പഴയ നാലുകെട്ടിന്റെ മേന്മയിൽ ഞെളിഞ്ഞും,
ഗാഭീര്യത്തോടെയും ആ പാടിയേറുമ്പോൾ…
അടുക്കളയിൽ അമ്മ അന്ന് ചുട്ട ദോശയുടെ വാസന എന്റെ മൂക്കിലേയ്ക്ക് തുളഞ്ഞുകേറി.
ചിതയിൽ കത്തിയെരിഞ്ഞ ഓർമകൾ അമ്മയ്ക്കൊപ്പം പോയിരുന്നുവെന്ന് കരുതിയിരുന്നു.
എന്നാൽ ഓർമ്മകളുടെ മരണം അസംഭവ്യമാണെന്ന് ഈ..നാലുകെട്ടിന്റെ ഓരോ കോണുമെന്നോടിന്ന് പറയുന്നു.
ബാല്യത്തിൽ ഞാൻ കല്ലെറിഞ്ഞു നാശമാക്കിയ
മൂവാണ്ടൻ മാവിന്റെ ചുവട്ടിലിന്ന്…
വരിവരിയായി മാമ്പൂ കൊഴിഞ്ഞു കിടക്കുന്നു.
അതിലൊന്നെടുത്തെന്റെ കൈതണ്ടയിൽ വയ്ക്കുമ്പോൾ,മറന്നു വച്ചവ പലതുമെന്നെ,
വീണ്ടും ഓർമപ്പെടുത്തുന്ന പോലെ.
അരിയിടിച്ചു കുശലം പറഞ്ഞിരുന്ന, അടിയാത്തികളായ കുമദവും കുഞ്ഞമ്മിണിയുo
ബാക്കിയാക്കി പോയതിനാലാണോ,
അരകല്ല് ഇന്നൊരു അവശിഷ്ടമായി ഈ തറവാടിനെ പേറുന്നത്.
അച്ഛൻ മയങ്ങിയ ചാരുകസേര ഇവയിലെല്ലാം
മുൻപന്തിയിലായി ഉമ്മറത്ത് ഓർമ്മകൾ അയവിറക്കി കിടപ്പുണ്ട്.
വെറ്റിലകിണ്ണം ഇടിച്ചിടിച്ചു കോലായിൽ ഇരിക്കുന്ന
അമ്മൂമ്മപെണ്ണിന്റെ ഗന്ധം ഇന്നീ തറവാടിനെ
ഒറ്റപ്പെടുത്തുന്നു.
കൂട്ടായി പിറന്ന കൂടപ്പിറപ്പിന്റെ വിയോഗം ഇന്നുമൊരു തേങ്ങലായി നെഞ്ചിൽ ഇടംപിടിക്കുന്നു.
എല്ലാരും ഇണ്ടായിട്ടും,ഒന്നുമില്ലാത്തവനെ പോലെ
ഞാൻ തിരികെ പടിയിറങ്ങി, എന്റെ തറവാടിനെ
ഒന്നു തിരിഞ്ഞു നോക്കുമ്പോൾ…
വാക്കുകൾ വിങ്ങലായി കണ്ണുകളെ നനയിപ്പിക്കുന്നു…
കുടുംബമെന്നത് കൂടെയില്ലാത്തപ്പോൾ മാത്രം,
മധുരിക്കുന്ന ഒന്നാണ്.