നാസിം ഹിക്മെത്ത്- വി.രവികുമാറിന്റെ പരിഭാഷയിൽ

 

മലയാളത്തിൽ കവിതാപ രിഭാഷകൾക്ക് മാത്രമായി വർഷങ്ങളായി സമയം കണ്ടെത്തുന്ന ഒരാളാണ് രവികുമാർ വാസുദേവൻ. അദ്ദേഹത്തിന്റെ ‘പരിഭാഷ’ എന്ന ബ്ലോഗ് എത്രയോ വർഷങ്ങളായി മലയാളികൾക്ക് ലോക കവിതകളെ പരിചയപ്പെടുത്തുന്നു. ഐറിസ് ബുക്ക്സ് എന്ന ലേബലിൽ ഇപ്പോൾ അവ പുസ്തക രൂപത്തിലും വായനക്കാരിലേക്ക് എത്തുന്നുണ്ട്. അദ്ദേഹം മൊഴിമാറ്റം നടത്തിയ ലോക കവി നാസിം ഹിക്മെത്തിന്റെ രണ്ടു കവിതകൾ ഇത്തവണ വായിക്കാം

നാസിം ഹിക്മെത്

———————————

ടർക്കിഷ് ഭാഷയിലെ ആദ്യത്തെ ആധുനികകവിയായ നാസിം ഹിക്മെത് 1902 ജനുവരി 15ന്‌ ഇന്നത്തെ ഗ്രീസ്സിൽ പെട്ട സലോനിക്കയിൽ ജനിച്ചു. ചിത്രകാരിയായ അമ്മയും കവിയായ മുത്തശ്ശനും വഴി വളരെ ചെറുപ്പത്തിൽത്തന്നെ സാഹിത്യവുമായി പരിചയപ്പെട്ട ഹിക്മെത്തിന്റെ ആദ്യകവിതകൾ പതിനേഴാം വയസ്സിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം തുർക്കി സഖ്യകക്ഷികളുടെ അധീനത്തിലായപ്പോൾ അദ്ദേഹം ഇസ്താംബുൾ വിട്ട് മോസ്ക്കോ സർവ്വകലാശാലയിൽ പഠനത്തിനു ചേർന്നു. ലോകമെങ്ങു നിന്നുമുള്ള കലാകാരന്മാരെയും എഴുത്തുകാരെയും പരിചയപ്പെടാനുള്ള അവസരമായി അത്. 1924ൽ തുർക്കി സ്വതന്ത്രമായപ്പോൾ സ്വദേശത്തേക്കു മടങ്ങിയെങ്കിലും ഒരു ഇടതുപക്ഷമാസികയിൽ ജോലി ചെയ്തു എന്നതിന്റെ പേരിൽ അദ്ദേഹം അറസ്റ്റിലായി. റഷ്യയിലേക്കു രക്ഷപ്പെട്ട ഹിക്മെത് 1928ൽ ഒരു പൊതുമാപ്പിനെ തുടർന്ന് നാട്ടിലേക്കു മടങ്ങി. തുടർന്നുള്ള പത്തു കൊല്ലത്തിനിടയിൽ ഒമ്പതു കവിതാസമാഹാരങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ പേരിൽ വീണ്ടും അറസ്റ്റിലായി, ദീർഘമായ ഒരു ജയിൽ വാസത്തിനു ശേഷം അവസാനമായി നാടു വിട്ട അദ്ദേഹം സോവ്യറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്പിലുമാണ്‌ ശേഷിച്ച കാലം കഴിഞ്ഞത്.

1

ജീവിക്കുന്നതിനെക്കുറിച്ച്‌

ജീവിക്കുക എന്നത് വെറും തമാശയല്ല.
എത്രയും ഗൌരവത്തോടെ വേണം നാം ജീവിക്കാൻ,
ഉദാഹരണത്തിന്‌ ഒരണ്ണാറക്കണ്ണനെപ്പോലെ.
എന്നു പറഞ്ഞാൽ,
ജീവിക്കുക എന്നതിനപ്പുറമായി യാതൊന്നും നാം പ്രതീക്ഷിക്കരുതെന്നാണ്‌,
നിങ്ങളുടെ ഒരേയൊരുദ്ദേശ്യം ജീവിക്കുക എന്നതു മാത്രമായിരിക്കണമെന്നാണ്‌.
ജീവിക്കുക എന്നത് വെറും തമാശയല്ല:
അത്ര ഗൌരവത്തോടെ വേണം നാമതിനെ കാണാൻ,
എത്രയെന്നാൽ-
ഉദാഹരണത്തിന്‌ കൈകൾ പിന്നിൽ കെട്ടിയും
പുറകിൽ ചുമരുമായും
അല്ലെങ്കിൽ, തടിച്ച കണ്ണടയും വെളുത്ത കോട്ടുമായി ഒരു ലബോറട്ടറിക്കുള്ളിൽ വച്ചും
മനുഷ്യർക്കു വേണ്ടി മരിക്കാൻ നിങ്ങൾക്കു കഴിയണം,
നിങ്ങൾ മുഖം പോലും കണ്ടിട്ടില്ലാത്തവരാണവരെങ്കില്ക്കൂടി,
ആരും നിങ്ങളെ നിർബ്ബന്ധിക്കുന്നില്ലെങ്കില്ക്കൂടി,
ഏറ്റവും മനോഹരവും ഏറ്റവും യഥാർത്ഥവുമായ സംഗതി
ജീവിക്കുക എന്നതാണെന്നു നിങ്ങൾക്കറിയാമെങ്കില്ക്കൂടി.
ജീവിക്കുക എന്നതിനെ അത്ര ഗൌരവത്തോടെ വേണം
നിങ്ങൾ കാണാനെന്നാണു ഞാൻ അർത്ഥമാക്കുന്നത്,
അതായത്, ഉദാഹരണത്തിന്‌, എഴുപതു വയസ്സായി നിങ്ങൾക്കെങ്കില്ക്കൂടി
ഒലീവിന്റെ വിത്തുകൾ നിങ്ങൾ കുഴിച്ചിടും,
അതു നിങ്ങളുടെ കുട്ടികൾക്കു വേണ്ടിയുമല്ല,
മറിച്ച് മരണത്തെ ഭയമാണെങ്കില്ക്കൂടി നിങ്ങളതിൽ വിശ്വസിക്കുന്നില്ല
എന്നതുകൊണ്ടാണ്‌,
ജീവിക്കുക എന്നതാണു കൂടുതൽ പ്രധാനം എന്നതുകൊണ്ടാണ്‌
എന്നാണു ഞാൻ അർത്ഥമാക്കുന്നത്.

2

നമുക്കു മാരകമായൊരു രോഗം ബാധിച്ചിരിക്കുകയാണെന്നും
ശസ്ത്രക്രിയ നിശ്ചയിച്ചിരിക്കുകയാണെന്നുമിരിക്കട്ടെ,
എന്നു പറഞ്ഞാൽ ആ വെളുത്ത മേശ മേൽ നിന്ന്
നാം എഴുന്നേറ്റുപോരാനിടയില്ലെന്നുകൂടി ഇരിക്കട്ടെ.
അല്പം നേരത്തേ പോകേണ്ടി വരുന്നതിൽ നമുക്കൊരു വിഷാദം തോന്നാതിരിക്കുക
എന്നതസാദ്ധ്യമാണെങ്കില്ക്കൂടി,
അപ്പോഴും നാം തമാശകൾ കേട്ടു ചിരിക്കും,
മഴ പെയ്യുന്നുവോയെന്ന് ജനാലയിലൂടെ പുറത്തേക്കു നോക്കും,
അടുത്ത റേഡിയോവാർത്തക്കായി അക്ഷമയോടെ കാത്തിരിക്കുകയും ചെയ്യും.

ഇനി, നാമൊരു യുദ്ധമുന്നണിയിലാണെന്നു വയ്ക്കൂ,
ന്യായമായൊരു കാര്യത്തിനു വേണ്ടി യുദ്ധം ചെയ്യുകയാണു നാമെന്നുമിരിക്കട്ടെ.
അതേ ദിവസം തന്നെ, ആദ്യത്തെ ആക്രമണത്തിൽ തന്നെ
നാം മുഖമടിച്ചുവീണു മരിച്ചുവെന്നു വരാം.
വിചിത്രമായൊരു രോഷത്തോടെ നമുക്കതറിയാമെങ്കില്ക്കൂടി
വർഷങ്ങൾ നീണ്ടുനിന്നേക്കാവുന്ന ഈ യുദ്ധം എങ്ങനെയാണവസാനിക്കുക
എന്നതിനെക്കുറിച്ചോർത്തു നാം തല പുണ്ണാക്കുകയും ചെയ്യും.

നാം തടവറയിലാണെന്നിരിക്കട്ടെ,
നമുക്കു പ്രായം അമ്പതോടടുക്കുന്നുവെന്നും,
ഇനി പതിനെട്ടു കൊല്ലം കൂടി കഴിഞ്ഞാലേ
ആ ഇരുമ്പുകവാടം നമുക്കായി തുറക്കുള്ളുവെന്നും വയ്ക്കുക.
അപ്പോഴും നാം ജീവിക്കുക പുറംലോകവുമായിട്ടായിരിക്കും,
അതിലെ ആളുകളും മൃഗങ്ങളുമായി, അതിലെ അദ്ധ്വാനങ്ങളും കാറ്റുമായിട്ടായിരിക്കും,
എന്നു പറഞ്ഞാൽ, ചുമരുകൾക്കപ്പുറത്തുള്ള ആ പുറംലോകവുമായി.

ഞാൻ പറയുന്നത്, നാമെവിടെയാകട്ടെ, എങ്ങനെയാവട്ടെ,
ഒരിക്കലും മരണമില്ലാത്തവരെപ്പോലെ വേണം നാം ജീവിക്കാൻ എന്നാണ്‌.

3
ഈ ലോകം തണുത്തു മരവിയ്ക്കും,
നക്ഷത്രങ്ങൾക്കിടയിൽ മറ്റൊരു നക്ഷത്രമാകും,
അതും ഏറ്റവും ചെറിയതും,
നീലപ്പട്ടിൽ ഒരു പൊൻതരി പോലെ-
അതെ, നമ്മുടെ ഈ മഹിതഭൂമി.

ഈ ലോകം ഒരുനാൾ തണുത്തു വെറുങ്ങലിയ്ക്കും,
ഒരു മഞ്ഞുകട്ട പോലെയല്ല,
മരിച്ച മേഘം പോലെയുമല്ല-
മറിച്ച്, കറുത്തിരുണ്ട ശൂന്യാകാശത്തിലൂടെ
ഒരു കടുക്കാത്തോടു പോലെ അനന്തകാലമതുരുണ്ടുനടക്കും…

അതിനെക്കുറിച്ചോർത്തിപ്പോഴേ നിങ്ങൾ വിലപിക്കണം,
ആ വേദന ഇപ്പോഴേ നിങ്ങളറിയണം.
അങ്ങനെ വേണം നിങ്ങൾ ഈ ഭൂമിയെ സ്നേഹിക്കാൻ,
എന്നാലേ നിങ്ങൾക്കു പറയാനാകൂ, ‘ഞാൻ ജീവിച്ചിരുന്നു’ എന്ന്.

2

ഇന്നു ഞായറാഴ്ച

ഇന്നു ഞായറാഴ്ച.
ഇതാദ്യമായി അവരെന്നെ
തടവറയ്ക്കു പുറത്തേക്കിറക്കി.
ജീവിതത്തിലിതാദ്യമായി
ഞാൻ ആകാശം നോക്കിനിന്നു;
ഞാനത്ഭുതപ്പെട്ടു,
എത്രയകലെയാണതെന്ന്,
എത്ര നീലയാണതെന്ന്,
എത്ര വിശാലമാണതെന്ന്.
നിശ്ചേഷ്ടനായി
ഞാൻ നോക്കിനിന്നു,
പിന്നെ ചുമരിൽ ചാരി
ഭക്തിയോടെ ഞാനാ കരിമണ്ണിലിരുന്നു.
ഇപ്പോഴെന്റെ ചിന്തയിലേയില്ല മരണം,
എന്റെ ചിന്തയിലില്ല സ്വാതന്ത്ര്യം,
എന്റെ ഭാര്യയും.
ഭൂമി, സൂര്യൻ, പിന്നെ ഞാനും…
തൃപ്തനാണു ഞാൻ.

(1938)

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here