പുരയുടെ പൊരുൾ മന്ത്രങ്ങളിൽ

പുരയെന്നാൽ കല്ലുംമണ്ണും തടിയും മാത്രമല്ല. അത്‌ മനുഷ്യകേന്ദ്രിതമായ ആവാസവ്യവസ്‌ഥയുടെ അടിസ്‌ഥാനഏകകവും രൂപകവുമാണ്‌. മനുഷ്യനുംപ്രകൃതിയും അവിടെ പരസ്‌പരം കണ്ടെത്തുന്നു. പുര നില്‌ക്കുന്ന ഇടം പുരയിടം. പുരയിടത്തിൽ വേറെയും പുരയുണ്ടാകും. അതിലൊന്നാണ്‌ കന്നാലിപ്പുര. കന്നാലികൾ മനുഷ്യന്റെ സഹജീവികളാണ്‌. പുരയിടത്തിൽ മരങ്ങൾ, ചെടികൾ എല്ലാം ഉണ്ടാവും. അവരും അങ്ങനെതന്നെ. മനുഷ്യന്‌ അവൻ സ്വയം കൽപിക്കുന്നതുപോലെ അവറ്റയെയും ഒരു സത്തയായി സങ്കല്പിക്കുന്നു, സ്നേഹിക്കുന്നു. മൃഗങ്ങൾക്കും മരങ്ങൾക്കും പേരിടുന്നത്‌ അതുകൊണ്ടാണ്‌. നന്ദിനി, പുളളിവാലൻ, കരിക്കുട്ടൻ, പാപ്പിപ്പൂച്ച തുടങ്ങിയ പേരുകൾ. ഈ മരങ്ങൾക്കോ മൃഗങ്ങൾക്കോ പക്ഷികൾക്കോ എന്തെങ്കിലും ദോഷങ്ങൾ സംഭവിക്കുന്നത്‌ മനുഷ്യർക്കു സംഭവിക്കുന്നതുപോലെ പ്രധാനമായി അവർ കണ്ടു. ഇവിടെയാണ്‌ മനുഷ്യകേന്ദ്രിതമായ ആവാസവ്യവസ്‌ഥ ജൈവപരമായ അവിഭാജ്യത പ്രകടിപ്പിക്കുന്നതും. അത്‌ മനുഷ്യന്റെ സംസ്‌കാരത്തിന്റെ ആസ്‌തിയായിരുന്നു. മരങ്ങളെയും മൃഗങ്ങളെയും സ്വന്തം പുരയിലെ അന്തേവാസികളായി കാണുന്ന നാട്ടുമനുഷ്യന്റെ പ്രപഞ്ചദർശനം ബ്രഹ്‌മസങ്കല്പത്തെക്കാൾ, എത്രതന്നെ വിനീതമാണ്‌. അതുബോദ്ധ്യപ്പെടാൻ നാം നാട്ടറിവിലെ ചില മന്ത്രങ്ങൾ ശ്രദ്ധിച്ചാൽ മതിയാവും. ആ മന്ത്രങ്ങൾ യുക്തിയിലെ അയുക്തികതയെ വെളിപ്പെടുത്തുന്നു. കൂട്ടായ്‌മയുടെ മന്ത്രങ്ങളായി അത്‌ മാറുന്നു.

പറച്ചിപെറ്റ പന്തീരുകുലത്തിന്റെ പിൻമുറക്കാരിയാണു താനെന്നു പറയുന്ന നാണിയമ്മ തനിക്കു മന്ത്രസിദ്ധി ലഭിച്ചതിന്റെ പശ്ചാത്തലം പറയുന്നു ഃ ‘ഞങ്ങള്‌ ചെങ്ങനൂര്‌ ആദിമഠത്തിലെ പിന്‌മുറക്കാരി. ആ കുലമാണെന്റെ കുടുമ്മത്തിന്റെ വേര്‌. അക്ഷരം പഠിച്ചിട്ടില്ല, അറിയത്തുമില്ല. എനിക്കീ വിദ്യ കിട്ടീത്‌, ഞങ്ങക്ക്‌ ഒരു ഉരു ഒണ്ടാര്‌ന്ന്‌. വടക്കനാര്‌ന്ന്‌. ഇവിടെ വന്നു കേറീതാ. വടക്കന്റെ വിദ്യക്ക്‌ ഉശിര്‌ കൂടും. ഞങ്ങളിൽപ്പെട്ട പെണ്ണിനെ കെട്ടി ആ ആള്‌ ഇവിടെ താമസിച്ച്‌. എന്റെ കുടുമ്മത്ത്‌ വെച്ചു പൂജയും കർമ്മങ്ങളുമുണ്ടാര്‌ന്ന്‌. ആ ആള്‌ മരിച്ചപ്പം പിന്നെ എനിക്കായി ഊഴം. ആ ആളീന്ന്‌ കേട്ട്‌ പഠിച്ച അറിവാണിത്‌. പാഞ്ചിത്തോല്‌ പാലത്തോല്‌ ഇതാണ്‌ ഓതാനെടുക്കുന്നത്‌. മാവിലയും ചെമ്പരിത്തിയും പാരിജാതവും ആകാം. വിഷ്‌ണുവിനു പിണിയേറ്റപ്പോ വേലനും വേലപ്പണിക്കത്തിയും പാഞ്ചിയാണ്‌ എടുത്തത്‌. പാണനാരും പാക്കനാരും അതുനോക്കി കണ്ടതാണ്‌’. മൂന്നുമന്ത്രങ്ങളാണ്‌ നാണിയമ്മ ഓതിക്കേൾപ്പിച്ചത്‌. അതിൽ ആദ്യത്തേത്‌ മരത്തിനും മനുഷ്യനും മൃഗത്തിനും പൊതുവായി മുഖവുരപോലെ ഉരുവിടുന്നു. ശേഷം ഓരോന്നിനും പ്രത്യേകമുളളമന്ത്രവും. മലയാളത്തിലുളള ഈ മന്ത്രം 1001 പ്രാവിശ്യം ഉരുക്കഴിക്കണമെന്നാണ്‌. രോഗങ്ങൾ, ദോഷങ്ങൾ, കണ്ണേറ്‌, നാവേറ്റ്‌ തുടങ്ങിയവ ദൂരീകരിക്കാനാണീമന്ത്രം. കണ്ണേറോ നാവേറോ രോഗമോ എന്നു അവർക്ക്‌ തിരിച്ചറിയാൻ കഴിയുമെന്നാണ്‌ പറയപ്പെടുന്നത്‌. ഉദാഹരണത്തിന്‌ ദഹനക്കേടാണെങ്കിൽ ഓതുന്ന ആൾ വല്ലാതെ ഓക്കാനിക്കും. കണ്ണേറാണെങ്കിൽ കൈ ഭയങ്കരമായി കഴയ്‌ക്കും. അപ്പോൾ അവർ പറയുകയും ചെയ്യും. അഗസ്‌ത്യർകൂടതാളിയോലമന്ത്രം, കദളീവനമന്ത്രം നേർക്കുത്തൽമന്ത്രം, പാലാഴിവാസമന്ത്രമെന്നിങ്ങനെ മന്ത്രത്തിന്റെ വിവിധഭാഗങ്ങൾ ഇവർക്കിടയിൽ അറിയപ്പെടുന്നു. എല്ലാം ഇടകലർത്തി ചൊല്ലുകയാണ്‌ നാണിയമ്മ ചെയ്യുന്നത്‌. മൂന്നിനങ്ങൾക്കും ചൊല്ലുന്ന മന്ത്രം ആദ്യം ചൊല്ലി. കദളീവനമന്ത്രമെന്നു പേര്‌. തോലുകൈയിൽ തുളളിച്ച്‌ ദ്രുതതാളത്തിലാണ്‌ മന്ത്രം ചൊല്ലുക.

1. കദളീവനമന്ത്രം

കിഴക്കുതിമല തെക്കു കേനാദി വടക്കു മാവേലി സാക്ഷി ഭദ്ര,

പാൽക്കടൽവർണ്ണൻ, കണ്ണൻ, മുരുകൻ, സുബ്രഹ്‌മണ്യൻ, വേലായുധൻ

തെക്കും വടക്കും കിഴക്കും പാൽക്കടലും കീഴ്‌ഭൂമിയും ആകാശവാസനേയും

യോഗീശ്വരനെ, നാഗരാജാവേ സർപ്പദൈവങ്ങളേ നൂറും പാലുമൊഴിച്ചുവണങ്ങി

ആനമുത്തനെയും കദളീവനമന്ത്രം നേർക്കുത്തൽ മന്ത്രം

അന്തികുന്തി കാന്തഹാരി പഞ്ചപാണ്‌ഡവന്‌മാരഞ്ചുപേരും

പറച്ചിപെറ്റ പന്തിരുകുലം തിരിഞ്ഞമ്മ ഭാരതത്തി മാതാവ്‌ വിഷ്‌ണുവിന്റെ

പിണി ഓതിയിറക്കാൻ പാഞ്ചിത്തോലു-പാലത്തോലുമെടുത്ത്‌ ശ്രീ പാർവ്വതി

പരമശിവനും വേഷം കെട്ടി വേലനും വേലപ്പണിക്കത്തിയുമായിറങ്ങി

പാക്കനാരും നന്തനാരും കണ്ട്‌ അന്തി കുന്തി കാന്ത ഹാരി….. (ആവർത്തനം)

ദുര്യോധനൻ കദളീവനം മൂപ്പനായി നിന്നു നൂറ്റുവരും പാണ്‌ഡവരും ചൂതിനു

തമ്മിൽ പടപൊതി പടക്കളത്തിൽനിന്നും

പാക്കനാരും നന്തനാരും കെട്ടോടു പൊയ്‌ല അടുക്കോടു വെറ്റ…

2. പാലാഴിവാസമന്ത്രം ഃ പെട്ടെന്ന്‌ കുറഞ്ഞ പാല്‌ വീണ്ടും കൂടുവാൻ വേണ്ടി പശുവിനെ ഓതുകയാണെങ്കിൽ മേൽപറഞ്ഞതിനോടൊപ്പം താഴെ പറയുന്ന മന്ത്രം ചേർത്തു ചൊല്ലുന്നു.

പോർക്കളമേറ്റു നടന്നു പോർ മുലപ്പാലും കഴിച്ചു നഗരമേറ്റു

പോർ മുലപ്പാലിന്റെ മധുരമോർത്തോടക്കുഴലു നാദസ്വരമേളമോടു

വായിച്ചു കാടൊത്തു നീരൊത്തു ശിശുക്കളും കൂട്ടരുമായി സല്ലപിച്ചിരുന്നു

മേളമോടോടക്കുഴൽ വായിച്ചിരിക്കുമ്പോൾ

മേൽപ്പൊട്ടുനോക്കുമ്പോൾ പൊന്നരയാലിൻ കൊമ്പുകൊണ്ടു

അരയാലും കൊമ്പത്തോടിക്കേറി മേളമോടുവായനയും വായിച്ചിരിക്കുമ്പോൾ

വിശക്കുമ്പോൾ പാലും തൈരും വെണ്ണയും

കട്ടുണ്ടവനാണ പാലുഞ്ഞരമ്പുതെളിയണം

പാലുഞ്ഞരമ്പുതെളിഞ്ഞു പാലൂറണം

പാലിന്റെ ഞെടിച്ചിലും പിരിച്ചിലും മാറണം

ഞരയും പതയും വന്നു പാൽഞ്ഞരമ്പുതെളിഞ്ഞു

പാലൂറട്ടെ, പാലാഴി വാസനാണ പാൽക്കടൽവർണ്ണനാണ

കണ്ണനാണ മുരുകനാണ സുബ്രഹ്‌മണ്യൻ വേലൻ വേലായുധനാണ….

3. മരത്തിനു കമ്പേറ്‌, കണ്ണേറ്‌, നാവേറ്‌ ബാധിച്ച്‌ ഉണങ്ങാൻ തുടങ്ങുമ്പോൾ ഓതുന്നു. കായ്‌ഫലമില്ലാതെയാകുന്ന തെങ്ങാണെങ്കിൽ ഇങ്ങനെ തുടരുന്നുഃ

‘ദൃഷ്‌ടി, ചൊവ്വ, ഗുളികൻ തെങ്ങോടുബാധിച്ച്‌ കൂമ്പും കൊലയും മടലും തേമ്പി വെളളക്ക/പൊഴിച്ചിൽ ഓലമടൽ ഒടിഞ്ഞ്‌, മണ്ടപ്പുഴു ചല്ലിക്കുത്ത്‌… ഓലയും മടലും തഴച്ച്‌ ആ ചല്ലിക്കുത്തു മാറണം, മണ്ടപ്പുഴുമാറണം, കാപൊഴിച്ചിൽ മാറണം ആ തെങ്ങോടു നാളീകേരത്തോടു ബാധിച്ച ദൃഷ്‌ടി ചൊവ്വ ഗുളികനും കരിങ്കണ്ണു, കരിനാക്കു കൊണ്ട്‌ നോക്കിക്കണ്ട്‌ പറഞ്ഞ നാക്കുദോഷം വിളിദോഷം സമയദോഷങ്ങളെല്ലാം മാറണം. ഭൂമിയോട്‌ മണ്ണോടു ബാധിച്ച്‌ തുലുക്കൻ അലുക്കൻ ചൊക്കൻ ചെട്ടി ബ്രാഹ്‌മണൻ നോക്കിക്കണ്ടുപറഞ്ഞു ദൃഷ്‌ടിയിൽ ചൊവ്വയും കരിം കണ്ണു കരിനാക്ക്‌ പിശാച്ചുക്കൾ, രോഗപീഢകൾ, വിളിദോഷങ്ങൾ, അറിവുദോഷം ബാധിച്ച ദോഷങ്ങളെല്ലാം ഭസ്‌മപ്രിയനാണു തോലാലേ തുളളിതീരണമിറങ്ങണം’.

4. അഗസ്‌ത്യ കൂടമന്ത്രം ഃ മനുഷ്യനുവേണ്ടി ആദ്യത്തേതിനൊപ്പം ചേർത്തുചൊല്ലുന്ന മന്ത്രം ‘കീഴ്‌ഭൂമി മേലാകാശം, ആറുകോടി അറുപത്താറായിരം അശിറുകളും ദേവന്‌മാരും മുപ്പത്തിമുക്കോടി ദേവകളും ഭസ്‌മപ്രിയയും കോലാലെയും ചെയ്‌തുതീർത്ത നാലുവേദം, ആറുശാസ്‌ത്രം, അഗസ്‌ത്യകൂടം താളിയോലയോട്‌, പുരാണകഥ, ആയിരത്തൊന്നുരുവേടി, ദൃഷ്‌ടി ചൊവ്വ ഗുളികനും കരിങ്കണ്ണുകൊണ്ട്‌ കരിനാക്കുകൊണ്ട്‌ നോക്കിക്കണ്ടു പറഞ്ഞ്‌ മൂലവായു, അരിയസ്‌, തികട്ടല്‌, വായു, ഉദരവായു, ഉമ്മജാതി, നമ്മജാതി

കണ്ണനും കാളിയുമിടവും വലവും നിന്ന്‌ ആയിരത്തെട്ട്‌ വ്യാദിയും

കൊമ്പും തലയുമൊതുക്കി ഞാൻ ചൊല്ലുന്ന

മന്ത്രത്താൽ തെളിഞ്ഞ്‌ ഞെളിഞ്ഞ്‌

ആചാരം ചെല്ലുന്നേരം നി കിടക്കുമറയൽ

വന്നടയ്‌ക്കപ്പെട്ടാണ്ടവനാണ ലാഇലാഹഇല്ലാ,

മുഹമ്മദുറസൂലുളളാ പെതക്കം സ്‌തംഭിതം ഓർക്കാനം

മനംമറിപ്പ്‌, ശർദില്‌, പൊകച്ചില്‌, തികട്ടല്‌

പാലോട്‌ വെണ്ണയോട്‌… അറപ്പുദൊഷം വിളിദോഷം

അളളുകൊതി മുളളുകൊതി മറക്കൊതി, അസ്‌തികൊതി-

വെളളുകൊതി പുളുപ്പുകൊതി പാലോട്‌ വെണ്ണയോട്‌

ഭസ്‌മപ്രിയ തോലാലെയിറങ്ങം’

നമുക്കുണ്ടായിരുന്ന പരിസ്‌ഥിതിബോധം വെളിവാക്കുന്നു ഈ മന്ത്രങ്ങൾ. പ്രകൃതിയിലെ ജീവികുലത്തെ മുഴുവൻ ഒന്നായി ദർശിക്കുന്ന ഈ മന്ത്രങ്ങൾ മരത്തിനും മൃഗത്തിനും മനുഷ്യനും തുല്യമായ സത്ത കൽപിച്ചിരുന്നുവെന്നതിന്‌ ഇത്‌ ആവശ്യത്തിലധികമായ തെളിവാണ്‌. മനുഷ്യരൊന്ന്‌ എന്ന ചിന്തയിലുപരിയായ ഒരു ദർശനമാണിവിടെ ഇന്ന്‌ നമുക്ക്‌ കൈമോശം വരുന്നത്‌.

പുരയ്‌ക്കുപറയുന്ന വിവിധപേരുകൾ ഃ വളപ്പ്‌, കൊട്ടില്‌, തട്ടകം, ചെട, വീട്‌, കൂര, പാർപ്പിടം, കെട്ട്‌, ചരിച്ചുകെട്ട്‌, നാലുകെട്ട്‌, ഒടിച്ചുകുത്ത്‌, ചുറ്റ്‌, കിടപ്പ്‌, കുടില്‌, ചേക്ക, അടിച്ചുകൂട്ട്‌, കെട്ടിടം, വസതി, ഭവനം, മൻസിൽ, കോട്ടേജ്‌, ആശ്രമം, സത്രം, സൗധം, മേട, കൊട്ടാരം, ബംഗ്ലാവ്‌, മട്ടുപ്പാവ്‌, നിവാസ്‌, വാടി, ഏറുമാടം, തമ്പ്‌, പാടി, കൂട്‌, ആരൂഢം.

Generated from archived content: nattarivu_dec3.html Author: a_nujum

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here