ലോകത്തെയാകെ പ്രതിസന്ധിയിലാക്കുകയും സിനിമാമേഖലയെ പൂര്‍ണ്ണമായും നിശ്ചലമാക്കുകയും ചെയ്ത കൊവിഡ്കാലത്തെ അനുഭവങ്ങള്‍ വിഷയമാക്കി വ്യത്യസ്തമായൊരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നു.
നവാഗതനായ രമേശ് എസ് മകയിരം രചനയും സംവിധാനവും നിര്‍വഹിക്കുന്ന ലോല, ലോക്ക് ഡൗണ്‍ കാലത്തെ ഒരു നര്‍ത്തകിയുടെ ജീവിതത്തിലെ വൈവിധ്യമാര്‍ന്ന സംഭവങ്ങളുടെ കഥ പറയുന്ന ചിത്രമാണ്.
മനുഷ്യസമൂഹം വര്‍ത്തമാന കാലത്ത് നേരിടുന്ന അസാധാരണമായ പ്രതിസന്ധി ഒരു നര്‍ത്തകിയുടെ കലാജീവിതത്തില്‍ തീര്‍ക്കുന്ന സാമൂഹികവും മാനസികവും ഭൗതികവുമായ സംഘര്‍ഷങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. പ്രശസ്‌ത സംവിധായകരായ കെ.മധു, ബ്ലസി, ലാല്‍ജോസ്, ഡോ.ബിജു, ജി.മാര്‍ത്താണ്ഡന്‍ നടന്മാരായ മധുപാല്‍, പ്രദീപ്നായര്‍, ഗിന്നസ്പക്രു, ഷിബു ഗംഗാധരന്‍, സലിംകുമാര്‍, സജിത് ജഗത് നന്ദന്‍, കെ.ആര്‍.പ്രവീണ്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്‍റെ ടൈറ്റില് പോസ്റ്റര്‍ കഴിഞ്ഞ ദിവസം സാമൂഹികമാധ്യമങ്ങളില്‍ പുറത്തിറക്കിയത്.
പ്രശസ്‌ത കവി രാജന്‍ കൈലാസ് എഴുതിയ ലോലയിലെ മൂന്നു ഗാനങ്ങള്‍ക്ക് ഗിരീഷ് നാരായണ്‍ സംഗീതം നിര്‍വഹിക്കും. ലോലയിലെ നായികയെ ഉടന്‍ പ്രഖ്യാപിക്കുമെന്നും മറ്റു നടീ നടന്മാരെ ഓഡീഷന്‍ വഴി കണ്ടെത്തുമെന്നും നിര്‍മ്മാതാക്കളും സംവിധായകനും അറിയിച്ചു.
നൃത്തത്തിനും അഭിനയത്തിനും ഒരു പോലെ പ്രാധാന്യമുള്ള ഈ ചിത്രത്തില്‍ ലോലയായി അഭിനയിക്കുന്ന മലയാള സിനിമയിലെ നര്‍ത്തകിയായ ഒരു നായികാ നടിയായിരിക്കുമെന്ന് സംവിധായകന്‍ രമേശ് പറഞ്ഞു. ചിത്രത്തിലെ പ്രധാന ഗാനം പാടുന്നത് ഗായകന്‍ വേണുഗോപാലാണ്. മറ്റു ഗാനങ്ങള്‍ക്കായി പുതിയ ഗായകരെയും അണിയറ പ്രവര്‍ത്തകര്‍ തേടുന്നുണ്ട്.
ജൂണ്‍, ജൂലൈ മാസങ്ങളില്‍ തിരുവനന്തപുരം, ആലപ്പുഴ ജില്ലകളിലെ പ്രധാന ലൊക്കേഷനുകളില്‍ ചിത്രീകരണം ആരംഭിക്കുന്ന ലോല പുതു പുരക്കന്‍ ഫിലിംസാണ് നിര്‍മ്മിക്കുന്നത്.
എസ്.ശശിധരന്‍പിള്ള (നിര്‍മ്മാണം), സിനോജ് പി അയ്യപ്പന്‍ (ഛായാഗ്രഹണം), റഷിന് അഹമ്മദ് (എഡിറ്റര്‍), ഗിരീഷ് നാരായണ്‍ (ബി.ജി.എം./സംഗീതം), മനോജ് കാരന്തൂര്‍ (പ്രൊഡക്ഷന്‍കണ്‍ട്രോളര്‍), അജയന്‍ വി കാട്ടുങ്ങല്‍ (പ്രൊഡക്ഷന്‍ ഡിസൈനര്‍), വിശാഖ് ആര്‍ വാര്യര്‍ (ചീഫ്അസോസിയേറ്റ്ഡയറക്ടര്‍), നിവേദ് മോഹന്‍ദാസ് (സൗണ്ട്ഡിസൈര്‍), അരുണ്‍ സോളോ (പ്രോജക്‌ട്ഡിസൈനര്‍), ലാലു കൂട്ടാലിട (മേക്കപ്പ്), സുജിത്ത്മട്ടന്നൂര്‍ (കോസ്റ്റ്യൂം), ദീപു അമ്പലക്കുന്ന് (സ്റ്റില്‍സ്), ഷാജി എജോൺ (കണ്‍സള്‍ട്ടിംഗ്), സജീഷ് പാലായി (ഡിസൈര്‍), എ.എസ്.ദിനേശ് (വാര്‍ത്താപ്രചാരണം) എന്നിവരാണ് ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍. ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ക്ക്
വിധേയമായി ആരോഗ്യവകുപ്പ് അധികൃതരുടെ നിര്‍ദ്ദേശങ്ങളും സുരക്ഷാമുന്‍ കരുതലുകളും മാനദണ്ഡങ്ങളും പൂര്‍ണ്ണമായി പാലിച്ചുകൊണ്ടായിരിക്കും ചിത്രീകരണം നടത്തുകയെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.
മിനിസ്‌ക്രീനിലെ വളരെക്കാലത്തെ പരിചയവും അനുഭവസമ്പത്തും കൈമുതലാക്കിയാണ് രമേശ് എസ് മകയിരം ചലച്ചിത്രസംവിധാനത്തിലേക്ക് കടക്കുന്നത്.
കവിയും മാധ്യമപ്രവര്‍ത്തകനുമായ രമേശ് നടന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്.
കൗമുദി ചാനല്‍ നിര്‍മ്മിച്ച് പ്രേഷണം ചെയ്ത മഹാഗുരു ടെലിവിഷന്‍ പരമ്പരയില്‍ ശ്രീനാരായണഗുരുവിന്‍റെ പ്രധാന ശിഷ്യനായ ബോധാനന്ദസ്വാമിയായി വേഷമിട്ട രമേശ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു.
പ്രേക്ഷകരും സമൂഹവുമൊന്നാകെ ഒരു മാറ്റത്തിനു വിധേയമാകുന്ന ഈ കൊറോണക്കാലത്ത് സമ്പ്രദായിക സിനിമാക്കാഴ്ചകളില്‍ നിന്ന് വ്യത്യസ്തമായി ഒരു കലാകാരിയുടെ ജീവിതപ്രതിസന്ധികളും അതിജീവനത്തിന്‍റെ പോരാട്ടവും ആവിഷ്കരിക്കുന്ന ലോല പ്രേക്ഷകര്‍ക്ക് വേറിട്ടൊരു ദൃശ്യാനുഭവമാകുമെന്ന് പ്രതീക്ഷിക്കുന്നതായി രമേശ് എസ് മകയിരംപറഞ്ഞു.