എം.ടി. വാസുദേവൻ നായരുടെ പ്രശസ്ത നോവൽ നാലുകെട്ട് ഇനി അറബിയിലും. സൗദിയിലെ റിയാദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന പ്രമുഖ അറബി പ്രസാധകരായ അൽ മദാരിക് പ്രിന്‍റിങ് ആൻഡ് പബ്ലിഷിങ് കമ്പനിയാണ് നാലുകെട്ടിൻെറ വിവർത്തനം പുറത്തിറക്കുന്നത്.
മലപ്പുറം കാട്ടുമുണ്ട സ്വദേശി മുസ്തഫ വാഫിയും കാളികാവ് അനസ് വാഫിയും ചേർന്നാണ് പരിഭാഷ നിർവഹിച്ചത്.ഒരു വർഷത്തിലേറെ നീണ്ട ഉദ്യമത്തിന് ശേഷമാണ് ഇരുവരും ദൗത്യം പൂർത്തികരിച്ചത്. അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‍മെന്‍റ് സുപ്രീം കോടതിയിലെ ബഹുഭാഷാ പരിഭാഷകനാണ് മുസ്തഫ വാഫി. എല്ലാ ആഴ്ചയിലും അദ്ദേഹം തയ്യാറാക്കുന്ന യുഎഇയുടെ ഔദ്യോഗിക ഖുത്വുബ ഓഡിയോ പരിഭാഷ ഇതിനകം ശ്രദ്ധ നേടിയതാണ്. ഹൈദ്രാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ നിന്ന് സോഷ്യോളജിയിൽ പിജി പൂർത്തീകരിച്ച അനസ് വാഫി കണ്ണൂരിലെ അഴിയൂർ ജുമാ മസ്ജിദിലെ ഇമാമാണ്. തകഴിയുടെ ചെമ്മീനും ബെന്യാമിന്‍റെ ആടുജീവിതത്തിനും ശേഷം അറബിയിലേക്ക് മൊഴിമാറ്റപ്പെടുന്ന പ്രമുഖ മലയാള നോവലാണ് നാലുകെട്ട്.