അർപ്പണത്തിന്റെ
അന്നത്തെ ആ ദിനത്തിന്ന്,
ഇന്ന് വീണ്ടും ഒരു,
വയസ്സ് കൂടുന്നു.
തനിയേ തുഴഞ്ഞ ജീവിത നൗകയിൽ,
അനുയാത്രികയായവൾ
അലിഞ്ഞു ചേർന്ന,
വേളി ദിനത്തിന്റെ
വാർഷിക നാളിത്.
കണ്ണും കണ്ണുമിറുക്കി,
നോക്ക് കൊണ്ടൊരു
സ്നേഹ വാക്യം കൈമാറാൻ കഴിയാത്ത,
പ്രവാസമെന്ന പ്രയാണത്തിലെ
വഴിയരികിലാണിന്ന് ഞാൻ.
അകലത്തിരിക്കുന്ന
അനുഭവങ്ങളുടെ,
അരികുകൾ ചേർത്ത് പിടിച്ച്,
അനുദിനം കൊഴിയുന്ന
മധുരമാ ദിനങ്ങൾ.
ഓർമ്മകളുടെ ഓളങ്ങളോട്
ഓരം ചേർന്നിരുന്ന്,
തപിക്കുന്ന മനസ്സുമായി
മെരുങ്ങാത്ത ചിന്തകളോടൊപ്പം
മല്ലിടിച്ച് തളർന്നു വീണ
മരുഭൂമിയുടെ വിരിമാറിൽ,
നാമ്പെടുക്കുന്ന പ്രതീക്ഷകൾ
പൂവണിയാൻ കാത്ത് കിടക്കുന്ന
സഹന മാനസത്തിൽ നിന്നുയരുന്ന
പ്രണയ സമ്മാനമീ വരികൾ.
ഇന്നായിരുന്നാ സമാഗമ ദിനം.
അനുഭവങ്ങളേക്കാൾ മൂർച്ചയുള്ള
അക്ഷരങ്ങൾക്കൊണ്ടലങ്കൃതമാക്കിയ,
നക്ഷത്ര ജ്വാലകൾ കൊണ്ടുരുക്കിയ,
ഈ വരികൾ….പ്രിയേ…..നിനക്കാണ്.
ഇണ തുണകളായി
മനു ഗോത്രത്തെ ഒരുക്കിയവൻ…..
എത്ര പരിശുദ്ധൻ.