നന്ദി ചൊല്ലട്ടെ ഞാന്‍, എക്കാലവു-
മെന്നെയേറെ വെറുപ്പിച്ചയീ ഏകാന്തതയോട്
ശ്ലോകങ്ങളായി വിരിയാന്‍
വെമ്പുമെന്‍ ശോകങ്ങളോട്
കരയും മാനസങ്ങള്‍ക്കുനേരെ മുഖംതിരിക്കാത്ത
എന്നുള്ളിലുറഞ്ഞ കനിവിനോട്
നിരാലംബര്‍ തന്നുടെ വ്യഥകളെന്നും
ഈറനണിയിച്ചിരുന്നയെന്‍ നയനങ്ങളോട്
ചിറകറ്റ കിളിയുടെ ദീനരോദനവും
ഇതളുകള്‍ കൊഴിഞ്ഞുപോം പൂവിന്നൊമ്പരവും
നന്മ കിനിയും മണ്ണിന്‍ മനസ്സും
അറിയുമെന്‍ ആര്‍ദ്രതയോട്
മായുന്ന പച്ചയും
പുഴയോളങ്ങളുടെ നിലയ്ക്കുന്ന താളവും
ഭൂമിതന്‍ മുണ്ഡിതശിരസ്സും കാണ്‍കേ
വേദനവന്നു പൊതിയുമെന്‍ മനസ്സിനോട്
അക്ഷരമഹാസാമ്രാജ്യത്തിലൊരു
കടുകുമണിയുടെ വലുപ്പം പോലുമില്ലാത്ത
എളിയവരില്‍ ഏറ്റവും എളിയവള്‍
ഞാനെന്ന ആത്മബോധത്തിനോട്
വാക്കുകളുടെ മഹാസാഗരത്തില്‍ നീന്തി
പഠിക്കാനൊരുങ്ങുമൊരു കൊച്ചുകുട്ടിയാമെന്നെ
കുഞ്ഞികൈകളാലെടുത്ത് ഊഞ്ഞാലാട്ടുന്ന
കുഞ്ഞുതിരയാം കവിതയോട്.