പേരെനിക്കുണ്ടായിരിക്കാമതെന്നാലു-
മാരുമേയുച്ചരിച്ചില്ല.
പോത്തായിരുന്നു ഞാൻ വീട്ടിൽ, ചിലപ്പോൾ,
മഠയൻ,മഹാവിഡ്ഢി,മന്ദൻ.
നീളൻ, എലുമ്പൻ, കരിമ്പൻ, കരിങ്കാലി,
നീർക്കോലി, ചേര, തേരട്ട.
കൂട്ടുകാരിങ്ങനെ, യോരോരോ പേരുകൾ
നീട്ടിക്കുറുക്കി വിളിച്ചു.
ക്ലാസിലെന്നെങ്കിലും, ടീച്ചർ തൻ നാവിൽ നി-
ന്നെൻ പേര് കേൾക്കാൻ കൊതിച്ചു.
ഇല്ല, ഞാനെപ്പൊഴും, നീണ്ടവൻ, അല്ലെങ്കിൽ
നാലാമതാം ബെഞ്ചിലഞ്ചാമൻ.
പേരെനിക്കുണ്ടായിരിക്കാമതെന്നാലു-
മാരുമേയോർത്തെടുത്തില്ല.
നിസ്സാരനാണു ഞാൻ നാട്ടിൽ, ചിലപ്പോൾ,
നികൃഷ്ടൻ,നിരാകൃതൻ,നിന്ദ്യൻ
പേരറിയാൻമാത്രമൊന്നുമില്ലാത്തവർ,
വേറെയും കൂട്ടിനുണ്ടേറേ,
പേരെടുക്കാനേതു വഴിയിലും പോകുവാൻ
ധൈര്യമവർക്കുണ്ടു വേറേ.
ചോക്കെടു,ത്തെത്താ കഴുക്കോലിലക്കൂട്ടർ,
ഊക്കിൽ വരച്ചങ്ങു വെച്ചു.
കോമ്പസ്സുകൊണ്ടവർ, ഡസ്കിൻ പലകമേൽ
കൊത്തിക്കുഴിച്ചങ്ങെടുത്തു.
ഭീരു, ഞാനെൻ പേര്, പണ്ടേ മറന്നുപോയ്
ആർക്കാനുമോർമ്മയിലുണ്ടോ?
ചിതലെടുത്തെങ്കിലും, പൊട്ടും പൊടിയുമായ്,
എങ്ങാനും കണ്ടവരുണ്ടോ..
Home Featured Author
കുട്ടിക്കാലത്തെ ഒരു സാധാരണ മുഹൂർത്തത്തെ കാവ്യാനുഭൂതിയുടെ
അസാമാന്യതലത്തിലേക്കു കവി ഉയർത്തിയത് കണ്ടപ്പോൾ സന്തോഷം
തോന്നി. പുഴയിൽ ചേർത്ത ശ്രീ ടി പി വേണുഗോപാലിന്റെ കഥയും
കവിത പോലെ മനോഹരമായിരുന്നു. അതിലെ സൂഫി സ്പർശം
സത്യത്തിന്റെ തോന്നൽ കലാപരമായി ഉളവാക്കുന്നതാണ്. തീർച്ചയായും
പുഴയുടെ നിലവാരത്തെ ഒന്ന് കൂടി മെച്ചപ്പെടുത്തുകയാണ് ടി പി യുടെ രചനകൾ. അഭിനന്ദനങ്ങൾ!
വളരെ സന്തോഷം
ഹൃദ്യമായ വായനാനുഭവം എന്നും
Thanks a lot