരുന്ന്‌ മണിക്കൂറുകളോളം ഭയഭക്തിപൂർവ്വം കത്തം ഓതുക ദുഷ്‌കരം തന്നെ. എന്നല്ല ഏതു കഠിനദൃഢമനസ്സിനേയും ചഞ്ചലപ്പെടുത്തുന്ന രാത്രിയുടെ അവസാനയാമങ്ങളിലും – മുനിഞ്ഞുകത്തുന്നൊരു റാന്തൽവിളക്കിന്റെ മാത്രം വെട്ടത്തിൽ – തൊട്ടദിവസം അടക്കം ചെയ്‌ത ഒരു ഖബറിനുതൊട്ടിരുന്ന്‌ കത്തംഓതുകയെന്നത്‌ ഉൾക്കിടിലത്തോടെയല്ലാതെ ഓർക്കാനാർക്കുകഴിയും?

കത്തപ്പുരയിലെ ഓത്ത്‌ പരേതാത്‌മാവിനു ഏറെ നൻമയാണെന്ന്‌ വിശ്വനീയ മതരേഖകളുണ്ട്‌. എന്നിട്ടും കത്തപ്പുരകൾ യാതൊരു ഖബറിടങ്ങളിലും കാണപ്പെടുന്നില്ല. കത്തപ്പുരകെട്ടിച്ച്‌ അതിൽ എത്ര ആളുകളെവച്ചും എത്രകത്തവും ഓതിക്കാൻ ‘കഴിവുളള’ മുസ്ലീം മാപ്പിളമാർ പെരുത്ത ഈ കാലത്തു പക്ഷേ, എത്ര പ്രതിഫലം വാഗ്‌ദാനം ചെയ്‌താലും കത്തപ്പുരയിൽ ഓതാൻ തയ്യായുളളവരെ കിട്ടാനില്ല, അതുതന്നെ കാരണം.

Generated from archived content: nadanpattu_nov27.html Author: abujabeer_musaliar

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here

 Click this button or press Ctrl+G to toggle between Malayalam and English