പേരറിയാത്തത്

 

അന്ന് ഉറക്കമുണർന്നപ്പോൾ
കിടക്കയിൽ ഉടുപ്പ് മാത്രം ഉടുത്തപടി കിടക്കുന്നു.

ചീകിക്കെട്ടിയ കുടുമയ്ക്ക് ഉറക്കത്തിന്റെ അയവും ജടയും
നെറ്റിയിൽ തൊട്ട പൊട്ടും കാലിലെ കൊലുസും കൈയിലെ വളയുമൊക്കെ യഥാസ്ഥാനത്ത് തന്നെയുണ്ട്.
മോഷണം ഒന്നും നടന്നിട്ടില്ല
എന്നിട്ടും കളഞ്ഞു പോയ എന്തോ ഒന്നിനെ തിരഞ്ഞു കൊണ്ടേയിരുന്നു.

രാത്രി സഞ്ചാരം നല്ലതല്ലെന്ന്
ഉടയവളല്ലെങ്കിലും ഉറ്റവളായവൾ
താക്കീതു തരാറുണ്ടായിരുന്നു
ഉടയവളും ആകേണ്ടതായിരുന്നു
അഴിഞ്ഞു പോയതാണ് ആ ഇഴ.

രാത്രിസഞ്ചാരം നല്ലതല്ലെന്ന്
ഉറ്റവൾ താക്കീതു നൽകിയിരുന്നു

നിന്നെ ആരെങ്കിലും പിടിച്ചോണ്ട് പോകും”
“പിന്നേ!”
“അതിനു മാത്രം എന്തുണ്ട് എന്നിൽ?”
“പകല് സഞ്ചരിച്ചൂടെ നിനക്ക്?”
“വെറുതെ രാത്രി സഞ്ചാരത്തിനിറങ്ങുന്നു”
“എനിക്ക് പേടിയില്ല”
“എനിക്കാണ് ആധി മുഴുവൻ”
“അതിന് ഒന്നുമില്ലല്ലോ, ഉള്ള് വെറും പൊള്ളയല്ലേ (ചിരി)”
“കൊടുക്കേണ്ടവർക്ക് എല്ലാം കൊടുത്തു കഴിഞ്ഞല്ലോ, പിന്നെന്തിന് ഭയക്കണം”

“തമാശയിൽ ഗൗരവവും ഗൗരവത്തിൽ തമാശയും കലരുമ്പോൾ തമാശയേത് ഗൗരവമേത് എന്ന് വേർതിരിക്കാനാകുന്നില്ല”

“വേർതിരിയരുത് എന്ന് തന്നെയാണ് ഉദ്ദേശം എങ്കിലോ?”

മൗനത്തിന് ഏറെ ഘനം, അളവുകളിൽ അളക്കാനാകാതെ വളരുന്ന മനസ്സുകൾ.

കൊടുത്ത വാക്കുകളാൽ നീ നുറുങ്ങാതിരിക്കാനായി, നിന്റെ വാക്കുകളുടെ ഭാരം പേറുന്നു .”

ഉറ്റവളുടെ വാക്കുകൾ ഓർത്ത് തിരച്ചിൽ തുടർന്നു. ഊണുമുറിയിലും ഉമ്മറപ്പടിയിലും അടുക്കളയിലും ആകാശത്തും ഭൂമിക്കടിയിലും പുഴവക്കത്തും കടൽത്തിരകളിലും അടിത്തട്ടിലും വരെ തിരഞ്ഞു, കണ്ടു കിട്ടിയില്ല.

നിരാശ….ഹതാശ…തദ്വാരാ വിഷാദം

എന്താണ് നീ തിരയുന്നത്?” അയാൾ – “നിഷ്കളങ്കൻ” ചോദിച്ചു.
“എന്നെയാണ് തിരയുന്നത്”
“ഇന്നലെ ഉറങ്ങും വരെ ഞാൻ ഇതിനകത്തുണ്ടായിരുന്നു”
“ഇപ്പോൾ എന്നെ കാണുന്നില്ല”

മുറ്റത്ത് കളം വരയ്ക്കുന്ന ചൂലിൽ അവളുടെ പിടി മുറുക്കമുണ്ടായിരുന്നു
നിഷ്കളങ്കൻ അന്ധാളിപ്പോടെ അവളെ നോക്കി.
അവളോ തിരഞ്ഞുകൊണ്ടേയിരുന്നു.

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

SHARE
Previous articleസാഹിത്യ പഠന പരിപാടി
Next articleപബ്ലിക് സർവന്റ്‌സ് സാഹിത്യ പുരസ്കാരം സമ്മാനിച്ചു
യു ഏ യിൽ താമസമാക്കിയ ഒരു ഇരിങ്ങാലക്കുടക്കാരി....കുഞ്ഞിലിക്കാട്ടിൽ ഉണ്ണിച്ചെക്കൻറെയും പദ്മിനിയുടേയും മകൾ, അശ്വനിയുടെ വാമഭാഗം. ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭയിൽനിന്നും ഹിന്ദി പ്രവീൺ, കമ്പ്യൂട്ടർ ആപ്പ്ളിക്കേഷനിൽ പ്രൊഫഷണൽ ബിരുദം,പ്രകൃതി സ്‌നേഹി.... ഓർമകളും,നൊമ്പരങ്ങളും, മറവിയിൽനിന്നു കണ്ണുപൊത്തിക്കളിക്കുമ്പോൾ....... സംവേദനം നേരിട്ടാകാൻ കഴിയാത്ത സന്ദർഭങ്ങളിൽ..... അപ്പോഴൊക്കെ വിരിയുന്നവയാണ് ഈ ചെറിയ ശീലുകൾ,വാക്കുകൾ,വാക്യങ്ങൾ.... അവ കാതോർക്കുന്നവർ, കണ്ണോടിക്കുന്നവർ നിങ്ങളാണ്. നിങ്ങളോട് ഞാൻ എന്നെക്കുറിച്ചു മറ്റെന്തു പറയാൻ..... എഴുത്ത് ഇതുവരെ:- "അച്ഛൻ ഓർമ്മകൾ " എന്ന പുസ്തകത്തിൽ ഒരു ചെറു ഓർമ്മക്കുറിപ്പ്. "56 പെൺകവിതകൾ" എന്ന കവിതാസമാഹാരത്തിൽ ഒരു കവിത, "Loneliness Love Musings and Me എന്ന ഇംഗ്ലീഷ് കവിതാസമാഹാരം. ഇദം പ്രഥമം ദ്വയം എന്ന കഥാസമാഹാരം, അമേയം എന്ന കവിതാസമാഹാരം.

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here