നമ്മളെന്നത്
അപരിചിതമാം വിധം കണ്ണികളുള്ള
വലിയൊരു നുണയാണ്…
ഒരു കമ്പിവേലിക്കിരുപുറമിരുന്ന്
നമ്മളെത്ര വെള്ളപ്രാവുകളെയാണ്
പറത്തി വിട്ടത്….
ഗീതയിലും, ഖുറാനിലും
ബൈബിളിലും പൊതിഞ്ഞ്
നമ്മളെത്ര പെണ്ണുടലുകളെയാണ്
കാത്തു പിടിച്ചത്…
ചോവത്തിയും, പറയിയും
പുലയിയും കൂടി എത്ര
കല്ലുമാലകളാണ് പൊട്ടിച്ചെറിഞ്ഞത്…
കൊടി പിടിച്ച് തേഞ്ഞു പോയ
കൈരേഖകൾ നോക്കി
നമ്മളെത്രമേലാണ് നമ്മളോട് കലഹിച്ചത്…
എന്നിട്ടുമിങ്ങനെ
ഓടയിൽക്കിടന്നഴുകി,
ശവം ചുമന്ന്
കയ്യും, വായും കെട്ടിനിന്ന്
തല്ലുകൊള്ളുന്നത് നമ്മളാണെന്ന് …
നമ്മളെന്നത് ഒറ്റകളെയൊഴിച്ച് നിർത്തി
കണ്ണി കൂട്ടിച്ചേർത്ത
വലിയൊരു നുണയാണെന്ന്….
Click this button or press Ctrl+G to toggle between Malayalam and English