പൂർവ്വ വിദ്യാർത്ഥികളേ, ഇതിലേ, ഇതിലേ…

 

 

 

 





എല്ലാ വർഷത്തെയും പോലെ ഇത്തവണയും പൂർവ്വ വിദ്യാർത്ഥി സംഗമം വിപുലമായി നടത്തണം. കഴിഞ്ഞ രണ്ടു വർഷമായി കൊറോണ കാരണം പരിപാടി നടത്താൻ കഴിഞ്ഞില്ല. എല്ലാവരും നടത്തുന്നതു കണ്ടപ്പോൾ ഞങ്ങൾക്കുമൊരാഗ്രഹം. എന്നാൽ പിന്നെ ഞങ്ങളുടെ ബാച്ചായിട്ട് എന്തിന് മാറി നിൽക്കണം? അങ്ങനെ ശ്രമം തുടങ്ങിയതാണ്. ഉള്ള ഫോൺ നമ്പരുകൾ സംഘടിപ്പിച്ച് ഒരു വാട്സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി. 


പിന്നെ അതിലൂടെയും ഫെയിസ്ബുക്കിലൂടെയും അറിയിപ്പിട്ടു. അങ്ങനെയാണ് കുറെ പേരെ സംഘടിപ്പിച്ചത്. എന്റെ ഓട്ടവും ബഹളവുമൊക്കെ കണ്ട് പ്രിയതമ പറഞ്ഞു.

’’ആൾക്കാരുടെ നമ്പർ സംഘടിപ്പിക്കാനും വിളിക്കാനുമൊക്കെ കാണിക്കുന്ന ഈ ഉൽസാഹം അന്ന് പഠിക്കുന്നതിൽ നിങ്ങൾ കാണിച്ചിരുന്നെങ്കിൽ ഇപ്പോൾ വല്ല കളക്ടറെങ്കിലുമായേനെ’’


‘’എടീ, ഞാൻ കളക്ടറാകാതിരുന്നത് നിന്റെ ഭാഗ്യമെന്ന് കരുതിയാൽ മതി..’’ ഞാൻ പറഞ്ഞപ്പോൾ അതെന്താ അങ്ങനെ പറഞ്ഞതെന്ന മട്ടിൽ അവളൊരു നോട്ടം.

’’അങ്ങനെ അത്ര വല്യ പദവിയിലൊക്കെ ഞാൻ എത്തിയിരുന്നെങ്കിൽ നിന്നെ കെട്ടാൻ പിന്നെ ആരു വന്നേനെ?’’

ഇങ്ങേരില്ലായിരുന്നെങ്കിൽ ഞാൻ കല്യാണം കഴിക്കാതെ അങ്ങു നിന്നു പോയേനെ എന്ന് മനസ്സിൽ വിചാരിച്ചായിരിക്കണം പ്രിയതമ ഒരു നോട്ടം നോക്കിയത്.


‘’അതു കൊണ്ട് ഇങ്ങനൊരു ഭർത്താവിനെ കിട്ടിയത് മുജ്ജന്മ സുകൃതമെന്ന് കരുതിയാൽ മതി.’’

അതു ശരിയാണ്. ചില നേരത്തെ സ്വഭാവം കാണുമ്പോൾ അങ്ങനെ തോന്നാറുണ്ട്, ദൈവമേ ഈ സുകൃതം വേറേയാർക്കും കൊടുക്കല്ലേ എന്നാണോ അപ്പോൾ അവൾ പ്രാർത്ഥിച്ചത്,ആവോ ആർക്കറിയാം.

ആശാൻ പാടിയതു പോലെ,’’തന്നതില്ല പരനുള്ളു കാട്ടുവാ,നൊന്നുമേ നരനുപായമീശ്വരൻ’’ എന്ന് പരിതപിക്കാനല്ലേ കഴിയൂ. അല്ലെങ്കിലും നമ്മളെ നോക്കി ചിരിച്ചു കൊണ്ട് പുറത്തു പറയുന്നതാണോ ഈ ഭാര്യമാർ മനസ്സിൽ വിചാരിക്കുന്നതെന്ന് എങ്ങനെ അറിയാനാണ്?

‘’എതായാലും ഇത്തവണ ഞങ്ങൾ വൻ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്. ഇത്തവണ ഹൗസ് ബോട്ടിൽ തന്നെ പരിപാടി നടത്താം എന്ന് വിചാരിച്ചു, രണ്ടു വർഷമായി മുടങ്ങിക്കിടക്കുകയല്ലായിരുന്നോ? ഈ വർഷം അടിച്ചു പൊളിക്കണം’’

ഒരു ദിവസം രാവിലെ പരിപാടി ഫിക്സ് ചെയ്യും മുമ്പ് പത്രം വായിച്ചിരിക്കുന്ന ഭാര്യയോട് ഒന്നു പറഞ്ഞേക്കാം എന്നു വിചാരിച്ച് ഞാൻ പറഞ്ഞു. അവളുടെ മുഖം അത്ര തെളിഞ്ഞ മട്ടില്ല. അവിചാരിതമായി അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദത്തിന്റെ ഭാവത്തിലിരിക്കുന്ന അവളോട് ഞാൻ ചോദിച്ചു.

’’രാവിലെ എന്തു പറ്റി?’’

‘’ഇനി എന്തു പറ്റാൻ?നിങ്ങൾ പത്രമൊന്നും വായിക്കുന്നില്ലേ. ഏതായാലും പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് ആരൊക്കെ പോയാലും നിങ്ങളെ ഞാൻ വിടില്ല..’’

ഞാൻ പ്രിയതമയുടെ കയ്യിൽ നിന്നും പത്രം വാങ്ങി തുറന്നു നോക്കി. മുൻപേജിൽ തന്നെ വെണ്ടക്ക വലിപ്പത്തിൽ വാർത്ത.

‘’പൂർവ്വ വിദ്യാർത്ഥി സംഗമത്തിനെത്തിയ ,അമ്പതുകാരനും അമ്പതുകാരിയും ഒളിച്ചോടി..’’

‘’അതു കൊണ്ട് ഇനി പൂർവ്വ വിദ്യാർത്ഥി സംഗമമെന്നെങ്ങാനും പറഞ്ഞെങ്ങാനും ഇങ്ങോട്ട് വന്നേക്കരുത്..’’

പ്രിയതമയുടെ അന്ത്യശാസനം കേട്ട് അന്തംവിട്ട പ്രതി എന്തു ചെയ്യണമെന്നറിയാതെ നിന്നപോലെ ഞാൻ നിന്നു.









അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleഎന്തു_ബാക്കി
Next articleഈത്തപ്പഴം
ആലപ്പുഴ ജില്ലയിലെ മണ്ണഞ്ചേരിയില്‍ 1967-ല്‍ ജനനം. മലയാളത്തില്‍ എം.എ.ബിഎഡ്.ബിരുദം.കഥകള്‍,കവിതകള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിക്കുകയും ആകാശവാണി പ്രക്ഷേപണം ചെയ്യുകയും ചെയ്തിട്ടുണ്ട്. നര്‍മ്മസാഹിത്യരംഗത്ത് കൂടുതല്‍ സജീവം.പാലാ കെ.എം.മാത്യൂ പുരസ്കാരം,ചിക്കൂസ് പുരസ്ക്കാരം, പൂന്താനം പുരസ്കാരം, കലാകേന്ദ്രം പുരസ്കാരം, കല്‍ക്കട്ട പുരോഗമനകലാസാഹിത്യ സംഘം പുരസ്ക്കാരം,ബാംഗളൂര്‍ പ്രവാസിസാഹിത്യ പുരസ്ക്കാരം,ബാംഗളൂര്‍ മലയാളിസമാജം പുരസ്ക്കാരം, നെഹ്രുട്രോഫി ജലോത്സവ സുവനീർ കമ്മറ്റിയുടെ റിപ്പോര്‍ട്ടിംഗ് പുരസ്ക്കാരം തുടങ്ങിയ നേടിയിട്ടുണ്ട്. ‘’സൂക്ഷിക്കുക അവാര്‍ഡ് വരുന്നു’’, ‘’പങ്കന്‍സ് ഓണ്‍ കണ്‍ട്രി’’, ‘’ഇമ്മിണി ബല്യ നൂറ്’’ ''ഓമനപ്പാറ ഗ്രാമപഞ്ചായത്ത്',''വഴിയേ പോയ വിനോദയാത്ര'' തുടങ്ങിയ നര്‍മ്മ കഥാസമാഹാരങ്ങളും ''സ്നേഹതീരങ്ങളിൽ'',''മന്ത്രവാദിയുടെ കുതിര'' തുടങ്ങിയ ബാലസാഹിത്യ കൃതികളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. പ്രസിദ്ധീകരിച്ചിട്ടുണ്ട്. ''സ്നേഹതീരങ്ങളിൽ'' എന്ന നോവൽ ''സ്നേഹതീരത്തെ അക്ഷരപ്പൂക്കൾ'' എന്ന പേരിൽ സിനിമയായി.ഇതിന്റെ തിരക്കഥ,സംഭാഷണം,ഗാനങ്ങൾ എഴുതി. ''നന്ദിത'' എന്ന സിനിമയിലും ഗാനങ്ങൾ എഴുതി. അഞ്ച് വര്‍ഷം സൗദിഅറേബ്യയില്‍ ജോലി ചെയ്തു. ഇപ്പോള്‍ ആലപ്പുഴ ജില്ലാ ലേബർ ഓഫീസിലെ ജീവനക്കാരന്‍. എരമല്ലൂരില്‍ താമസിക്കുന്നു. വിലാസം: നൈനമണ്ണഞ്ചേരി, നൈനാസ്, എരമല്ലൂര്‍. പി.ഒ, ആലപ്പുഴ(ജില്ല) പിന്‍ -688537. Address: Phone: 9446054809

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here