നാലാമത്തെ സമ്മാനം

 

 

 

 

 

 

 

ക്രിസ്‌മസ്‌ രാത്രിയാകുന്നു. വല്ലാത്ത തണുപ്പാണ് . നാടെങ്ങും ക്രിസ്‌മസ്‌ ആഘോഷിക്കാൻ ഒരുങ്ങിക്കഴിഞ്ഞു.ആ വീടിന്റെ അകത്തളത്തിൽ നിന്ന് ഒരു വൃദ്ധന്റെ നിർത്താതെയുള്ള ചുമ. അയാൾ ശക്തിയായി ചുമയ്ക്കുന്നതു കൊണ്ട് ആ വീടിന്റെ മുറ്റത്തു നിൽക്കുന്നവർക്ക് പോലും വളരെ വ്യക്തമായി അയാൾ ചുമയ്ക്കുന്ന ശബ്ദം കേൾക്കാം.

‘ഇന്ന് രാത്രിയിൽ പള്ളിയിൽ പോകണ്ടായോ ..’ നന്നേ ക്ഷീണിതമായ വയസ്സ് ചെന്ന ഒരു സ്ത്രീ ശബ്ദം.ജനാറ്റമ്മൂമ്മയാണ് ആ ശബ്ദത്തിന്റെ ഉടമ.

‘വേണം…പക്ഷെ ഈ തണുപ്പ് …തണുപ്പ് കാരണം സഹിക്കാൻ വയ്യാത്ത ഈ ചുമ ….എന്നതായാലും പോകണ്ടായോ ..’ തുടരെത്തുടരെയുള്ള ചുമയ്ക്കിടെ ഡഗ്ലസ് അപ്പൂപ്പൻ ഒരുവിധം പറഞ്ഞൊപ്പിച്ചു.

ഡഗ്ലസ് അപ്പൂപ്പൻ ആ നാട്ടിലുള്ള ഒരേയൊരു പള്ളിയിലെ കപ്യാരാണ്‌ (കുർബ്ബാനയ്ക്കും മറ്റു പ്രാർത്ഥനകൾക്കും പള്ളിയിൽ അച്ഛനെ സഹായിക്കുന്ന ആൾ).അദ്ദേഹത്തിന് നന്നേ വയസ്സായി. എന്നിരുന്നാലും ആ പള്ളിയിലെ കപ്യാർ ജോലി വിടാൻ അദ്ദേഹത്തിന്റെ മനസ്സനുവദിച്ചിരുന്നില്ല.

‘കാരണവന്മാരായിട്ട് തുടർന്നു വന്നതല്ലായോ …അതിപ്പം ഞാനായിട്ട് എങ്ങനെ നിർത്താനാ …’ അപ്പൂപ്പൻ പറഞ്ഞു.

‘ദൈവം നമുക്കൊരു കുഞ്ഞിനെ തന്ന് അനുഗ്രഹിച്ചില്ലല്ലോ ..നമുക്ക് ഒരു കുഞ്ഞുണ്ടായിരുന്നെങ്കിൽ എല്ലാം അവൻ നോക്കി നടത്തിയേനെ.’അമ്മൂമ്മ സങ്കടത്തോടെ പറഞ്ഞു.

പാതിരാകുർബാന ആരംഭിക്കുന്നതിനു മുമ്പ് ആ ഗ്രാമത്തിലെ എല്ലാ വഴിവിളക്കുകളും തെളിയിക്കണം. എന്നാൽ മാത്രമേ അന്നാട്ടിലുള്ളവർക്ക് ഇരുട്ടത്ത് കൃത്യമായി പള്ളിയിലെത്താൻ പറ്റൂ .അതിനു വേണ്ടി അയൽപക്കത്തുള്ള ഡാനി എന്ന കുട്ടിയെ അദ്ദേഹം പറഞ്ഞേർപ്പാടാക്കിയിട്ടുണ്ട് . കഴിഞ്ഞ മൂന്ന് വർഷങ്ങളായിട്ട് ഡാനിയാണ് പാതിരാക്കുർബാനക്ക് മുമ്പ് ആ ഗ്രാമത്തിലെ എല്ലാ വഴിവിളക്കുകളും തെളിയിക്കുന്നത്. ഡഗ്ലസ് അപ്പൂപ്പന് പ്രായാധിക്യത്തിന്റെ വല്ലായ്മകൾ ഏറിയതിന് ശേഷമാണ് അദ്ദേഹം ആ ജോലി ഡാനിയെ ഏല്പിച്ചത് .

ക്രിസ്‌മസ്‌ ,ഈസ്റ്റർ തുടങ്ങിയ വലിയ ആഘോഷങ്ങൾക്ക് മാത്രമേ അന്നാട്ടിൽ ആ പതിവൊള്ളൂ .അല്ലാത്ത സമയങ്ങളിലെല്ലാം അതികഠിനമായ ശൈത്യം കാരണം ആളുകൾ വൈകുന്നേരമായാൽ വീട്‌ വിട്ടെങ്ങും പോകാറില്ല. വനപ്രദേശത്തോട് ചേർന്ന് കിടക്കുന്ന ഗ്രാമമായതുകൊണ്ട് അന്നാട്ടിലേക്കധികമായി ആരും വരാറുമില്ല.അതുവഴി മറ്റെവിടേക്കെങ്കിലും പോകാനുമില്ല .

‘അപ്പൂപ്പാ…അപ്പൂപ്പാ ..’മുറ്റത്തു നിന്നാരോ വിളിക്കുന്നു.

‘ആരാ അവിടെ ?’എരിയുന്ന മണ്ണെണ്ണ വിളക്കിന്റെ തിരി തെല്ലൊന്നുയർത്തിക്കൊണ്ട് ഡഗ്ലസ് അപ്പൂപ്പൻ ഉമ്മറത്തേക്ക് നോക്കി ചോദിച്ചു.

‘ഞാനാ ..ബെറ്റി .’അവൾ ഡാനിയുടെ പെങ്ങളാണ്.

അപ്പോഴേക്കും ഒരു കയ്യിൽ മണ്ണെണ്ണ വിളക്കും, മറ്റേ കയ്യിൽ ഊന്നുവടിയും പിടിച്ച്, തലവഴി ദേഹം മുഴുവൻ മൂടുന്ന ഒരു കരിമ്പടവും പുതച്ച് , അല്പം മുന്നോട്ട് കൂനി വിളക്ക് തലയ്ക്കു മീതെ ഉയർത്തിപ്പിടിച്ചുകൊണ്ട് അപ്പൂപ്പൻ ഉമ്മറത്തേക്ക് വന്നു.

‘എന്താ കുഞ്ഞേ ഈ സന്ധ്യാനേരത്ത് ?. പുൽക്കൂടൊക്കെ ഉണ്ടാക്കേണ്ടയോ ?.’ അപ്പൂപ്പൻ ചോദിച്ചു.

‘വേണം. ഞാൻ അതിന്റെ ജോലിയിലായിരുന്നു. പക്ഷെ ഡാനിക്ക് പനിയാണ് . അതു പറയാനാണ് ഞാൻ ഇപ്പോൾ വന്നത്.’ അവൾ ഒറ്റശ്വാസത്തിൽ പറഞ്ഞു തീർത്തു.

‘കഷ്ടമായല്ലോ കർത്താവേ , ഇന്നിനി രാത്രിയിൽ വഴിവിളക്കുകൾ ആര് തെളിയിക്കും ?. നാട്ടുകാർക്ക് എല്ലാവർക്കും പാതിരാക്കുർബാനക്ക് പള്ളിയിലേക്ക് എത്തേണ്ടതല്ലയോ..’ അപ്പൂപ്പൻ പരിതപിച്ചു.

‘സാരമില്ല , നമ്മുടെ നാട്ടിലെ ആളുകളല്ലേ ,എല്ലാ വർഷവും മുടങ്ങാതെ എത്തുന്നതല്ലേ,ഈ രാത്രിയിലും എല്ലാവരും വരും.’ബെറ്റിയുടെയും ഡഗ്ലസ് അപ്പൂപ്പന്റെയും സംസാരം കേട്ടുകൊണ്ട് ഉമ്മറത്തേക്ക് വന്ന ജാനറ്റാമ്മൂമ്മ രണ്ടുപേരെയും സമാധാനിപ്പിച്ചു.

‘എന്നാൽ മോള് വേഗം പൊക്കോ ..നേരം ഇരുട്ടിത്തുടങ്ങിയില്ലായോ..’അമ്മൂമ്മ ബെറ്റിയെ അവിടെനിന്നും പറഞ്ഞയച്ചു.

‘കഷ്ടമായിപ്പോയി  നമ്മുടെ നാട്ടിലെ എല്ലാവരും സന്തോഷത്തോടെ ഒത്തു കൂടുന്ന രാത്രിയല്ലേ ..വഴിവിളക്ക് കത്തിക്കാൻ സാധിച്ചില്ലെങ്കിൽ എന്ത് ചെയ്യും ? നമ്മുടെ ഗ്രാമത്തിലെ നാനാദിക്കിൽ നിന്നും ആളുകൾക്ക് വരേണ്ടതല്ലയോ . മാത്രവുമല്ല വന്യമൃഗങ്ങളും മറ്റും ഇരുട്ടത്ത് ആക്രമിക്കാൻ വന്നാൽ ഒന്ന് ഓടി രക്ഷപെടാൻ കൂടി സാധിക്കില്ലല്ലോ തമ്പുരാനേ .’ഡഗ്ലസ് അപ്പൂപ്പൻ പരിതപിച്ചുകൊണ്ട് പറഞ്ഞു.

‘കർത്താവ് എല്ലാം കാണുന്നുണ്ടല്ലോ. അവൻ എല്ലാത്തിനും ഒരു വഴി കാണാതിരിക്കില്ല.’അമ്മൂമ്മ, അപ്പൂപ്പനെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.

‘എന്നാൽ ഇനി ഞാൻ പോയി പാതിരാക്കുർബാനക്ക് വേണ്ട കാര്യങ്ങൾ ഒരുക്കി വയ്ക്കട്ടെ .’ അതും പറഞ്ഞ് അപ്പൂപ്പൻ വീടിനുള്ളിലേക്ക് നടന്നു. പിന്നാലെ അമ്മൂമ്മയും.

പാതിരാക്കുർബാനയ്ക്ക് വേണ്ട കാര്യങ്ങൾ എന്ന് പറഞ്ഞാൽ ഒരു വലിയ മുല്ലമാല പന്ത്രണ്ട് മെഴുകുതിരികളുടെ ഒരു കെട്ട് , ആ മെഴുകുതിരികൾ നാട്ടി വയ്ക്കാനുള്ള മെഴുകുതിരിക്കാൽ ,തിളങ്ങുന്ന വർണ്ണക്കടലാസിൽ തീർത്ത ഒരു നക്ഷത്രം, ഇത്രയുമാണ്. ഇതിൽ മുല്ലമാല കെട്ടുന്നത് ജാനറ്റമ്മൂമ്മയാണ് .ബെറ്റിയാണ് അതിന്‌ അമ്മൂമ്മയുടെ കയ്യാൾ. മെഴുകുതിരികളും,നക്ഷത്രവും ഉണ്ടാക്കുന്നത് ഡഗ്ലസ് അപ്പൂപ്പനും ഡാനിയും കൂടിയാണ്.

മെഴുകുതിരികൾ ഉണ്ടാക്കുന്നതിന് വേണ്ടുന്ന മെഴുക് നല്കുന്നതാകട്ടെ അന്നാട്ടിലെ തേനീച്ച കർഷകനായ ആന്റണിയും.അയാൾ ഒരു മുടന്തനാണ്. തേൻ നിറച്ച തകരപ്പാട്ടയും പേറി, തേൻ വിൽക്കാൻ തെരുവിലൂടെ നടക്കുമ്പോൾ അയാളെ ചില വികൃതിക്കുട്ടികൾ ‘ഞൊണ്ടിക്കാലൻ….ഞൊണ്ടിക്കാലൻ….’ എന്ന് കളിയാക്കി വിളിക്കാറുണ്ട്.എങ്കിലും അയാൾക്ക് അതിലൊന്നും യാതൊരു പരിഭവവും ഇല്ല .’കുട്ടികളല്ലേ ….അവരുടെ അറിവില്ലായ്മ കൊണ്ടല്ലേ … പോട്ടെ,സാരമില്ല.’ അയാളെ അങ്ങനെ വിളിക്കുന്ന കുട്ടികളെ ശകാരിക്കുന്ന ചിലരോട് അയാൾ അങ്ങനെയാണ് പറയാറ് .

പന്ത്രണ്ട് തിരികൾ ഈശോയുടെ പരസ്യജീവിതകാലം മുതൽ ഈശോയുടെ ജീവിതത്തിന്റെ ഭാഗമാകാൻ പോകുന്ന പന്ത്രണ്ട് ശിഷ്യന്മാരെ സൂചിപ്പിക്കാനാണ്. ക്രിസ്‌മസ്‌ രാത്രിയിൽ ഉണ്ണി പിറന്നതിന് ശേഷം പുൽക്കൂടിന് മുൻപിൽ കത്തിക്കാനാണ് ആ തിരികൾ. ആ പുൽക്കൂടിന് മുകളിൽ തൂക്കിയിടാനാണ് വർണക്കടലാസുകൾ കൊണ്ട് തീർത്ത ആ നക്ഷത്രം. എല്ലാം ഒരുക്കി വയ്ക്കുന്നതിനിടെ അപ്പൂപ്പൻ പിന്നെയും നിർത്താതെ ചുമയ്ക്കാൻ തുടങ്ങി.

‘ഞാനൽപം ചൂടുവെള്ളം ഉണ്ടാക്കി തരാം  അത് കുടിച്ചാൽ ഈ ചുമ അല്പം കുറയും.’ജനാറ്റമ്മൂമ്മ പറഞ്ഞു.

‘ഉം …’ അപ്പൂപ്പൻ നന്ദിയോടെ മൂളി.

‘എന്നാലും ഈ രാത്രിയിൽ ആര് വഴിവിളക്കുകൾ തെളിയിക്കും എന്റെ തമ്പുരാനേ ..’അപ്പൂപ്പൻ അപ്പോഴും സങ്കടത്തോടെ പിറുപിറുത്തുകൊണ്ടിരുന്നു.

അപ്പോൾ ആ വീട്ടിൽ മനുഷ്യർക്കോ മറ്റു മൃഗങ്ങൾക്കോ കേൾക്കാൻ സാധിക്കാത്ത , അല്ലങ്കിൽ കേട്ടാലും മനസിലാകാത്ത ഭാഷയിൽ ഒരു സംഭാഷണം ഉടലെടുക്കുന്നുണ്ടായിരുന്നു , ആ പന്ത്രണ്ട് മെഴുകുതിരികൾ തമ്മിൽ .

ഈ ക്രിസ്‌മസ്‌ രാവിൽ ഉണ്ണി പിറക്കുമ്പോൾ ആദ്യം തെളിയേണ്ടത് ആര് എന്നതിനെ ചൊല്ലിയാണ് അവ തമ്മിൽ സംഭാഷണം ആരംഭിച്ചത്. എന്നാൽ മെല്ലെ മെല്ലെ , ഒരു ചെറിയ സംവാദമായും ,പിന്നെ വലിയ ഒരു വഴക്കായും ആ സംഭാഷണം പരിണാമം കൊണ്ടു .

‘ഞാൻ ആദ്യം തെളിയും. ഉണ്ണി പിറക്കുമ്പോൾ ആദ്യം എന്നെ കാണണം, കാരണം എനിക്ക് നിങ്ങളെല്ലാവരെക്കാളും കൂടുതൽ പ്രകാശിക്കാൻ സാധിക്കും.’ മെഴുകുതിരികളിലൊന്ന് പറഞ്ഞു.

‘ഇല്ല.ഞാൻ ആദ്യം തെളിയും. കാരണം ഈ തണുത്ത രാത്രിയിൽ ഉണ്ണിക്ക് വേണ്ടത് സുഖമുള്ള ചൂടാണ്. അത് നിങ്ങളിലാരെക്കാളും കൂടുതൽ എനിക്കാണ് പകരാൻ സാധിക്കുക.’ മറ്റൊരു മെഴുകുതിരി പറഞ്ഞു.

‘പറ്റില്ല. ഞാനാദ്യം തെളിയും. കാരണം ഞാൻ മെല്ലെ മാത്രമേ ഉരുകിത്തീരൂ .അതുകൊണ്ട് തണുത്തുറഞ്ഞ ഈ രാത്രി മുഴുവൻ ഉണ്ണിക്ക് ചൂടും വെളിച്ചവും പകർന്ന് അതിന് കൂട്ടിരിക്കാൻ എനിക്ക് സാധിക്കും. ‘വേറൊരു മെഴുകുതിരി പറഞ്ഞു.

‘ഇല്ല.ഞാനാദ്യം തെളിയും ..’

‘പറ്റില്ല. ഞാനാദ്യം ..’അങ്ങനെ പോയി അവർ തമ്മിലുള്ള തർക്കം .എന്നാൽ ഘോരമായ ഈ വാഗ്വാദങ്ങൾക്ക് നടുവിലും ,അതിലൊന്നും പെടാതെ ,അതൊന്നും തെല്ലും ശ്രദ്ധിക്കുക പോലും ചെയ്യാതെ, ഒരു തിരി മാത്രം മൗനമായി , എന്നാൽ ഗാഢമായി എന്തോ ആലോചിച്ചുകൊണ്ടിരിക്കുകയായിരുന്നു. അതിന്റെ മനസ് മുഴുവൻ അന്ന് രാത്രിയിൽ അണഞ്ഞു കിടക്കാൻ പോകുന്ന ആ ഗ്രാമത്തിലെ വഴിവിളക്കുകളിലായിരുന്നു.

‘എത്രയെത്ര മനുഷ്യർ….അതിൽത്തന്നെ കുഞ്ഞുങ്ങളും, പ്രായമായവരും,ഗർഭിണികളും  ,യുവാക്കളും അങ്ങനെ വിവിധ പ്രായത്തിൽപ്പെട്ട ആളുകൾ, അവരെല്ലാവരും നാനാദിക്കിൽ നിന്നും വരുന്നവർ, അവരിൽത്തന്നെ പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളുള്ളവർ ..ദൈവമേ…എനിക്കെന്തു ചെയ്യാൻ കഴിയും?’ മെഴുകുതിരി വികാരാധീനനായി.

ഒരിക്കൽ തെളിഞ്ഞു കഴിഞ്ഞാൽ പിന്നെ ഏതാനും മണിക്കൂറുകൾ മാത്രം ആയുസുള്ള പ്രത്യേക സൃഷ്ടികളാണല്ലോ തങ്ങളെന്ന് അതോർത്തു. അക്കാര്യം മറന്ന് ,ഈ രാത്രിയിൽ വഴിവിളക്ക് തെളിക്കാൻ താൻ ഇറങ്ങി പുറപ്പെട്ടാൽ ,പിന്നെ ഈ രാവിൽ ഉണ്ണി പിറക്കുന്നത് കാണാൻ താൻ ഉണ്ടാവില്ല. ഈ ഗ്രാമത്തിലെ ഏതെങ്കിലും ഒരു തെരുവോരത്ത് തന്റെ അവസാന ശ്വാസവും ഇരുട്ടിന് ആവരണം പോലെ നിൽക്കുന്ന ഈ മഞ്ഞിന് കൊടുത്തുകൊണ്ട് എരിഞ്ഞടങ്ങേണ്ടി വരും. ഈ ലോകത്തിൽ ജനിക്കുന്ന എല്ലാ മെഴുകുതിരികളുടെയും ഏറ്റവും വലിയ സ്വപ്നമാണ് ആ പന്ത്രണ്ട് മെഴുകുതിരികളിൽ ഒന്നാകുക എന്നത്. കാരണം അവയ്ക്ക് മാത്രമാണല്ലോ ഉണ്ണി പിറക്കുമ്പോൾ ഉണ്ണിയുടെ ഏറ്റവും അടുത്ത് നിന്ന് തെളിയാൻ സാധിക്കുക!. ‘എങ്കിലും ദൈവമേ…എത്ര മാത്രം മനുഷ്യർ… ഞാൻ കാരണം അവർക്കെല്ലാം ഈ രാത്രിയിൽത്തന്നെ ഉണ്ണിയെക്കാണാൻ സാധിക്കുകയാണെങ്കിൽ … അതായിരിക്കില്ലേ ഏറ്റവും വലിയ കാര്യം. ഞാൻ തീരുമാനിച്ചു കഴിഞ്ഞു…നല്ലതിന് വേണ്ടി എരിഞ്ഞ് തീരുന്ന തിരികൾ , ദൈവത്തിന്റെ സ്വർഗ്ഗരാജ്യത്തിൽ പലവിധ വർണങ്ങൾ ഒരേ സമയം പ്രകാശിപ്പിക്കുന്ന ഒരിക്കലും കെടാത്ത തിരികളായി മാറുമെന്നാണല്ലോ വിശ്വാസം.’ഇതും മനസ്സിൽ പറഞ്ഞുകൊണ്ട് അത് മെല്ലെ ആ മെഴുകുതിരിക്കൂട്ടത്തിൽ നിന്നും താഴേക്ക് ഊർന്നിറങ്ങി .എന്നിട്ട് ക്ഷണത്തിൽ ആ ഗ്രാമത്തിലെ തെരുവിലേക്ക് നടന്നു. അപ്പോഴും പിന്നാമ്പുറത്തു മറ്റു മെഴുകുതിരികൾ തർക്കം തുടർന്നുകൊണ്ടിരുന്നു.

അഞ്ചു പ്രധാന നിരത്തുകൾ സംഗമിക്കുന്ന ഒരിടത്താണ് ആ നാട്ടിലെ പള്ളി സ്ഥിതി ചെയ്യുന്നത്. ആ പ്രധാന നിരത്തുകൾക്കെല്ലാം അനേകം ഇടവഴികളും തിരിവുകളും ഉണ്ട്. അത്തരത്തിലുള്ള നിരവധി ഇടവഴികളിലൂടെയും, തിരിവുകളിലൂടെയും,പ്രധാന നിരത്തുകളിലൂടെയും നടന്ന് വേണം ആളുകൾക്ക് പള്ളിയിലെത്താൻ.മെഴുകുതിരി ഇരുട്ടിലൂടെ ധൃതിയിൽ നടന്ന് ആ പള്ളിയുടെ പ്രധാന കവാടത്തിന്റെ മുമ്പിൽ എത്തി. അവിടെ പരിശുദ്ധ കന്യാമറിയത്തിന്റെ തിരുസ്വരൂപത്തിനു മുൻപിൽ എരിയുന്ന മെഴുകുതിരികളിലൊന്നിൽ നിന്നും അത് തന്റെ ശിരസ്സിലേക്ക് തീ പകർത്തി. ഒരിക്കൽ തീ പകർന്നു കഴിഞ്ഞാൽ പിന്നെ ഒട്ടും അമാന്തിക്കാൻ പാടില്ല, എന്നാൽ അനാവശ്യ ധൃതിയും പാടില്ല. അമാന്തം സംഭവിച്ചാൽ വഴിയിലെ എല്ലാ വിളക്കുകളും തെളിയിക്കുന്നതിന് മുമ്പേ താൻ അവസാന ശ്വാസം വലിച്ചേക്കാം .എന്നാൽ അനാവശ്യമായി ധൃതിപ്പെട്ടാൽ ഒരു പക്ഷേ തന്നിലെ നാളം അണഞ്ഞു പോയി എന്ന് വരാം . അങ്ങനെ വന്നാൽ പിന്നെ തിരികെ നടന്നു ചെന്ന് വേണം വീണ്ടും തീ പകർത്താൻ. അത് തികച്ചും അനാവശ്യമായ സമയനഷ്ടത്തിലേ അവസാനിക്കൂ. ശിരസ്സിൽ തീ പകർന്നപ്പോൾ ഉണ്ടായ വേദന കണ്ണീരായി താഴേക്ക് ഒഴുകിയിറങ്ങുന്നതിനിടയിൽ ആ മെഴുകുതിരി ആലോചിച്ചു. എന്നിട്ട് വളരെ ശ്രദ്ധിച്ചും എന്നാൽ വേഗത്തിലും അത് തന്നിലെ നാളവും പേറി ആ നിരത്തിനെ ലക്ഷ്യമാക്കി നടക്കാൻ തുടങ്ങി.

ഒന്നാമത്തെ പ്രധാന നിരത്തിലേക്ക് ആ തിരി പ്രവേശിച്ചു. ആ നിരത്തിൽ മൊത്തം എട്ട് വഴിവിളക്കുകൾ ഉണ്ട്. ആ നിരത്തിന്റെ ഏറ്റവും അറ്റത്താണ് കാലിനു മുടന്തുള്ള ആന്റണി താമസിക്കുന്നത്. ആ നിരത്തിലെ അവസാന വിളക്കും തെളിയിച്ച് കഴിഞ്ഞപ്പോൾ അടുത്ത പ്രധാന നിരത്തിനെ ലക്ഷ്യമാക്കി അത് ധൃതിയിൽ തിരികെ നടന്നു .

‘ഡാനീ …മോനെ ഡാനീ …’ഇരുട്ടിൽ നിന്നും ഒരു വിളി.

‘ഡാനിയോ ..അത് ഡഗ്ലസ് അപ്പൂപ്പന്റെ വീടിന്റെ അയൽപക്കത്തുള്ള ആ കുട്ടിയല്ലേ  അവന് പനിയല്ലേ…പിന്നെ അവനെങ്ങനെ ഇവിടെ ?.’ മെഴുകുതിരി ചുറ്റും നോക്കി. ആ തെരുവിൽ നിന്നും പിരിയുന്ന ഒരു ചെറിയ ഇടവഴിയുടെ അറ്റത്ത് ഒരമ്മൂമ്മ നിൽക്കുന്നു .

‘ഇപ്രാവശ്യവും നീ എന്റെ വീടിന്റെ മുൻപിലുള്ള വിളക്ക് തെളിയിച്ചില്ലല്ലേ ..എനിക്ക് കണ്ണ് കാണാൻ വയ്യാത്തതുകൊണ്ടാണോ കുഞ്ഞേ നീ എന്നോട് എപ്പോഴും ഇങ്ങനെ ചെയ്യുന്നത് ?.’ അമ്മൂമ്മ അമർഷത്തോടെ ചോദിച്ചു .

‘ഞാൻ ഡാനിയല്ല അമ്മൂമ്മേ . അവനു പനിയാണ് . അവനു പകരം വന്ന ആളാണ് ഞാൻ. എന്നോട് ക്ഷമിക്കൂ . ഞാൻ നിങ്ങളുടെ വീടിനു മുൻപിലെ വഴിവിളക്ക് കണ്ടില്ല.’ മെഴുകുതിരി മറുപടി പറഞ്ഞു.

‘ഓ …ആണോ …ഞാൻ കരുതി ആ കുരുത്തം കെട്ട ചെറുക്കാനായിരിക്കുമെന്ന് .അവനറിയില്ല, വിളക്കുകൾ സ്നേഹത്തോടെ എരിഞ്ഞാൽ അത് പുറപ്പെടുവിക്കുന്ന ചൂടിന് അന്തരീക്ഷത്തിൽ സ്നേഹത്തിന്റെ തരംഗങ്ങൾ സൃഷ്ടിക്കാൻ കഴിയുമെന്ന് .സ്നേഹം മനുഷ്യനായി മണ്ണിൽ പിറക്കുന്ന ഈ രാത്രിയിൽ ഒരു വിളക്കിനും സ്നേഹത്തോടെയല്ലാതെ എരിയുവാൻ സാധിക്കില്ല. ആ സ്നേഹത്തിന്റെ തരംഗങ്ങളാണ് കാഴ്ചയില്ലെങ്കിലും വിളക്ക് തെളിഞ്ഞെന്ന് എനിക്ക് മനസിലാക്കിത്തരുന്നത് . അതവനറിയില്ല ….’ അമ്മൂമ്മ ദേഷ്യത്തോടെ പിറുപിറുത്തു.

‘ ആ അമ്മൂമ്മ പറഞ്ഞത് ശരിയാണ്. കാരണം ആ സ്നേഹമാണല്ലോ ഇന്ന് ഈ തെരുവിലെ വിളക്കുകൾ തെളിയിക്കാൻ തനിക്ക് പ്രചോദനമായ പ്രേരകശക്തി.’മെഴുകുതിരി മനസ്സിൽ ഓർത്തു.എന്നിട്ട് ആ അമ്മൂമ്മയുടെ വീടിന് മുൻപിലുള്ള ഇടവഴിയിലെ വിളക്കും തെളിയിച്ച ശേഷം അത് ധൃതിയിൽ നടന്നകന്നു.

‘നന്ദി കുഞ്ഞേ ..നീ വിളക്ക് തെളിയിച്ചു എന്ന് എനിക്ക് മനസിലായി.’പിന്തിരിഞ്ഞു നടക്കുന്നതിനിടയിൽ അമ്മൂമ്മ ഉറക്കെ പറഞ്ഞത് ആ മെഴുകുതിരി കേട്ടു .

ധൃതിയിൽ നടന്ന് അത് രണ്ടാമത്തെ പ്രധാന തെരുവിലേക്ക് പ്രവേശിച്ചു. ആ നിരത്തിൽ എവിടെയോ ആണ് ഇരുകാലുകൾക്കും മുടന്തുള്ള ജാക്ക് എന്ന കുട്ടി താമസിക്കുന്നത്. അവൻ ജന്മനാ മുടന്തനാണെന്നു തിരിച്ചറിഞ്ഞ അവന്റെ മാതാപിതാക്കൾ അവനെ ആ ഗ്രാമത്തിൽത്തന്നെ ഉപേക്ഷിച്ച് അവിടെ നിന്നും കടന്നുകളഞ്ഞതാണത്രേ . പിന്നീട് ആ ഗ്രാമത്തിലുള്ള ആളുകളുടെ കാരുണ്യമാണ് അവനെ ഇത്രയും വളർത്തിക്കൊണ്ട് വന്നത്.

‘ഓ..ദൈവമേ …ഞാൻ ഭയപ്പെട്ടു പോയി. ഇത്രയും നേരം ഇതുവഴി ആരും വിളക്ക് തെളിയിക്കാൻ വരാതിരുന്നപ്പോൾ ഞാൻ കരുതി ഇന്നിനി ആരും അതിന് മുതിരില്ല എന്ന്. അങ്ങനെ സംഭവിച്ചാൽ അവൾ …പാവം എന്റെ സോഫിയ …അവൾക്കെന്താകുമെന്നോർത്ത് ..’ജാക്കിന് മുഴുമിപ്പിക്കാൻ കഴിഞ്ഞില്ല.

‘സോഫിയയോ …ആരാണത് ?’ മെഴുകുതിരി ചോദിച്ചു.

‘നിനക്കറിയണമല്ലേ ..ഞാൻ പറയാം .’ ജാക്ക് തുടർന്നു .

‘തെക്കൻ മലനിരകളിലെ ,അസ്ഥി പോലും തണുത്തുറയ്ക്കുന്ന കാറ്റിനെയും തണുപ്പിനെയും വകവയ്ക്കാതെ, എല്ലാ ക്രിസ്‌മസ്‌ രാത്രിയിലുമെന്ന പോലെ ഈ രാത്രിയിലും ഉണ്ണിയെ കാണാൻ എനിക്ക് കൂട്ട് വരുന്ന ഒരു രാപ്പാടിയാണവൾ. അതികഠിനമായ ശൈത്യത്തിലൂടെ പറന്നു വരുന്ന അവളുടെ ഹൃദയധമനികളെയും, ദേഹമാകെയും ചൂട് പിടിപ്പിക്കുന്നത് ഈ വഴിവിളക്കിന്റെ ചൂടിൽ നിന്നാണ്. അത് അണഞ്ഞു കിടന്നാൽ ഈ ശൈത്യത്തിൽ രക്തം മുഴുവൻ തണുത്തുറഞ്ഞ് അവളുടെ കൊച്ചു ഹൃദയം സ്തംഭിച്ച് അവൾ മരിച്ചു പോകും.എനിക്കതോർക്കാൻ കൂടി വയ്യ .’ ജാക്ക് വിതുമ്പി.അവന്റെ കണ്ണിൽനിന്നും കണ്ണീർ പൊഴിഞ്ഞു.

‘ക്രിസ്‌മസ്‌ രാവിൽ എരിയുന്ന വിളക്കുകൾക്ക് ചൂട് കൂടുതലാണെന്ന് അവൾ എന്നോട് പറഞ്ഞിട്ടുണ്ട്.പക്ഷേ അതെന്തുകൊണ്ടാണെന്നു മാത്രം അവൾ എനിക്ക് പറഞ്ഞ് തന്നിട്ടില്ല. ഒരുപക്ഷേ അത് അവളുടെ തോന്നലാവും.’കണ്ണുകൾ തുടക്കുന്നതിനിടെ ജാക്ക് പറഞ്ഞ് മുഴുമിപ്പിച്ചു.

‘അല്ല. അത് സ്നേഹത്തോടെ എരിയുന്ന വിളക്കുകൾ പുറപ്പെടുവിക്കുന്ന ചൂടിന്റെ തരംഗങ്ങൾ മൂലമാണ്.’അതും പറഞ്ഞ് ആ മെഴുകുതിരി ധൃതിയിൽ അവിടെ നിന്നും നടന്നകന്നു.

എന്നിട്ടത് മൂന്നാമത്തെ നിരത്തിലേക്ക് പ്രവേശിച്ചു. അതാണ് ആ ഗ്രാമത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിരത്ത്. ആ നിരത്ത് താരതമ്യേന തിരക്കേറിയതുമാണ് .കാരണം, ആ നിരത്തിന് ഇരുവശവുമായിട്ടാണ് ആ ഗ്രാമത്തിലെ കടകളും മറ്റ് വാണിജ്യസ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നത്. ആ നിരത്തിൽ ഒരു മദ്യശാലയും ഉണ്ട്.

‘ഓ ..ഇന്ന് വിളക്കുകൾ തെളിഞ്ഞോ …ഇതുവരെ വിളക്കുകൾ തെളിയാഞ്ഞപ്പോൾ ഞാൻ കരുതി ക്രിസ്‌മസ്‌ രാവ് നാളെയാണെന്ന് .’ ഏതോ മദ്യപനാണ്. മെഴുകുതിരി അയാളെ തെല്ലും ശ്രദ്ധിക്കാതെ നടന്നു. ആ നിരത്തിലെ എല്ലാ വിളക്കുകളും തെളിയിച്ച ശേഷം അത് തിരികെ നടക്കാൻ തുടങ്ങിയപ്പോൾ പിന്നിൽ നിന്നും ഒരു കൂട്ടം കുട്ടികളുടെ കരഘോഷങ്ങളും ആർപ്പുവിളികളും കേട്ടു . ആ മെഴുകുതിരി തിരിഞ്ഞു നോക്കി.പാത അവസാനിക്കുന്നിടത്തുള്ള ഒരു കെട്ടിടത്തിൽ നിന്നാണ് ആ ശബ്ദം. അത് ഒരു അനാഥാലയമാണ്.

‘ജിങ്കിൽ ബെൽസ് ….ജിങ്കിൽ ബെൽസ് …’ കുട്ടികളിലെ കേമൻ ഉച്ചത്തിൽ പാടി.

‘ജിങ്കിൽ ഓൾ ദി വേ …’മറ്റൊരു മിടുക്കൻ തുടർന്നു പാടി.

താൻ കൊളുത്തുന്ന വിളക്കുകൾ വെറും വിളക്കുകാലുകളിൽ മാത്രമല്ല മറിച്ച്,ആശയറ്റ ഒരുപാട് മനുഷ്യഹൃദയങ്ങളിൽ കൂടിയാണെന്ന് അത് തിരിച്ചറിഞ്ഞു. അപ്പോൾ മുതൽ അതിന് പുതിയൊരൂർജം കൈവന്നു.

നാല് ,അഞ്ച് …അങ്ങനെ അഞ്ചാമത്തേതും അവസാനത്തേതുമായ നിരത്തിലേക്ക് ആ മെഴുകുതിരി പ്രവേശിച്ചു. താൻ ഇതിനോടകം എരിഞ്ഞ് ഏറെക്കുറെ ഇല്ലാതായി എന്ന പരമാർത്ഥം അത് വേദനയോടെ തിരിച്ചറിഞ്ഞു. മെഴുകുതിരി നടത്തത്തിനു വേഗത കൂട്ടി, ഒപ്പം ജാഗ്രതയും. ചിലരങ്ങനെയാണ് !.സ്വന്തം ജീവിതം അവസാനിക്കാൻ പോകുന്നു എന്ന് തിരിച്ചറിഞ്ഞാൽ ഒരു പുതുമഴ നനഞ്ഞതു പോലെ ഉയിർത്തെഴുന്നേൽക്കും. പിന്നീടങ്ങോട്ട് പ്രവർത്തിക്കാൻ ഒരാവേശമാണ്. സ്വയം ഉരുകുന്ന വേദനയിൽ ,ഇറ്റിറ്റു വീഴുന്ന കണ്ണീർക്കണങ്ങൾക്ക് ഒഴുകിയിറങ്ങാൻ പോലും തന്റെ ദേഹം ബാക്കിയില്ലെന്ന് അത് തിരിച്ചറിഞ്ഞു. ചെറിയൊരു കാറ്റിനോ, കാറ്റിലടർന്നു വീഴുന്ന ഒരു ചെറിയ ഇലയ്ക്ക് പോലുമോ തന്നെ ഇല്ലാതാക്കാൻ കഴിയുമെന്ന് അത് മനസിലാക്കി. ഇനി ഒരിക്കലെങ്കിലും തന്നിലെ നാളം അണഞ്ഞു പോയാൽ ,തിരികെ നടന്നു ചെന്ന് നാളം തെളിയിച്ച് വരാനുള്ള ആയുസ്സ് പോലും തനിക്ക് ബാക്കിയില്ല.

ഈശ്വരാ ..എന്നാലും ഇത്രയും നിസ്സാരനായ തന്നേക്കൊണ്ട് ഇത്രയുമൊക്കെ സാധിച്ചല്ലോ .ഒരു വിധം അവസാന വഴിവിളക്കിനും അത് വെളിച്ചം പകർന്നു.

‘താനൊരു കരിന്തിരിയായി മാറിക്കഴിഞ്ഞു….ഇത്…ഇത് തന്റെ അവസാന നിമിഷമാണ്. ഓർമ്മകൾ നഷ്ടമാകുന്നതിനും മുമ്പ് …പ്രാണന്റെ അവസാന തുള്ളിയും തന്നിൽ നിന്നും അടർന്ന് വീഴുന്നതിനും മുമ്പ് …ഒരു വട്ടം …ഒരേയൊരു വട്ടം…ഉണ്ണിയെ കാണാൻ സാധിച്ചിരുന്നെങ്കിൽ ..’

പൊടുന്നനെ അത് ആ നിലത്തേക്ക് വീണു. ഒന്ന് വിറച്ചു,ഒന്ന് നീണ്ടു നിവർന്നു,ഒരു ദീർഘ നിശ്വാസം , തന്റെ ഒടുക്കത്തെ ശ്വാസം കറുത്ത പുകച്ചുരുളുകളായി മേലോട്ടുയരുന്നതിനിടെ അത് കണ്ണുകളടച്ചു.

ക്രിസ്‌മസ്‌ രാവ് ആഗതമായിക്കഴിഞ്ഞു. പള്ളിയിൽ തിരുക്കർമങ്ങൾ ആരംഭിക്കുന്നതറിയിച്ചുകൊണ്ടുള്ള മണി മുഴങ്ങി. അപ്പോൾ കിഴക്കു ദിക്കിൽ നിന്നും ഒരു നക്ഷത്രം, അത് ആ പള്ളിയെ ലക്ഷ്യമാക്കി വന്നു. അതിനെ പിന്തുടർന്ന് ധൃതിയിൽ മൂന്ന് ഒട്ടകങ്ങൾ, അവയുടെ പുറത്ത് മേൽത്തരം വസ്ത്രങ്ങൾ ധരിച്ച മൂന്ന് ശ്രേഷ്ഠർ, അവരുടെ ഒരു കയ്യിൽ ഒട്ടകത്തിന്റെ കടിഞ്ഞാൺ, മറുകയ്യിൽ അധികാരദണ്ഡ് .ഒട്ടകങ്ങളുടെ പുറത്ത് ഓരോ വലിയ സമ്മാനപ്പൊതിയും കെട്ടിവച്ചിരുന്നു.

പെട്ടന്ന് ആ നക്ഷത്രം അഞ്ചാമത്തെ നിരത്തിലെ അവസാന വഴിവിളക്കിനു മുകളിൽ നിശ്ചലമായി. ഒട്ടകപ്പുറത്ത് വന്ന മൂന്ന് ശ്രേഷ്ഠരും അവരവരുടെ ഒട്ടകങ്ങളെ ആ വഴിവിളക്കിനു താഴെ നിർത്തി.അവരിൽ ഒരാൾ ഒട്ടകപ്പുറത്തുനിന്നും താഴെ ഇറങ്ങി.എന്നിട്ട് കുനിഞ്ഞിരുന്ന് ധൃതിയിൽ ആ നിലത്ത് എന്തോ തിരഞ്ഞു. തിരഞ്ഞത് കിട്ടിയപ്പോൾ അദ്ദേഹം സന്തോഷത്തോടെ അതെടുത്ത് തന്റെ കയ്യിൽ കരുതിയിരുന്ന ചുവപ്പ് നിറമുള്ള പട്ടിൽ പൊതിഞ്ഞു. എന്നിട്ടത് മരതകവും വൈഡൂര്യം ഇടവിട്ട് പതിപ്പിച്ച ഒരു ചെപ്പിൽ വച്ച് അടച്ചു. അതിനു ശേഷം അവർ ധൃതിയിൽ ആ പള്ളിയെ ലക്ഷ്യമാക്കി യാത്രയായി.

ആകാശത്ത് മാലാഖമാർ പാടി ‘അത്യുന്നതങ്ങളിൽ ദൈവത്തിന് മഹത്വം ..ഭൂമിയിൽ നന്മ നിറഞ്ഞവർക്ക് സമാധാനം..’ ഭൂമിയിൽ ഉണ്ണി പിറന്നു. ഉണ്ണിയുടെ ചുറ്റും നാല് സമ്മാനങ്ങൾ.പൊന്ന് ,മീറ ,കുന്തിരിക്കം,പിന്നെ ചുവന്ന പട്ടിൽ പൊതിഞ്ഞ് മരതകവും വൈഡൂര്യം ഇടവിട്ട് പതിപ്പിച്ച ഒരു ചെപ്പിൽ സൂക്ഷിച്ച ഒരു തിരിനാളവും,അത് ഒരേ സമയം പലവിധ വർണ്ണങ്ങൾ പൊഴിക്കുന്നു…! ഡഗ്ലസ് അപ്പൂപ്പൻ അപ്പോഴും പന്ത്രണ്ടാമത്തെ തിരി തിരയുകയായിരുന്നു.

**************************************

അഭിപ്രായങ്ങൾ

അഭിപ്രായങ്ങൾ

അഭിപ്രായം എഴുതുക

Please enter your comment!
Please enter your name here