നൻ പകൽ നേരത്ത് മയക്കം

 

നൻ പകൽ നേരത്ത് മയക്കം

ഒരൊന്നൊന്നര മയക്കം തന്നെ ആണ്.

എഴുതി വന്നപ്പോൾ കഥ മുഴുവൻ പറഞ്ഞുപോകുമെന്ന അവസ്ഥയായി മുഴുവനും ഡിലീറ്റ് ചെയ്തു വീണ്ടും കുത്തികുറിച്ചതാണ്.

റിയലിസവും ഫാന്റസിയും ഗബ്രിയേൽ മാർക്വേസ് ഒക്കെ എഴുത്തിലൂടെ കാണിച്ചു തന്ന മാജിക്കൽ റിയലിസവും ഒക്കെ ചേർന്ന അപൂർവ്വമായ നിമിഷങ്ങളിലേക്ക് പ്രേക്ഷകനെ കൂട്ടിക്കൊണ്ടുപോകുന്ന സുന്ദരമായൊരു അഭ്രകാവ്യം ആണ് ലിജോ ജോസ് പെല്ലിശ്ശേരിയും ടീമും ഒരുക്കിയത്.

ഏത് നിമിഷവും പാളിപോയേക്കാവുന്ന ഒരു കഥ മനോഹരമായ ദൃശ്യ വിരുന്നാക്കി  പ്രേക്ഷകർക്ക് സമ്മാനിച്ച ലിജോക്ക് തന്നെ ആദ്യത്തെ കൈയ്യടി

മമ്മൂട്ടി നിങ്ങളെന്തൊരു മനുഷ്യനാണ് ?

ജെയിംസ് ആയി പകർന്നാട്ടം നടത്തി പിന്നെ,  സുന്ദരത്തിലേക്ക് പരകായപ്രവേശം നടത്തി,  നിങ്ങളിലെ മഹാനടനെ ഒരിക്കൽ കൂടി അടയാളപ്പെടുത്തി.

ഗ്രീൻപ്ലൈ പ്ലൈവുഡിന്റെ പരസ്യത്തിൽ നിന്നാണ് ഈ സിനിമക്ക് പ്രചോദനം ലഭിച്ചത് എന്ന് ലിജോ ജോസ് ഐ എഫ് എഫ് കെ വേദിയിൽ വെച്ച് പറഞ്ഞിരുന്നു എന്നു ഏതോ ഓൺലൈൻ മാധ്യമത്തിൽ വായിച്ചിരുന്നു.

 

അതുകൊണ്ട് ആദ്യമായി ഒരു പരസ്യം സെർച്ച് ചെയ്ത് കണ്ടു, അതിന് ശേഷമാണു സിനിമ കണ്ടത്. ലിജോയുടെ മറ്റു സിനിമകൾ കണ്ടത്‌ കൊണ്ട് ഈ പരസ്യവുമായി ബന്ധപ്പെട്ട എന്തോ ഫാന്റസി സിനിമയിൽ ഒളിപ്പിച്ചിട്ടുണ്ടാകും എന്ന് കരുതിയിരുന്നു, പക്ഷെ, അതിത്രത്തോളം വലിയ അത്ഭുതമാണെന്ന് കരുതിയിരുന്നില്ല.

മനോഹരമായ തിരക്കഥയാണ് എസ്. ഹരീഷ് ഒരുക്കിയത്. തേനി ഈശ്വറിന്റെ ക്യാമറ കഥയുടെ എല്ലാ വൈകാരികതകളെയും അതേപടി ഒപ്പിയെടുത്ത് പ്രേക്ഷകർക്ക് നൽകിയ മനോഹരമായ ദൃശ്യ വിരുന്നാണ്
ഓരോ ഫ്രെയിമും ഓരോ ഷോട്ടും അതി ഗംഭീരം.

പൂത്തുനിൽക്കുന്ന ചോളപ്പാടമുള്ള തമിഴ് ഗ്രാമത്തിന്റെ നയനമനോഹരമായ കാഴ്ചകൾ പ്രേക്ഷകന് നൽകുന്നുണ്ട്.

ഉറക്കത്തിൽ നിന്ന് വിളിച്ചുണർത്താൻ ഒരു ലോഡ്‌ജിലെ വാതിലുകൾ തട്ടുന്ന അകത്തു നിന്ന് പുറത്തേക്കുള്ള ദൃശ്യത്തോടെ ആണ് സിനിമ ആരംഭിക്കുന്നത്.

വേളാങ്കണ്ണിക്ക് തീർത്ഥയാത്ര പോയതാണ് ജെയിംസും കുടുംബവും ബന്ധുക്കളും കൂട്ടുകാരും, ലോഡ്ജിലെ റൂമുകൾ വെക്കേറ്റ്‌ ചെയ്ത് തങ്ങളുടെ നാടക വണ്ടിയിൽ തിരിച്ചു നാട്ടിലേക്ക് മടങ്ങുകയാണ്.
ലോഡ്‌ജിലെ ബില്ല് പേ ചെയ്യുമ്പോൾ കൗണ്ടറിൽ ഇരിക്കുന്ന ആൾ ജെയിംസിനോട് ചോദിക്കുന്നുണ്ട് ” ഇന്നലെ ശരിക്ക് ഉറങ്ങിയില്ലേ ? ” എന്ന്,

ഉറക്കം മരണം പോലെയാണ്,
ഉണരുന്നത് ജനനവും
എന്ന തിരുക്കുറൾ വാക്യം ആ ലോഡ്ജിൽ തമിഴിൽ എഴുതിയിട്ടുണ്ട് , അതിനെ കുറിച്ച് ജെയിംസ് അയാളോട് ചോദിക്കുന്നുണ്ട്.
തിരുക്കുറളിൽ നിന്നാണെന്നു മറുപടി പറയുമ്പോൾ നാടകത്തിനിടാൻ പറ്റിയ പേരാണെന്ന് ജെയിംസ് പറയുന്നുണ്ട്.

ഒരിടത്ത് എന്ന നാടകത്തിന്റെ പേര് വെച്ച നാടകവണ്ടിയിൽ വേളാങ്കണി തീർത്ഥാടനം കഴിഞ്ഞു മടങ്ങുന്നതും ആ ബസിലെ യാത്രക്കാർ ഉച്ചമയക്കത്തിലാവുന്നതും
പാതിവഴിയിൽ വണ്ടി നിർത്താനാവശ്യപ്പെട്ട് അവിടെ ഇറങ്ങി ആ തമിഴ് ഗ്രാമത്തിന്റെ വഴികളിലൂടെ ചിരപരിചതനെ പോലെ നടന്നു ഒടുവിൽ സുന്ദരത്തിന്റെ വീട്ടിൽ സുന്ദരമായി പരകായപ്രവേശം നടത്തുന്ന ജെയിംസും ഒരു ഉച്ചയിൽ നിന്ന് മറ്റൊരു ഉച്ചവരെ പ്രേക്ഷകനെയും സ്വപ്നാടനത്തിലേക്ക് നയിക്കുകയാണ്.

സിനിമയിലുടനീളം പഴയ തമിഴ് സിനിമ ഗാനങ്ങളും സംഭാഷണങ്ങളും പശ്ചാത്തലത്തിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. തമിഴകത്തിന്റെ മനസ്സ് അതിൽ അലിഞ്ഞു ചേർന്ന് നിക്കുന്നുണ്ട്.

ജെയിംസിനെ അന്വേഷിച്ചു മറ്റുള്ളവർ പോകുമ്പോൾ ചാണകം പരത്തി ചുവരിൽ ഒട്ടിച്ചു കൊണ്ടിരിക്കുന്ന ഒരു സ്ത്രീയോട് അശോകന്റെ കഥാപാത്രം ” ഇപ്പൊ ഒരാൾ ഇതുവഴിയെ പോയിരുന്നോ ? ” എന്ന് ചോദിക്കുന്നുണ്ട് .

അതിനവർ നൽകുന്ന മറുപടി
ഇത് വഴി പലരും കടന്നുപോയിട്ടുണ്ട് , അതിൽ പലരും മരിച്ചുപോയിട്ടുമുണ്ട് , നിങ്ങൾ ആരെ കുറിച്ചാണ് ചോദിക്കുന്നത് “ എന്നാണ്

മലയാളിയുടെ തുറന്നുവെച്ച മുണ്ടിൽ നിന്ന് തമിഴന്റെ രണ്ടറ്റവും കൂട്ടിയടിച്ച കള്ളിമുണ്ടിലേക്കും കള്ളി ഷർട്ടിലേക്കും മായി ജയിംസിന്റെ വേഷം മാറുന്നതിനു മുൻപ് തന്നെ ആ ഗ്രാമത്തിലെ ഊടു വഴികളൊക്കെ അറിയുന്ന സുന്ദരമായി ജെയിംസ് പരകായപ്രവേശം നടത്തി കഴിഞ്ഞിരുന്നു.

പൂങ്കുഴലിയും മകളും സാലിയും മകനും സുന്ദരത്തിന്റെ ചെറിയ വീട്ടിനകത്തു നിന്ന് പുറത്തേക്ക് ഉള്ള കാഴ്ച്ചയിൽ ഒരു ഫ്രെയിമിനകത്തു വരുന്ന ദൃശ്യം , സാലിയുടെ പൂങ്കുഴലിയുടെ മനോവികാരങ്ങൾ എന്തൊക്കെ ആയിരിക്കും ?

സുന്ദരത്തിൽ നിന്നു ജെയിംസിലേക്ക് തിരികെ വരാൻ സാലി ആഗ്രഹിക്കുമ്പോൾ പൂങ്കുഴലിയുടെ മനസ്സിൽ എന്തായിരിക്കും ?

ദേശങ്ങൾ, അതിർത്തികൾ, ഭാഷകൾ, മതങ്ങൾ അതിനെല്ലാമപ്പുറമാണ് മനുഷ്യൻ എന്ന് കൂടി അടയാളപ്പെടുത്തുന്നുണ്ട്.

മമ്മൂട്ടി കമ്പനിയുടെ നൻ പകൽനേരത്ത് മയക്കം എനിക്കിഷ്ടപ്പെട്ടു … ❤️

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here