നഷ്ടവസന്തങ്ങൾ

kumi-shadow-art-kumi-yamashita-9

 

ഹന്ന സുന്ദരിയായിരുന്നു. പള്ളിയിൽ മുടങ്ങാതെ പോകും. കുർബ്ബാനയിൽ പങ്കുകൊള്ളും കുർബ്ബാന കൈക്കൊള്ളും. ശനിയാഴ്ച  വൈകുന്നേരങ്ങളിൽ  അമ്മയോടൊപ്പം പള്ളിയില്പോയി പള്ളിയുടെ അകവും പുറവും തൂത്ത് വൃത്തിയാക്കും.

മേശ വിരിപ്പുകൾ നേരാംവണ്ണം വിരിച്ചിടും. മെഴുകുതിരിയിൽനിന്നു  കത്തിയെരിഞ്ഞു വീണ മെഴുകുകൾ ശേഖരിച്ച് വെയ്ക്കും,  പിച്ചളകൊണ്ടുള്ള മെഴുകുതിരിക്കാലുകളും കുരിശും നിലവിളക്കും വെട്ടിത്തിളങ്ങുമാറ്‌ മിനുക്കിവെയ്ക്കും. ധൂപകുറ്റിയിൽ നിറയ്ക്കേണ്ട ചിരട്ടക്കരി ഉണ്ടാക്കിവെയ്ക്കും. മൽമൽ തുണികളിൽ മുന്തിരിവള്ളിയും ഇലകളും മുന്തിരിക്കുലകളും കുരിശും പറന്നിറങ്ങുന്ന  പ്രാവിന്റെ രൂപവും  തുന്നിപ്പിടിപ്പിക്കും.  പള്ളിപ്പറമ്പിലെ ചെടികൾക്കു വെള്ളമൊഴിക്കും. ഹന്ന ഒരു ചിത്രശലഭത്തേപ്പോലെ അവിടെയെല്ലാം പാറിനടന്നിരുന്നു  .

മഞ്ഞുകാലം തുടങ്ങിയ ഒരു സന്ധ്യ.   അരമനയിലേക്കുള്ള വഴി  സുന്ദരമായിരുന്നു. ആവഴി രണ്ടായിപ്പിരിയുന്നതിൽ ഒന്ന് മഠത്തിലേയ്ക്കും ഒന്ന് അരമനയിലേക്കുമായിരുന്നു.

അവിടങ്ങളിലെ ഉദ്യാനങ്ങൾ ഭംഗിയായി മോഡിപിടിപ്പിച്ചിരുന്നു. നാനാവർണ്ണങ്ങളിലുള്ള പൂച്ചെടികൾ തരം തിരിച്ചാണ്‌ നട്ടുപിടിപ്പിച്ചിരുന്നത്. വസന്തകാല സൗരഭ്യം  മഞ്ഞിൽ പുതഞ്ഞുനി ന്നിരുന്നു അവിടമാകെ !.  വിവിധയിനം പൂക്കളുടെ ഇഴചേർന്ന സുഗന്ധം  ഉള്ളിലേക്കാഞ്ഞുവലിച്ചു ഹന്ന മുന്നോട്ടു നടനു.

മരച്ചില്ലകൾക്കിടയില്ക്കൂടി അരിച്ചിറങ്ങുന്ന അസ്തമയ സൂര്യന്റെ പകിട്ടാർന്ന നിറങ്ങൾ . ഏദൻ തോട്ടത്തിലേയ്ക്കു കടന്നുചെന്ന പ്രതീതി.

മീൻവളർത്തുന്ന കുളവും ഉദ്യാനത്തിന്റെ ഒരു ഭാഗത്തായുണ്ട്.  പ്രാവുകൾക്കു യഥേഷ്ടം പറന്നിരിക്കാൻ ഒരു പ്രാവും കൂടും അവിടെ പണിതിട്ടുണ്ട്. പാതിരിമാർ സമയം കിട്ടുമ്പോഴൊക്കെ അവിടെ വന്ന് പ്രാവുകൾക്കും മീനുകൾക്കും തീറ്റകൊടുത്ത് സമയം പോക്കാറുണ്ട്.

അങ്ങിങ്ങായി യേശുദേവന്റെയും കന്യാമറിയത്തിന്റെയും പുണ്യവാളന്മാരുടെയും പുണ്യവതികളുടെയും  പ്രതിമകൾ സ്ഥാപിച്ചിരുന്നു. പുണ്യവാളന്മാരുടെ പ്രതിമകൾക്കു പുറകിൽ ചെകുത്താന്മാർ  ഒളിഞ്ഞിരിപ്പുണ്ടെന്നറിഞ്ഞ നിമിഷങ്ങൾ.

കാത്തു സൂക്ഷിച്ച ചാരിത്രത്തിനു കോട്ടം തട്ടാതിരിക്കാൻ അവൾ അവിടെനിന്നും  നിലം തൊടാതെ ഓടി.  പള്ളിനടയിൽ ഹന്ന ചങ്കിടിച്ചു വീണു. അവൾ കിതച്ചുകൊണ്ട് പള്ളിനടയിൽ കുത്തിയിരുന്നു.

“വല്ലതും പറ്റിയോ പൊന്നുമോളെ ?” എന്നവളുടെ അമ്മ തിരക്കി. ഒന്നുമില്ലെന്ന് അവൾ തലയിളക്കി.  അവളുടെ അമ്മ അവൾക്ക് വെള്ളം കൊടുത്ത് പുറം തടവിക്കൊടുത്തു.

തിരിഞ്ഞു നോക്കുമ്പോൾ അരമനയിലേക്കുള്ള വഴിയില്ക്കൂടി ആരോ ഒരാൾ നടന്നകലുന്നത് അരണ്ട വെളിച്ചത്തിൽ മങ്ങിക്കണ്ടു..!  മൂടുപടമണിഞ്ഞ ഒരു ചെകുത്താനേപ്പോലെ തോന്നി അയാൾ പോകുന്നതു കണ്ടപ്പോൾ !.

അവളുടെ മാനസ്സികനിലയ്ക്ക് അല്പമായി ആഘാതം സംഭവിച്ചിട്ടുണ്ടെന്നു തോന്നുന്നു. . വിരസതയിൽ അവൾ സ്വയം പിറുപിറുക്കാൻ തുടങ്ങി.  എല്ലാത്തിനും പരിഹാരം കാണാനെന്നവണ്ണം ഹന്നയുടെ അമ്മ അവളെ കല്യാണം കഴിപ്പിച്ചു.

ബാഗ്ഡോഗിൽ  കൈവണ്ടി വലിച്ചു നടന്നിരുന്ന സാഞ്ചോയെക്കൊണ്ട്. സാഞ്ചോയ്ക്ക് ബന്ധമെന്നോ സ്വന്തമെന്നോ പറയാനായി ആരുമില്ലായിരുന്നു. സമ്പാദ്ധ്യമായി ഒന്നുമില്ലായിരുന്നയാൾക്ക്. അദ്ധ്വാനിക്കാൻപോന്ന ശരീരവും അതിനുള്ളിൽ തന്റെ മകളെ സ്നേഹിക്കാൻ കൊള്ളാവുന്ന ഒരു മനസ്സുമുണ്ടെന്ന് ഹന്നയുടെ അമ്മ മനസ്സിലാക്കി.

കൈവണ്ടിനിറയെ ഭാരംകയറ്റി വലിക്കുന്നതുകൊണ്ട് അയാളുടെ മസ്സിലുകൾക്ക് കട്ടിപിടിച്ചിരുന്നു. അയാളുടെ മാംസപേശികൾ കുതിരയുടെ പേശികൾക്കു സമമായിരുന്നു. ഒരു ബർമുഡ മാത്രമാണ്‌ അയാൾ ധരിച്ചിരുന്നത്. വിയർപ്പു തുടയ്ക്കുന്നതിനായി ഒരു  ബംഗാളി കൈത്തറി തോർത്തും തലയിൽ സദാസമയവും കെട്ടിയിട്ടുണ്ടാവും.

സാഞ്ചോയ്ക്ക് ഹന്നയെ ഇഷ്ടമായിരുന്നു. പക്ഷെ ഹന്ന സാഞ്ചോയുമായി ഒരിക്കലും സഹകരിച്ചില്ല. അതായാളെ ദിനമ്പ്രതി മാനസ്സികമായി തളർത്താൻ തുടങ്ങിയിരുന്നു.  അവളുടെ പ്രതികരണങ്ങളെ തനിക്കു വന്നുഭവിച്ച ഭാഗ്യദോഷമായി കണക്കിലെടുത്ത് അയാൾ സ്വയം നിയന്ത്രിച്ചു. അതിന്‌ ആരെയും ശപിച്ചിട്ട് കാര്യ മില്ലെന്ന്   അയാൾ മനസ്സിലാക്കി. എല്ലാം സഹിക്കുകയായിരുന്നയാൾ  സ്വപ്നങ്ങൾക്ക് അയാൾ കൂച്ചുവിലങ്ങിട്ട് മാറ്റി നിറുത്തി. മോഹങ്ങളും മോഹഭംഗങ്ങളും ഉള്ളിലൊതുക്കി അയാൾ പുഞ്ചിരിക്കുകമാത്രം ചെയ്തു. തന്റെ ദുർഗതി പുറത്താരും അറിയാതിരിക്കാൻ അയാൾ ശ്രമിച്ചു.   ഒരുപക്ഷെ  അതുകൊണ്ടായിരിക്കും അയാൾ  മദ്യത്തിന്‌ അടിമയായതും.

ഉറങ്ങുവാൻ നേരത്തു തന്റെ ദുഖങ്ങളും ഗദ്ഗദങ്ങളും കടിച്ചമർത്തി അയാൾ കിടക്കും. മനക്കോട്ടകൾ പടുത്തുയർത്തി അതിൽ വിഹരിക്കണമെന്ന മോഹം കുറച്ചുകാലം കൊണ്ടുനടന്നു. ആ മോഹം ഇന്നപ്പാടെ പൊലിഞ്ഞിരിക്കുന്നു.  പിന്നെ എപ്പോഴോ ഉറക്കത്തിലേയ്ക്കു വഴുതിവീഴും. അതാണ്‌ പതിവ്.

മുഖപ്രസന്നതവരുത്തി കിടക്കപ്പായിൽ കിടക്കും. ഉറക്കത്തിൽ മരിച്ചാലും മുഖപ്രസന്നത ഉണ്ടായിരിക്കണമെന്നയാൾക്കു നിർബന്ധമുണ്ടായിരുന്നു. മരിച്ചുകിടക്കുന്ന തന്നെക്കണ്ട് എല്ലാവരും പറയണം

“ ആ മുഖകാന്തി ഒന്നു കാണേണ്ടതുതന്നെ” എന്ന്.

അപ്പോഴെങ്കിലും ഹന്ന തന്നെ തിരിച്ചറിയട്ടെ !. എന്നിട്ടവൾ ചങ്കുണ്ടെങ്കിൽ ജനങ്ങൾക്കു മുന്നിൽ എന്നെപ്രതി പൊട്ടിക്കരയട്ടെ.  ഞാനറിയുന്നില്ലെങ്കിലും എന്റെ ആത്മാവ്  പുളകംകൊണ്ടെങ്കിലും പൊയ്പ്പോകട്ടെ.  പൊയ്പ്പോയ ആ നിറസന്ധ്യകളും ഈറൻ നിലാവിൽ കുളിച്ചുനിന്ന എത്രയെത്ര രാവുകളും പാഴായിപ്പോയതവളറിഞ്ഞു വിലാപഗാനങ്ങളാലപിക്കട്ടെ. ആ വിലാപഗാനങ്ങളിലെങ്കിലും എന്റെ ആത്മാവു ലയിച്ചു സ്വച്ഛന്നമായ് ഒഴുകട്ടെ ! ഓരോ ഉറക്കവും ഉണരാത്ത ഉറക്കമായ് തീരുകില്ലെന്നാരുകണ്ടു !.

ഹന്നയുടെ അമ്മയ്ക്ക് അവരുടെ കണക്കുകൂട്ടലുകൾ തെറ്റിയതുപോലെ തോന്നിത്തുടങ്ങി. അവളുടെ മാനസ്സിക നിലയെ തിരിച്ചുകൊണ്ടുവരുവാൻ അവർ നന്നേ പണിപ്പെട്ടു. ഹന്നയ്ക്ക് അമ്മ പലതും ഉപദേശിച്ചുകൊടുത്തു.

“അവനും ഒരു പുരുഷനല്ലേ .. ആശകളും നെഞ്ചിലേറ്റി അവനിങ്ങനെ എത്രനാളെന്ന് കണ്ടാണ്‌ നിന്റെ കൂടെ കഴിയേണ്ടത് ?.  അവന്റെ നേരെ ഒന്നു സ്നേഹത്തോടെ  നോക്കാനെങ്കിലും നിനക്കാകില്ലെന്നുണ്ടോ…? ഇങ്ങനെ തീ തിന്നു ജീവിക്കുന്നതിലും ഭേദം അവനെ നിന്നിൽ നിന്നു  പിരിക്കാൻ പോവുകയാണ്‌ ഞാൻ !.  അവൻ ഏതെങ്കിലും ഒരുത്തിയെ കൂട്ടി അവൾക്കൊപ്പം സുഖമായി കഴിഞ്ഞുകൊള്ളും….!” എന്നൊക്കെ.

അന്നു പണി മുഴുമിപ്പിച്ച് കൈവണ്ടിയും വലിച്ചുവരുന്ന സാഞ്ചോയെ ഹന്ന വിടർന്ന കണ്ണുകളുമായി നോക്കി നിന്നു.  അന്നത്തെ സന്ധ്യ ഈറൻ നിലാവിൽ കുളിച്ചു നില്ക്കുന്നതുപോലെ അവൾക്കുതോന്നി. ഒപ്പം മനസ്സിൽ ഒരായിരം നക്ഷത്രങ്ങൾ പൂത്തുവിരിയുന്നതായും !.  ഊഷരഭൂമിയിലേക്ക് ആലിപ്പഴങ്ങൾ പെയ്തിറങ്ങിയ അനുഭൂതി അവളുടെ മനസ്സിനെ മഥിക്കുന്നുണ്ടായിരുന്നപ്പോൾ.   കൊഴിഞ്ഞുപോയ നാളുകൾ ഇനി തിരികെ വരില്ലെന്നറിയാം അതുകൊണ്ട് മുന്നോട്ടുള്ള  ജീവിതം സായത്തമാക്കണമെന്നവൾ മനസ്സിൽ കരുതി.

സാഞ്ചോയുടെ കയ്യിലിരുന്ന മദ്യക്കുപ്പി അവൾ തട്ടിയെടുത്തു. പതിവിനു വിപരീതമായി ഹന്ന ചെയ്യൂന്നതുകണ്ടപ്പോൾ അയാൾ പകച്ചുപോയി.  അയാളുടെ മനസ്സിൽ സമ്മിശ്ര വികാരങ്ങൾ മുളപൊട്ടാൻ തുടങ്ങി. അന്നത്തെ അത്താഴത്തിനു ഹന്നയും ചേർന്ന്  അതവർ പങ്കിട്ടുകഴിച്ചു.   അവർ ആഗ്രഹിച്ചിട്ടും ആ രാത്രി അവർക്കുവേണ്ടി കാത്തുനിന്നില്ല.

കിഴക്കു വെള്ളകീറിയപ്പോൾതന്നെ സഞ്ചോ തണുത്ത വെള്ളത്തിൽ കുളിച്ചു. അയാളുടെ ചൂടുള്ള ദേഹത്തുനിന്നു നീരാവി പൊന്തുന്നത് അവൾ നോക്കിനിന്നു.  പഴങ്കഞ്ഞിയിൽ മസാലകുത്തിനിറച്ചുണ്ടാക്കിയ മുളക് കുത്തിയുടച്ച് നന്നായ് ഇളക്കി. കഞ്ഞി കുടിച്ച് അയാൾ ഏമ്പക്കമിട്ടു.

കൈവണ്ടിയിൽ മൂന്നുതവണ തൊട്ടു വന്ദിച്ചു. കൈവണ്ടിയുമായി പുറപ്പെടുമ്പോൾ ഹന്ന വാതുക്കൽ നിന്നു മന്ദഹസ്സിക്കുന്നുണ്ടായിരുന്നു.  അതുകണ്ട് അയാളുടെ   മനസ്സു കുളിർത്തു.

ഡാവിഞ്ചിയുടെ വിശ്വവിഘ്യാതമായ  മൊണാലിസ  ചിത്രംപോലെതോന്നി ഹന്നയും അപ്പോൾ.  അവൾ തന്നെ നോക്കി മൊണാലിസ്സയേപ്പോലെ വശീകരിക്കുന്ന മന്ദഹാസം പൊഴിച്ചത് ആത്മാവിൽ കുളിർകോരിയിട്ടു. അവളുടെ മുഖം കണ്മുന്നിൽ കണ്ടുകൊണ്ട് ഹർഷപുളകിതനായി അയാൾ കൈവണ്ടി വേഗം വലിച്ചുപോയി.

അവരെ വീക്ഷിച്ചു നിന്ന ഹന്നയുടെ അമ്മ അവർക്കു കണ്ണുകിട്ടാതിരിക്കാൻ എന്നവണ്ണം അവരുടെ കയ്യുകൾ ശൂന്യതയിൽ ഉഴിഞ്ഞുവെച്ചു.

അന്നയാൾക്ക്  ജോലിചെയ്യാൻ പതിവിലേറെ ഉത്സാഹമായിരുന്നു. കൂട്ടുകാരുമൊത്ത് പൊളിവാക്കുകൾ പറഞ്ഞിരിക്കാതെ കിട്ടുന്ന സമയങ്ങളിൽ കൂടുതൽ പണിചെയ്യണമെന്ന ത്വര അയാളിൽ വർദ്ധിച്ചു.

പട്ടണത്തിലെ മോട്ടോർ വാഹനക്കാർക്ക് പണിമുടക്കുള്ള ദിവസ്സമായിരുന്നു. അന്ന് സാഞ്ചോയ്ക്കന്നു തിമിർക്കെ പണികിട്ടി.

കൈവണ്ടി വലിച്ചുപോകുമ്പോൾ അയാളുടെ മനസ്സില്ക്കൂടി പലതും കടന്നുപോയി.  ഇത്രയും കാലം തന്നെ സ്നേഹിക്കാതെ നഷ്ടമായിപ്പോയ ആ ദിനരാത്രങ്ങളെ അയാൾ പഴിച്ചു. പാറിപ്പറന്നിരിക്കുന്ന അവളുടെ മുടി കാറ്റിൽ ഉലയുന്നതുപോലെ അയാൾക്കു തോന്നി. കാരസോപ്പുകൊണ്ടാണ്‌ അവൾ മുടി കഴുകിയിരുന്നത്. അതുകൊണ്ടായിരിരിക്കും അവളുടെ മുടി ചകിരിനാരുപോലെയിരിരുന്നതും.

“ഇന്നവൾക്ക്  സമ്മാനമായി  നറുമണമുള്ള ഒരു സോപ്പും അവളുടെ മുടി കോതിയൊതുക്കുവാൻ സുഗന്ധം പരത്തുന്ന എണ്ണയും താൻ കൊണ്ടുപോകും. കഴിയുമെങ്കിൽ താൻതന്നെ അവളുടെ മുടിയിൽ ആ സുഗന്ധ തൈലം തേച്ചുപിടിപ്പിച്ച് കോതിയൊതുക്കിക്കൊടുക്കും. എന്നിട്ടാ മുടിക്കുത്തിൽ താൻ വാങ്ങിയിരിക്കുന്ന കല്ലുകൾ പതിപ്പിച്ച ഈ മുടിപ്പിന്ന് കുത്തിക്കൊടുക്കും. അപ്പോൾ അവൾ ആനന്ദ ലഹരിയിൽ അലിഞ്ഞു തന്നോടു ചേരാതിരിക്കില്ല !!”.  എന്നെല്ലാം കരുതി സാഞ്ചോ ഹന്നയ്ക്കുവേണ്ടി ആ സാധനങ്ങളൊക്കെ വാങ്ങി.  എന്നിട്ടയാൾ    അതിലൊരു കുറിപ്പും എഴുതി വെച്ചു.

“ എന്റെ പ്രിയ ഹന്ന. നീ ഇന്നലെ അതിസുന്ദരിയായിരുന്നു. നീയിനി ഇതിലും കൂടുതൽ സുന്ദരിയാവും.  ദേ…അതിനുള്ള സാധനങ്ങാളാണിതിൽ.  കഴിഞ്ഞുപോയ പ്രേതദിനങ്ങളെയോർത്ത് നീയിനി കുണ്ഠിതപ്പെടേണ്ട…ആ നാളുകളെ നമുക്ക് വിസ്മയത്തിന്റെ ആഴങ്ങളിലേക്ക് ചവിട്ടിത്താഴ്ത്താം..! . നിനക്കുവേണ്ടി കഷ്ടപ്പെടുന്നതിൽ എനിക്കു ചാരിതാർത്ഥ്യം മാത്രമേയുള്ളു.  ഇനിയുള്ള നാളുകൾ മതി നമുക്ക്.   നീ പള്ളിയിൽ പോയിട്ട് കുറച്ചു കാലങ്ങളായില്ലേ..?!  നിനക്കായി പള്ളിയിൽ പോകാൻ ഒരു വെള്ളസാരിയും വാങ്ങിയിട്ടുണ്ട്.   വെള്ളസാരിക്കു ചേർന്ന കല്ലുകൾ പതിച്ച ഈ മുടിക്കുത്തി നിന്റെ തലയ്ക്കു മകുടമായിത്തിളങ്ങും.  ഇതെല്ലാം അണിയുമ്പോൾ നീ സുന്ദരിയായിരിക്കും. മൊണാലിസ്സയെപ്പോലെ. ഒരു കൈവണ്ടി വലിക്കുന്നവന്റെ ഭാര്യ ഇത്ര സുന്ദരിയോ ?!   എന്നാരെങ്കിലും നിന്നോടു ചോദിച്ചാൽ ഞാനല്ല നിന്റെ ഭർത്താവെന്നു നീ അവരോടു പറയണം.  കർത്താവിനെ പത്രോസ്സ് തള്ളിപ്പറഞ്ഞില്ലേ അതുപോലെ !. എന്നു കരുതി പത്രോസ്സിനെ കർത്താവു കൈവിട്ടു കളഞ്ഞില്ല ല്ലോ ! അതുപോലെ നിന്നെയും ഞാൻ കൈവിടില്ല. അതിനുള്ള മനക്കട്ടി നിനക്കുണ്ടെന്ന് ഇന്നലെയ്ക്ക് മുമ്പുവരെ ഞാനറിഞ്ഞതാണ്‌.  ഇന്നുമുതൽ എന്താണെന്നു പറയാൻ വയ്യ. എന്നിരുന്നാലും ശരി എന്റെ ആദ്യത്തെ സ്നേഹ സമ്മാനമാണിത്…!”

സാഞ്ചോ എഴുതിയ തുണ്ടുകടലാസ്സ് സാധനങ്ങളുടെ കൂടെവെച്ച് സഞ്ചിയുടെ വായ് കൂട്ടിക്കെട്ടി വണ്ടിയിൽ വെച്ചു.

 

*******

 

മോട്ടോർ വാഹനങ്ങൾ പണിമുടക്കിയതുകൊണ്ട് സാഞ്ചോയ്ക്ക് ചെയ്തുതീർക്കാൻ പറ്റാത്തത്ര പണി  ഉണ്ടായിരുന്നു.

ഇന്നലെവരെ താനവൾക്ക് അന്യനായിരുന്നു . എന്നാൽ ഇന്നങ്ങനെയല്ല. അതുകൊണ്ട് കഷ്ടപ്പെടുന്നതും സുഖമായി തോന്നുന്നു.

അന്നു പട്ടണത്തിൽ  അയാൾക്കു തിരക്കുപിടിച്ച ദിവസ്സമായിരുന്നു. ഒരിടത്തുനിന്നു മറ്റൊരിടത്തേയ്ക്ക് കുതിര -വണ്ടി വലിക്കുന്ന ത്വരിതത്തിൽ സാധനങ്ങൾ കയറ്റിയ വണ്ടി വലിച്ചുകൊണ്ടിരുന്നു.

സാഞ്ചോ അക്കാശത്തിലേയ്ക്കു കണ്ണുകളയച്ചു സൂര്യനെ നോക്കി. അങ്ങു പടിഞ്ഞാറു ചക്രവാളത്തോടടുത്തിരുന്നു സൂര്യൻ. ആകാശവിതാനത്തിലെ ചായക്കൂട്ടുകൾപോലെ മനസ്സിലും നിറങ്ങൾ പടർന്നിരുന്നു. പണിത്തിരക്കുകൊണ്ട് സമയം പോയതറിഞ്ഞില്ല.  അടുത്ത ട്രിപ്പോടുകൂടി ഇന്നത്തെ ജോലി നിർത്താമെന്നയാൾ കണക്കുകൂട്ടി. അവന്റെ ഗ്രാമത്തിലേയ്ക്കാണ്‌ അവസ്സാന ട്രിപ്പു കിട്ടിയത്.

വണ്ടി നിറയെ ഇരുമ്പു കമ്പികൾ കയറ്റി. പിന്നെ ഗ്രാമത്തിലേയ്ക്കുള്ള വഴിയില്ക്കൂടി വണ്ടി വലിച്ചു. അല്പം ഇറക്കമുള്ള സ്ഥലത്തു ചെന്നപ്പോൾ വണ്ടി തന്റെ നിയന്ത്രണം വിടുന്നതുപോലെ അയാൾക്കു തോന്നി. അതിന്റെ ഒരു ചക്രം അടർന്നുമാറിയിരിക്കുന്നു. ഒരു നിമിഷത്തിനുള്ളിൽ എല്ലാം തകിടം മറിയുകയായിരുന്നു.  അയാൾ വണ്ടിയുമായി ഇറക്കത്തിൽ വീണു. അതിൽ കയറ്റിയിരുന്ന കമ്പി അയാളുടെ പിന്നിൽ നിന്നു കുത്തിത്തറച്ച് മറുപുറം കടന്നു. അയാൾ ദൈവത്തെ വിളിച്ച് വേദന കടിച്ചമർത്തി കുഴഞ്ഞുവീണു.

പിന്നെ ഒരു മായാ പ്രപഞ്ചത്തിലേക്ക് കടന്നുപോകുന്ന അനുഭവം. ഹന്ന അണിഞ്ഞൊരുങ്ങി തന്റെ മുന്നിൽ നില്ക്കുന്നതുപോലെ അയാൾക്കു തോന്നി. അവൾ മൊണാലിസ്സയെപ്പോലെ തന്റെ മുന്നിൽ നിന്നു മന്ദഹസ്സിച്ചു. അയാളുടെ മുഖത്ത് സന്തോഷം വിരിഞ്ഞു. അയാൾ ആഗ്രഹിച്ചിരുന്നതുപോലെ അയാളുടെ മുഖം പ്രസന്നമായിരുന്നു അപ്പോൾ . കണ്ടവർ കണ്ടവർ പറഞ്ഞു

“ ചിരിച്ചുകൊണ്ട് കിടക്കുകയാണന്നെ തോന്നുകയുള്ളു !”

ആ വാക്കുകൾ ഹന്നയുടെ ഇടനെഞ്ചിൽ മേഘക്കീറുകൾപോലെ കൂട്ടിയിടിച്ചു. എന്നിട്ടവൾ പേമാരിപോലെ പൊട്ടിപ്പൊട്ടിക്കരഞ്ഞു.

സാഞ്ചോ എഴുതിവെച്ച കുറിപ്പവൾ ഉറക്കെയുറക്കെ വായിച്ചു.  ഹന്നയുടെ തലയിൽ പുരട്ടുവാൻ അയാൾ വാങ്ങിയ സുഗന്ധ എണ്ണ ചേതനയറ്റു കിടക്കുന്ന അയാളുടെ കയ്യിൽ ഒഴിച്ചു. എന്നിട്ടവൾ തന്റെ തലയിൽ അയാളുടെ കൈകൊണ്ട് തേച്ചുകൊണ്ടു പറഞ്ഞു.

“ നിങ്ങളുടെ ആഗ്രഹമല്ലായിരുന്നോ എന്റെ തലയിൽ ഈ എണ്ണ തേച്ചു പിടിപ്പിക്കണമെന്ന്..അതു സാധിച്ചില്ലേ… ? ഇനി ദേണ്ടെ ഈ കല്ലുകൾ പതിപ്പിച്ച മുടിക്കുത്തി…..അതും നിങ്ങൾതന്നെ കുത്തി തന്നോളു…., പിന്നെ ഈ സാരി…അതും ഞാനുടുക്കാം…., അതിന്റെ ഞൊറിവുകൾ കൂടുന്നിടത്തു ഞാനതു നിങ്ങളുടെ കൈകൊണ്ടുതന്നെ കുത്തിക്കാം… ചേതനയറ്റതാണെങ്കിലും നിങ്ങളുടെ കരസ്പർശനം അവസ്സാനമായ്  ഞാനനുഭവിക്കട്ടെ..!!. ഇനി മടങ്ങിവരാത്ത ദിനരാത്രങ്ങളിൽ നിങ്ങളെ ഓർത്തു ഞാൻ കഴിഞ്ഞുകൊള്ളാം സാഞ്ചോ…. കഴിഞ്ഞുകൊള്ളാം..!.  ”

 

അവളുടെ വിലാപത്തിനിടയിൽ അയാളുടെ ശവമഞ്ചം മുന്നോട്ടു നീങ്ങി.   ജീവിച്ചിരുന്നകാലം അയാൾക്കു സ്നേഹം കൊടുക്കാൻ കഴിഞ്ഞില്ലല്ലോ എന്ന കുറ്റബോധംപേറി കൊഴിഞ്ഞുപോയ നഷ്ടവസന്തങ്ങളെയോർത്ത് തേങ്ങിക്കരഞ്ഞ്  പുറകെ  അവളും നടന്നു…

 

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleതേന്‍
Next articleചരിത്രം
ജനനം 1960. പതിനഞ്ചു വർഷത്തെ ആർമി (ആർമഡ് കോർപ്സിൽ) സേവനം. (ഏട്ടു വർഷം അഡ്മിനിസ്ട്രേഷനിലും ഏഴു വർഷം അക്കൗണ്ട്സിലും). ആർമിയിൽ നിന്നു സ്വയം വിരമിച്ചതിനു ശേഷം ഒരു കമ്പനിയിൽ ഇരുപതു വർഷത്തെ സേവനം. സീനിയർ മാനേജരായി റിട്ടയർ ചെയ്തു. ചിത്ര രചനയും എഴുത്തും പ്രധാന ഹോബികൾ. ഭാര്യ - വത്സല. മക്കൾ - ദർശന, ദിവ്യ. കൃതികൾ :- 1) ശിവാംഗി - ചെറുകഥാ സമാഹാരം (29 കഥകൾ). 2) ഒരു പട്ടാളക്കാരന്റെ ആത്മഗതങ്ങൾ - നോവൽ - 3) പലായനം - നോവൽ 4) തായ് വേരുകൾ - ചെറുകഥാ സമാഹാരം (24 കഥകൾ) 5) ഫാക്ടറി - നോവൽ താമസ്സം : അഹമദ്നഗർ, മഹാരാഷ്ട്ര. മൊബൈൽ : 9423463971 / 9028265759 ഇമെയിൽ : joy_nediyalimolel@yahoo.co.in

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here