ഗോത്രസമൃദ്ധിയെക്കുറിച്ചുളള തിരിച്ചറിവുകൾ നമ്മെക്കുറിച്ചുളള തിരിച്ചറിവുകൾ തന്നെയാണ്. തേക്കുപാട്ടും, കൊയ്‌ത്തുപാട്ടും നമ്മുടെ കാർഷികത്തനിമയുടെ ഓർമ്മകളെ തൊട്ടുണർത്തുന്നു. തെയ്യവും തോറ്റവും പുളളുവൻ പാട്ടുമൊക്കെ ആചാരത്തിലുപരി സ്വയം മറന്നാടുകയും പാടുകയും ചെയ്യുന്ന കലാകാരന്റെ ആത്മാവിഷ്‌ക്കാരം കൂടിയാണ്. നാട്ടാചാരങ്ങളും, നാട്ടറിവുകളും നമ്മുടെ സ്മൃതിമണ്ഡലത്തിൽ നിന്നും പലപ്പോഴും മാഞ്ഞുപോയിട്ടുണ്ടെങ്കിലും അവിടേയ്‌ക്ക് വീണ്ടുമൊരെത്തിനോട്ടം ആവശ്യകത തന്നെയാണ്. ഇത്തരം ആചാരങ്ങളും പഴയകാല സമൃദ്ധികളുമാണ് ആധുനിക മനുഷ്യൻ ഉണർത്തുന്ന മൂല്യങ്ങളുടെ അടിത്തറ പാകിയ ചുടുകട്ടകളാകുന്നത്. ഒരു തിരിച്ചുപോക്കല്ല നമ്മുടെ മുന്നിലുളളത്, അത് ശരിയുമല്ലതാനും, മറിച്ച് ചരിത്രത്തെക്കുറിച്ചുളള അവബോധമാണ് വേണ്ടത്. ഒരുവന്റെ ചരിത്രബോധമില്ലായ്മ എന്നത് സാമൂഹ്യജീവിയായ മനുഷ്യനെ സംബന്ധിച്ചിടത്തോളം നികത്താനാവാത്ത കുറവായി കാണുന്നത് തെറ്റായി കരുതാനാവില്ല. പഴമകളുടെ നന്മയും സത്യബോധവും ഒരു രീതിയിൽ അല്ലെങ്കിൽ മറ്റൊരു രീതിയിൽ ഉപയോഗപ്പെടുത്തേണ്ടത് ഇന്നിന്റെ ആവശ്യമാണ്. പ്രകൃതിയെ മറന്ന് തന്നിലേക്ക് മാത്രം ചുരുങ്ങുന്ന ആധുനിക മനുഷ്യന് ഒരു നല്ല ദിശാബോധമുണർത്താൻ പ്രകൃതിയെ സ്നേഹിച്ച പ്രകൃതിയോടിണങ്ങിയ പഴമക്കാരുടെ ജീവതശൈലിക്ക് കഴിയും എന്നത് മറച്ചുവയ്‌ക്കപ്പെടേണ്ട വസ്തുതയല്ല.
അതിനാൽ നമുക്ക് നാട്ടറിവുകളിലേക്ക് മടങ്ങാം. ഇതിൽ നാടൻപാട്ടുകൾ, നാട്ടറിവുകൾ, നാട്ടാചാരങ്ങൾ, നാടൻകലകൾ തുടങ്ങിയവയെക്കുറിച്ചുളള ഗഹനമായ പഠനങ്ങളും മറ്റ് ലേഖനങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രീ. സി.ആർ.രാജഗോപാലിന്റെ (പ്രൊഫസർ, കേരളവർമ്മ കോളേജ്, തൃശ്ശൂർ) നേതൃത്വത്തിലുളള നാട്ടറിവുപഠനകേന്ദ്രം, കണിമംഗലവുമായി യോജിച്ചാണ് പുഴ.കോം. ‘നാട്ടറിവ്’ ഒരുക്കിയിരിക്കുന്നത്.
Generated from archived content: about.html