ഇണക്കത്തേക്കാൾ നല്ലത് വിയോജിപ്പുകളാണെന്ന് കവി കെ.ജി. ശങ്കരപ്പിള്ള അഭിപ്രായപ്പെട്ടു. കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന പുസ്തകോത്സവത്തിന്റെ ഏഴാം ദിവസം ‘എന്റെ രചനാലോകങ്ങൾ’ സംവാദപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
അനീതിക്കെതിരായതാണ് ഏറ്റവും സർഗാത്മകവും സൗന്ദര്യാത്മകവുമായ നിലപാട്. വ്യക്തിത്വമുള്ള വാക്കും കവിതയുമാണ് ഒരാൾക്ക് വില കൊടുക്കുന്നതും വില കെടുത്തുന്നതും- കെ.ജി.എസ്. പറഞ്ഞു. പി.എൻ. ഗോപീകൃഷ്ണൻ അധ്യക്ഷനായി. എൻ. രാജൻ, റജില ഷെറിൻ എന്നിവരും പ്രസംഗിച്ചു.
ജാതി, ലിംഗം, ജനാധിപത്യം’ എന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയിൽ സി.എസ്. ചന്ദ്രിക, ഡോ. ഡി. അനിൽകുമാർ, അനസ്, ആദി എന്നിവർ പ്രസംഗിച്ചു. വിജയരാജമല്ലിക സ്വാഗതം പറഞ്ഞു. വി.എസ്. ബിന്ദു മോഡറേറ്ററായി. കെ. ഉണ്ണികൃഷ്ണന്റെ നഗരത്തിൽ ചേക്കേറുന്ന കിളികൾ, ഇ.ഡി. ഡേവിസിന്റെ ആത്മകഥാസഞ്ചാരങ്ങൾ എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു.
ദേശീയ പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പുസ്തക കവർ, പുസ്തകനിർമിതി, സ്റ്റാൾ മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. കവർ രൂപകല്പനയിൽ അജു ഷീല ഗോപാലനാണ് ഒന്നാം സമ്മാനം. നിഷാൻ രണ്ടാംസ്ഥാനം നേടി.
പുസ്തകനിർമിതിയിൽ ഒന്നാം സമ്മാനം കോഴിക്കോട് പൂർണ പബ്ലിക്കേഷൻസ് പ്രസിദ്ധീകരിച്ച ഡോ. കെ. ശ്രീകുമാറിന്റെ ബുദ്ധവെളിച്ചം കുട്ടികളുടെ ശ്രീബുദ്ധൻ എന്ന പുസ്തകത്തിനാണ്. രണ്ടാം സമ്മാനം തിരുവനന്തപുരം സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച നിയമവിജ്ഞാനകോശം എന്ന പുസ്തകത്തിനാണ്. മികച്ച സ്റ്റാൾ ഒന്നാംസമ്മാനത്തിന് തൃശ്ശൂരിലെ എച്ച് ആൻഡ് സി പബ്ലിക്കേഷനെയും രണ്ടാം സമ്മാനത്തിന് തൃശ്ശൂരിലെ ബുക്കർ മീഡിയയെയും തിരഞ്ഞെടുത്തു.
Click this button or press Ctrl+G to toggle between Malayalam and English