ഹൃദയം മുറിഞ്ഞപ്പോൾ
മരുന്നു വെച്ച് തുന്നിക്കെട്ടി
ഹൃദയത്തിൽ നിന്നുള്ള
വാക്കെടുത്ത് തണുപ്പിച്ച്
നിശ്വാസച്ചൂടു കൊണ്ട്
മുറിവുണക്കി.
നീണ്ട യാത്രയിൽ
നിഴൽ പോലെ പിന്തുടർന്ന്
മരുപ്പച്ചയായ്
മുന്നോട്ട് നയിച്ച
എന്റെ തന്നെ ഞാനല്ലാത്ത പാതി.
പാതിരാവിന്റെ കൂരിരുട്ടിലും
മിന്നാമിനുങ്ങായി കത്തിനിന്ന്
ചീവീടായി ശബ്ദിച്ച്
എന്റെ നിശ്ശബ്ദതയെ
താരാട്ടായി മാറ്റി.
മറക്കാൻ പഠിപ്പിച്ച്
സ്വയം മറന്ന്
ത്യജിക്കാൻ പഠിപ്പിച്ച്
സ്വയം ത്യജിച്ച്
ഉരുകിത്തീർന്ന മെഴുകിലെ
കത്തിക്കരിഞ്ഞ
നൂൽക്കഷ്ണം.
നല്ലപാതിയെന്ന് വിളിച്ചാലും
പാതിയല്ല,
മുഴുവനുമായിരുന്നു.
സ്വപ്നങ്ങൾക്കുള്ളിലെ
കാൻവാസുകൾക്ക്
സ്വന്തം സിരയിലെ ചോര കൊണ്ട്
വർണ്ണം നൽകി
നെടുവീർപ്പ് കൊണ്ട് സ്വരം നൽകി
മൂകമായ ലോകത്തെ
സുന്ദരമാക്കിയവൾ.