ടർക്കിഷ് ഭാഷയിലെ ആദ്യത്തെ ആധുനികകവിയായ നാസിം ഹിക്മെത് 1902 ജനുവരി 15ന് ഇന്നത്തെ ഗ്രീസ്സിൽ പെട്ട സലോനിക്കയിൽ ജനിച്ചു. ചിത്രകാരിയായ അമ്മയും കവിയായ മുത്തശ്ശനും വഴി വളരെ ചെറുപ്പത്തിൽത്തന്നെ സാഹിത്യവുമായി പരിചയപ്പെട്ട ഹിക്മെത്തിന്റെ ആദ്യകവിതകൾ പതിനേഴാം വയസ്സിൽ പ്രസിദ്ധീകരിക്കപ്പെട്ടു. ഒന്നാം ലോകമഹായുദ്ധത്തിനു ശേഷം തുർക്കി സഖ്യകക്ഷികളുടെ അധീനത്തിലായപ്പോൾ അദ്ദേഹം ഇസ്താംബുൾ വിട്ട് മോസ്ക്കോ സർവ്വകലാശാലയിൽ പഠനത്തിനു ചേർന്നു. ലോകമെങ്ങു നിന്നുമുള്ള കലാകാരന്മാരെയും എഴുത്തുകാരെയും പരിചയപ്പെടാനുള്ള അവസരമായി അത്. 1924ൽ തുർക്കി സ്വതന്ത്രമായപ്പോൾ സ്വദേശത്തേക്കു മടങ്ങിയെങ്കിലും ഒരു ഇടതുപക്ഷമാസികയിൽ ജോലി ചെയ്തു എന്നതിന്റെ പേരിൽ അദ്ദേഹം അറസ്റ്റിലായി. റഷ്യയിലേക്കു രക്ഷപ്പെട്ട ഹിക്മെത് 1928ൽ ഒരു പൊതുമാപ്പിനെ തുടർന്ന് നാട്ടിലേക്കു മടങ്ങി. തുടർന്നുള്ള പത്തു കൊല്ലത്തിനിടയിൽ ഒമ്പതു കവിതാസമാഹാരങ്ങൾ അദ്ദേഹം പ്രസിദ്ധീകരിച്ചു. കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ പേരിൽ വീണ്ടും അറസ്റ്റിലായി, ദീർഘമായ ഒരു ജയിൽ വാസത്തിനു ശേഷം അവസാനമായി നാടു വിട്ട അദ്ദേഹം സോവ്യറ്റ് യൂണിയനിലും കിഴക്കൻ യൂറോപ്പിലുമാണ് ശേഷിച്ച കാലം കഴിഞ്ഞത്.
നാസിം ഹിക്മെത്തിന്റെ കുറച്ചു കവിതകൾ കൂടി. വി.രവികുമാറിന്റെ പരിഭാഷയിൽ…..
1945 സെപ്തംബർ 24
കടലുകളിൽ വച്ചേറ്റവും സുന്ദരമായത്:
നാമതിനിയും താണ്ടിയിട്ടില്ല.
കുഞ്ഞുങ്ങളിൽ വച്ചേറ്റവും സുന്ദരമായത്:
അതിനിയും വളർന്നുവന്നിട്ടില്ല.
നാളുകളിൽ വച്ചേറ്റവും സുന്ദരമായത്:
നാമതിനിയും കണ്ടിട്ടില്ല.
ഞാൻ നിന്നോടു പറയാനാശിക്കുന്ന ഏറ്റവും സുന്ദരമായ വാക്കുകൾ:
ഞാനതിനിയും പറഞ്ഞിട്ടില്ല.
നമ്മുടെ സ്ത്രീകളുടെ മുഖങ്ങൾ
മറിയം ദൈവത്തിനു ജന്മം കൊടുത്തിട്ടില്ല.
മറിയം ദൈവത്തിനമ്മയുമല്ല.
മറിയം അനേകം അമ്മമാരിൽ ഒരമ്മ മാത്രം.
മറിയം ഒരു പുത്രനു ജന്മം കൊടുത്തു,
അവൻ അനേകം പുത്രന്മാർക്കിടയിൽ ഒരു പുത്രൻ.
അതിനാലത്രേ ചിത്രങ്ങളിൽ മറിയം ഇത്ര മനോഹരിയായത്,
അതിനാലത്രേ മറിയത്തിന്റെ പുത്രൻ നമുക്കിത്രയ്ക്കടുത്തവനായതും,
നമ്മുടെ സ്വന്തം പുത്രന്മാരെപ്പോലെ.
നമ്മുടെ സ്ത്രീകളുടെ മുഖങ്ങൾ
നമ്മുടെ നോവുകളെഴുതിവച്ച പുസ്തകങ്ങൾ..
നമ്മുടെ വേദനകൾ, നമ്മുടെ സ്ഖലിതങ്ങൾ, നാം ചിന്തിയ ചോര
അവ കൊഴുച്ചാലുകൾ കീറുന്നതു നമ്മുടെ സ്ത്രീകളുടെ മുഖങ്ങളിൽ.
നമ്മുടെ ആനന്ദങ്ങൾ പ്രതിഫലിക്കുന്നതു നമ്മുടെ സ്ത്രീകളുടെ മുഖങ്ങളിൽ,
തടാകങ്ങളിൽ വീണു തിളങ്ങുന്ന പ്രഭാതങ്ങൾ പോലെ.
നാം സ്നേഹിക്കുന്ന സ്ത്രീകളുടെ മുഖങ്ങളിൽ കാണാം,
നാം മനസ്സിൽ വിരിയിക്കുന്ന ഭാവനകൾ.
നമുക്കതു കണ്ണില്പെട്ടാലുമില്ലെങ്കിലും,
നമുക്കു മുന്നിലവയുണ്ട്,
നമ്മുടെ യാഥാർത്ഥ്യങ്ങളോടത്രയുമടുത്തായി,
അവയിൽ നിന്നത്രയകലെയായും.
ഒസ്യത്ത്
സഖാക്കളേ, ആ ദിവസം കാണാൻ ഞാൻ ജീവിച്ചിരിപ്പില്ലെങ്കിൽ,
അതായത്, സ്വാതന്ത്ര്യമെത്തും മുമ്പേ ഞാൻ മരിച്ചുപോയെങ്കിൽ,
ഒരനത്തോളിയൻ ഗ്രാമത്തിലെ സിമിത്തേരിയിൽ
എന്നെക്കൊണ്ടുപോയടക്കൂ.
ഹസ്സൻ ബേയുടെ കല്പന പ്രകാരം വെടി വച്ചുകൊന്ന പണിക്കാരൻ ഒസ്മാൻ
എന്റെ ഒരു വശത്തു കിടക്കട്ടെ,
മറ്റേ വശത്ത് രക്തസാക്ഷിയായ അയിഷയും,
വരകുപാടത്തു കുഞ്ഞിനെ പെറ്റ് നാല്പതിനുള്ളിൽ മരിച്ചവൾ.
സിമിത്തേരിക്കു താഴേക്കൂടി ട്രാക്റ്ററുകളും പാട്ടുകളും കടന്നുപൊയ്ക്കോട്ടെ-
പുലർവെളിച്ചത്തിൽ പുതിയ മനുഷ്യർ, പെട്രോളു കത്തുന്ന മണം,
പൊതുസ്വത്തായ പാടങ്ങൾ, വെള്ളം നിറഞ്ഞ കനാലുകൾ,
വരൾച്ചയില്ല, പോലീസുഭീതിയില്ല.
അതെയതെ, ആ പാട്ടുകൾ ഞങ്ങൾ കേൾക്കുകയില്ല:
മരിച്ചവർ മണ്ണിനടിയിൽ നിവർന്നുകിടക്കും,
കറുത്ത ചില്ലകൾ പോലെ ജീർണ്ണിക്കും,
മണ്ണിനടിയിൽ, അന്ധരായി, ബധിരരായി, മൂകരായി.
പക്ഷേ, എഴുതപ്പെടും മുമ്പേ
ആ പാട്ടുകൾ ഞാൻ പാടിയിരുന്നു,
ട്രാക്റ്ററുകളുടെ ബ്ലൂപ്രിന്റുകൾ തയാറാവും മുമ്പേ
പെട്രോളു കത്തുന്ന മണം ഞാൻ ശ്വസിച്ചിരുന്നു.
എന്റെ അയൽക്കാരാണെങ്കിൽ,
പണിക്കാരൻ ഒസ്മാനും രക്തസാക്ഷിയായ അയിഷയും,
ഒരുപക്ഷേ, തങ്ങളറിയാതെതന്നെ,
ജീവിച്ചിരിക്കുമ്പോൾ അവർ അതിനായി മോഹിച്ചിരുന്നു.
സഖാക്കളേ, ആ ദിവസമെത്തും മുമ്പേ ഞാൻ മരിച്ചുപോയാൽ,
-അതിനാണു സാദ്ധ്യതയെന്നെനിക്കു തോന്നുകയാണ്-
ഒരനത്തോളിയൻ ഗ്രാമത്തിലെ സിമിത്തേരിയിൽ എന്നെ അടക്കൂ,
കൈവാക്കിനൊരു മരം കിട്ടിയെന്നാണെങ്കിൽ,
ഒരു പാഴ്മരം എന്റെ തലയ്ക്കൽ വച്ചുപിടിപ്പിച്ചേക്കൂ,
ശിലാഫലകവു മറ്റും എനിക്കാവശ്യമില്ല.
1953 ഏപ്രിൽ 27