ഞാന്‍ നിലക്കണ്ണാടിക്കു മുന്നില്‍ നില്ക്കുകകയായിരുന്നു. കൈ മുട്ടില്‍ നിന്നും നല്ല വേദന വരുന്നുണ്ടായിരുന്നു. അവിടെ സ്വല്പം ചതഞ്ഞിരിക്കുന്നു. മരത്തില്‍ ചെന്നിടിച്ചപ്പോള്‍ പറ്റിയതാവണം. സ്വല്പം പഞ്ഞിയെടുത്തു രക്തം നിഴലിച്ചയിടത്തേക്ക് ചേര്‍ത്തു വച്ചു. ഒരു നീറ്റല്‍ പടര്ന്നു കയറി. ഒന്ന് രണ്ടിടത്ത് കൂടി മുറിഞ്ഞിട്ടുണ്ട്. അവിടെയും പഞ്ഞി വച്ചമര്ത്തി.
ഞാന്‍ ജനാലയിലൂടെ പുറത്തേക്കു നോക്കി. പതുങ്ങി വരുന്ന ഒരു രാക്ഷസനെ പോലെ ഇരുട്ട് കായലിനു മുകളിലേക്ക് ഇഴഞ്ഞു കയറുന്നു. പെരുമണ്‍ പാലത്തിനു മുകളില്‍ കൂടി മാവേലി എക്സ്പ്രസ്സ് ഇരച്ചു പാഞ്ഞു. ട്രെയിന്‍ പാലത്തില്‍ പ്രവേശിച്ചപ്പോള്‍ ഉണ്ടായ കുലുക്കം കേട്ടു കായലിന്റെ അടിത്തട്ടില്‍ നിദ്രയില്‍ ആയിരുന്ന കുറെ മനുഷ്യത്മാക്കള്‍ ഞെട്ടി ഉണര്ന്നു . മുപ്പതു വര്ഷം മുന്‍പു നടന്ന ഒരു ദുരന്തത്തിന്റെ സ്മരണ അപ്പോഴും അന്തരീക്ഷത്തില്‍ താങ്ങി നില്ക്കുന്നത് പോലെ തോന്നി. രാജധാനി ഇല്ലാത്ത ദിവസം ആയിരുന്നതിനാല്‍ മാവേലി അന്ന് കൃത്യ സമയം പാലിച്ചു. ഒരു ചാറ്റല്‍ മഴ കഴിഞ്ഞതിന്റെ തണുപ്പ് മുറിയ്ക്കുള്ളില്‍ താങ്ങി നിന്നിരുന്നു.
ശരീരത്തിന് നല്ല ക്ഷീണമുണ്ട്. മരം വെട്ടാനോക്കെ കൂടെ നിന്നതല്ലേ അതിന്റെയാവണം. ഒന്ന് മയങ്ങണം എന്ന് വിചാരിച്ചിട്ട് കഴിയുന്നില്ല. നിദ്ര ചിന്തകളുടെ പിടിയില്‍ അമര്ന്നു പോയിരിക്കുന്നു. രമേഷിന്റെ മുഖം മനസ്സില്‍ നിന്നും മായുന്നില്ല. ഒരു സിനിമ സ്ക്രീനില്‍ എന്ന പോലെ അവന്റെ വിവിധങ്ങളായ ഫ്രെമുകള്‍ തെളിഞ്ഞു വരുന്നു. പാലത്തില്‍ കൂടി ഓടി വന്നു കുളത്തിലേക്ക് ചാടി മുങ്ങാം കുഴി ഇടുന്നത്….അമ്പലത്തിനു മുന്നിലെ പുല്ലില്‍ ഫുട്ബോള്‍ കളിക്കുന്നത്….അവന്റെ വീട്ടിലെ തത്തമ്മയുമായി കിന്നാരം പറയുന്നത്. എല്ലാം മനസ്സില്‍ വളരെ തെളിമയോടെ നില്‍ക്കുന്നു. അവന്‍ ഒരു പാവമായിരുന്നു. ഒരു ശാന്ത പ്രകൃതി. ആര്ക്കും ഒരു ദോഷവും ചെയ്യാത്ത എല്ലാവര്ക്കും എന്ത് ആവശ്യത്തിനും കൂടെ നില്ക്കുന്ന സ്വഭാവക്കാരന്‍.
അവസാനം അവന്റെട ബോഡി ചിതയിലേക്ക് എടുക്കേണ്ട സമയം ആയപ്പോള്‍ ചാനലിന്റെ ആള്‍ക്കാ ര്‍ വീണ്ടും ക്യാമറയുമായി വന്നു. അത് കണ്ടപ്പോള്‍ ആണ് തന്റെ നിയന്ത്രണം ആകെ തെറ്റിയത്. അവര്‍ വരുന്നത് ആദ്യം കണ്ട ചന്തു അളിയന്‍ ദൂരേക്ക് വിരല്‍ ചൂണ്ടി. അവര്‍ നാലു പേരുണ്ടായിരുന്നു. ചാനലിന്റെ പേര് വച്ച വാനില്‍ നിന്നും ക്യാമറയും ലൈറ്റുമായി അവര്‍ ബോഡി വച്ചിരിക്കുന്നിടത്തേക്ക് നീങ്ങി.
“നില്‍ക്കെടാ നായിന്റെ മക്കളെ നീയെല്ലാം ചേര്ന്ന് അവനെ കൊന്നു. ഇനി അവന്‍ ചത്ത് കിടക്കുന്നത് കൂടി ഷൂട്ട് ചെയ്യണം അല്ലെ.”എന്ന് വിളിച്ചു കൊണ്ട് ഓടി ചെന്നത് മാത്രം ഓര്മ്മ ഉണ്ട്. ക്യാമറമാന്‍ മരത്തില്‍ തല ഇടിച്ചു വീണു. ക്യാമറ അന്തരീക്ഷത്തില്‍ കൂടി പറന്നു. ചന്തു അളിയനും കൂടെ ഉണ്ടായിരുന്നു. നാട്ടുകാര്‍ ആരൊക്കെയോ കൂടെ ചേര്‍ന്നിട്ടാണ് ഒടുവില്‍ പിടിച്ചു മാറ്റിയത്.
“അവന്റെ ജീവന്‍ എടുത്തിട്ടും നിനക്കൊന്നും മതിയായില്ലേടാ ദ്രോഹികളെ”എന്നുള്ള അവന്റെ അമ്മയുടെ കരച്ചില്‍ ഇപ്പോഴും മനസിനുള്ളില്‍ കിടന്നു മുഴങ്ങുന്നു.
മുറിയില്‍ വല്ലാത്ത ഒരു മണം തങ്ങി നില്ക്കുന്നത് പോലെ തോന്നുന്നു. എന്തിന്റെറ ആണത്. കാട്ടു മൃഗങ്ങളുടെ ശരീരത്തില്‍ നിന്നും വരുന്ന ഗന്ധം പോലെ. ആ ചാനലിന്റെ ആളുകള്‍ അടുത്തേക്ക് വന്നപ്പോഴും ഈ ഗന്ധം അനുഭവപ്പെട്ടിരുന്നല്ലോ. ഇരകളെ തേടി നടക്കുന്ന ചെന്നായ്ക്കള്‍ ഇനി ഇവിടെ എങ്ങാനും പതുങ്ങി നില്ക്കുന്നുണ്ടോ.
എന്നായിരുന്നു ഇതിന്റെ ഒക്കെ തുടക്കം? അതുവരെ സന്തോഷമായി നീങ്ങിയിരുന്ന ജീവിതത്തില്‍ ദുരന്തങ്ങള്‍ ഒരു ഘോഷ യാത്ര പോലെ വരാന്‍ തുടങ്ങിയത് എന്ന് മുതലായിരുന്നു?
രമേശന്റെ പതറിയ ശബ്ദം ഫോണിലൂടെ കേട്ട ഒരു ദിവസം ഓര്മ്മ വരുന്നു. അന്ന് താന്‍ എവിടെയോ പോയിട്ട് തിരികെ വീട്ടിലേക്കുള്ള യാത്രയില്‍ ആയിരുന്നു.
“ഡാ നീ ഇമ്പാക്റ്റ് ടീവിയില്‍ ന്യൂസ് കണ്ടോ ?.”
“ ഇല്ലെടാ ഞാന്‍ ഇപ്പൊ ബസിലാ.”
“എടാ നീ വീട്ടില്‍ എത്തിയിട്ട് ആ ചാനല്‍ ഒന്ന് ഇട്ടു കാണു. എനിക്കറിയില്ല ഇവിടെ എന്താ നടക്കുന്നതെന്ന്” അവന്റെ ശബ്ദം മുറിഞ്ഞു പോയി.
വീട്ടില്‍ എത്തിയ ഉടനെ ചാനല്‍ ഓണ്‍ ചെയ്തു. ടീവിയില്‍ വലിയ അക്ഷരത്തില്‍ ബ്രേക്കിംഗ് ന്യൂസ് കാണിച്ചു.
“ അന്നൂര്‍ പീഡന കേസില്‍ പുതിയ വഴിത്തിരിവ് .”
പശ്ചാത്തലത്തില്‍ ഒരു ചെറുപ്പക്കാരന്‍ ഒരു പെണ്‍കുട്ടിയുമായി സംസാരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ക്ലോസ് അപ്പ് ദൃശ്യങ്ങളില്‍ മുഖങ്ങള്‍ കൂടുതല്‍ വ്യക്തമായി. ആ പെണ്കുട്ടി കേരളം മുഴുവന്‍ കുപ്രസിദ്ധമായ അന്നൂര്‍ പീഡന കേസിലെ നായിക ആയിരുന്നു. ആ ചെറുപ്പക്കാരന്‍ രമേഷും.
ഇത് എങ്ങനെ സംഭവിച്ചു. എനിക്ക് ഒരു എത്തും പിടിയും കിട്ടിയില്ല. ഏകദേശം ഒരു മാസത്തിനു മുന്‍പാണ് അന്നൂര്‍ ഞങ്ങളുടെ കുഞ്ഞു ഗ്രാമം ചാനലുകളിലെ വൈകുന്നേര വാര്ത്തകളിലും ചര്ച്ചകളിലും സ്ഥലം പിടിക്കാന്‍ തുടങ്ങിയത്. വാര്‍ത്തകളില്‍ ഞങ്ങളുടെ നാടിന്റെ വാലായി ഒരു പീഡനം കൂടി വന്നു ചേര്ന്നു . പീഡിത നാട്ടിലെ അറിയപ്പെടുന്ന ഒരു ഇല്ലത്തെ കുട്ടി ആയിരുന്നു. കാണാന്‍ സുന്ദരി പഠനത്തില്‍ സമര്ത്ഥ പത്തിലും പ്ലസ് ടു വിലും ഫുള്‍ എ പ്ലസ് മേടിച്ചാണ് പാസാ യത്. പക്ഷേ അവളുടെ രണ്ടാനച്ഛന്‍ ഒരുക്കിയ കെണിയില്‍ അവള്‍ വീണു പോയി. സീരിയലില്‍ അഭിനയിപ്പിക്കാം എന്ന് പറഞ്ഞു ഒരുക്കിയ വലയില്‍ വീണ ഒരു പാവം മാന്‍ കിടാവ്.
പീഡന വാര്ത്ത പുറത്തായതോടെ ചാനലുകാര്‍ അവളെയും കുടുംബത്തെയും പിച്ചി ചീന്തി. എക്സ്ക്ലുസിവുകള്‍ കിട്ടുന്നതിനു വേണ്ടി ചാനലുകാര്‍ അവളുടെ വീടിന്റെ പുറത്തു ഒളി ക്യാമറകളുമായി പതുങ്ങിയിരിക്കാന്‍ തുടങ്ങി. ആ ചതിയില്‍ ആയിരുന്നു രമേഷും വീണു പോയത്. പക്ഷേ അവന്‍ അവളുടെ വീട്ടില്‍ പോയത് അവന്റെ പഴയ കളിക്കൂട്ടുകാരിയെ കാണുന്നതിനു വേണ്ടിയായിരുന്നു. അവള്‍ അവനു ഒന്ന് മുതല്‍ പ്ലസ് ടു വരെ ഒരുമിച്ചു പഠിച്ച കളിക്കൂട്ടുകാരി യായിരുന്നു. അവന്‍ അവളുമായി സംസാരിക്കുന്നതും പഴയ കാര്യങ്ങള്‍ പറഞ്ഞു പൊട്ടി ചിരിക്കുന്നതുമെല്ലാം പുറത്തുള്ള ചായക്കടയില്‍ വച്ചിരുന്ന ചാനല്‍ കഴുകന്റെ ക്യാമറ കണ്ണുകള്‍ ഒപ്പി എടുത്തു. ഒരു ആളെങ്കിലും തന്നെ മനസ്സിലാക്കുന്നല്ലോ എന്ന തിരിച്ചറിവ് ആ പെണ്‍കുട്ടിക്കും വലിയ ആശ്വാസമായിരുന്നു.
പക്ഷേ ചാനലുകാര്‍ക്ക് അത് ഒന്നും അറിയണ്ടല്ലോ. അവര്ക്ക് തടിച്ച അക്ഷരങ്ങളില്‍ കൊടുത്തു ആളുകളെ പിടിച്ചു ഇരുത്താന്‍ എന്തെങ്കിലും വേണമല്ലോ. അത് കിട്ടിയില്ല എങ്കില്‍ അവര്‍ ഉണ്ടാക്കും. സത്യത്തെ അന്വേഷിച്ചു കണ്ടെത്താന്‍ അവര്‍ മിനക്കെടില്ലല്ലോ. ഓരോ വ്യാജ വാര്‍ത്തകള്‍ വഴി തകര്ന്നടിയുന്ന ജീവിതങ്ങളെ പറ്റി ആര് ചിന്തിക്കുന്നു.
ചാനലില്‍ വാര്ത്ത വന്നതിനു ശേഷം രമേഷിന്റെ ജീവിതം ആകെ വിഷമസ്ഥിതിയില്‍ ആയി. പുറത്തു ഇറങ്ങിയാല്‍ പരിഹാസ ചുവയുള്ള ചോദ്യങ്ങള്‍. ഇവന്‍ ഇത്തരക്കാരന്‍ ആയിരുന്നോ എന്ന മട്ടിലുള്ള സംസാരങ്ങള്‍.
ഞാന്‍ അഡ്വക്കേറ്റ് ആയ എന്റെ ഒരു കൂട്ടുകാരനുമായി സംസാരിച്ചു. ചാനലിനു എതിരെ നിയമ നടപടിക്കു വേണ്ട എല്ലാ സഹായവും അവന്‍ വാഗ്ദാനം ചെയ്തു. പക്ഷേ ക്ഷമയോടെ കാത്തിരിക്കാനുള്ള മനോബലം രമേശന് കുറവായിരുന്നു. മിനിയാന്ന് രാത്രി ഡോസ് കൂട്ടി കഴിച്ച കുറെ ഗുളികകള്‍ അവനെ ഈ ലോകത്ത് നിന്നും യാത്രയാക്കി.
ഇടയ്ക്ക് എപ്പോഴോ ഞാന്‍ ഉറക്കത്തിലേക്കു വഴുതി വീണു. പക്ഷേ ഉറക്കത്തില്‍ മുഴുവന്‍ സ്വപ്‌നങ്ങള്‍ ആയിരുന്നു. ദുസ്വപ്നങ്ങള്‍….. ശപിക്കപെട്ട സ്വപ്‌നങ്ങള്‍…..ചുവന്ന കണ്ണുകളും ക്രൂരതയുള്ള പല്ലുകളും ഉള്ള ചെന്നായ്ക്കള്‍ സ്വപ്നത്തില്‍ ഓടി നടന്നു .അവറ്റകള്‍ എന്നെ വേട്ടയാടി. വിയര്‍ത്തൊലിച്ചു കണ്ണ് തുറന്നു കിടക്കുമ്പോള്‍ എന്റെ മനസ്സിലിരുന്നു ആരോ മന്ത്രിച്ചു.
“ കൊല്ലണം എല്ലാത്തിനെയും. ഈ നരഭോജികള്‍ ഇനിയും ഇര തേടാന്‍ അനുവദിച്ചു കൂടാ.”
Click this button or press Ctrl+G to toggle between Malayalam and English